Sunday, September 22, 2013

കൌമാരം, വിദ്യാഭ്യാസം, വിവാഹം

(എം എസ് എം സംസ്ഥാന  സമിതി ആഗസ്റ്റ്‌ 2013 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച കാമ്പസ് ചാറ്റ് ത്രൈമാസികയുടെ പ്രഥമ പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

മനുഷ്യജീവിതത്തിന്റെ മാനസികവും, ശാരീരികവും ബൌദ്ധികവുമായ ഒരു പരിവര്‍ത്തന കാലഘട്ടമാണ് കൌമാരം.  ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വ്യത്യസ്‌തതയും പുതുമയും പ്രകടിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കാലം. നൂതന പ്രവണതകളോടെല്ലാം അഭിനിവേശം കൂടുകയും പഴഞ്ചന്‍ എന്ന്‌ മുദ്രകുത്തി പലതിനെയും തള്ളിപ്പറയാനുള്ള ധാര്‍ഷ്‌ട്യം തലനീട്ടുകയും ചെയ്യുന്ന സമയം. ഹോര്‍മോണുകളുടെ പ്രഭാവവും ലൈംഗിക വളര്‍ച്ചയും കൌമാരത്തെ പലപ്പോഴും വൈകാരികമായ ആന്ദോളനങ്ങളിലേക്ക്‌ നയിക്കുന്നു. സാഹിത്യങ്ങളും മാധ്യമങ്ങളും ദൃശ്യകലകളും കൌമാരത്തെ അപക്വ ലൈംഗികധാരണകളിലേക്ക്‌ തള്ളിവിടുന്നു. മൊബൈല്‍ ഫോണുകളും, ഇന്റര്‍നെറ്റും പലപ്പോഴും തിന്മകളിലേക്കുള്ള എക്സ്പ്രസ് വേകള്‍ തീര്‍ക്കുന്നു. ഗ്രാമീണജീവിതത്തിലും കുടുംബാന്തരീക്ഷത്തിലും ഗുരുതരമായ സദാചാര ലംഘനത്തിന്‌ മുതിരാത്ത പലരും കാമ്പസുകളിലെത്തുമ്പോള്‍ സംഘബോധത്തിന്റെ ബലത്തില്‍ പലപ്പോഴും അതിരുവിടുകയും അതിക്രമങ്ങളിലേക്ക്‌ നീങ്ങുകയും ചെയ്യുന്നു. നവവത്സരാഘോഷവും, പ്രണയദിനവും, പിക്‌നിക്‌ പരിപാടുകളുമെല്ലാം സദാചാരബോധത്തോട്‌ വിടപറയാനുള്ള അവസരങ്ങളായി കാമ്പസുകളില്‍ ഉപയോഗപ്പെടുത്തുന്നു.
വ്യക്തിത്വത്തിലേക്കുള്ള വികാസത്തിന്റെ ചവിട്ടുപടിയായ കൌമാരത്തില്‍ പുതുതലമുറക്ക് അടിപതറാതിരിക്കുക എന്നത്‌ സമൂഹത്തിന്റെ ഭാവിയെ സംബന്ധിച്ചേടത്തോളം നിര്‍ണായകമാണ്‌.  ത്രസിക്കുന്ന കൌമാരത്തിന്റെ അധിക ഊര്‍ജം അവരവരുടെ അഭിരുചികള്‍ക്കിണങ്ങുന്ന പാഠ്യേതര വിഷയങ്ങളിലേക്ക് കൂടി വഴിമാറ്റി വിട്ട് കര്‍മ്മ നിരതരായാല്‍, സമൂഹത്തിന്റെ കറുത്തവശത്തേക്ക് എത്തി നോക്കുവാനുള്ള മനസ്സും സമയവും ഉണ്ടാവില്ല. തങ്ങള്‍ ഇടപഴകുന്ന ആധുനിക സാങ്കേതിക സൌകര്യങ്ങളെ ഗുണദോഷ വിവേചനത്തോടെ പ്രയോജനങ്ങള്‍ സ്വാംശീകരിക്കാനും ദോശങ്ങള്‍ ഒഴിവാക്കുവാനും സാധിക്കുന്ന പക്വതയിലേക്ക് പുതിയ തലമുറയെ നയിക്കുന്നതിനു വേണ്ട ഫലപ്രദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാവണം. പ്രണയത്തെ കുറിച്ചുള്ള വികലമായ സ്വപ്‌നങ്ങള്‍ പൂവിടുന്ന കൌമാര ദശയില്‍ ലൈംഗികതയുടെയും വൈകാരികതയുടെയും അനുഭവതലങ്ങള്‍ക്കു വേണ്ടിയുള്ള ജിജ്ഞാസാപരിതമായ അന്വേഷണത്തിനു മുതിരുന്നവര്‍ക്ക് യഥാര്‍ത്ഥ പ്രണയം വിവാഹത്തിന് ശേഷമാണ് വേണ്ടതെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാനാവണം. കേവലം ലൈംഗികതയെന്ന വൈകാരികതയല്ല വിവാഹമെന്നും കുടുംബ ജീവിതമെന്ന പവിത്രവും അനിവാര്യവുമായ പ്രക്രിയയിലേക്ക് കടന്നു ചെല്ലാനുള്ള പ്രഥമ പടിയാണ് അതെന്നും അവര്‍ മനസ്സിലാക്കണം.

പാകമാവുകയെന്നതിനേക്കാള്‍ പക്വമാവുക അഥവാ കാര്യബോധമുള്ളവരാവുകയെന്നതാണ് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന പ്രധാന പരിഗണന. പ്രത്യേക പ്രായമെത്തുകയോ ശാരീരിക വളര്‍ച്ച പ്രാപിക്കുകയോ ചെയ്‌താല്‍ മാത്രം ലഭ്യമാവുന്ന ഒന്നല്ല പക്വത. സദാചാരശുദ്ധി കാത്തു സൂക്ഷിക്കുകയെന്നതാണ് വിവാഹത്തിന്റെ പ്രഥമ ലക്ഷ്യം. ലൈംഗിക വികാര ശമനത്തിന് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന ഏക മാര്‍ഗ്ഗമാണ് വിവാഹം.  വിവാഹ പൂര്‍വ്വ ബന്ധങ്ങളും ലൈംഗിക താല്‍പര്യത്തോടെ പരസ്‌ത്രീ പുരുഷ ദര്‍ശനം പോലും പാപാമാണ്. വിവാഹാനന്തര വിവഹേതര ബന്ധങ്ങള്‍ വധശിക്ഷക്കു വരെ വിധേയമാവുന്ന കുറ്റവുമാണ്.

വിദ്യാഭ്യാസം കൊണ്ട് ശാക്തീകരിക്കപ്പെടുകയും മതം കൊണ്ട് സംസ്‌കരിക്കപ്പെടുകയും ചെയ്‌ത സമൂഹത്തിന്റെ തണലില്‍ വളര്‍ന്നു വരുന്ന തലമുറയും സംസ്‌കാര സമ്പന്നമാവും. ആണായാലും പെണ്ണായാലും തന്റെ മേലുള്ള മതനിര്‍ദ്ദേശങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാനുതകുന്ന ഭൌതിക വിദ്യഭ്യാസവും ഭൌതിക വിദ്യഭ്യാസത്തിന്റെ ശുദ്ധമായ രൂപം ലഭിക്കാന്‍ ആവശ്യമായ മതവിദ്യഭ്യാസവും അനിവാര്യമാണ്. സ്‌ത്രീ എഴുത്തു പഠിച്ചാല്‍ വഴി പിഴക്കുമെന്ന അപരിഷ്‌കൃത മതം അസ്‌തമിച്ചിരിക്കുന്നു. പഠിതാവായും പഠിപ്പിക്കുന്നവളായും ഉന്നത ഉദ്യോഗ തലങ്ങളില്‍ പോലും സജീവ സാന്നിദ്ധ്യമായ മഹിളാരത്നങ്ങളുടെ ഗുണം ഇന്നത്തെ സമൂഹം അനുഭവിക്കുന്നുണ്ട്. വിവാഹത്തോടെ അനിവാര്യമായും അവസാനിപ്പിക്കേണ്ടതല്ല വിദ്യഭ്യാസം. പഠനം ഒരു ഘട്ടത്തിലെത്തുന്നതു വരെ വിവാഹം നീട്ടിവെക്കുന്നവര്‍ക്ക് അങ്ങനെയുവാം. സാഹചര്യങ്ങള്‍ക്ക് അനുഗുണമായ തീരുമാനങ്ങള്‍ അതതു കുടുംബ പശ്ചാതലത്തില്‍ എടുക്കാവുന്നതേയുള്ളൂ. കാത്തു വെച്ച് ചീത്തപ്പേരുണ്ടാക്കുന്നതും ബാധ്യതാനിര്‍വഹണമെന്ന പേരില്‍ തിടുക്കത്തില്‍ ഭാരമിറക്കുന്നതും ഒരുപോലെ അപകടകരമാവും. നിയമങ്ങള്‍ മനുഷ്യരുടെ സ്വാഭാവികവും പ്രകൃതിപരവുമായ സാഹചര്യങ്ങളുടെ സാധുതകള്‍ നിരാകരിക്കുന്നതാവരുത്. 

4 comments:

  1. ചുരുക്കിയാണെങ്കിലും പറഞ്ഞെതെല്ലാം ആപ്ത വാക്യങ്ങൾക്കു സമാനം.
    കാമ്പസ് ചാറ്റ് ത്രൈമാസികക്കും ലേഖകനും നന്മകൾ നേരുന്നു

    ReplyDelete
  2. വിദ്യാഭ്യാസം കൊണ്ട് ശാക്തീകരിക്കപ്പെടുകയും മതം കൊണ്ട് സംസ്‌കരിക്കപ്പെടുകയും ചെയ്‌ത സമൂഹത്തിന്റെ തണലില്‍ വളര്‍ന്നു വരുന്ന തലമുറയും സംസ്‌കാര സമ്പന്നമാവും. ആണായാലും പെണ്ണായാലും തന്റെ മേലുള്ള മതനിര്‍ദ്ദേശങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാനുതകുന്ന ഭൌതിക വിദ്യഭ്യാസവും ഭൌതിക വിദ്യഭ്യാസത്തിന്റെ ശുദ്ധമായ രൂപം ലഭിക്കാന്‍ ആവശ്യമായ മതവിദ്യഭ്യാസവും അനിവാര്യമാണ്.

    ReplyDelete