Wednesday, July 10, 2013

യഥാര്‍ത്ഥ പരിഹാരം

     ജീവിത സൌകര്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് ‍. കൊട്ടാരസമാനമായ വീടുകള്‍, അതിവേഗ വാര്‍ത്താ വിനിമയോപാധികള്‍, പ്രകാശവേഗതയിലുള്ള വാഹനങ്ങള്‍... എല്ലാം വേഗത്തിലും അനായാസവും നേടിയെടുക്കുന്നവനാണ് ആധുനിക മനുഷ്യന്‍. ഒന്നിനും കാത്തു നില്‍ക്കാനുള്ള സമയമോ അധ്വാനിക്കുവാനുള്ള ആരോഗ്യമോ ക്ഷമയോ അവനില്ലാതായിരിക്കുന്നു. അതിരില്ലാത്ത സുഖാനുഭവങ്ങളുടെ പളപളപ്പില്‍ മനുഷ്യന്‍ അഹങ്കാരിയാവുന്നു. പ്രപഞ്ച രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് പറക്കുന്ന സാങ്കേതിക പുരോഗതിയില്‍ അവന്‍ ദൈവത്തെ പോലും വെല്ലുവിളിക്കുന്നു. നവം നവങ്ങാളായ ആസ്വാദനങ്ങള്‍ തേടിയുള്ള  ദ്രുതവേഗപ്പാച്ചില്‍ നികത്താനാവാത്ത അപകടങ്ങള്‍ വരുത്തുന്നു. പ്രതിസന്ധികളില്‍ നിന്നും തലയൂരാനുള്ള കുറുക്കു വഴികള്‍ കൂടുതല്‍ വലിയ പ്രതിസന്ധികളിലേക്ക് നയിക്കുന്നു. 

ഭരണാധികാരികള്‍ അഴിമതിയുടെ ആള്‍ രൂപങ്ങളാവുന്നു. അധികാരം ആസ്‌തിക്കുള്ള ആയുധമാകുന്നു. കോടതികള്‍ കൂറുമാറ്റത്തിന്റെയും കള്ള സാക്ഷ്യത്തിന്റെയും വേദികളാവുന്നു. മൂല്യനിരാസത്തില്‍ ആധുനികത ചികയുന്നു. കൂതറകള്‍ക്ക് സെലിബ്രിറ്റികളെന്ന് പേരു നല്‍കി ചാനലുകളില്‍ അഴിഞ്ഞാടുന്നു. ലൈംഗിക അശ്ലീലതകള്‍ സംസ്‌കാരത്തിന്റെ അതിരുകള്‍ ലംഘിക്കുന്നു. കലാകായിക വിനോദങ്ങള്‍ ചൂതാട്ടത്തിന്റെയും അധോലോകത്തിന്റെയും കൈകളിലമരുന്നു. വാര്‍ത്തകള്‍ നിര്‍മ്മിച്ചെടുക്കുന്ന ഫാക്‌ടറികളായി മാധ്യമങ്ങള്‍ അധ:പതിക്കുന്നു. രാഷ്‌ട്രീയ രംഗത്ത് ക്വട്ടേഷന്‍ മാഫിയകള്‍ പിടിമുറുക്കുന്നു. ആദര്‍ശത്തനിമ നശിച്ച ആള്‍ക്കൂട്ടങ്ങളായി മതസംഘടനകള്‍ പോലും പരസ്‌പരം വിഴുപ്പലക്കുന്നു. പ്രകൃതിയിലെ വിനാശകരമായ ഇടപെടലിനാല്‍ ജീവജലം പോലും കിട്ടാക്കനിയാവുന്നു. മഴക്കാലം വന്നെത്തിയതോടെ പനിച്ചു വിറക്കുന്ന നാട്ടില്‍ സാംക്രമിക രോഗങ്ങള്‍ കാട്ടുതീ പോലെ പടരുന്നു. ശീതീകരിച്ച മുറികളിലിരുന്ന് സൈബര്‍ സ്പേസില്‍ ‘കൃഷി‘യിറക്കുന്ന, ഒരു വ്യായാമത്തിനു വേണ്ടിയെങ്കിലും വിയര്‍പ്പ് പൊടിയാത്ത ബ്രോയിലര്‍ ശരീരങ്ങളായി ആധുനിക സമൂഹം മാറിക്കൊണ്ടിരിക്കുന്നു. ബന്ധങ്ങളുടെ ഇമ്പം നശിച്ച ആള്‍ക്കൂട്ടങ്ങള്‍ മാത്രമായി കുടുംബങ്ങള്‍ ഇടുങ്ങുന്നു.


  ശാസ്‌ത്ര, സാങ്കേതിക പുരോഗതികള്‍ ഉന്നതിയിലെത്തുമ്പോഴും ആഡംഭരങ്ങളില്‍ മൂല്യങ്ങള്‍ മറക്കുമ്പോഴും മനുഷ്യരില്‍ നിന്നും നഷ്ടപ്പെട്ടു പോയ ഒന്നാണു ജീവിതത്തിലെ ശാന്തിയും സമാധാനവും. പണവും പദവിയുമുപയോഗിച്ച് വിലക്കെടുക്കാനാവാത്തതും, വിദ്യകള്‍ കൊണ്ട് വികസിപ്പിച്ചെടുക്കാനാവാത്തതും എന്നാല്‍ മനുഷ്യമനസ്സ് അഖിലം കൊതിക്കുന്നതുമാണ് സമാധാനം. സ്വാസ്ഥ്യം നഷടപ്പെട്ട മനുഷ്യന്റെ ഈ നിസ്സഹായത മുതലെടുക്കുവാന്‍ ചൂഷകര്‍ രംഗത്തുവരുന്നു. ശാന്തിയും, ക്യതിമ സമാധാനവും വാഗ്ദാനം ചെയ്‌ത് ആള്‍ ദൈവങ്ങളും, ശവകുടീരങ്ങളും, മഠങ്ങളും, ആശ്രമങ്ങളും, വ്യാജ ആത്മീയ കേന്ദ്രങ്ങളും, സ്വലാത്ത് നഗറുകളും പണപ്പെട്ടി നിറക്കുന്നു. 

മനുഷ്യജീവിതമെന്നത് ശാന്തമായി ഒഴുകുന്ന ഒന്നല്ല. പ്രതിസന്ധികളും, പ്രയാസങ്ങളും, സംഘര്‍ഷങ്ങളും നേരിട്ടേ ജീവിതം മുന്നോട്ട് പോവൂ. പരീക്ഷണങ്ങളില്‍ പതറാതെ ജീവിതം നയിക്കാന്‍ ക്യത്യമായ മാര്‍ഗ്ഗനിര്‍ദ്ദേഷങ്ങള്‍ അനിവാര്യമാണ് ‍. അതിനായി ലോകരക്ഷിതാവ് അവതരിപ്പിച്ച ദര്‍ശനമാണ് ഇസ്ലാം. മനുഷ്യനിര്‍മ്മിതമായ സംഹിതകളുടെ പോരായ്‌മകളില്‍ നിന്നും തീര്‍ത്തും മുക്‌തമായ ജീവിത ദര്‍ശനം. ഏക ദൈവ വിശ്വാസം എന്ന അടിസ്ഥാന ആദര്‍ശത്തിലൂന്നി സമാധാനത്തോടെയുള്ള ജീവിതവും മരണശേഷം അനശ്വര ശാന്തിയുടെ സ്വര്‍ഗ്ഗീയ ജീവിതവും വാഗ്ദാനം ചെയ്യുന്ന സദുപദേശങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍. കാല ഭാഷ ദേശാന്തരങ്ങളില്‍ മൂല്യം നഷ്‌ടപ്പെടാത്ത, വൈരുദ്ധ്യങ്ങളോ, അവ്യക്തതകളോ ഇല്ലാത്ത ഈ വേദം ലോക മാനവികതക്ക് അസ്‌തിത്വം നല്‍കുന്നു. സത്യസന്ധത വിശ്വസ്ഥത, കരാർപാലനം, ധര്‍മ്മം, നീതി, വിനയം, മിതത്വം, ക്ഷമ, വിട്ടുവീഴ്ച, അനുകമ്പ, സല്‍സ്വഭാവം, സംസ്‌കാരം തുടങ്ങിയ സര്‍വ്വ സദ്ഗുണങ്ങളെയും പരിലാളിക്കുന്ന ഖുര്‍ആന്‍ പലിശ, ചൂതാട്ടം, കൊള്ളലാഭം, പൂഴ്ത്തിവെപ്പ്‌, കൈക്കൂലി, അഴിമതി, ലഹരി, വ്യഭിചാരം, സ്വവർഗരതി, നഗ്നതാ പ്രദർശനം, മാരണം, ആഭിചാരം, കളവ്‌, വഞ്ചന, കള്ളസത്യം, കള്ളസാക്ഷ്യം, പരിഹാസം, പരദൂഷണം, രഹസ്യം ചികയൽ, അപവാദപ്രചാരണം, അഹങ്കാരം, ലോകമാന്യം, കാപട്യം, അസൂയ, അത്യാഗ്രഹം, വൈരം, കോപം തുടങ്ങിയ എല്ലാവിധ തിന്മകളെയും പാപമാക്കിയിരിക്കുന്നു. ഖുര്‍ആന്‍ അനുവദിച്ചതൊന്നും മനുഷ്യ സമൂഹത്തിന് വേണ്ടായിരുന്നുവെന്ന് തെളിയിച്ചിട്ടില്ല, ഖുര്‍ആന്‍ നിരോധിച്ചതൊന്നും കാലപരിണാമത്തില്‍ നല്ലതായിട്ടില്ല. 

മുസ്ലിംകള്‍ക്ക് മാത്രമുള്ള ഒരു വേദഗ്രന്ഥമല്ല ഖുര്‍ആന്‍. മുഴുവന്‍ മനുഷ്യരോടുമാണ് ഖുര്‍ആനിന്റെ സംസാരം. കരയുന്ന കുഞ്ഞിന് മാതൃസ്‌പര്‍ശം എന്ന പോലെ വിങ്ങുന്ന ലോകത്തിന് ആശ്വാസമാണ് ഖുര്‍ആന്‍. അതോടൊപ്പം സത്യവിശ്വാസം സ്വീകരിക്കുന്നവരെ ശരിയായ വഴി നടത്തുകയും ചെയ്യുന്നതാണ്.  "മനുഷ്യരെ!, നിങ്ങള്‍ക്കിതാ നിങ്ങളുടെ നാഥനില്‍ നിന്ന് സാരോപദേശവും നിങ്ങളുടെ ഹൃദയങ്ങള്‍ക്കുള്ള ശമനൌഷധവും വന്നുലഭിച്ചിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് അനുഗ്രഹവും മാര്‍ഗദര്‍ശനവുമാണത്. പറയുക : അല്ലാഹുവിന്റെ ഔദാര്യവും അവന്റെ കാരുണ്യവും മൂലമാണ് അവര്‍ക്കത്‌ ലഭിച്ചത്. അതിനാലവര്‍ സന്തോഷിച്ചുകൊള്ളട്ടെ." [ഖുര്‍ആന്‍ 10 :57 ,58].

കര്‍മ്മങ്ങളുടെ നീതിപൂര്‍വ്വകമായ ഫലപൂര്‍ത്തീകരണത്തിന് അനിവാര്യമായ പരലോക ജീവിതത്തെയും രക്ഷാശിക്ഷകളെയും ഖുര്‍ആന്‍ മനുഷ്യനു വിവരമറിയിക്കുന്നു. മരണത്തിനപ്പുറം ശുദ്ധ ശൂന്യതയാണെന്നാണ്‌ ഭൗതികവാദം പറയുന്നത്‌. കർമ്മഫലങ്ങള്‍ക്കനുസരിച്ച് വിവിധ രൂപങ്ങളിലുള്ള അനേക ജന്മങ്ങളുണ്ടെന്നാണ്‌ മറ്റൊരു സങ്കൽപ്പം. ഇവയെല്ലാം മനുഷ്യന്റെ സൃഷ്‌ടിപരമായ സവിശേഷതകളെ അവമതിക്കുകയും, അവന്റെ കർമ്മങ്ങളുടെ യഥാർഥ ഫലസിദ്ധിയെ നിരാകരിക്കുകയുമാണ്‌ ചെയ്യുന്നത്‌. എന്നാൽ കർമ്മങ്ങളെ വിശ്വാസത്തിന്റെയും ഉദ്ദേശ ശുദ്ധിയുടേയും അടിസ്ഥാനത്തിൽ കണക്കാക്കി നന്മക്ക്‌ രക്ഷയും തിന്മക്ക്‌ ശിക്ഷയും പ്രതിഫലമനുഭവിക്കാനുള്ള അനശ്വരമായ ഒരു ലോകമാണ്‌ മരണത്തിനപ്പുറം മനുഷ്യനെ കാത്തിരിക്കുന്നതെന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

ലോകക്രമത്തിന്റെ അടിസ്ഥാന നിയമങ്ങളോട് യോജിക്കുന്നതാണ് ഖുര്‍ആനിന്റെ ജീവിതരീതി. നീതിപൂര്‍വ്വകമായും അന്തസ്സോടെയും ജീവിക്കുകയെന്നത് സമൂഹ പുരോഗതിക്ക് അനിവാര്യമാണ്. ആധുനിക മനുഷ്യന്‍ അനുഭവിക്കുന്ന വിവിധങ്ങളായ പ്രതിസന്ധികള്‍ പരിശോധിച്ചാല്‍ അവയിലധികവും ഈ ദൈവിക സംവിധാനത്തില്‍ മനുഷ്യന്റെ കൈകടത്തലുകള്‍ മുഖേന സംഭവിക്കുന്നതാണെന്ന് മനസ്സിലാക്കാം. കരയിലും കടലിലും വിനാശം വിതച്ച മനുഷ്യന്‍ ദൈവ നിര്‍മ്മിതമായ ജനിതക ഘടനയില്‍ പോലും കൈകടത്തുന്നു. ഭൂമികുലുക്കങ്ങളും, സുനാമികളും, കൊടുങ്കാറ്റുകളും കെടുതികള്‍ കൊയ്‌ത നാട്ടിന്‍ പ്രദേശങ്ങളില്‍ പോലും വേനല്‍കാലത്ത് വരള്‍ച്ച തീര്‍ക്കുന്ന പ്രയാസങ്ങള്‍ മനുഷ്യന്റെ കണ്ണു തുറപ്പിക്കാന്‍ മതിയാവുന്നതാണ്.  ഇളനീരിലും മുലപ്പാലിലും വരെ വിഷമുണ്ടോ എന്ന് സംശയിക്കേണ്ടിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.  സസ്യജാല സമൃദ്ധിയാല്‍ തണുത്തിരുന്ന ഭൂപ്രകൃതങ്ങള്‍ കോണ്‍ക്രീറ്റ് കാടുകളാല്‍ ചുട്ടുപൊള്ളാന്‍ തുടങ്ങി. പ്രകൃതിക്കും  ആവാസവ്യവസ്ഥക്കുമെതിരെ മനുഷ്യന്‍ നടത്തിയ ക്രൂരമായ അധിനിവേശത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എന്‍ഡോസള്‍ഫാന്‍ കീഡനാശിനി നമ്മുടെ നാട്ടില്‍ വിതച്ചത്.  മനുഷ്യന്റെ ഈ ക്രൂരവിനോദങ്ങളെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.   “മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു…” (ഖുര്‍ആന്‍ 30:41)  

സമാധാനവും സഹവർത്തിത്വവുമാണ്‌ ഇസ്ലാം താൽപര്യപ്പെടുന്നത്‌. ‘മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല‘ എന്നതും  ‘അന്യായമായി ഒരാളെ വധിക്കുന്നവൻ മനുഷ്യ സമൂഹത്തെയപ്പാടെ വധിച്ചവനെപ്പോലെയാണ്‌‘ എന്നതുമെല്ലാം ഇസ്ലാം വിഭാവന ചെയ്യുന്ന സമാധാനത്തിന്റെയും ധാര്‍മ്മികതയുടെയും നിദര്‍ശനങ്ങളാണ്. അക്രമോത്സുകമായ യുദ്ധങ്ങളെ നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം പ്രതിരോധാത്മകമായ ചെറുത്തുനില്‍പ്പുകളെ ഖുര്‍ആന്‍ അംഗീകരിക്കുന്നു. മതസ്വാതന്ത്ര്യം അനുവദിക്കുന്നിടത്ത് നിയമവാഴ്ച തകര്‍ക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. സന്ധിവ്യവസ്ഥകള്‍ നേട്ടം പ്രദാനം ചെയ്യുന്നില്ലെങ്കില്‍ പോലും സമാധാനത്തിന് വഴിയൊരുങ്ങിയാല്‍ ആയുധം താഴെ വെക്കാന്‍ ഖുര്‍ആന്‍ അനുശാസിക്കുന്നു. സന്മാര്‍ഗ്ഗവും ദുര്‍മാര്‍ഗ്ഗവും വ്യക്തമായും വേര്‍തിരിച്ച സ്ഥിതിക്ക് ഇഷ്ടമുള്ളവര്‍ വിശ്വസിച്ചാല്‍ മതിയെന്നതാണ് ഖുര്‍ആനിന്റെ നയം. 

പലിശ ഇന്നേറെ നിസ്സാരവല്‍കരിക്കപ്പെട്ടിരിക്കുന്നു. ബേങ്ക് ലോണുകളുടെയും ബ്ലേഡ് മാഫിയകളുടെയും അഴിയാകുരുക്കില്‍ ജീവിതം വഴിമുട്ടിയവര്‍ വിരളമല്ല. എന്നാല്‍ സാമ്പത്തിക രംഗത്ത് വ്യക്തമായ കാഴ്ചപ്പാട് സമര്‍പ്പിക്കുന്ന ഖുര്‍ആന്‍ പലിശയുടെ വളരെ ചെറിയ രൂപം പോലും പാടെ നിരാകരിക്കുന്നു. “...എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്‌തിരിക്കുന്നു...” (2: 275).  ലോകം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പ്രധാന ഹേതു കുത്തഴിഞ്ഞ സാമ്പത്തിക വ്യവസ്ഥിതിയില്‍ നിന്നുണ്ടായതാണെന്ന് മനസ്സിലാക്കം. ലോകരാഷ്ട്രങ്ങള്‍ പലതും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലകപ്പെട്ടപ്പോഴും പലര്‍ക്കും ജോലി നഷ്ടപ്പെട്ടപ്പോഴും ഇസ്‌ലാം അനുശാസിക്കുന്ന സാമ്പത്തിക മൂല്യങ്ങള്‍  പാലിക്കാന്‍ ശ്രദ്ധിക്കുന്ന രാഷ്ട്രങ്ങള്‍ പിടിച്ചു നിന്നതും, ഇസ്ലാമിക് ബാങ്കിങ് സിസ്റ്റം ആഗോളാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും അത്‌ നടപ്പാക്കുന്നതിന്  കേരളമടക്കം ശ്രമം നടത്തിയതും സാമ്പത്തികരംഗത്തെ ഇസ്ലാമിന്റെ കാഴ്‌ചപ്പാടിന്റെ പ്രസക്തി എടുത്തു കാണിക്കുന്നു. 

സാധാരണക്കാരുടെ ജീവിതം വളരെ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ് ‍. കുറ്റവാളികള്‍ അധികാരം കയ്യാളുന്നു. കോടതികളെ പോലും പണം നല്‍കി സ്വാധീനിക്കുന്നു. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് കുറ്റവാളികളെ മോചിപ്പിക്കുന്നു. മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കാന്‍ നിയോഗിതരായ ഡോക്ടര്‍മാര്‍ മരുന്ന് കമ്പനികളുടെ ഏജന്റുകളായി വര്‍ത്തിക്കുന്നു. പണവും സ്വാധീനവുമുള്ളവര്‍ എന്തു നേറികേട് ചെയ്താലും മാന്യന്മാരെ പോലെ നാട്ടില്‍ വിലസുന്നു. നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നു. താനിരിക്കുന്ന പാര്‍ട്ടിയില്‍ തന്റെ ഇംഗിതം നടക്കാതായാല്‍ യാതൊരു സങ്കോചവും കൂടാതെ എതിര്‍ ചെരിയിലേക്കു പാര്‍ട്ടി മാറുന്നു. അഴിമതിയും സ്വജനപക്ഷപാതവും സാര്‍വ്വത്രികമായിരിക്കുന്നു. ഇന്ററ്നെറ്റിന്റെയും മൊബൈല്‍ ഫോണുകളുടെയും അനിയന്ത്രിതമായ ഉപയോഗം കുടുംബ ബന്ധങ്ങളെയും രക്തബന്ധങ്ങളെയും പോലും തകര്‍ത്തു കൊണ്ടിരിക്കുന്നു. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ അധ്യാപകരാല്‍ പീഠിപ്പിക്കപ്പെടുന്നു. എന്തിനേറെ, സ്വന്തം പിതാവിന്റെയും സഹോദരങ്ങളുടെയും കൂടെ വീടുകള്‍ക്കുള്ളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലാതാവുന്നു.   രാഷ്ട്രീയരംഗവും മതരംഗവും ഒരുപോലെ സംഘര്‍ഷഭരിതവും മലിനവുമായിക്കൊണ്ടിരിക്കുന്നു.  

ചാനലുകളും  വാര്‍ത്താ മാധ്യമങ്ങളും സാംസ്‌കാരികമായി ഏറെ അധപതിച്ചിരിക്കുന്നു. സ്ത്രീ സൌന്ദര്യ പ്രദര്‍ശനങ്ങളും കണ്ണീര്‍ സീരിയലുകളും റിയാലിറ്റി ഷോകളും ആസ്വദിച്ച് വീടുകളുടെ അകത്തളങ്ങള്‍ പോലും മലിനമായിരിക്കുന്നു. ഖുര്‍ആന്‍ സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം നല്‍കി ആദരിക്കുകയും അവരുടെ സൌന്ദര്യം കാത്തു സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. തന്റെ ഭര്‍ത്താവിന്റെ മുമ്പില്‍ മാത്രമേ ഒരു സ്ത്രീ തന്റെ സൌന്ദര്യം പ്രദര്‍ശിപ്പിക്കാവൂ എന്നതാണ് ഖുര്‍ആന്റെ നിര്‍ദ്ദേശം. “...നല്ലവരായ സ്ത്രീകള്‍ അനുസരണ ശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ് ‍...”

  തങ്ങള്‍ക്കിഷ്‌ടമുള്ള വിഷയങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുത്തും, അതിശയോക്തി നിറഞ്ഞതും അപ്രധാനവുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും ന്യൂസ് അവറുകളും സര്‍ക്കുലേഷനും വര്‍ദ്ധിപ്പിക്കുന്നതിലാണ് മാധ്യമങ്ങളുടെ ശ്രദ്ധ. ഊഹങ്ങളും അനുമാനങ്ങളും വെച്ച് മെനഞ്ഞുണ്ടാക്കുന്ന അര്‍ദ്ധ സത്യങ്ങള്‍ വലിയ വാര്‍ത്തകളായി പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം ഊഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ വലിയ പാപമായാണ് ഖുര്‍ആന്‍ കാണുന്നത്. “സത്യ വിശ്വാസികളേ, ഊഹത്തില്‍ നിന്ന്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചു പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചു കിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുമോ? ... “ (ഖുറ്ആന്‍ 49: 12)   

ആത്മീയ രംഗം ചൂഷകരുടെയും പുരോഹിതന്മാരുടെയും പറുദീസയാണ് ‍. ആള്‍ദൈവങ്ങളും വ്യാജസന്യാസിമാരും ദൈവത്തിലേക്കുള്ള ഇടത്തട്ടു കേന്ദ്രങ്ങളും മനുഷ്യരുടെ വിശ്വാസം ചൂഷണം ചെയ്ത്  പണമുണ്ടാക്കുകയും ദൈവമാര്‍ഗത്തില്‍ നിന്നും അവരെ വഴിതിരിച്ചുവിടുകയും ചെയ്യുന്നു. ബാബയായും അമ്മയായും ഇരട്ടശ്രീകളായും മറ്റും ജനിക്കുകയും തളരുകയും രോഗിയാവുകയും സമയാമാവുമ്പോള്‍ മരിക്കുകയും ചെയ്യുന്ന, എന്തിന്  തന്റെ ശരീരത്തില്‍ വന്നിരിക്കാവുന്ന ഒരു ഈച്ചയെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത ഇത്തരം സാധാരണ സ്യഷ്ടികളില്‍ അവലംബം കണ്ടെത്തുന്നതിന്റെ വ്യര്‍ത്ഥത ഖുര്‍ആന്‍ ആവര്‍ത്തിച്ച് വിശദീകരിക്കുന്നുണ്ട്.  “മനുഷ്യരെ ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിനായി അവരെല്ലാം ഒത്തു ചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.” [വി.ഖുര്‍ആന്‍ 22:73]   

പ്രമാണങ്ങളേക്കാളും ആദര്‍ശത്തേക്കാളും നാട്ടാചാരങ്ങള്‍ക്കും അന്തവിശ്വാസങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന സമൂഹസ്യഷ്ടിക്കാണ് പുരോഹിതന്മാര്‍ എക്കാലവും ശ്രമിക്കാറുള്ളത്. ഖുര്‍ആന്‍ സാധാരണക്കാര്‍ക്ക് വെറും ഒരു പാരായണ ഗ്രന്ഥമായും വെള്ളത്തില്‍ കലക്കിയും നൂലില്‍ മന്ത്രിച്ചും രോഗ ശമനത്തിനായും മാത്രം അവതരിപ്പിച്ചിരുന്നവര്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് അതിലെ വാചകങ്ങളെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നത് വര്‍ദ്ധിച്ചുവരികയാണ് ‍. കോടികളുടെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പണിതും, സ്വലാത്ത് സമ്മേളനങ്ങളായും, പ്രവാചക കേശത്തിന്റെയും, മദീനയിലെ പൊടിയുടെയും പേരില്‍ തട്ടിപ്പ് നടത്തിയും, മന്‍സില്‍, മാരണ, ജിന്നു ചികിത്സകളിലൂടെയും,  പൌരോഹിത്യത്തിന്റെ കരാള ഹസ്‌തങ്ങള്‍ മുസ്ലിം സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകളില്‍ ചൂഷണം നടത്തിക്കൊണ്ടിരിക്കുന്നു.  പൌരോഹിത്യത്തിന്റെ ഇത്തരം ചൂഷണങ്ങളെ കുറിച്ച് ഖുര്‍ആന്‍ താക്കീത് നല്‍കുന്നുണ്ട്.  “സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു...” (ഖുര്‍ആന്‍ 9:34)

അദൃശ്യമാര്‍ഗത്തിലൂടെ നന്മയും തിന്മയും അല്ലാഹുവില്‍ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ് ഖുര്‍ആന്‍ വിഭാവനചെയ്യുന്ന ഏകദൈവ വിശ്വാസത്തിന്‍റെ അടിസ്ഥാനതത്വം. ഇതിലുള്ള വിശ്വാസക്കുറവാണ് കണ്ണേറ്, മാരണം, നഹ്സ്, ശകുനം, കുട്ടിച്ചാത്തന്‍, കുളിയന്‍, ജ്യോത്സ്യന്‍, ഗണിതക്കാരന്‍ തുടങ്ങിയവയിലെല്ലാം വിശ്വാസമര്‍പ്പിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. അല്ലാഹുവിലുള്ള വിശ്വാസം കുറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ വ്യര്‍ത്ഥമായതിലുള്ള വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. അല്ലാഹുവില്‍ പങ്കു ചേര്‍ക്കുകയെന്നതാണു മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും വലിയ അക്രമമെന്ന് ഖുര്‍ആന്‍ പറയുന്നു.

പണവും, സ്ഥാനമാനങ്ങളും, പ്രശസ്‌തിയുമല്ല മറിച്ച് സമാധാനവും, ശാന്തിയും നിറഞ്ഞ ഞെരുക്കവും നീറ്റലുമില്ലാത്ത സാഹചര്യമാണ് ജീവിതം സുഖകരമാക്കുന്നതിന്റെ അടിസ്ഥാനം. ഇതിന്‍ മനുഷ്യന്‍ തുണയാവുന്നത് അവന്റെ വിശ്വാസമാണ് ‍. അല്ലാഹുവിലുള്ള വ്യക്തമായ വിശ്വാസവും പരമമായ കീഴ്വണക്കവുമാണ് എക്കാലത്തെയും പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം. ജീവിതമദ്ധ്യേ വരുന്ന സുഖത്തിലും സന്തോഷത്തിലും നന്ദി കാണിക്കുവാനും പ്രയാസങ്ങളും  ദു:ഖവുമെല്ലാം അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണങ്ങളാണെന്ന് കരുതി ക്ഷമിക്കുവാനും മനുഷ്യന് സാധിക്കണം. അപ്രതീക്ഷിതമായി ഏതുസമയവും അസ്‌തമിക്കാവുന്ന ഒന്നാണ് മനുഷ്യ ജീവിതം. ശാസ്ത്രം എത്ര പുരോഗമിച്ചാലും മനുഷ്യന്റെ അവസാ‍നം എന്നാണെന്നോ എങ്ങനെയാവുമെന്നോ പ്രവചിക്കുക സാധ്യമല്ല. ആ സമയത്തെ അല്പം മുന്നോട്ടോ പിന്നോട്ടോ മാറ്റുവാനും സാധ്യമല്ല. മരണ ശേഷമാണ് മനുഷ്യന്റെ ശാശ്വത ജീവിതം ആരംഭിക്കുന്നത്. സ്വത്തും, സന്താനവും, സ്ഥാനമാനങ്ങളും ഒന്നും ഉപകാരപ്പെടാത്ത ആ ദിവസത്തിലെ മനുഷ്യന്റെ തുണ അവരവരുടെ വിശ്വാസവും, കര്‍മ്മങ്ങളും മാത്രം. ആ ശാശ്വത ജീവിതത്തിലേക്കുള്ള വിഭവ സമാഹരണത്തിനുള്ള ചെറിയൊരു ഇടവേള മാത്രമാണ് ഇഹലോക ജീവിതം. “നിങ്ങള്‍ അറിയുക, ഇഹലോക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. ഒരു മഴ പോലെ, അതുമൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞ നിറം പൂണ്ടതായി നിനക്കു കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്)  കഠിനമായ ശിക്ഷയും (സദ്‌വ്യത്തര്‍ക്ക്) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹിക ജീവിതം വഞ്ചനയുടെ വിഭവല്ലാതെ മറ്റൊന്നുമല്ല” (ഖുര്‍ആന്‍ 57:20).

2 comments:

  1. ഖുര്‍ആന്‍ ആശയസമ്പന്നതയിലും ഭാഷാസൌന്ദര്യത്തിലും എല്ലാ ഗ്രന്ഥങ്ങളെയും അത് അതിശയിക്കുന്നു. ദൈവം വെളിപ്പെടുത്തിയ വെള്ളിവെളിച്ചമാണത്. ഇരുട്ടിനെ കീറിമുറിച്ച് നാഗരികതകളെ തേജോമയമാക്കുന്ന പ്രകാശഗോപുരം. ദര്‍ശനവും ശാസ്ത്രവും കലയും സാഹി ത്യവും ചിന്തയും ഭാവനയും പൂത്തുലഞ്ഞ് പരിമളം പരത്തുന്ന പൂങ്കാവനം. ഖുര്‍ആന്‍ ചരിത്രമല്ല; ശാസ്ത്രമല്ല; നിയമാവലിയല്ല; കഥയല്ല; കവിതയല്ല; ഗദ്യമോ പദ്യമോ അല്ല. എന്നാല്‍ എല്ലാം ആണ് താനും! ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ നിര്‍വചനങ്ങള്‍ക്കും വര്‍ഗീകരണത്തി നും അതീതമാണത്. ജീവിതം നിറഞ്ഞ് കിടക്കുകയും ജീവിതത്തിലേക്ക് പരന്നൊഴുകുകയും ചെയ്യുന്ന മഹാസാഗരം.

    അടിസ്ഥാന സന്ദേശം പ്രസരിപ്പിക്കുന്ന കഴമ്പുള്ള പോസ്റ്റ്
    ഇതിവിടെ ഒതുങ്ങേണ്ടതല്ല

    ReplyDelete
  2. പണവും, സ്ഥാനമാനങ്ങളും, പ്രശസ്‌തിയുമല്ല മറിച്ച് സമാധാനവും, ശാന്തിയും നിറഞ്ഞ ഞെരുക്കവും നീറ്റലുമില്ലാത്ത സാഹചര്യമാണ് ജീവിതം സുഖകരമാക്കുന്നതിന്റെ അടിസ്ഥാനം. ഇതിന്‍ മനുഷ്യന്‍ തുണയാവുന്നത് അവന്റെ വിശ്വാസമാണ് ‍. അല്ലാഹുവിലുള്ള വ്യക്തമായ വിശ്വാസവും പരമമായ കീഴ്വണക്കവുമാണ് എക്കാലത്തെയും പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം. ജീവിതമദ്ധ്യേ വരുന്ന സുഖത്തിലും സന്തോഷത്തിലും നന്ദി കാണിക്കുവാനും പ്രയാസങ്ങളും ദു:ഖവുമെല്ലാം അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണങ്ങളാണെന്ന് കരുതി ക്ഷമിക്കുവാനും മനുഷ്യന് സാധിക്കണം.

    ReplyDelete