Tuesday, April 8, 2014

മതവും മാനവികതയും



(കോട്ടക്കൽ എടരിക്കോട് വെച്ച് നടന്ന മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രബന്ധ രചനാ മത്സരത്തിൽ എന്നെ ഒന്നാം സ്ഥാനത്തിന്  അർഹനാക്കിയ പ്രബന്ധം )

നാം അധിവസിക്കുന്ന ഭൂമി, കോടിക്കണക്കിന് ജീവജാലങ്ങള്‍, സസ്യങ്ങള്‍, വെള്ളം, വെള്ളത്തിലെ ജീവികള്‍, അന്തരീക്ഷം, വായു, ഭക്ഷണം, നമ്മുടെ ഉപരിലോകം, സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍, നക്ഷത്ര സമൂഹം തുടങ്ങിയവ ഒന്നു ശ്രദ്ധിച്ചാല്‍ അത്യത്ഭുതങ്ങളുടെ പ്രതിഭാസങ്ങളാണ്. എല്ലാം ഒരു വ്യവസ്ഥയനുസരിച്ച് ചിട്ടപ്പെടുത്തിയതു പോലെ ചരിച്ചുകൊണ്ടിരിക്കുന്നു. അചേതന വസ്‌തുക്കളും, ജീവനുള്ളവയും ഇവിടെയുണ്ട്. ജീവനില്ലാത്ത വസ്‌തുക്കളെ ജീവികള്‍ ഉപയോഗപ്പെടുത്തുന്നു. രാവും, പകലും കാലാവസ്ഥകളും മാറി മാറി വരുന്നു. ഒരു നിശ്ചിത കാലാവധി കഴിഞ്ഞാല്‍ ഓരോ ജീവിയും നശിച്ച് പോകുന്നു. പ്രകൃതി ക്ഷോഭങ്ങളും മറ്റു അപകടങ്ങളും നിമിത്തം കൂട്ടത്തോടെ നശിപ്പിക്കപ്പെടുന്നു. പുതിയ ജീവനുകള്‍ ഉടലെടുക്കുന്നു. കാലം മാറുന്നതനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന പ്രതിഭാസങ്ങളുണ്ട്, കാലമെത്ര മാറിയാലും മാറ്റത്തിന് വിധേയമാവാത്തവയുമുണ്ട്. എല്ലാം ലോകത്തിന്റെ നിലനില്‍പ്പിനായി ക്രമപ്പെടുത്തിയ ഒരു സംവിധാനം പോലെ.

മനുഷ്യന്‍ 
പ്രകൃതിയിലെ ജീവിജാലങ്ങളില്‍ അതിവിശിഷ്‌ടനാണ് മനുഷ്യന്‍. പ്രകൃതി വിഭവങ്ങളെ ഉപയോഗപ്പെടുത്തി പുരോഗതിയുടെ ഉന്നതിയിലെത്തുവാനും നെറികേടുകള്‍ ചെയ്‌ത് മൃഗങ്ങളേക്കാള്‍ അധ:പതിക്കുവാനും മനുഷ്യന് സാധിക്കുന്നു. മറ്റു ജീവജാലങ്ങള്‍ ജന്മബോധം കൊണ്ട് ലഭിക്കുന്ന കഴിവുകള്‍ മാത്രം ഉപയോഗപ്പെടുത്തി ജീവിച്ച് നശിച്ചു പോകുമ്പോള്‍ മനുഷ്യര്‍ മാത്രം വിശേഷ ബുദ്ധി ഉപയോഗപ്പെടുത്തി എല്ലാറ്റിനെയും അധീനപ്പെടുത്തുന്നു. സൂക്ഷ്‌മ ജീവികള്‍ തൊട്ട് ഭീമാകാരങ്ങളായ ജന്തുജാലങ്ങളുടെ വരെ ലോകം വിസ്‌മയകരമാണ്. അതിനിസ്സാരമായി നാം ഗണിക്കുന്ന ഉറുമ്പുകള്‍, ചിതല്‍, പാറ്റ തുടങ്ങിയ ജീവികള്‍ പോലും സങ്കീര്‍ണ്ണമായ കഴിവുകളുടെ ഉടമകളാണ്. ഭക്ഷണം, ആവാസം, ആത്മ രക്ഷ, പ്രത്യുല്‍പാദനം തുടങ്ങി ജന്തുക്കളുടെ കഴിവുകളൊന്നും മുന്‍തലമുറയില്‍ നിന്ന് പ്രത്യേകമായി ലഭിക്കുന്നതോ പുരോഗതിക്ക് വിധേയമോ അല്ല, നൈസര്‍ഗ്ഗികമായി ലഭിച്ച കഴിവുകള്‍ മാത്രം. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജന്തുവര്‍ഗ്ഗങ്ങള്‍ ഭക്ഷണം ശേഖരിച്ചിരുന്ന അതേ രീതി തന്നെയാണ് വിവര സാങ്കേതിക വിദ്യ പുരോഗതി പ്രാപിച്ച ആധുനിക കാലത്തും ഉപയോഗിക്കുന്നത്. ഇനിയും നൂറ്റാണ്ടുകള്‍ക്ക് ശേഷവും ആ രീതിയില്‍ മാറ്റമുണ്ടാവാന്‍ പോകുന്നില്ല. എന്നാല്‍ മനുഷ്യര്‍ മുന്‍തലമുറകളില്‍ നിന്ന് സ്വീകരിച്ചും, സ്വയം ബുദ്ധിയില്‍ വികസിപ്പിച്ചും, വരും തലമുറയിലേക്ക് പകര്‍ന്നും പുരോഗതി പ്രാപിക്കുന്നതിനാല്‍ തന്നെ പുരാതന കാലത്തെ മനുഷ്യരുടെ ജീവിത രീതിയും ആധുനിക കാലത്തെ ജീവിതരീതിയും തികച്ചും വ്യത്യസ്‌തമാണ്. ശാസ്‌ത്രീയ പുരോഗതിയും വികാസവും മനുഷ്യലോകത്തെ മാത്രം പ്രത്യേകതയാണ്. 

ശരീരവും ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്‍. ശാരീരിക പോഷണത്തോടൊപ്പം മാനസിക ഉന്മേഷം കൂടി കൈവരിക്കൊമ്പോഴേ ഊര്‍ജ്വസലനാവാന്‍ മനുഷ്യന് സാധിക്കൂ. ശരീരത്തിന്റെ പോഷണത്തിന് ആഹാരം മതിയാവും. എന്നാല്‍ മനസ്സിനെ നിയന്ത്രിക്കുവാനും ആത്മീയ പോഷണത്തിനും ഉതകുന്ന ഉന്നതമായ  മൂല്യങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ അവന് സ്വയം സാധിക്കില്ല. അഥവാ അത്തരം മൂല്യങ്ങള്‍ ആരെങ്കിലും ആവിഷ്‌ക്കരിച്ചാലും അവ കാലാതിവര്‍ത്തിയാവില്ല. കാരണം മനുഷ്യചിന്തയും കഴിവും നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാണ്.

ദൈവം
നമ്മുടെ ശരീരത്തില്‍ പ്രത്യേകമായ അദ്ധ്വാനമോ മുതല്‍ മുടക്കോ കൂടാതെ തന്നെ ഏറെ സങ്കീര്‍ണ്ണമായ പല പ്രക്രിയകളും അനുസ്യൂതം നടന്നു കൊണ്ടിരിക്കുന്നതായി കാണാം. ഹൃദയം, തലച്ചോര്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം, രക്ത ചംക്രമണം, ശ്വസനം, ദഹനം തുടങ്ങിയ ശരീര പ്രക്രിയകളുടെ നിയന്ത്രണം മുതലായവ നമ്മുടെ പക്കല്‍ തന്നെയായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ ? ആരാവും ഈ പ്രക്രിയകളെ നിയന്ത്രിക്കുന്നത് ? ഈ ലോകത്തെ കുറ്റമറ്റ രീതിയില്‍ സംവിധാനിച്ചതും ചലിപ്പിക്കുന്നതും ആരാവും ? കേവലം ശാസ്‌ത്രീയ കണ്ടുപിടുത്തങ്ങള്‍ കൊണ്ടോ മനുഷ്യന്റെ നിയന്ത്രണങ്ങള്‍ കൊണ്ടോ ഈ പ്രപഞ്ചത്തെ കൃത്യമായി ചരിപ്പിക്കാനാവുമോ ? ചിന്തിക്കുവാനും കണ്ടെത്തുവാനും പുരോഗതി കൈവരിക്കുവാനും ഉതകുന്ന വിധം മനുഷ്യന് ബുദ്ധിശക്തി നല്‍കിയതും മറ്റു ജീവജാലങ്ങളെയും പ്രകൃതിയെയും കീഴ്പ്പെടുത്തി നല്‍കിയതും കേവലം യാദ്രിഛികമാവുമോ ? രക്ത ബന്ധമുള്ളവരും സ്‌നേഹ ബന്ധമുള്ളവരുമായ സാമൂഹ്യ ജീവിയായി മനുഷ്യരെ സംവിധാനിച്ചതിന്റെ പിന്നിലെ ലക്ഷ്യമെന്താവും ?  

സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ചിന്തിക്കുകയും ചെയ്‌താല്‍ ഈ പ്രപഞ്ച ഘടനക്ക് പിന്നിലെ മഹത്തായ ദൈവിക സംവിധാനം ബോധ്യമാവും. അതോടൊപ്പം സമൂഹസംവിധാനത്തിന്റെ താളാത്മകമായ നിലനില്‍പിന്ന് കാലാതിവര്‍ത്തിയായ മൂല്യങ്ങള്‍ മനുഷ്യാതീതമായ ഒരു ശക്തിയില്‍ നിന്ന് ലഭിക്കേണ്ടത് അനിവാര്യമാണെന്ന് മനസ്സിലാക്കുവാനും പ്രയാസമുണ്ടാവില്ല.

മതം
മനുഷ്യന്റെ ആസൂത്രണമോ പദ്ധതികളോ ഇല്ലാതെ തന്നെ മനുഷ്യശരീരത്തില്‍ അനേകം ജൈവപ്രക്രിയകള്‍ സംവിധാനിച്ച ദൈവം തന്നെ അവന്റെ ആത്മീയ  പോഷണത്തിനാവശ്യമായ അനശ്വര മൂല്യങ്ങളും അവതരിപ്പിച്ചിരിക്കുന്നു. ദൈവപ്രോക്തമായ ഇത്തരം മൂല്യങ്ങളുടെ ആകെത്തുകയാണ് മതം. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഭൌതിക സൌകര്യങ്ങളിലും മാറ്റങ്ങളില്ലാതെ നിലനില്‍ക്കുന്ന ആശയങ്ങളാണ് മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യനാക്കുന്നത്. മതം ദൈവത്തില്‍ നിന്ന് ലഭിക്കുന്നതും സര്‍വ്വകാലത്തേക്കും പ്രസക്തവുമാണെന്ന് ചുരുക്കം. സര്‍വ്വവിധ തിന്മകളില്‍ നിന്നും ജീര്‍ണ്ണതകളില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്ന ആദര്‍ശ കവചമാണ് മതം.

യഥാര്‍ത്ഥ മതം
‌ലോകത്ത് അനവധി മതങ്ങള്‍ നിലവിലുണ്ട്. യഥാര്‍ത്ഥ മതം അതില്‍ ഏതാവുമെന്ന് തെരെഞ്ഞെടുക്കുവാന്‍ സ്വാഭാവികമായും മനുഷ്യന്‍ ബാധ്യസ്ഥനാവുന്നു. ഭൂമിയില്‍ മനുഷ്യവാസം ആരംഭിച്ചതു മുതല്‍ ഇന്നേവരെയും ഇനി വരാനിരിക്കുന്ന കാലത്തേക്കും മുഴുവന്‍ പ്രദേശത്തേക്കും അനുയോജ്യമായ മതമേ യഥാര്‍ത്ഥ മതമാവാന്‍ നിര്‍വ്വഹമുള്ളൂ. എന്നാല്‍ ലോകത്ത് മനുഷ്യനിര്‍മ്മിതങ്ങളായ മതങ്ങളും ആശയങ്ങളും ചില പ്രദേശങ്ങളിലോ നിശ്ചിത കാലഘട്ടങ്ങളിലോ മാത്രമായി ആവിഷ്‌കരിക്കപ്പെടുകയും കാലാന്തരത്തില്‍ പ്രസക്തി നഷ്‌ടപ്പെട്ട് ഇല്ലാതാവുകയും ചെയ്‌തതായിക്കാണാം. 

ദൈവം തന്നെ നിയോഗിക്കുന്ന ദൂതന്മാരിലൂടെയും ദൈവിക ഗ്രന്ഥങ്ങളിലൂടെയുമാണ് ദൈവിക മൂല്യങ്ങള്‍ മനുഷ്യര്‍ക്ക് ലഭിക്കുക. ദൈവിക ഗ്രന്ഥങ്ങള്‍ എന്നവകാശപ്പെടുന്ന പല ഗ്രന്ഥങ്ങളുമുണ്ട്. അതില്‍ പലതും പരിശോധിച്ചാല്‍ മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം തിരുത്തപ്പെടുകയോ മാറ്റങ്ങള്‍ക്ക് വിധേയമാവുകയോ ചെയ്‌തതായി മനസ്സിലാക്കാനാവും. അവതരിക്കപ്പെട്ട കാലം മുതല്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും മാറ്റങ്ങള്‍ ഒന്നുമില്ലാതെ നിലനില്‍ക്കുന്ന ഏക ദൈവിക ഗ്രന്ഥമാണ് ഖുര്‍ആന്‍. അവസാനമായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ മുഹമ്മദ് നബി (സ) ക്ക് അവതരിക്കപ്പെട്ട ദൈവിക സന്ദേശങ്ങളുടെ ക്രോഡീകരണമാണ് അത്‍. മുഹമ്മദ് നബി(സ) ക്ക് മുമ്പ് അനേകം പ്രവാചകന്മാര്‍ നിയോഗിക്കപ്പെടുകയും പല പ്രവാചകന്മാര്‍ക്കും ഗ്രന്ഥങ്ങള്‍ നല്‍കപ്പെടുകയും ചെയ്‌തിട്ടുണ്ട്. അബ്രഹാം, മോശെ, ദാവീദ്, യേശു തുടങ്ങിയ അനേകം പ്രവാചകന്മാരുടെയെല്ലാം തുടര്‍ച്ചയായി അവസാനമായി നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് നബി (സ). മുന്‍വേദഗ്രന്ഥങ്ങളായ തൌറാത്ത്, സബൂര്‍ ഇന്‍ജീല്‍തുടങ്ങിയവയെയെല്ലാം സത്യപ്പെടുത്തിക്കൊണ്ട് അവയുടെയെല്ലാം പൂര്‍ത്തീകരണമെന്നോണം ഏറ്റവും അവസാനമായി അവതരിക്കപ്പെട്ട വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ബൈബിള്‍ പുസ്‌തകങ്ങളായി പലയിടത്തും പലരീതിയില്‍ ഇപ്പോള്‍ ലഭിക്കുന്ന ഗ്രന്ഥങ്ങളെ മുന്‍വേദഗ്രന്ഥങ്ങള്‍ എന്നവകാശപ്പെടാറുണ്ടങ്കിലും പുരോഹിതന്മാരുടെ കൈകടത്തലുകള്‍ക്ക് വിധേയമായതും കൂട്ടിക്കുറക്കലുകള്‍ വരുത്തി വികലമാക്കപ്പെട്ടതുമാണ് അവയെല്ലാമെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ലോകാവസാനം വരെ ഒരക്ഷരത്തില്‍ പോലും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാവാതെ നിലനില്‍ക്കുമെന്ന് ദൈവം ഖുര്‍ആനിലൂടെ തന്നെ പ്രഖ്യാപിക്കുന്നു. (15:9). 

ആദ്യമനുഷ്യന്‍ ആദം നബി (അ) മുതല്‍ മുഹമ്മദ് നബി (സ) വരെ പ്രവാചകന്മാരെല്ലാം പ്രബോധനം ചെയ്‌ത മതം ‘ദൈവത്തിലേക്കുള്ള സമ്പൂര്‍ണ്ണമായ സമര്‍പ്പണം’ എന്നര്‍ത്ഥം വരുന്ന ഇസ്‌ലാം ആയിരുന്നു. ‘ഇസ്‌ലാം’ എന്നത് ഒരു സമുദായത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ ജാതിയുടെയോ പേരല്ല. കാലദേശഭാഷാ ഭേദമില്ലാതെ മനുഷ്യരാശിയുടെ മുഴുവന്‍ മൂല്യബോധനമായ ഖുര്‍ആന്‍ അംഗീകരിച്ച് ജീവിതം ക്രമീകരിക്കുകയെന്നതാണ് ഇസ്‌ലാം അംഗീകരിക്കുക അല്ലെങ്കില്‍ മുസ്‌ലിമാവുക എന്നതിന്റെ താല്പര്യം. കഴിഞ്ഞു പോയ എല്ലാ ദൈവദൂതന്മാരെയും മുസ്‌ലിംകള്‍ അംഗീകരിക്കുന്നു. അവര്‍ക്കിടയില്‍ വിവേചനം പാടില്ലെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു.

ദൈവദൂതന്മാരുടെ വിയോഗാനന്തരം ആ സമൂഹങ്ങളുടെ പിന്‍ തലമുറക്കാര്‍ മതങ്ങളെ വികലമാക്കുകയും വേദഗ്രന്ഥങ്ങള്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കപ്പെടുകയും യഥാര്‍ത്ഥ മതത്തില്‍ നിന്ന് ആളുകളെ പിഴപ്പിക്കുകയും ചെയ്‌തതാണ് വിവിധ മതങ്ങള്‍ ഉടലെടുക്കാന്‍ ഹേതുവായത്. വ്യത്യസ്‌ത മതങ്ങള്‍ക്കിടയില്‍ വൈജാത്യങ്ങള്‍ ഏറെയുണ്ടെങ്കിലും ധാര്‍മ്മികമൂല്യങ്ങളില്‍ പലതിലും സാജാത്യങ്ങള്‍ കാണുന്നത് ഇവയെല്ലാം ഒരേ ഉറവിടത്തില്‍ നിന്നാണ് ഉടലെടുത്തത് എന്ന് മനസ്സിലാക്കിത്തരുന്നു.

‌‌‌‌‌‌‌‌‌‌‌‌‌‌
ഇസ്‌ലാം വിശ്വാസവും സന്ദേശവും 
ഈ ലോകത്തെയും അതിലുള്ള ഓരോ വസ്‌തുക്കളെയും സൃഷ്‌ടിക്കുകയും പരിപാലിക്കുകയും മാര്‍ഗ്ഗം നല്‍കുകയും ചെയ്‌ത ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തം. സര്‍വ്വശക്തനായ ഒരു സ്രഷ്‌ടാവില്‍ വിശ്വസിക്കുകയും അവലംബിക്കുകയും ചെയ്യുകയെന്നത് കാലാകാലങ്ങളായുള്ള മനുഷ്യപ്രകൃതിയുടെ തേട്ടമാണ്. എന്നാല്‍ കാലക്രമത്തില്‍ മനുഷ്യന്‍ സ്രഷ്‌ടാവില്‍ നിന്നകലുകയും മനുഷ്യദൈവങ്ങളെയും, ജന്തുക്കളെയും അചേതന വസ്‌തുക്കളെ വരെയും വണങ്ങുകയും പൂജിക്കുകയും ചെയ്യാന്‍ തുടങ്ങി. പ്രതിരൂപങ്ങള്‍ക്കും ശില്പങ്ങള്‍ക്കും മുന്‍കഴിഞ്ഞു പോയ മഹാന്മാര്‍ക്കും മനുഷ്യരുടെ മനസ്സറിയാന്‍ സാധിക്കില്ലെന്നും മനുഷ്യരെ സൃഷ്‌ടിച്ച് പരിപാലിക്കുന്ന സാക്ഷാല്‍ ദൈവത്തിലേക്ക് മാത്രമേ മനുഷ്യന്‍ അവലംബിക്കാന്‍ പാടുള്ളൂ എന്നുമുള്ള ഏകദൈവസിദ്ധാന്തമാണ് പ്രവാചകന്മാര്‍ മുഴുവന്‍ പ്രബോധനം ചെയ്‌തത്. സാക്ഷാല്‍ ദൈവത്തിന് അറബിയില്‍ പറയുന്ന പേരാണ് അല്ലാഹു. പലരും തെറ്റിദ്ധരിച്ചതു പോലെ മുസ്‌ലിംകളുടെ ദൈവത്തിന്റെ പേരല്ല. അറബി സംസാരിക്കുന്ന നാട്ടിലെ അമുസ്ലിംകളും ദൈവം എന്നതിന് അല്ലാഹു എന്നാണ് പ്രയോഗിക്കുന്നത്.

മനുഷ്യന്‍ കുറെ കാലം ജീവിച്ച് മരിച്ച് നശിച്ചു പോവുക മാത്രമല്ല, മറിച്ച് ഇഹലോക ജീവിതത്തിനു ശേഷം മറ്റൊരു ലോകത്ത് വീണ്ടും ജീവിപ്പിക്കുകയും ഈ ലോകജീവിതത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം അനുഭവിക്കുകയും ചെയ്യുമെന്ന പരലോക വിശ്വാസമാണ് ഇസ്‌ലാമിന്റെ രണ്ടാമത്തെ അടിത്തറ. ഭൌതിക ജീവിതത്തില്‍ തിന്മ ചെയ്‌തു ജീവിച്ചവര്‍ക്ക് ശിക്ഷയും നന്മ ചെയ്‌തു ജീവിച്ചവര്‍ക്ക് രക്ഷയും ലഭിക്കുന്ന അനശ്വര ലോകത്തിലുള്ള അടിയുറച്ച വിശ്വാസം നല്ലവനായി ജീവിക്കാന്‍ മനുഷ്യനെ പര്യാപ്‌തനാക്കുന്നു, മാത്രമല്ല വിശേഷബുദ്ധിയും ശക്തിയും സ്വാതന്ത്യവും നല്‍കപ്പെട്ട മനുഷ്യജീവിതത്തിന് ലക്ഷ്യം നിര്‍ണ്ണയിക്കപ്പെടുകയും ചെയ്യുന്നു.  

മതം അനുശാസിക്കുന്ന അനുഷ്‌ഠാനങ്ങളും കര്‍മ്മങ്ങളും മനുഷ്യമനസ്സുകളെ വിമലീകരിക്കുവാനുള്ളതും നല്ലവനായി ജീവിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഉത്തേജകങ്ങളുമാണ്. എന്നാല്‍ കാലക്രമത്തില്‍ മതമൂല്യങ്ങള്‍ മാറ്റി മറിക്കപ്പെടുകയും ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടനിലക്കാരായി പൂജാരികളും പുരോഹിതന്മാരും അവരോധിക്കപ്പെടുകയുമുണ്ടായി. ഇത്തരം ഇടത്തട്ടു കേന്ദ്രങ്ങളെ ഇസ്‌ലാം നിരാകരിക്കുന്നു. നിത്യകര്‍മ്മങ്ങളായി ഇസ്‌ലാം നിശ്ചയിച്ച നമസ്‌ക്കാരം, വ്രതം, നിര്‍ബന്ധ ദാനം അഥവാ സക്കാത്ത്, തീര്‍ത്ഥ യാത്ര തുടങ്ങിയ കര്‍മ്മങ്ങള്‍ക്കൊന്നും കാര്‍മ്മികന്റെയോ പൂജാരിയുടെയോ ആവശ്യമില്ല. പ്രാര്‍ത്ഥനകള്‍ മനുഷ്യനെ സ്രഷ്‌ടാവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ആരാധനകളാണ്. 

കേവലം വിശ്വാസങ്ങളും ആരാധനകളും മാത്രമല്ല യഥാര്‍ത്ഥ മതം. മറിച്ച് വ്യക്തികളില്‍ ആരംഭിച്ച് കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങി മുഴുവന്‍ സമൂഹ തലത്തിലും ഇടപെടേണ്ട സംസ്‌കാരവും സ്വഭാവവും അടങ്ങുന്നതാണ് യഥാര്‍ത്ഥ മതം. മനുഷ്യനെ സ്രഷ്‌ടാവുമായി ബന്ധിപ്പിക്കുന്ന മാര്‍ഗ്ഗമാണ് ആരാധനകള്‍ എങ്കില്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളുടെ കുറ്റമറ്റതും ഉദാത്തവുമായ രീതിയാണ് സംസ്‌കാരം. ഒറ്റയാനായി ജീവിക്കുവാന്‍ മനുഷ്യനാവില്ല. സാമൂഹ്യജീവിയായ മനുഷ്യന്റെ നിലനില്‍പ്പിന്നും പുരോഗതിക്കും വിശുദ്ധമായ ബന്ധങ്ങള്‍ അനിവാര്യമാണ്. സ്‌ത്രീയും പുരുഷനുമായി സൃഷ്‌ടിക്കപ്പെട്ട മനുഷ്യന്‍ ആജീവനാന്തം ഒരുമിച്ച് ജീവിക്കാന്‍ പറ്റിയ ഒരിണയെ വിവാഹത്തിലൂടെ തെരെഞ്ഞെടുക്കുന്നതാണ് കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം. ഭാര്യാ ഭാര്‍ത്താക്കള്‍, മാതാപിതാക്കള്‍, മക്കള്‍, സഹോദരന്മാര്‍ തുടങ്ങി അടുത്തതും അകന്നതുമായ ബന്ധവിശുദ്ധിയാണ് മനുഷ്യസമൂഹത്തിന്റെ പ്രത്യേകത. മറ്റു ജീവജാലങ്ങളെ പോലെ താല്‍ക്കാലികമായ ഇണചേരുകയും, സന്താനോല്പാദനം നടത്തുകയും, ആവശ്യം തീര്‍ന്നാല്‍ അകലുകയും ചെയ്യുന്നതല്ല മറിച്ച് മരണ ശേഷവും നിലനില്‍ക്കുന്ന പവിത്രമായ ബന്ധങ്ങളെ ഗൌരവത്തോടെയാണ് ഇസ്ലാം കാണുന്നത്. അമ്മയും മക്കളും എന്ന  ആത്മ ബന്ധത്തെ നിര്‍വചിക്കാന്‍ ശാസ്‌ത്ര കണ്ടുപിടുത്തങ്ങള്‍ക്കോ ഉപകരണങ്ങാള്‍ക്കോ സാധിക്കില്ല, മതമൂല്യങ്ങള്‍ കൊണ്ട് മാത്രമേ സാധിക്കൂ. ബന്ധങ്ങളില്‍ വിള്ളലുകള്‍ തീര്‍ക്കുന്നത് ഇസ്‌ലാമികമായി വലിയ പാതകമാണ്.

മാനവികത
മനുഷ്യരെ മനുഷ്യരായി കാണാന്‍ സാധിക്കുന്ന മനുഷ്യത്വമാണ് യഥാര്‍ത്ഥത്തില്‍ മാനവികത. തന്നെപ്പോലെ മറ്റുള്ളവരുടെയും അവകാശങ്ങളും സ്വാതന്ത്യങ്ങളും അനുവദിച്ചു കൊടുക്കുവാനും മനുഷ്യനെന്ന നിലയില്‍ എല്ലാവരെയും പരിഗണിക്കുവാനും സാധിക്കുന്നിടത്തേ മാനവികത നിലനില്‍ക്കൂ. ബന്ധങ്ങളും ബാധ്യതകളും പരസ്‌പരം മനസ്സിലാക്കിയും സഹകരിച്ചും മൂല്യങ്ങള്‍ പാലിച്ചും ധാര്‍മ്മികതയില്‍ ഊന്നിയും ജീവിക്കുന്ന സമൂഹത്തില്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ മാനവികതയുടെ പ്രായോഗികത സാധ്യമാവൂ. ശാരീരിക പ്രവര്‍ത്തനങ്ങളില്‍ യാതൊരു വ്യത്യാസവുമില്ലെങ്കിലും ഇണയോടൊത്തുള്ള ലൈംഗിക ബന്ധം മാനവികവും പരസ്‌ത്രീപുരുഷന്മാര്‍ തമ്മിലാവുമ്പോള്‍ പൈശാചികവുമാവുന്നത് ധാര്‍മ്മിക മൂല്യങ്ങള്‍ പാലിക്കുന്ന സമൂഹത്തില്‍ മാത്രമായിരിക്കും.

മാനവികതയുടെ പൂര്‍ത്തീകരണം യഥാര്‍ത്ഥ മതത്തിലൂടെ
മനുഷ്യരെല്ലാം ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്ന വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനം മാനവികതയുടെ അടിത്തറയാണ്. പൈശാചികപ്രേരണയും, ജൈവ പ്രകൃതിയും നിലനില്‍ക്കുന്ന മനുഷ്യമനസ്സുകളെ വിമലീകരിച്ച് മാനവികതയുടെ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരികയാണ് യഥാര്‍ത്ഥ മതത്തിന്റെ ദൌത്യം. തന്നെ സദാ കണ്ടുകൊണ്ടിരിക്കുന്ന ദൈവത്തിലുള്ള വിശ്വാസം. അവന്‍ അറിയാതെ ഒന്നനങ്ങാന്‍ പോലും സാധിക്കില്ല. കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ പരലോക ജീവിതത്തില്‍ രക്ഷാ ശിക്ഷകള്‍ നല്‍കുന്നു. ഒന്നുകില്‍ ശാശ്വത സുഖാനുഭൂതിയുടെ സ്വര്‍ഗ്ഗീയ ജീവിതം, അല്ലെങ്കില്‍ നിത്യയാതനയുടെ നരകീയ ജീവിതം. ഈ വിശ്വാസം മനസ്സിലുറപ്പിച്ച മനുഷ്യന്റെ രഹസ്യജീവിതവും പരസ്യ ജീവിതവും ഒരു പോലെ ശുദ്ധമാവും. അവനെ നിയന്ത്രിക്കാന്‍ നിയമങ്ങളുടെയും അധികാരത്തിന്റെയും ആവശ്യം വരുന്നില്ല. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം, അവരുടെ വാര്‍ദ്ധക്യത്തില്‍ അവരെ കൂടുതല്‍ പരിഗണിക്കണം, മോശമായ ഒരു വാക്കുപോലും പറയരുത്, മക്കളെയും ഭാര്യയെയും പരിപാലിക്കണം. അയല്‍വാസിക്ക് നന്മ ചെയ്യണം. അന്യരുടെ അഭിമാനവും, രക്തവും, സമ്പത്തും ആദരണീയമാണ്. കഷ്‌ടപ്പെടുന്നവരെ ജാതിയും മതവും നോക്കാതെ സഹായിക്കണം.  മറ്റുള്ളവരെ കുറിച്ച് അപവാദം പറയുന്നതും, പരദൂഷണവും, അസൂയയും, മോശമായ വിചാരവും പാപമാണ്. സമ്പത്തോ തൊലിയുടെ നിറമോ അധികാരമോ അല്ല മറിച്ച് ദൈവ ഭക്തിയും വിശ്വാസത്തില്‍ നിന്നുല്‍ഭൂതമാവുന്ന സല്‍ക്കര്‍മ്മങ്ങളുമാണ് മനുഷ്യനെ ഉല്‍കൃഷ്‌ടനാക്കുന്നത്. 

മതത്തെയും മരണാനന്തര ജീവിതത്തെയും നിരാകരിക്കുന്നവര്‍ക്ക് വ്യഭിചാരം, മദ്യപാനം, കൊലപാതകം, പലിശ തുടങ്ങിയവയിലെ ശരിയും തെറ്റും വേര്‍ തിരിക്കാന്‍ പ്രയാസമാണ്. നന്മതിന്മകള്‍ പലതും ആപേക്ഷികമാവും. എന്നാല്‍ മതത്തിന്റെ ആദര്‍ശ ഭൂമികയില്‍ നന്മയെയും തിന്മയെയും ദൈവം തന്നെ വ്യവഛേദിച്ചു തന്നിരിക്കുന്നതിനാല്‍ തിന്മ എക്കാലത്തും തിന്മയും നന്മ എക്കാലത്തും നന്മയുമാകുന്നു. 

അനുവദിനീയം, അഭികാമ്യം, അനിവാര്യം, നിഷിദ്ധം, അനഭിലഷണീയം തുടങ്ങി മതം കല്പിക്കുന്ന വിധിവിലക്കുകളാണ് സത്യത്തില്‍ ധാര്‍മ്മികത. മതം നിശ്ചയിക്കുന്ന നിയന്ത്രണങ്ങള്‍ മനുഷ്യജീവിതത്തെ തടസ്സപ്പെടുത്താനുള്ളതല്ല, മറിച്ച് മനുഷ്യനെ സംരക്ഷിക്കുവാനാണ്. ഇസ്‌ലാം അരുതെന്ന് പറഞ്ഞ ഏതെങ്കിലും ഒരു കാര്യം മനുഷ്യപുരോഗതിക്ക് അനിവാര്യമായിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടില്ല, ഇസ്‌ലാം നന്മയായിപ്പറഞ്ഞ വല്ലതും തിന്മയാണെന്ന് സമര്‍ത്ഥിക്കുവാനും സാധിക്കില്ല. മതപരമായി സംസ്‌കരിക്കപ്പെട്ട സമൂഹത്തില്‍ നന്മകള്‍ നട്ടു പിടിപ്പിക്കുവാനും തിന്മകളെ വിപാടനം ചെയ്യുവാനും എളുപ്പമാവും. 

കേവലം ഭൌതികതയെന്നതിലുപരി മാനവിക മൂല്യങ്ങള്‍ക്ക് ആത്മീയതയുടെ പരിവേഷം നല്‍കുന്നു ഇസ്‌ലാം. ഇസ്‌ലാമിക കാഴ്‌ചപ്പാടില്‍ ആരാധനകളുടെയും വിശ്വാസത്തിന്റെയും ഫലപ്രാപ്‌തിക്ക് മാനവിക മൂല്യങ്ങളുടെ പൂര്‍ണ്ണത കൂടി അനിവാര്യമാണ്.  “നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖം തിരിക്കുക എന്നതല്ല പുണ്യം. മറിച്ച് അല്ലാഹുവിലും, അന്ത്യനാളിലും, മലക്കുകളിലും, വേദഗ്രന്ഥങ്ങളിലും, പ്രവാചകന്മാരിലും വിശ്വസിക്കുകയും സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കനും, ചോദിച്ചുവരുന്നവര്‍ക്കും, അടിമ മോചനത്തിനും നല്‍കുകയും, പ്രാര്‍ഥന മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പ്പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധ രംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്‌തവരാരോ അവരാകുന്നു പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍” (ഖുര്‍ആന്‍ 2:177)

പീഡിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും മോചനത്തിനായും, അഗഥികള്‍, അനാഥര്‍, സ്‌ത്രീകള്‍, കുട്ടികള്‍, വൃദ്ധന്മാര്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായും പ്രവര്‍ത്തിക്കുവാനുള്ള ആഹ്വാനങ്ങള്‍ ഖുര്‍ആനില്‍ നിരവധിയുണ്ട്. (90: 11-17, 89 : 17-18, 28:5, 4:75 ...). മനുഷ്യര്‍ക്കിടയില്‍ നീതി പാലിക്കാതെയും, ബാധ്യത നിര്‍വഹിക്കാതെയും ആരാധനകള്‍ ചെയ്‌തു മാത്രം ദൈവസാമീപ്യം കൈവരിക്കാന്‍ സാധിക്കില്ല. 

ധാര്‍മ്മിക ഉപദേശങ്ങള്‍ക്കപ്പുറം തിന്മകള്‍ക്കുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുവാന്‍ ഇസ്‌ലാം ജാഗ്രത പുലര്‍ത്തുന്നു. കാഴ്‌ചയും, കേള്‍വിയും, ചിന്തയുമെല്ലാം പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്നതാണ്. അതിനാല്‍ നല്ലത് മാത്രമേ കാണാവൂ, നല്ലതേ കേള്‍ക്കാവൂ, നല്ല കാര്യങ്ങളേ ചിന്തിക്കാവൂ. മാതാപിതാക്കള്‍, മക്കള്‍, സഹോദരീ സഹോദരന്മാര്‍, വിവാഹബന്ധത്തിലും മുലകുടി ബന്ധത്തിലുമുള്ളവര്‍ എന്നിവര്‍ക്കു പുറമെയുള്ള സ്‌ത്രീ പുരുഷന്മാര്‍ പരസ്പരം അന്യരാണെന്ന് നിര്‍വചിച്ചിരിക്കുന്നു. അന്യസ്‌ത്രീ പുരുഷന്മാര്‍ തമ്മില്‍ ഇടപെടുന്നതിനും ഇടപഴകുന്നതിനും ശക്തമായ നിയന്ത്രണങ്ങള്‍ വെച്ചിരിക്കുന്നു. അന്യപുരുഷനും സ്‌ത്രീയും ഒരിടത്ത് ഒറ്റപ്പെടുവാനോ ദീര്‍ഘയാത്ര ചെയ്യുവാനോ പരസ്‌പരം സ്‌പര്‍ശിക്കുവാനോ പാടില്ല. സ്‌ത്രീ തന്റെ മുഖവും മുന്‍കയ്യും ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ അന്യപുരുഷന്മാര്‍ക്കു മുമ്പില്‍ മറച്ചിരിക്കണം. പരസ്‌പരം തുറിച്ചു നോട്ടവും, കൊഞ്ചിക്കുഴയലും പാടില്ല. ശരീര ഭാഗങ്ങള്‍ തെളിഞ്ഞു കാണുന്ന വിധം വസ്‌ത്രം ധരിക്കാന്‍ പാടില്ല തുടങ്ങി ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്ന സമൂഹത്തില്‍ സ്‌ത്രീകള്‍ സുരക്ഷിതരായിരിക്കും. ആധുനിക കാലത്ത് വര്‍ദ്ധിച്ചുവരുന്ന ലൈംഗിക പീഡനങ്ങളുടെ അടിസ്ഥാന കാരണം ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്ന മൂല്യങ്ങളുടെ നിരാകരണമാണെന്നതാണ് യാഥാര്‍ത്ഥ്യം. 

പരലോക മോക്ഷമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെങ്കിലും ഇഹലോക വിഭവങ്ങള്‍ തേടുന്നതിനെയും ധനം സമ്പാദിക്കുന്നതിനെയും ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നു. ഉടനെ മരിക്കുവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സൂക്ഷ്‌മത പാലിക്കുവാന്‍ നിര്‍ദ്ദേശിക്കുന്ന മതം ഒരിക്കലും മരിക്കില്ലെന്നവനെ പോലെ കര്‍മ്മ നിരതനാവാന്‍ പ്രേരിപ്പിക്കുന്നു. സമയം വെറുതെ കളയാവതല്ല. മടിയും അലസതയും ബാധിച്ചു കൂട. വിദ്യയും വിജ്ഞാനവും ആര്‍ജ്ജിക്കണം. എല്ലാം അനുവദിക്കപ്പെട്ട മാര്‍ഗ്ഗത്തിലും ധാര്‍മ്മികതയില്‍ ഊന്നിയുമായിരിക്കണമെന്നു മാത്രം. ഇസ്‌ലാം സമര്‍പ്പിക്കുന്ന ജീവിത രീതി പാലിക്കുന്ന സമൂഹത്തില്‍ നിന്ന് നന്മ മാത്രമേ ഉണ്ടാവൂ. 

മൂല്യനിരാസം പരിഹാരമോ ?
‌‌‌‌‌‌‌‌‌‌മാനവിക മൂല്യങ്ങളില്‍ നിന്നകന്ന മതസമൂഹത്തോടും പൌരോഹിത്യ മതത്തോടുമുള്ള എതിര്‍പ്പ് മതനിരാകരണത്തിലേക്കും മനുഷ്യനിര്‍മ്മിത പ്രത്യയ ശാസ്‌ത്രങ്ങളിലേക്കും നയിക്കപ്പെട്ട സമൂഹങ്ങള്‍ അസ്‌തിത്വ പ്രതിസന്ധി നേരിടുകയാണുണ്ടായത്. ക്യാപിറ്റലിസവും, ലിബറലിസവും, കമ്മ്യൂണിസവും, ഫെമിനിസവും, സോഷ്യലിസവുമൊക്കെ വിമോചന വിപ്ലവങ്ങളുമായി വന്നെങ്കിലും മനുഷ്യ സമൂഹത്തെ കൂടുതല്‍ ജീര്‍ണ്ണതകളിലേക്ക് നയിക്കുകയാണുണ്ടായത്. സ്വേച്‌ഛാധിപത്യവും, കോളനിവാഴ്‌ചകളും സമൂഹത്തെ കൂടുതല്‍ അടിമത്തത്തിലേക്ക് തള്ളിവിട്ടു. സനാതനമൂല്യങ്ങളെ തമസ്‌കരിച്ച് സ്വതന്ത്ര ജീവിതം നടത്തിയ പാശ്ചാത്യ സമൂഹം കുടുംബ തകര്‍ച്ചയിലേക്കും ശൈഥില്യങ്ങളിലേക്കും കൂപ്പുകുത്തുകയുണ്ടായി. സ്വവര്‍ഗ്ഗരതിയും, ഉദാരലൈംഗികതയും മാരക രോഗങ്ങളിലേക്കും മാനവികതയുടെ തകര്‍ച്ചയിലേക്കും നയിക്കുകയുണ്ടായി. പലിശാധിഷ്‌ഠിത സാമ്പത്തിക വ്യവസ്ഥിതി വികസിത രാഷ്‌ട്രങ്ങളില്‍ പോലും വന്‍ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായി.

ആധുനിക സമൂ‌‌‌‌‌‌ഹം
ശാസ്‌ത്ര സാങ്കേതിക രംഗങ്ങലിലെ വികാസം, പുതിയ പുതിയ കണ്ടു പിടുത്തങ്ങള്‍, വിദ്യഭ്യാസ വിജ്ഞാന മേഖലകളിലെ വളര്‍ച്ച, വ്യാവസായിക മേഖലകളിലെ ഉയര്‍ച്ച തുടങ്ങി ഭൌതിക പുരോഗതിയില്‍ സമൂഹം അത്യന്നതിയിലാണ്. എന്നാല്‍ സൌകര്യങ്ങള്‍ വര്‍ദ്ധിക്കുന്ന അതേ വേഗതയില്‍ ധാര്‍മ്മികരംഗം തകര്‍ച്ച നേരിടുന്നതാണ് വര്‍ത്തമാന കാലസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കലഹങ്ങളും കാലുഷ്യവും കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു. വീടുകള്‍ക്കകങ്ങളില്‍ നിന്നും സ്‌നേഹവും സാഹോദര്യവും നഷ്‌ടമാവുന്നു. മദ്യവും, മയക്കുമരുന്നും, അക്രമവും, കൊലപാതകങ്ങളും, ലൈംഗിക പീഡനങ്ങളും, പെണ്‍വാണിഭങ്ങളും, ആത്മീയ ചൂഷണങ്ങളും വാര്‍ത്താമാധ്യമങ്ങളിലെ സാധാരണ വാര്‍ത്തകളായി മാറിയിരിക്കുന്നു. അഴിമതിയും സ്വജന പക്ഷപാതവും, വര്‍ഗ്ഗീയ ലഹളകളും ജനാധിപത്യഭരണങ്ങളില്‍ പോലും പരിക്കുകള്‍ തീര്‍ക്കുന്നു. ചതിയും വഞ്ചനയും സാമ്പത്തിക തട്ടിപ്പുകളും ക്രമക്കേടുകളും സര്‍വ്വസാധാരണമായിരിക്കുന്നു. പുരോഗതികള്‍ അധികവും തിന്മകളിലേക്കുള്ള കുറുക്കു വഴികളായി മാറുന്നു. 

അശാന്തി നിറഞ്ഞ സാമൂഹിക ചുറ്റുപാടില്‍ നന്മയുടെ വെളിച്ചം ആഗ്രഹിക്കാത്തവരായി ആരുമില്ല. ഒരു മാറ്റം അനിവാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. സര്‍വ്വ ജീര്‍ണ്ണതകളെയും കരിച്ചു കളയാന്‍ പര്യാപ്‌തമായ ശാന്തിയുടെ പ്രകാശം നല്‍കാന്‍ സാമുദായിക മതങ്ങള്‍ക്കോ മതനിരാസ പ്രത്യയ ശാസ്‌ത്രങ്ങള്‍ക്കോ സാധിക്കില്ല. അന്ധവിശ്വാസങ്ങളോ മതനിരാകരണമോ അല്ല മതത്തിന്റെ യഥാര്‍ത്ഥ സത്തയിലേക്കും യഥാര്‍ത്ഥ മതം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയിലേക്കുമുള്ള തിരിച്ചുനടത്തമാണ് ജീര്‍ണ്ണതകളില്‍ നിന്ന് സമൂഹത്തെ പുനരുദ്ധരിക്കുവാനുള്ള മാര്‍ഗ്ഗം. പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും നിര്‍വഹിച്ചതും അതാണ്. അതിന്റെ കുറ്റമറ്റതും പരിപൂര്‍ണ്ണവുമായ രൂപമാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) യും പരിശുദ്ധ ഖുര്‍ആനും കാണിച്ചു തരുന്നത്. ഏകമാനവതയുടെ രൂപീകരണം ഏകദൈവവിശ്വാസത്തിലൂടെ മാത്രം.


1 comment:

  1. <<<
    അശാന്തി നിറഞ്ഞ സാമൂഹിക ചുറ്റുപാടില്‍ നന്മയുടെ വെളിച്ചം ആഗ്രഹിക്കാത്തവരായി ആരുമില്ല. ഒരു മാറ്റം അനിവാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. സര്‍വ്വ ജീര്‍ണ്ണതകളെയും കരിച്ചു കളയാന്‍ പര്യാപ്‌തമായ ശാന്തിയുടെ പ്രകാശം നല്‍കാന്‍ സാമുദായിക മതങ്ങള്‍ക്കോ മതനിരാസ പ്രത്യയ ശാസ്‌ത്രങ്ങള്‍ക്കോ സാധിക്കില്ല. അന്ധവിശ്വാസങ്ങളോ മതനിരാകരണമോ അല്ല മതത്തിന്റെ യഥാര്‍ത്ഥ സത്തയിലേക്കും യഥാര്‍ത്ഥ മതം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയിലേക്കുമുള്ള തിരിച്ചുനടത്തമാണ് ജീര്‍ണ്ണതകളില്‍ നിന്ന് സമൂഹത്തെ പുനരുദ്ധരിക്കുവാനുള്ള മാര്‍ഗ്ഗം. പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും നിര്‍വഹിച്ചതും അതാണ്. അതിന്റെ കുറ്റമറ്റതും പരിപൂര്‍ണ്ണവുമായ രൂപമാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) യും പരിശുദ്ധ ഖുര്‍ആനും കാണിച്ചു തരുന്നത്. ഏകമാനവതയുടെ രൂപീകരണം ഏകദൈവവിശ്വാസത്തിലൂടെ മാത്രം.
    >>>
    (y)

    ReplyDelete