Saturday, March 10, 2012

ക്ഷണികമീ ലോകം

ജീവിതമിവിടം നശ്വരമല്ലെ, പരലോകത്തത് ശാശ്വതമല്ലെ
ശാശ്വതമായൊരു ലോകത്തേക്ക് യാത്രയിലല്ലെ, നമ്മള്‍
മരണത്തിന്‍ വിളിയാളം കേട്ടാല്‍ പോകേണ്ടവരല്ലേ

(ജീവിതമിവിടം)

കൂട്ടു കുടുംബവും ബന്ധക്കാരും പണവും പദവിയും പറുദീസകളും
ഈ ലോകത്തെ അലങ്കാരങ്ങള്‍ മാത്രമതല്ലേ, നമ്മള്‍
ഒറ്റക്കൊറ്റക്കായൊരു ലോകം പുല്‍കേണ്ടവരല്ലേ

(ജീവിതമിവിടം)

ഓടിയൊളിക്കാന്‍ പഴുതുകളില്ല, മാറിക്കളയാനാവുകയില്ല
സമയമടുത്താല്‍ ഞൊടിയിട പോലും വൈകിപ്പിക്കില്ല , മരണം
നിഴലായി നമ്മുടെ കൂടെ നടക്കുന്നെന്ന് മറക്കണ്ട

(ജീവിതമിവിടം)
വായകളെല്ലാം മുദ്രയടിക്കും കൈകള്‍ കാര്യം സംസാരിക്കും
കാലുകളതിന് സാക്ഷ്യം നില്‍ക്കും മഹ്‌ശറയില്ലേ, അന്ന്
സ്വര്‍ഗവും നരകവും പ്രതിഫലമായി നല്‍കുകയില്ലേ

(ജീവിതമിവിടം)
നന്മകള്‍ ചെയ്‌ത് വിഭവമൊരുക്ക് തിന്മകളോട് അകലം നില്‍ക്ക്
കഷ്‌ടപ്പാടുകള്‍ സഹനം കൊണ്ട് പ്രതിഫലമാക്ക്, എല്ലാം
ദൈവത്തില്‍ ഭരമേല്‍പിച്ചൊരു സല്‍ ജീവിതമാക്ക്

(ജീവിതമിവിടം)