Sunday, May 8, 2011

സാമയെ പിടിച്ച ബാമ

ഒതളങ്ങാ മലയിലെ പുലി വീരന്‍ (ഒ)ബാമയും എലി ഭീകരന്‍ (ഒ)സാമയും ഒരുമയിലായതിന്റെ പൊലിമയില്‍ പെരുമ പറഞ്ഞു പുതുമ തീരും മുമ്പെ പരസ്‌പരം പിണങ്ങി ഒതുങ്ങിയും പതുങ്ങിയും പോരാടി ഒടുവില്‍ (ഒ)സാമയെ പിടിച്ച (ഒ)ബാമയുടെ കഥ.

കാട്ടിലെ മ്യഗങ്ങളെയെല്ലാം തന്റെ ചൊല്‍പടിയില്‍ നിര്‍ത്തിയും, ആവശ്യത്തിനും അനാവശ്യത്തിനും ഉപദ്രവിച്ചും, കൊന്നു തിന്നും ബാമ കാട്ടുരാജാവ് ചമഞ്ഞു നടപ്പായിരുന്നു. ഒരു വലിയ പുലി സംഘത്തെ തന്നെ തന്റെ സൈന്യമായി നിയോഗിച്ച് അവരുടെ നേതാവായി വിലസിയിരുന്ന ബാമയെ കീഴൊതുക്കുക മ്യഗങ്ങള്‍ക്ക് അസാധ്യമായിരുന്നു. ഗത്യന്തരമില്ലാതെ കാട്ടിലെ മ്യഗങ്ങള്‍ ബാമക്കെതിരെ സംഘടിക്കുകയും സമാധാന കരാറില്‍ ഒപ്പു വെപ്പിക്കുകയും ചെയ്തു.
കാട്ടിലെ തുരപ്പന്മാരില്‍ പ്രമുഖനായിരുന്ന സാമ ഒരു വെറും എലിയാണെങ്കിലും പല മ്യഗങ്ങളുടെയും കണ്ണില്‍ കരടായിരുന്നു. വിഷപ്പകറ്റാന്‍ വേണ്ടി വല്ലതും തുരന്നു തിന്നുക എന്നതിലുപരിയായി സമാധാനത്തില്‍ കഴിഞ്ഞു പോകുന്ന മ്യഗങ്ങള്‍ക്കിടയില്‍ ആവുന്നത്ര തൊരപ്പന്‍ പണിയെടുക്കുകയായിരുന്നു സാമയുടെ ഹോബി. ഭൂമിക്കടിയില്‍ മറ്റാര്‍ക്കും കണ്ടെത്താനാവാത്ത പാതകളും, സങ്കേതങ്ങളും, സൈന്യവുമായി സാമ അധോലോകത്ത് വിലസുകയായിരുന്നു.
സമാധാന കരാറില്‍ ഒപ്പു വെച്ചെങ്കിലും അടങ്ങി നില്‍ക്കാന്‍ മനസ്സ് വരാത്ത ബാമ ക്രമേണ സാമയുമായി ബന്ധം സ്ഥാപിച്ചു. തനിക്ക് നേരിട്ട് ആക്രമിക്കാന്‍ സാധിക്കത്തിടങ്ങളില്‍ സാമയെയും സംഘത്തെയുമുപയോഗിച്ച് ശല്യം ചെയ്യാന്‍ തുടങ്ങി. തന്റെ സൈന്യങ്ങളെ വിട്ട് സഹായിച്ചും പണവും, മറ്റു ഉപകരണങ്ങള്‍ നല്‍കിയും സാമയെ മുന്നില്‍ നിര്‍ത്തി ബാമ പലതും കളിച്ചു.
കളി അധികം തുടര്‍ന്നില്ല. ഉന്നതങ്ങളില്‍ ശല്യം ചെയ്യുക ഹോബിയായിരുന്ന സാമ ക്രമേണ ബാമയെയും സംഘത്തെയും ശല്യം ചെയ്യാന്‍ തുടങ്ങി. തന്റെ സൈന്യങ്ങളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ബാമ സാമയുമായി ശത്രുതയിലായി. ചോറു കൊടുത്ത കയ്യിനു തന്നെ കടിച്ച സാമയുടെ നിലപാടില്‍ അരിശം മൂത്ത ബാമ സാമക്കെതിരെ നീക്കങ്ങള്‍ നടത്തി. കാട്ടില്‍ നിറയെ എലിക്കെണികള്‍ തീര്‍ത്തും പലയിടങ്ങളിലും എലിവിഷം വിതറിയും, പലപ്പോഴും നിരപരാധികളായ എലികളെ തീവ്രവാദി മുദ്രകുത്തി അറുകൊല നടത്തിയും ബാമ സാമയെയും സംഘത്തെയും നേരിട്ടു. ഗത്യന്തരമില്ലാതായ സാമയും സംഘവും അധോലോകത്ത് ഒതുങ്ങിക്കൂടി.
സാമക്കെതിരെ കാട്ടില്‍ ബാമ രാഷ്ട്രീയ നീക്കങ്ങളും നടത്തി. മ്യഗങ്ങളെ കൊണ്ട് സാമയെ പൊതുശത്രുവും തീവ്രവാദിയും ഭീകരവാദി നേതാവുമായി പ്രഖ്യാപിപ്പിച്ചു. എലിമടകള്‍ക്കു മുന്നിലെല്ലാം ബാമ തന്റെ സൈന്യങ്ങളെ നിയോഗിച്ചു. ഭൂമിക്കടിയില്‍ നിന്നും പുറത്തു വരാനായില്ലെങ്കിലും സാമയും സംഘവും അധോലോകത്ത് പുതിയ നീക്കങ്ങള്‍ തുടങ്ങി. ബാമയെ ഒതുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവര്‍ കൂടിയാലോചിച്ചു. ബാമയുടെയും സംഘത്തിന്റെയും ദ്യഷ്ടികളില്‍ പെടാതെ അധോലോകത്ത് അവര്‍ പുതിയ പാതകളും സങ്കേതങ്ങളും സ്യഷ്ടിച്ചു.
അവസാനം സാമയുടെ ആ നീക്കം വിജയം കണ്ടു. ബാമയോ സൈന്യമോ അറിയാതെ ബാമയുടെ താവളത്തിലേക്കുണ്ടാക്കിയ പാതകളിലൂടെ കടന്നു ചെന്ന അവര്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാമയുടെ മൂക്ക് കടിച്ചു പറിച്ചു. മൂക്കു പൊട്ടിയ ബാമ ആശുപത്രിയിലായി. ഓപ്പറേഷന്‍ ചെയ്തു ജീവന്‍ നിലനിര്‍ത്തിയെങ്കിലും ബാമയുടെ മുഖം വിക്യതമായി. മൂക്കില്ലാത്ത മുഖവുമായി നടക്കുന്ന മുറിമൂക്കന്‍ രാജാവിന്റെ അവസ്ഥയില്‍ കാട്ടിലെ മ്യഗങ്ങള്‍ ഉള്ളില്‍ സന്തോഷിച്ചെങ്കിലും പുറമെ അവര്‍ ദു:ഖം അഭിനയിച്ച് സാമക്കെതിരെ ഭീകരവാദ വിരുദ്ധ പ്രസ്താവനകളിറക്കി.
ആശുപതി വിട്ട ബാമ സാമക്കെതിരെ കൂടുതല്‍ കടുത്ത നീക്കങ്ങള്‍ ആരംഭിച്ചു. കാണുന്ന എലികളെയെല്ലാം കൊല്ലാന്‍ ഓര്‍ഡര്‍ നല്‍കി. സാമയെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. എലിമടകള്‍ മണ്ണിട്ടു മൂടി. കാട്ടില്‍ കൂടുതല്‍ എലിക്കെണികള്‍ സ്ഥാപിച്ചു. നിരപരാധികളായ എലികളും നിരവധി മറ്റു മ്യഗങ്ങളും കൊല്ലപ്പെട്ടു. സാമയും സംഘവും കൂടുതല്‍ അകത്തോട്ടു വലിഞ്ഞു. ഭൂമിക്കടിയില്‍ വ്യത്യസ്ത ഒളിസങ്കേതങ്ങളില്‍ മാറി മാറി അവര്‍ താമസിച്ചു.
സാമയെ നിരീക്ഷിക്കാന്‍ ബാമ കൂടുതല്‍ സംവിധാനങ്ങളൊരുക്കി. തന്റെ പണവും, സമയവും, സൈന്യവുമെല്ലാം ഉപയോഗിച്ചിട്ടും ഒരു എലിയെ പിടിക്കാനാവാതെ നിരാശനായ ബാമയെ മ്യഗങ്ങള്‍ പലരും കളിയാക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പത്തിനു ശേഷം അവസാനം അതു സംഭവിച്ചു. ബാമ നിയോഗിച്ച ഒരു സംഘം അതിരഹസ്യമായി സാമയുടെ സങ്കേതം കണ്ടെത്തി. മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ അവര്‍ സാമയെയും കൂടെയുണ്ടായിരുന്നവരെയും കൊന്നു. ശവങ്ങള്‍ തോട്ടിലെറിഞ്ഞു.
കാടിന്റെ വിജയം, മ്യഗലോകത്തിന്റെ വിജയം എന്നൊക്കെ ബാമ പ്രസ്താവിച്ചെങ്കിലും കാട്ടിലെ മ്യഗങ്ങള്‍ പലരും സംശയത്തിലാണ്. ബാമ സാമയെ പിടിച്ചു എന്ന് പലരും വിശ്വസിക്കുന്നില്ല. പിടിച്ചെങ്കില്‍ ആ ശവം ആരെയും കാണിക്കാതെ എന്തിനു തോ‍ട്ടിലെറിഞ്ഞുവെന്നതാണവരുടെ ചോദ്യം. ഇല്ലം ചുട്ടിട്ടായാലും എലിയെ പിടിച്ച പുലിയുടെ ‘വിജയം’ കാട്ടിലെ പുലികള്‍ കാര്യമായി തന്നെ ആഘോഷിക്കുന്നുണ്ട്.

Sunday, April 17, 2011

കടല വ്യവസായം സമഗ്രതയും നിലപാടും

മാനു സാഹിബ് തന്റെ മക്കള്‍ക്ക് കടല നിഷിദ്ധമാക്കിയത് വ്യക്തമായ ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു.കടലക്കച്ചവടക്കാര്‍ പലരും അസാന്മാര്‍ഗ്ഗിക ജീവിതം നയിക്കുന്നവരും അവിഹിതമായി പണവും കടലയും സമ്പാദിക്കുന്നവരുമാണെന്നതിനുപുറമെ കടലമാഫിയകളുടെ കുതികാല്‍ വെട്ടും പടലപ്പിണക്കങ്ങളുമെല്ലാം അദ്ദേഹത്തെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചു. അതിലെല്ലാമുപരി തന്നെപ്പോലെ പലരുടെയുംആമാശയത്തില്‍ ഉല്‍ഭൂദമാവുന്ന ഒരു തരം ഗ്യാസ് പലപ്പോഴും വയറില്‍ അസ്വസ്ഥത സ്യഷ്ടിക്കുകയും ഇടിമുഴക്കങ്ങള്‍ക്കും ന്യൂനമര്‍ദ്ദങ്ങള്‍ക്കും വഴിവെക്കുകയും ചെയ്യുന്നതിന്റെ കാരണം തങ്ങള്‍ സ്ഥിരമായി കൊറിച്ചിരുന്ന കടലകളാണെന്ന നിഗമനം കൂടുതല്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ തന്നെ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മാനു സാഹിബിന്റെ ആശയങ്ങളില്‍ ആക്യഷ്‌ടരായ പലരും അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു കൂടെക്കൂടി. തങ്ങളുടെ നിലപാടുകള്‍ ‘ആദര്‍ശ’മാക്കി സ്വീകരിച്ച അവര്‍ സംഘടിച്ച് ‘കടലവര്‍ജ്ജക സംഘം’ രൂപീകരിച്ചു. കടല നിഷിദ്ധമാണെന്നു മാത്രമല്ല, കടല കൊറിക്കുന്നവരും, കച്ചവടം ചെയ്യുന്നവരും നിഷേധികളും കപടന്മാരുമാണെന്നു വരെ ചിലര്‍ പ്രസ്താവിച്ചു.
നാട്ടില്‍ ഉത്സവങ്ങള്‍ പലതും നടന്നു. കടലമാഫിയ കച്ചവടം പൊടിപൊടിച്ചു. ചെറിയൊരു ന്യൂന പക്ഷമാണെങ്കിലും വലിയ ശബ്‌ദത്തോടെ കടല വര്‍ജ്ജക സംഘവും സാനിദ്ധ്യം അറിയിച്ചുകൊണ്ടിരുന്നു. കടലയുടെ കാര്യത്തില്‍ പ്രത്യേകം സംഘടിക്കാത്ത ഭൂരിപക്ഷം ‘നിലപാട്’ ഇല്ലാത്തവരും ജീവിതപദ്ധതിയുടെ
'സമഗ്രത’ നഷ്ടപ്പെട്ടവരുമാണെന്നവര്‍ തുറന്നടിച്ചു. അത്പലപ്പോഴും കോലായി ചര്‍ച്ചകള്‍ക്കും, കോഴികൊത്ത് സംവാദങ്ങള്‍ക്കും വഴിവെച്ചു. ഭൂരിപക്ഷവും പലപ്പോഴായി അവരുടെ നിലപാടുകള്‍ പ്രഖ്യാപിച്ചു. ‘കടല വറുക്കുമ്പോള്‍ കൈ പൊള്ളാതെ നോക്കണം, കടല കരിയാതെ ശ്രദ്ധിക്കണം, കടല കൊറിക്കുന്നവര്‍ വയറിന്റെയും ആരോഗ്യത്തിന്റെയും കാര്യം നോക്കണം, അവിഹിതമായി സമ്പാദിക്കുകയോ ചിലവഴിക്കുകയോ ചെയ്യരുത് തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഏത് കടലയും കൊറിക്കുകയോ കച്ചവടം ചെയ്യുകയോ ആവാമെന്നായിരുന്നു അവരുടെ നിലപാട്.
ഉത്സവങ്ങളില്‍ പങ്കെടുക്കുകയും അങ്ങാടികളിലിറങ്ങുകയും ചെയ്യുന്ന കടല വര്‍ജ്ജകസംഘത്തിലെ അംഗങ്ങള്‍ക്ക് പലപ്പോഴും അവരുടെ ‘ആദര്‍ശം’ പാലിക്കാനാവാതെ വന്നു. കടലവറുക്കുമ്പോഴും മറ്റുള്ളവര്‍ കൊറിക്കുമ്പോഴും നിലത്ത് വീഴുന്ന കടലമണികള്‍ ആരെയും കാണാതെ കൊറിച്ചും, ആരും കാണാതെ കടല വാങ്ങി വിഴുങ്ങിയും അവര്‍ ആദര്‍ശം ലംഘിക്കാന്‍ തുടങ്ങിയപ്പോള്‍ നേതാക്കള്‍ ആത്മ സംഘര്‍ഷത്തിലായി. അവര്‍ കൂടിയാലോചിച്ചു. കടലക്കച്ചവടക്കാരുടെ ജീവിത മൂല്യങ്ങള്‍ തലനാരിഴ പരിശോധനക്ക് വിധേയമാക്കി അവര്‍ വിവിധ ഉത്സവങ്ങളില്‍ വിവിധ കച്ചവടക്കാരുടെ കടലകള്‍ ‘അനുവദനീയ’മാക്കി. മാനു സാഹിബ് 'നിഷിദ്ധ’മാക്കിയതിനെ അനുവദിനീയമാക്കിയതില്‍ പ്രതിഷേധിച്ച് ചിലര്‍ കടല വര്‍ജ്ജകസംഘത്തില്‍ നിന്നും രാജിവെച്ചു.
കാലം കടന്നു പോയി. കടല മാഫിയകളുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട വര്‍ജ്ജക സംഘത്തിലെ പുതിയ നേതാക്കള്‍ക്ക് കടല കൊറിക്കുന്നതിലേറെ കച്ചവടം ചെയ്യാന്‍ മോഹമുദിച്ചു. വര്‍ജ്ജക സംഘത്തിനു കീഴില്‍ അവര്‍ കടല ഗവേഷണ സംഘം രൂപീകരിച്ചു. തൊട്ടടുത്ത ഉത്സവത്തിനു മുന്നോടിയായി വര്‍ജ്ജക സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പൊതുജനങ്ങളില്‍ നിന്നും ചിലരെയൊക്കെ ഉള്‍പ്പെടുത്തി ‘കടല ജനകീയ മുന്നണി'ക്ക് രൂപം നല്‍കി. ഉത്സവത്തില്‍ ഒരു വിപ്ലവം സ്യഷ്ടിക്കുമെന്നും തങ്ങള്‍ സ്വന്തമായി കടല വില്‍ക്കുമെന്നും ആളുകള്‍ തങ്ങളില്‍ നിന്നും കടല വാങ്ങി സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
കടല വര്‍ജ്ജിക്കാന്‍ വേണ്ടി പാ‍ര്‍ട്ടിയുണ്ടാക്കിയവര്‍ കടലക്കച്ചവടം ചെയ്യുന്ന വൈരുദ്ധ്യത്തില്‍ ജനം ഊറിച്ചിരിച്ചു. കടല മാഫിയകളും പൊതുജനങ്ങളും ഇവരെ അവഗണിച്ചു. പലയിടത്തും അവരെ ആട്ടിയോടിച്ചു. ചിലയിടത്ത് വളഞ്ഞിട്ടു തല്ലി. കടല വറുത്ത് പരിജയമില്ലാത്തവര്‍ പലരും വറുത്ത കടലകള്‍ കരിഞ്ഞു. ചട്ടികളിലിട്ട് ഇളക്കുന്ന കടലകള്‍ പലപ്പോഴും ചട്ടിക്കു പുറത്തേക്ക് തെറിച്ചു. പുതിയ കടല കച്ചവടം പരീക്ഷണ ഓട്ടത്തില്‍ തന്നെ എട്ടു നിലയില്‍ പൊട്ടി. ജനകീയം പിരിച്ചു വിട്ടു. മാനു സാഹിബിനെ തള്ളിയതിന്റെ ഗുരുത്വക്കേടാണെന്ന് രാജിവെച്ചവര്‍ പ്രസ്താവിച്ചു. വൈരുദ്ധ്യത്തിന് കയ്യും കാലുംവെച്ചവരാണെന്ന് പൊതുജനം പറയാന്‍ തുടങ്ങി. നേത്യത്വത്തിനെതിരെ വര്‍ജ്ജകസംഘത്തിനകത്തു നിന്നും പ്രതിഷേധങ്ങള്‍ ഉയരാന്‍ തുടങ്ങി. നേത്യത്വത്തെ അനുകരിക്കുന്നവര്‍ ‘വൈരുധ്യത്തില്‍’ തന്നെ ഉറച്ചു നിന്നു. തങ്ങള്‍ ആദ്യം പറഞ്ഞതും, ഇപ്പോള്‍ പറയുന്നതും, ഇനി പറയാന്‍ പോകുന്നതും തന്നെയാണ് ശരിയെന്നും തങ്ങളല്ലാത്തവരൊ
ക്കെ ‘സമഗ്രത’ നഷ്‌ടപ്പെട്ടവരുമാണെന്നവര്‍ ആവര്‍ത്തിച്ചു.
ഉത്സവം വീണ്ടും വന്നു. കടലവര്‍ജ്ജക സംഘത്തില്‍ കൂടിയാലോചനകളും ഗൂഡാലോചനകളും നടന്നു. തീരുമാനത്തിലെത്താനാവാതെ നേത്യത്വം കുഴഞ്ഞു. കടല മാഫിയയുമായി ഗൂഡാലോചന നടത്തിയ ഒരു സംഘം നേതാക്കള്‍ കഴിഞ്ഞ ഉല്‍സവത്തില്‍ തങ്ങളെ തല്ലിച്ചതച്ചവര്‍ക്ക് തന്നെ ഫ്രീയായി തങ്ങളുടെ കസ്റ്റമേഴ്സിനെ വില്‍ക്കാന്‍ തീരുമാനിച്ചു. മാനുസാഹിബിന്റെ ആദര്‍ശവുമായി പുതിയ ആദര്‍ശത്തെ ചേരും പടി ചേര്‍ക്കാനാവാതെ ചില നേതാക്കള്‍ വീണ്ടും രാജിവെച്ചു, പത്ര സമ്മേളനം നടത്തി. ഉത്സവം തൊട്ടരികിലെത്തിയിട്ടും ‘നിലപാട്’ പറയാനാവാതെ വര്‍ജ്ജകസംഘം ആടിയുലഞ്ഞു. ഗത്യന്തരമില്ലാതെ ഉല്‍സവത്തിനു തലേ ദിവസം ഒരു കത്തിലൂടെ തങ്ങളുടെ ‘ഗതികേട്’ പ്രസ്താവിച്ചു. ഗൂഡാലോചനയുടെ അടിസ്ഥാനത്തില്‍ തങ്ങളെ തല്ലിയ കടലമാഫിയക്ക് തന്നെ വലിയൊരു പങ്ക് കൊടുത്തു. രാജി തുടരാതിരിക്കാന്‍ അല്പം മറ്റു കച്ചവടക്കാര്‍ക്കും കൊടുത്തു. മാനു സാഹിബിന്റെ സ്‌മരണാര്‍ത്ഥം ഒരിടത്ത് ‘നിഷിദ്ദം’ നിലനിര്‍ത്തി.
പുതിയ സമവാക്യം മനസ്സിലാവാതെ പൊതുജനം കളിയാക്കി. മനസ്സിലാക്കിക്കൊടുക്കാനാവാതെ സമ്മര്‍ദ്ദത്തിലായ വര്‍ജ്ജക സംഘം അച്ചടി ഭാഷയില്‍ പത്രക്കുറിപ്പിറക്കി. “കടലയെന്ന പ്രതിഭാസത്തിന്റെ അനിവാര്യതയില്‍ നിന്നും ഉല്‍ഭൂതമായ വാഞ്ജയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രായോഗികതയും കടലയുണ്ടാക്കുന്ന അസ്‌ക്യതയില്‍നിന്നും ഉല്‍ഭവിച്ച തത്വശാസ്ത്രവും സന്ദിപ്പിക്കാന്‍ കൂടിയാലോചിച്ച ഞങ്ങള്‍ കടലബിസിനസ്സിന്റെ അപോസ്തലന്മാരുടെ കൂടെക്കൂടിയതിലെ അസൂയയാണെന്ന് മനസ്സിലാക്കി അവഗണിക്കുകയാണ്...”.
ഉത്സവം എന്ന് കേള്‍ക്കുന്നത് തന്നെ ഇപ്പോള്‍ വര്‍ജ്ജക സംഘ
ത്തിനു പേടിയാണ്. എന്നാല്‍ എല്ലാം അവഗണിച്ച് ‘കടലക്കമ്പനി’ രൂപീകരിക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്. കാര്യമായ സ്വാധീനമില്ലാത്തവരായതിനാല്‍ കടലമാഫിയ ഇവരെ അവഗണിക്കുകയാണ്. എന്നാല്‍ ഏതെങ്കിലുമൊരു മാഫിയയുടെ സഹായമില്ലാതെ തങ്ങളുടെ ബിസിനസ് ക്ലിക്ക് ആവില്ലെന്നു മനസ്സിലാക്കി ആട്ടും തുപ്പും സഹിച്ചായാലും മാഫിയക്കാരുടെ കാലില്‍ വീണു കിടപ്പാണ് ‘കടല വര്‍ജ്ജക സംഘം’. കടലേയ്... കടലാ, കടല, കടല കടലാ‍... !

Tuesday, April 12, 2011

ദേശാടനക്കിളികള്‍ കരഞ്ഞതെന്തിനു ?

ജമാഅത്തുമായി ബന്ധപ്പെട്ട പോസ്റ്റ് ഇടുമ്പോള്‍ മാത്രം എത്ര അകലെ നിന്നും വള്ളിക്കുന്നില്‍ പാറിപ്പറന്നെത്തുന്ന ദേശാടനക്കിളികള്‍ ഇപ്രാവശ്യം ശരിക്കും കരഞ്ഞുവോ ? പോസ്റ്റ് ഇട്ട് കുറെ കഴിഞ്ഞിട്ടും കമന്റ്റുകള്‍ പലതും നിറഞ്ഞിട്ടും കുറെ നേരം അരിശം മൂത്ത് ബ്ലോഗിനു ചുറ്റും മണ്ടി നടന്നവര്‍ മെല്ലെ മെല്ലെ അനോണിയില്‍ തുടങ്ങി പതുക്കെ മുഖം കാണിച്ച് പിന്നെ ‘അച്ചടി ഭാഷ’യില്‍ കോപ്പി പേസ്റ്റി അവസാനം കമന്റ് ബോക്സില്‍ തുടരെ തുടരെ ‘മണപ്പിച്ച്’ പോയപ്പോള്‍ അനോണികളും സനോണികളുമായ ജമാഅത്ത് സഹയാത്രികര്‍ ഏതാണ്ടെല്ലാവരും ഈ സര്‍ക്കസ്സിലെ കോമാളി വേഷം ശരിക്കും ഭംഗിയാക്കി എന്നു വിലയിരുത്തുന്നതാവും ശരി. പക്ഷെ, കോമാളികള്‍ കരയാമോ ?
ജമാഅത്ത് നിലപാടുകളെയും ആദര്‍ശത്തെയും പുതിയ സംഭവങ്ങളെയും ചോദ്യം ചെയ്യുന്ന വള്ളിക്കുന്ന്, അക്‌ബര്‍, മൈപ്പ്, നൌഷാദ് കുനിയില്‍, എം ടി മനാഫ്, നൌഷാദ് വടക്കേല്‍ തുടങ്ങി ഏതാണ്ടെല്ലാവരും മുഖം കാണിച്ച് സംസാരിച്ചപ്പോള്‍ ജമാഅത്തിനു വേണ്ടി വാദിക്കുന്നവരില്‍ സി കെ ലത്തീഫ് സാഹിബും, അനുഭാവി സുബൈറും ഒഴികെ ഏതാണ്ടെല്ലാവരും മുഖംമൂടി ധരിക്കേണ്ടി വന്നത് ‘മരുന്നിന്റെ കുറവ്’ വിളിച്ചോതുന്നതാണ്.
നയനിലപാടുകളെ പിന്‍ താങ്ങുമ്പോഴും അവര്‍ക്കു വേണ്ടി സംവദിക്കുമ്പോഴും ജമാഅത്തുമായി ഒരു അകലം പാലിക്കുന്ന സുബൈര്‍ എന്ന ബ്ലോഗര്‍ ചര്‍ച്ചയുടെ ആദ്യത്തിലേ പങ്കുവെച്ച ‘സന്ദേഹം’ ആയിരുന്നു സത്യത്തില്‍ പുതിയ ചര്‍ച്ചയുടെ കാതല്‍. അതിങ്ങനെയായിരുന്നു; “എന്നാല്‍ തങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തിയ, സ്വന്തം പാര്ടി പത്രത്തില്‍ അത് സ്ഥാപിക്കാന്‍ പരമ്പര തന്നെ പ്രസിദ്ധീകരിച്ച, തങ്ങളുടെ പ്രവര്ത്ത്കരെ തെരുവി
ല്‍ കായികമായി നേരിട്ട ഒരു പ്രസ്ഥാനത്തിന്റെന സെക്രട്ടറി, ജമാത്തെ ഇസ്ലാമിയുമായി ചര്ച്ച ക്ക് വരുമ്പോള്‍, പരസ്യമായാണെങ്കില്‍ ആവാം, തലയില്‍ മുണ്ടിട്ടുള്ള പരിപാടിക്ക് ഞങ്ങളെ കിട്ടില്ല എന്ന് പറയാനുള്ള ആര്ജാവം ജമാത്ത് നേതൃത്വം കാണിക്കണം ആയിരുന്നു. ഇതിപ്പോ ഹമീദ്‌ വാണിയമ്പലം പറഞ്ഞതിന് ശേഷമാണ് ചര്ച്ചു നടന്ന വിവരം അണികള്‍ പോലും മനസ്സിലാക്കുന്നത്‌ (എന്റെ ഊഹം ശരിയാണ് എങ്കില്‍). ജമാഅത്തിനെ താല്പര്യപൂര്വം നോക്കികാണുന്നവരെ നിരാശപ്പെടുത്തുന്നതായി പോയി ഈ സംഭവം"
പ്രത്യേക പോയിന്റുകള്‍ മാത്രം നോക്കി വിശദീകരിക്കുന്ന സി എ ലത്തീഫ് സാഹിബെങ്കിലും മിനിമം ‘ജമാഅത്തിനെ താല്പര്യപൂര്‍വ്വം നോക്കിക്കാണുന്ന’ സുബൈറിനെപ്പോലുള്ളവര്‍ക്ക് തിരിയുന്ന ഒരു വിശദീകരണം നല്‍കണമെന്ന്‍ കരുതി നൌഷാദ് കുനിയില്‍ ഈ ‘സന്ദേഹം’ ആവര്‍ത്തിച്ച് ഉദ്ധരിച്ചപ്പോള്‍ സൌകര്യപൂര്‍വ്വമുള്ള ഒഴിഞ്ഞുമാറ്റം ശരിക്കും വ്യക്തമായിരുന്നു. സുബൈര്‍ തന്നെ സൂചിപ്പിച്ച പോലെ ‘തലയില്‍ മുണ്ടിട്ട്‘ എന്നാല്‍ ഇങ്ങോട്ട് വന്നതല്ല ‘ചിലര്‍’ അങ്ങോട്ട് പോയി തീരെഴുതിക്കൊടുത്തതിലെ ‘ഗുട്ടന്‍സ്’ ഹമീദ് സാഹിബുനു തിരിയാത്തത് , സി ദാവൂദിനും അമീറിനും വിശദീകരിക്കാനാവത്തത് ലത്തീഫ് സാഹിബ് വിശദീകരിച്ചാലും അത് എം ടി മനാഫ് മാസ്റ്ററുടെ കമന്റില്‍ പറഞ്ഞ പോലെ “ജമാഅതിന്റെ രാഷ്ട്രീയ നിലപാട് കാലഘട്ടത്തിന്റെ പരിണിതിയില്‍ നിന്നും ഉത്ഭൂതമായ സമ്മിശ്ര ചിന്തയുടെ ബഹിസ്ഫുരണവും തേട്ടവും ചേര്ന്നുയള്ള സമഗ്രവും നിഖില മേഘലകളെയും ചൂഴ്ന്നു നില്ക്കുേന്നതുമായ സുചിന്തിത തീരുമാനമാ .. നിങ്ങള്ക്ക് തിരിയൂല!” എന്ന പോലെയാവാനേ തരമുള്ളൂ.
ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്താന്‍ പലരും അനോണിയയപ്പോള്‍ താടിവെച്ച മുഖവും വെച്ച് തോന്നിവാസങ്ങള്‍ കൊണ്ട് കമന്റ് ബോക്സ് നിറച്ച റിയാളിലെ ഒരു സജീവ ജമാഅത്ത് പ്രവര്‍ത്തകനെ ഒന്നു ഗുണദോഷിക്കാന്‍ (സധാരണ ജമാഅത്ത് അനോണികളെ പോലും ഒറ്റ കമന്റിനു ശേഷം ഗുണദോഷിക്കാറുണ്ട്) സികെ ലത്തീഫ് സാഹിബിന് രണ്ടു പകലും ഒരു രാത്രിയും കഴിയേണ്ടി വന്നു. എന്നാല്‍ ‘നിലപാട്’ വന്നപ്പോള്‍ കമന്റ് ബോക്സ് വീണ്ടും തുറന്നപ്പോള്‍ മുമ്പത്തേക്കാള്‍ ശൌര്യത്തോടെ 'മണപ്പിച്ചു’ നടക്കുന്ന സഖാവിന്റേത് ഒരു സാധാരണ ജമാഅത്തുകാരനുണ്ടായേക്കാവുന്ന സ്വാഭാവിക പരിണാമമാണെന്ന് കരുതി സഹതപിക്കാം.
ഹമീദ് സാഹിബിന്റെ രാജിയെ വിലയിരുത്തി ചര്‍ച്ചയുടെ ഏതാണ്ട് തുടക്കത്തില്‍ തന്നെ നഷാദ് കുനിയില്‍ എഴുതിയത് ഇങ്ങനെയായിരുന്നു; “അവസരവാദത്തിന്റെ ഞാണിന്മേല്‍ കളിയും, അഹങ്കാരത്തിന്റെ ദുര്ഗവന്ധം വമിക്കുന്ന ഭാന്ധക്കെട്ടും, വിദ്വേഷ രാഷ്ട്രീയത്തിന്റെ ആന്ധ്യവും കൈമുതലായുള്ള ഒരു കോമാളി സംഘടനയുടെ രൂക്ഷമായതും എന്നാല്‍ അനിവാര്യമായതുമായൊരു പ്രതിസന്ധി മഞ്ഞുമലയുടെ tip മാത്രമാണ് ഹമീദ് വാണിമേലിന്റെ രാജിയും, അതിനെ തുടര്ന്ന്ന ജമാഅത്ത് കേന്ദ്രങ്ങളില്‍ നിന്നും ഉയര്ന്നു വന്ന എകമാനസ്വഭാവമില്ലാത്ത പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. അപകടനിലയുടെ മുകളില്‍ എത്തി നില്ക്കു്ന്ന ജമാഅത്തിനകത്തെ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് ബന്ധുവും, സുഹൃത്തുമായ ജമ പ്രവര്ത്ത കനില്‍ നിന്നും നേരത്തെ മനസ്സിലാക്കിയിരുന്നു. ഇസ്ലാമിക പ്രബോധന പ്രസ്ഥാനം ഒരു corporate സ്ഥാപനം എന്ന നിലയിലേക്ക് മാറികൊണ്ടിരിക്കുന്ന ഒരു ചുറ്റുപാടില്‍ നിഷ്കളങ്കരായ പ്രവര്ത്ത്കര്ക്ക്ക ബോധോദയം ഉണ്ടാവുക സ്വാഭാവികം. "ജമയുടെ വൈരുധ്യങ്ങള്‍ തന്നെപ്പോലെ പ്രസ്ഥാനത്തിലെ പലരെയും മാറിച്ചിന്തിക്കുവാന്‍ പ്രേരിപ്പിചിട്ടുണ്ടെന്ന" ഹമീദിന്റെര പരാമര്ശ ത്തിന്റെ സൂചന എന്താണെന്ന് നമുക്ക് എളുപ്പത്തില്‍ ബോധ്യപ്പെടും. അതല്ല, ഹമീദ് കളവു പറയുകയാണെങ്കില്‍ കളവു പറയുന്നവരായിരുന്നു ഇവരുടെ ഉന്നത ബോഡിയിലും, കുഞ്ചിക സ്ഥാനങ്ങളിലും ഇരുന്നിരുന്നതെന്ന് പൊതു സമൂഹത്തിനു വായിച്ചെടുക്കേണ്ടി വരും.”
ഇടക്ക് വെച്ച് വാദിയെ പ്രതിയാക്കുന്ന തരത്തില്‍ സി കെ ലത്തീഫ് പറഞ്ഞു. “തത്വം പറയേണ്ട സമയത്ത് അത് പറയുന്നുണ്ട്. ഇപ്പോള്‍ പ്രയോഗികമായി ഒരു നിലപാട് സ്വീകരിക്കേണ്ട സമയമാണ്. അപ്പോള്‍ അതിനായിരിക്കും മുന്ഗണന". ബഷീര്‍ വള്ളിക്കുന്ന് അതിനു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. “ലത്തീഫ് സാഹിബ്, ഈ പ്രായോഗിക നിലപാടാണ് പതിറ്റാണ്ടുകളായി ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലിം സംഘടനകള്‍ എടുത്തിരുന്നത്. വോട്ട് ആര്ക്കുെ ചെയ്യണമെന്ന് പ്രായോഗിക വീക്ഷണത്തിന്റെ പേരില്‍ തീരുമാനിക്കുവാന്‍ ഓരോ പൌരനും സ്വാതന്ത്ര്യം നല്കുിക. നാടിന്റെയും സമുദായത്തിന്റെയും പുരോഗതി ലക്‌ഷ്യമാക്കി ഇസ്ലാമിക വിരുദ്ധമല്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചേര്ന്ന്ര പ്രവര്ത്തിവക്കുവാന്‍ നല്കിുയ ആ സ്വാതന്ത്ര്യത്തെയാണ് നാളിതു വരെ നിങ്ങള്‍ കടിച്ചു കീറിയത്. അനിസ്ലാമിക സംവിധാനത്തിനുള്ള പാദസേവയെന്ന് പരിഹസിച്ചത്‌. അറബിക്കടലിലേക്ക് വലിച്ചെറിയണം എന്ന് പറഞ്ഞത്. ഇപ്പോള്‍ ശൂറ കൂടി ഓരോ തിരഞ്ഞെടുപ്പിലും കളിക്കുന്ന ഈ നാടകം ആ പ്രായോഗിക വീക്ഷണത്തിന്റെ ഗത്യന്തരമില്ലാത്ത പുല്ലു തീറ്റയാണ്. ഇന്ത്യ എന്താണെന്നും ഇസ്ലാം എന്താണെന്നും തിരിച്ചറിഞ്ഞ നവോത്ഥാന നായകരും വിവേകശാലികളും പണ്ട് പറഞ്ഞത് മനസ്സിലാക്കാന്‍ നിങ്ങള്ക്ക് ഒരു നൂറ്റാണ്ടു കഴിയേണ്ടി വന്നു. അവര്‍ ഇപ്പോള്‍ പറയുന്നത് മനസ്സിലാകണമെങ്കില്‍ ഇനി ഒരു നൂറ്റാണ്ടു കഴിയേണ്ടി വരും.. ഞങ്ങള്‍ പ്രായോഗിക നിലപാട് പറഞ്ഞപ്പോള്‍ നിങ്ങള്‍ വരട്ട് തത്വം പറയുകയായിരുന്നു”.
ഗൌരവമുള്ള ചര്‍ച്ചകള്‍ക്കും ഡയലോഗുകള്‍ക്കുമിടയില്‍ രസകരമായ കുറെ കമന്റുകളും ഉയര്‍ന്നു വന്നു. അതില്‍ മികച്ചു നിന്ന ഒരു കമന്റ് സംവാദത്തില്‍ തലയെടുപ്പോടെ നിലകൊള്ളുന്ന അക്‌ബറിന്റേതായിരുന്നു; “ഹമീദ് വാണിമേലിന്റെ നേതൃത്വത്തില്‍ ജമാഅത്ത് പിളരും എന്നു ആരും കരുതുന്നില്ല..കാരണം എന്റെ നാട്ടില്‍ കഴിഞ്ഞ 35 കൊല്ലമായിട്ടു ആകെ ഉള്ളത് 3 ജമാത്തുകാര്‍. അതായത് ഒരു ഹല്ക്കാ അമീറും, ഒരു നാസിമും, ഒരു മെമ്പറും.
ഇതൊക്കെ എങ്ങിനെയാ പിളരുക. കോടാലി എടുക്കേണ്ടി വരും പിളര്ത്താന്‍”
തിരിയാത്ത ഭാഷയില്‍ വലിച്ചു നീട്ടി വിശദീകരിക്കുകയും നീണ്ട ലേഖനങ്ങള്‍ കോപ്പി പേസ്റ്റുകയും ചെയ്യുന്ന ജമാഅത്തുകാരോട് “ഇന്ത്യയില്‍ ജനാധിപത്യത്തിന് ബദലായി ജമാഅത്ത് നിര്‍ദ്ദേശിക്കുന്നത് എന്താണ്?” എന്ന്‌ മൈപ്പ് ആവര്‍ത്തിച്ചു ചോദിച്ച ചോദ്യത്തിനു ഉത്തരം പറയാന്‍ ഒരു അനോണി പോലും മെനക്കെട്ടില്ലയെന്നത് ശ്രദ്ധേയമായി.
‘താങ്കള്‍ പറഞ്ഞ ഈ സര്‍ക്കസ് നിര്ത്തിയിട്ട്‌ അവര്‍ എന്താണ് ചെയ്യേണ്ടത് എന്ന് കൂടി പറഞ്ഞു കൊടുക്കുമോ’ എന്ന സുബൈറിന്റെ ചോദ്യത്തിനു മറുപടിയായി ബഷീര്‍ വള്ളിക്കുന്ന് കൊടുത്ത മറുപടി താഴെ കൊടുക്കാം, അതു മാത്രമാണ് പരിഹാരം. അങ്ങനെ ഒരു തിരുത്തലിനു തയ്യാറല്ലെങ്കില്‍ വരാനിരിക്കുന്ന ഓരോ ഇലക്ഷനും ജമാഅത്തിലെ വിഴുപ്പലക്കലിന്റെയും കുതികാല്‍ വെട്ടിന്റെയും സന്ദര്‍ഭങ്ങളായിത്തീരും. “നാളിതു വരെ പറഞ്ഞതും ചെയ്തതും എല്ലാം ശുദ്ധ അസംബന്ധം ആയിരുന്നു എന്ന് തുറന്നു പറയുക. ഇന്ത്യന്‍ സാഹചര്യത്തെ അറിയാതെയും പഠിക്കാതെയും മൌദൂദി ഗ്രന്ഥങ്ങളുടെ സ്വാധീനത്തില്‍ എടുത്ത നിലപാടുകളും നയങ്ങളും തിരുത്തുകയാണ് എന്ന് ആണ്കുസട്ടികളെപ്പോലെ പറയുക. മറ്റു മുസ്ലിം സംഘടനകള്‍ പതിറ്റാണ്ടുകളായി പറയുന്ന പ്രായോഗിക നിലപാടിലേക്ക് ഞങ്ങളിതാ വന്നിരിക്കുന്നു എന്ന് ശൂറ കൂടി പറയുക.. തീര്ന്നു . ഇത്രയുമാണ് ജമാഅത്ത് ചെയ്യേണ്ടത്. അതിനു ശേഷം ഏതു ജനകീയം കളിച്ചാലും കുഴപ്പമില്ല”.
പക്ഷെ, തിരുത്തിയാല്‍ പിന്നെ എന്തിനു ജമാഅത്ത് ? എന്തു ജമാഅത്ത് ? ലാല്‍ സലാം അലൈകും !
(പിന്‍കുറിപ്പ് : വള്ളിക്കുന്നില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. കമന്റ് ആയിരത്തിലെത്താറായി. എടുത്തു കാണിക്കേണ്ട കമന്റുകള്‍ പലതുണ്ട്. പക്ഷെ, സാധിക്കില്ലല്ലോ.)

Wednesday, April 6, 2011

ഇണ്ണ്യക്കി കണ്ട പടച്ചോന്‍ !!!

ഞങ്ങളുടെ ‘മാന്തളങ്ങാടി’ യില്‍ ഇണ്യക്കി യാണ് താരമെന്നൊന്നും പറയാനവില്ലേലും ഗ്രാമത്തിലെ ഒരു കഥാപാത്രം തന്നെയാണവര്‍. ഒരു ഭാഗത്ത് മാത്രം കണ്ണുള്ള മാന്തള്‍ മത്സ്യത്തെ പോലെ റോഡിന്റെ ഒരു വശത്ത് മാത്രം അല്പം കടകളുള്ള അങ്ങാടിയായതിനാലാണ് ഞങ്ങളുടെ ഗ്രാമത്തെ ചിലര്‍ ‘മാന്തളങ്ങാടി’ യെന്നു ഓമനപ്പേരു വിളിക്കുന്നത്. മറുവശം നാട്ടിലെ പഴയ കാലത്തെ ഒരു മുതലാളിയുടെ അടക്കാകളവും ചെറിയൊരു കളപ്പുരയുമായി ശ്രദ്ധിക്കപ്പെടാതെ ഇപ്പോഴും കിടക്കുന്നു. അവര്‍ അതു പൊളിച്ച് ഷോപ്പിങ് ബില്‍ഡിങ് പണിയുകയുമില്ല, പണിയാന്‍ പറ്റിയ ആര്‍ക്കേലും സ്ഥലം വില്‍ക്കുകയുമില്ല. അല്ലേലും വളര്‍ച്ച മിക്കപ്പോഴും കീഴ്‌പോട്ടായ ഞങ്ങളുടെ അങ്ങാടിയില്‍ ബില്‍ഡിങ് എടുക്കുന്നതും ഒരു പരീക്ഷണം മാത്രമായിരിക്കും.
വയലിലും പറമ്പിലും കൂലിപ്പണിയെടുക്കുന്ന സാധാരണ ഒരു ഹരിജന്‍ സ്‌ത്രീയാണു ഇണ്യക്കിയെങ്കിലും ഇണ്യക്കിയുടെ കുടുംബത്തിന്റെ ഇടക്കിടെയുള്ള കളിയാട്ടക്കാവു തീര്‍ത്ഥ യാത്രയും അതിന്റെ മുന്നോടിയായി വീടുകള്‍ ചുറ്റുന്ന കുഞ്ഞിക്കുതിര കളിയും വീട്ടുവളപ്പിലെ കുഞ്ഞമ്പലത്തില്‍ വര്‍ഷം തോറും നടന്നു വരുന്ന ഉത്സവവും കൊണ്ട് ഇണ്യക്കി പ്രസിദ്ധയാണ്. വീട്ടിലെ ഉത്സവത്തില്‍ അര്‍ദ്ധരാത്രിയിലെ ഇണ്യക്കിയുടെ ഉറഞ്ഞു തുള്ളല്‍ ഞാന്‍ കണ്ടിട്ടില്ലെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്.
സാക്ഷരതാ ക്ലാസില്‍ പലരും പത്ത് അക്ഷരങ്ങള്‍ വരെ പഠിച്ചിട്ടും ദിവസങ്ങള്‍ പലതു പിന്നിട്ടിട്ടും ഇണ്യക്കി ആദ്യാക്ഷരം ‘അ’ യില്‍ തന്നെ മുറുക്കിപ്പിടിച്ചിരിപ്പായിരുന്നു. സ്ലേറ്റില്‍ പലവുരു എഴുതി അച്ചടിയുമായി തരതമ്യം ചെയ്യുന്ന ഇണ്യക്കിയോട് ‘അത്രയൊക്കേ ശരിയാവൂ, ഇനി ‘ഇ’ എഴുതൂ‘ എന്ന് പറഞ്ഞ ഇന്‍സ്ട്രക്‌ടറോഡ് ഇണ്യക്കി പറയുന്ന ന്യായം ‘ഇണ്യക്കി ഒരു പണി അതീന്റെ കോലം പോലെ മാത്രമേ എടുക്കൂ’ എന്നായിരുന്നു.

കളിയാട്ടക്കാവ് പോയി വരും വഴിയില്‍ ഇണ്യക്കി മാപ്പിളമാരുടെ പടച്ചോനെ പലവുരു കണ്ടിട്ടുണ്ടെന്ന് എന്നും പറയുന്ന ന്യായമായിരുന്നു. ‘പടച്ചോനെ കാണാന്‍ കഴിയില്ല’ എന്നു പറഞ്ഞ എന്റെ ഉമ്മയോടു ‘ഇങ്ങള് ഇവിടെയിങ്ങനെ ഇരുന്നാ എങ്ങനെ കാണാ, ഞാന് കഴിഞ്ഞ കൊല്ലം പോലും കണ്ടിട്ടുണ്ട് എന്നായിരുന്നു!’ മറുപടി. ഇണ്യക്കി കണ്ട ‘പടച്ചോന്‍’ ഏതു ജാറാമാണെന്നു എനിക്കറിയില്ല !
അല്‍പം സങ്കടമാണെങ്കിലും ഇണ്യക്കി കാശു സ്വരൂപിച്ച കഥ പറയാനാണ് ഞാന്‍ ഇത്രയും വിവരിച്ചത്. കളിമണ്ണിന്റെ തൊണ്ട് വാങ്ങാന്‍ കാശില്ലാത്തതിനാല്‍ തന്റെ പുല്‍വീടിനകത്തു നിലത്ത് ആരും കാണാത്ത ഒരു മൂല പ്രത്യേക രീതിയില്‍ ഒരു കുഴിയും കാശിടാനുള്ള വിടവുമെല്ല്ലാം ശരിയാക്കി കരി കൊണ്ടു തേച്ചു മിനുസപ്പെടുത്തി.
ഒരു വര്‍ഷത്തോളം ബാക്കിയാവുന്ന ചില്ലറകള്‍ക്ക് പുറമെ പലപ്പോഴും അഞ്ച്, പത്ത്, ഇരുപതുകളുടെ നോട്ടുകളും ഇണ്യക്കി കുഴിയില്‍ നിക്ഷേപിച്ചു. അക്കൊല്ലത്തെ ഉത്സവത്തിന്റെ ചിലവിലേക്കായി തൊണ്ട് പൊളിച്ച ഇണ്യക്കിക്ക് കിട്ടിയത് ചില്ലറകളും നോട്ടുകളും എല്ലാം കൂടി ഒട്ടിപ്പിടിച്ച ഒരു ‘ഉണ്ട’! ആയിരം ഉറുപ്പികയൊക്കെയുണ്ടാവും എന്ന് ഇണ്യക്കി സംഭവം വിശദീകരിക്കുമ്പോള്‍ അല്‍പം സങ്കടത്തോടെയാണ് ഞങ്ങള്‍ അതു ആസ്വദിച്ചത്.

Monday, March 7, 2011

കറിയൊക്കെ നന്ന്, പക്ഷെ മൊല്ലാക്കാക്കിനി വേണ്ട

മതവിദ്യാഭ്യാസം നേടി പിതാവിനെ പോലെ മതപ്രബോധകനാകാനായിരുന്നു മൊല്ലാക്കയുടെ മക്കളുടെ ആഗ്രഹമെങ്കിലും താന് ‘മൊല്ലാക്ക‘യായ സാഹചര്യത്തെ പഴിച്ച് മക്കളെയെങ്കിലും ഭൌതിക വിദ്യഭ്യാസം നല്കി ഡോക്ടറോ, എഞ്ചിനീയറോ ഒക്കെയാക്കണമെന്നതായിരുന്നു മൊല്ലാക്കയുടെ താല്പര്യം. പിതാവിന്റെ ആഗ്രഹത്തിനു വഴങ്ങി മക്കളെല്ലാം ‘ഉയറ്ന്ന’ പദവിയിലെത്തുകയും ചെയ്തു.
പതിവുപോലെ മൊല്ലാക്കയുടെ ഉപദേശം തേടിയെത്തിയ മറ്റൊരു പിതാവിന് അറിയേണ്ടത് പത്താം ക്ലാസ്‌ പാസായ തന്റെ ഏക മകന്റെ ഉപരിപഠനത്തെക്കുറിച്ചായിരുന്നു. മൊല്ലാക്ക മൊഴിഞ്ഞു ; ‘അറിവില് ഏറ്റവും ഉത്തമം മതപരമായ അറിവ് തന്നെയാണ്, തന്റെ മകനെ ദീന് പഠിപ്പിക്കാന് വിടണമെന്നാണ് എന്റെ അഭിപ്രായം’ !
(മ്യാവൂ : ഞാനിങ്ങനെയൊക്കെയാവാം, പക്ഷെ നിങ്ങള് നന്നാവണം. ന്ത്യേ…?)

Monday, February 21, 2011

ലക്കോട്ടില്‍ പൊലിഞ്ഞ സ്വപ്നങ്ങള്‍

കല്യാണത്തിനിനി ഒരു മാസം തികച്ചില്ല. രണ്ടു മുറ്റവും, വീടിനു പിന്നിലെ തൊടിയും നിറയെ പന്തലിടാനാവശ്യമുള്ള തടുക്കിന്റെ പകുതി പോലും മെടഞ്ഞു തീര്‍ന്നിട്ടില്ല. പതിനഞ്ചു ദിവസത്തിലേറെയായി ആമിത്താത്ത ഓല മെടയുന്ന തിരക്കിലാണ്. രണ്ടു ദിവസമെങ്കിലും ഒന്നു സഹായിക്കാന്‍ ആ പാറുക്കുട്ടിയെ ഒന്നു കൂലിക്ക് വിളിച്ചെങ്കില്‍, അതിനും വേണ്ടേ കാശ് ? മുമ്പൊക്കെ കുറച്ച് അരിയോ, പഴയ വസ്ത്രങ്ങളോ ഒക്കെ കൊടുത്താല്‍ തന്നെ അവരൊക്കെ വന്നു ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ചുരുങ്ങിയത് ഒരു ദിവസത്തേക്ക് അമ്പത് രൂപയെങ്കിലും വേണം. സ്ത്രീധനം കൊടുക്കാന്‍ തന്നെ നാട്ടിലെ പ്രമാണിമാരോടൊക്കെ ഏറെ കടം വാങ്ങിയതാണ്.
ഇനി കല്യാണ ദിവസം ലക്കോട്ടിലൂടെ കിട്ടുന്ന പണത്തിലാണ് എല്ലാ പ്രതീക്ഷയും.
ലക്കോട്ട് കുറെ കിട്ടണമെങ്കില്‍ കൂടുതല്‍ പേരെ കല്യാണത്തിനു വിളിക്കണം. അതിനു കുറെ ഭക്ഷണം ഒരുക്കണം. വലിയ പന്തല് വേണം. മുപ്പത് രൂപ കവറിലിട്ട് തരുന്നവരുടെ വീട്ടില്‍ നിന്നും വരും നാലഞ്ച് പേര്‍ കല്യാണത്തിന്. ഇവരുടെ ഭക്ഷണച്ചിലവ് കഴിച്ച് ബാക്കി വരുന്നത് എത്രയാ ഉണ്ടാവുക. ആഭരണക്കട തൊട്ട് പലചരക്ക് കട വരെ കടത്തിന്റെ ഒരു ജാഥ തന്നെ വീട്ടാനുണ്ടാവും.
അയല്പക്കത്തെ പത്മിനിയും, മാളുത്താത്തയും കൂടി സഹായിച്ചതോടെ പന്തലിനു വേണ്ട മുക്കാല്‍ ഭാഗം തടുക്ക് റെഡിയായി. കല്യാണത്തിനിനി ഇരുപത് ദിവസം. അടുത്ത വീട്ടിലെ കുഞ്ഞാപ്പുവിനെ വിളിച്ച് അവറാന്ക്ക; “കുഞ്ഞാപ്പോ, മറ്റേന്നാള് ഞമ്മക്ക് പന്തല്പണി തൊടങ്ങണം, ഇജ്ജ് കുണ്ടന്മാരെയൊക്കെ കൂട്ടി രാവിലെ തന്നെ ബരണം“.
കുഞ്ഞാപ്പുവും കൂട്ടരും രാവിലെ തന്നെയെത്തി, പാടത്തെ തലപോയ കമുങ്ങ് മൂന്നെണ്ണത്തിനു പുറമെ പ്രായം കൂടിയ രണ്ടെണ്ണം കൂടി മുറിച്ചു. അലവി ഹാജിന്റെ പാടത്ത് നിന്നും അല്പം വാഴനാട്ടയും കൊണ്ടുവന്നു. കമുങ്ങുകളൊക്കെ അളവ് കണക്കാക്കി മുറിച്ചു, അലകിനു വേണ്ടത് പൊളിച്ച് ശരിയാക്കി. ആമിത്താത്ത തയ്യാറാക്കിയ കപ്പ പുഴുങ്ങിയതും, ചമ്മന്തിയും, കട്ടന്‍ ചായയും കുടിച്ച് അന്നത്തെ പന്തല്‍ പണി അവസാനിപ്പിച്ചു.
പിറ്റേന്ന് രാവിലെ തന്നെ പന്തല്‍ പണിക്കാറ് റെഡി. ഇന്ന് നാല് പേരു കൂടി കൂടുതലായുണ്ട്. അവറാന്ക്ക നിറ്ദ്ദേശങ്ങള്‍ കൊടുക്കാന് തുടങ്ങി; “അലവി ഹാജീന്റെ മൊള കൊണ്ട് ഞമ്മക്ക് തൊടിയിലെ പന്തല് ഇടാം. മുറ്റത്ത് ഞമ്മളെ കമുങ്ങ് കൊണ്ടു തന്നെയായാല്‍ ബേഗം പൊളിക്കേണ്ടല്ലോ?“. പതിനഞ്ചിലേറെ ആളുകളുണ്ട്. ഉച്ചയോടെ തൊടിയിലെ പന്തല്‍ റെഡി. ഭക്ഷണം വിളമ്പാനുള്ള പന്തലായത് കൊണ്ട് അല്പം പരുക്കന്‍ ആയാലും കുഴപ്പമില്ല. എന്നാല്‍ മുറ്റത്തെ പന്തല്‍ അങ്ങനെയൊന്നും പോര. കമുങ്ങ് കൊണ്ട് തന്നെ കാല് വേണം. വെയില്‍ അല്പം പോലും അകത്ത് കടക്കാതെ ഇടതൂര്‍ത്ത് തടുക്കുകളിടണം. ആണുങ്ങളെയും പെണ്ണുങ്ങളെയും വേര്‍തിരിക്കാനുള ഭാഗം പ്രത്യേകം മറച്ച് വാതിലും കര്‍ട്ടണും വെക്കണം. മുറ്റത്തിന്റെ അരികുകളൊക്കെ പകുതി ഉയരം മറക്കണം. ഈന്തിന്‍ പട്ട കൊണ്ട് ഗേറ്റ് വേണം. സര്‍ബത്ത് കലക്കാനും, കുപ്പിയിലാക്കാനുമുള്ള ഭാഗം വേര്‍ തിരിച്ച് മറച്ച് പ്രത്യേകം കൌണ്ടര്‍ തിരിക്കണം. തടുക്ക് കൊണ്ട് തന്നെ മറച്ച മൂത്രപ്പുര ഉണ്ടാക്കണം.

ഇന്നും കപ്പ പുഴുങ്ങിയത് കൊടുക്കുന്നത് മൊശമാണെന്നു കരുതിയ ആമിത്താത്ത കഞ്ഞിയും ചമ്മന്തിയുമാണ് തയ്യാറാക്കിയത്. കഞ്ഞി കുടിക്കുന്നതിനിടെ കുഞ്ഞാപ്പൂന്റെ കമന്റ്, “പന്തല്‍ പണി ബൌസാകണെങ്കില് നാളെ കൊറച്ച് അവില് കൊഴച്ചതോ, കഞ്ഞീക്ക് ചമ്മന്തിക്ക് പൊറമെ ഉണക്ക മീനോ ഒക്കെ ഉണ്ടായിക്കോട്ടെ, ഇല്ലെന്കില്‍ ഇപ്പത്തെ ചെക്കമ്മാരെ ഈ പണിക്ക് വല്ലാതെ കിട്ടൂല…” ഉള്ളിലെ വിഷമം ഒതുക്കി വെച്ച് കൊണ്ട് പുറത്തെ ചിരി കുറക്കാതെ അവറാന്ക്ക; “പന്തപ്പണി മാത്രല്ല, കല്യാണം മൊത്തം ബൌസാക്കണം, അയിന് എന്താ വേണ്ട്യേത് ന്ന് ഇജ് പറഞ്ഞാ മതി”. അന്നത്തെ പന്തല്‍ പണി കഴിഞ്ഞ് പോകുമ്പോള്‍ ആരെയും കാണാതെ അഞ്ച് രൂപ കുഞ്ഞാപ്പൂന്റെ പോക്കറ്റില്‍ തിരുകാനും അവറാന്ക്ക മറന്നില്ല; “ഇജ് ബീഡി വാങ്ങിക്കോ, രണ്ടീസോം കൂടി ഇങ്ങള് എല്ലാരും കൂടി വന്നാലേ പന്തല് പണി തീരൂ”.
കല്യാണം കഴിയുന്നത് വരെ ഇനി വീട്ടില്‍ പലരും വരാനുണ്ടാവും. പഞ്ചസാര, ചായകടി, അരി ഇതിനൊന്നുമിനി കണക്കില്ലാത്ത ചിലവാണ്. ഇപ്പോള്‍ തന്നെ പലചരക്ക് കടയിലെ കടം പരിധി വിട്ടിട്ടുണ്ട്. രണ്ടു കിലോ അവിലും കൂടി വാങ്ങി വീട്ടില്‍ പോകാനിറങ്ങിയ അവറാന്ക്കയോട് കടക്കാരന്‍ മായിന്റെ ചോദ്യം; “അല്ല, അവറാനേ, അന്റെ ലക്കോട്ട് വരവ് ഇന്റെ പീടീല്ത്തത് വീട്ടാന്‍ തന്നെ തെകയോ ?”. അവറാന്ക്ക; “ഇജ്ജ് അറം പറ്റ്ണ വാക്കൊന്നും പറയല്ലേ ഇന്റെ മായിനേ”.
ഈന്തിന്‍ പട്ട കൊണ്ടുള്ള മോടി പിടിപ്പിക്കല് ഒഴിച്ച് പന്തലിന്റെ ബാക്കി പണിയെല്ലാം കേമമായി തന്നെ കഴിഞ്ഞു. കല്യാണത്തിനിനി പന്ത്രണ്ട് ദിവസം. അഞ്ച് കിലോ കുമ്മായത്തില് അല്പം നീലം ചേറ്ത്ത് കലക്കി വീടിന്റെ മുന്ഭാഗമൊക്കെയൊന്നു മിനുക്കി. ചന്തയില്‍ നിന്നും മോശമല്ലാത്ത ഒരു പോത്തിനെ തന്നെ കൊണ്ടു വന്നു തെങ്ങില്‍ കെട്ടി. ബന്ധുക്കളും, നാട്ടുകാരും മാറി മാറി വീട് സന്ദര്‍ശിക്കുന്നു. പത്ത് ദിവസം മുമ്പ് തന്നെ ഒരു ആഘോഷത്തിന്റെ പ്രതീതി അവിടെയെങ്ങുമായി.
മണവാട്ടി ജമീലയും കുട്ടുകാരികളും ഒപ്പന പഠിക്കുന്ന തിരക്കിലാണ്. ദിവസവും വൈകുന്നേരം അടുത്തുള്ള മാവിന്‍ ചുവട്ടില്‍ ഒപ്പനയുടെ റിഹേഴ്സല്‍ നടക്കും. അവറാന്ക്ക മാറ്ക്കറ്റില്‍ പോയി ബിരിയാണിക്കുള്ള അരിയും, പച്ചക്കറിയൊഴികെയുള്ള മറ്റു സാധനങ്ങളും കൊണ്ടു വന്നു. അയല്‍വീടുകളിലെ സ്ത്രീകളെല്ലാം ചേര്‍ന്ന്‍ രണ്ടു ദിവസത്തെ അരി പെറുക്കലിലാണ് (അരിയിലെ കല്ല് കളയല്). പൊടിച്ച് വെക്കാനുള്ള മസാല സാധനങ്ങളൊക്കെ തയ്യാറാക്കുന്നു. എടുക്കുന്ന പണിയെ പലപ്പോഴും പരദൂഷണം മറി കടക്കുന്നുണ്ട്.
ഇനി രണ്ടു ദിവസം. സഹായിക്കാനുള്ള ആളുകളുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ആളുകള്‍ വിവിധ ഗ്രൂപ്പുകളായി വിവിധ ജോലികളിലല്‍ മുഴുകിയിരിക്കുന്നു. അവറാന്ക്കക്ക് പുറമെ കുഞ്ഞാപ്പുവും ജോലികളുടെ മേല്‍നോട്ടക്കാരനായി. ഒരു ടീം പള്ളിയിലേക്ക് നീങ്ങി. മേശ. കസേര. ചെമ്പ് എല്ലാം തലച്ചുമടേറ്റി വരുന്നു. മറ്റൊരു വിദഗ്ദ സംഘം ഈന്തിന്‍ പട്ട കൊണ്ട് പന്തല്‍ മോടി പിടിപ്പിക്കുന്നു. അയല്‍ വീടുകളില്‍ നിന്നും കൊണ്ടു വന്ന സാരികള്‍ ഉപയോഗിച്ച് മുന്ഭാഗത്തെ പന്തലിന് സീലിംഗ് ഉണ്ടാക്കുന്നു. സീലിംഗിന്റെ നടുവില്‍ സാരികൊണ്ട് ഞെറിഞ്ഞ് പ്രത്യേക രീതിയില്‍ അലങ്കരിക്കുന്നു. കളര്‍പേപ്പര്‍ കൊണ്ട് മാല (അരങ്ങ്) ഉണ്ടാക്കുന്നു.
തലേദിവസം രാത്രി തന്നെയുണ്ട് കല്യാണത്തിന്റെ പകുതിയോളം ആളുകള്‍. പ്രദേശത്തെ രണ്ടു കടകളില്‍ നിന്നുമായി കടമെടുത്ത ഗ്യാസ് ലൈറ്റ് ആണ് പ്രധാന താരം.
അതില് എണ്ണ നിറക്കാനും, കാറ്റടിക്കാനും, മാന്റില് മാറ്റാനും നല്ല വൈദഗ്ദ്യം തന്നെ വേണം. വെള്ളം കോരാന്‍ മാത്രം രണ്ടു സ്ത്രീകളെ കൂലിക്ക് വെച്ചിട്ടുണ്ട്. അവര്‍ കോരിയിട്ട് തികയാഞ്ഞിട്ട് മറ്റുള്ളവരും സഹായിക്കുന്നു. ഒരു ഭാഗത്ത് മൈലാഞ്ചിയിടല് തക്യതി. മറ്റൊരു ഭാഗത്ത് അറവ്, വട്ടത്തിലിരിന്നുള്ള ഇറച്ചി വെട്ട്, ഒരു പണിയുമെടുക്കാത്ത മടിയന്മാര്‍ രാഷ്ട്രീയം പറഞ്ഞ് സമയം കളയുന്നു. പോത്തിന്റെ ലിവര്‍ വേവിക്കുന്ന തിരക്കിലാണ് മറ്റു ചിലര്‍, ലിവര്‍ പാകമായി ചോറ് വെയിച്ചേ എല്ലാവരും പോകൂ. ബിരിയാണി വെപ്പുകാര്‍ അതിനുള്ള സാധനങ്ങള്‍ തയ്യാറാക്കിയും, ഉള്ളി വെട്ടിയും, കൌശലക്കാരായ കുട്ടികള് തെരുവു പട്ടികളെ എറിഞ്ഞോടിച്ച് അവയുടെ കരച്ചില്‍ കേട്ട് ആനന്ദിക്കുന്നു… കല്യാണ വീട് എല്ലാം കൊണ്ടും ഗംഭീരം.

കല്യാണ ദിവസം, പന്തലിന്റെ ഒരു ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ മൂലയില് സര്‍ബത്ത്, സോഡക്കുപ്പിയില്‍ നിറച്ച് സ്ട്രോ ഇട്ട് കൊടുക്കുന്നു. പ്രധാന പന്തലിന്റെ മധ്യത്തില്‍ വലിയൊരു മേശ. സിഗററ്റ്, ബീഡി, തീപ്പെട്ടി, മുറുക്കാന്‍, ലക്കോട്ട് കവര്‍, കുറിക്കല്യാണ കമ്പി... അന്നത്തെ ന്യൂസ് പേപ്പറുകളൊക്കെ അവിടെയുണ്ട്. മറ്റൊരു ഭാഗത്ത് പ്രധാന മാപ്പിളപ്പാട്ടുകളും, കല്യാണപ്പാട്ടുകളും പാടിച്ചു കൊണ്ട് ഉച്ചഭാഷിണി. ചുറ്റും പാട്ട് പാടാന്‍ അവസരം നോക്കി നടക്കുന്ന കുട്ടികള്‍, ഉച്ചക്ക് ശേഷം പാടാം എന്നു പറഞ്ഞ് സമധാനിപ്പിക്കുന്ന സെറ്റുകാരന്‍. ആളുകള്‍ കുടിച്ചിട്ട സ്ട്രോ സ്വരൂപിക്കുന്നതില്‍ മത്സരിക്കുന്ന കുട്ടികള്‍. വരുന്നവരെ കൈ കൊടുത്തു സ്വീകരിച്ചും, പോകുന്നവരില്‍ നിന്നും കൈമടക്ക് വാങ്ങിച്ചും അവറാന്ക്ക പ്രധാന പന്തലിന്റെ കവാടത്തില്‍ തന്നെയുണ്ട്. കൂട്ടുകാരിയുടെ പുതുക്കസാരി കടം വാങ്ങിയത് ധരിച്ച്, സറ്വ്വാഭരണവിഭൂഷിതയായി സ്ത്രീജനങ്ങളുടെ ആശീറ്വാദം ഏറ്റു വാങ്ങി മണവാട്ടി അകത്തും.
ഭക്ഷണം കഴിക്കുന്നിടത്ത് നല്ല തിരക്കാണ്.
പ്രത്യേകിച്ചും സ്ത്രീകളുടെ ഭാഗത്ത്. ഉച്ചക്ക് ഒരു മണിയോടെ പുതിയാപ്പിള വന്നു. നാല് ജീപ്പിന് പുരുഷന്മാരും ഒരു ജീപ്പില് മണവാട്ടിയെ കൊണ്ടു പോകാന് വന്ന സ്ത്രീകളും. അവര്‍ക്ക് ഭക്ഷണം ഇവിടെയാണെന്ന് മുമ്പെ നിശ്ചയിച്ചിട്ടുണ്ട്. നിക്കാഹ് മുമ്പെ കഴിഞ്ഞത് കൊണ്ട് ഭക്ഷണം കഴിച്ച് മൊല്ലാക്കയുടെ വകയൊരു ‘അല് ഫാത്തിഹ’ യും കഴിഞ്ഞ് പുതിയാപ്പിള സംഘം സ്ഥലം വിട്ടു. മണവാട്ടിയെ തേടി വന്നവര്‍ അവളെ അണിയിച്ചൊരുക്കി പന്തലിലേക്കിറക്കി. ഒപ്പന സംഘം തിമറ്ത്ത് കളിച്ചു.
വീട്ടുകാരോട് സലാം പറഞ്ഞ് നിറമിഴികളോടെ പുള്ളിക്കുടക്കിഴില്‍ മണവാട്ടി യാത്രയായി.
പുതുക്കത്തിന് നാല് ജീപ്പ് ഉണ്ട്. വീട്ടുകാര്‍ പ്രത്യേകം ക്ഷണിച്ചവര്‍ തന്നെയുണ്ട് അഞ്ചു ജീപ്പിനുള്ള ആളുകള്‍. ഇളക്കിയാല്‍ ഇളകാതെ അട്ട പിടിച്ച പോലെ ജീപ്പില്‍ നേരത്തെ കയറിക്കൂടിയ കുട്ടികള്‍ പുറമെയാണ്. ക്ഷണിച്ചില്ലേലും കേറിക്കൂടുന്ന മുതിര്‍ന്നവരോട് നീ കയറണ്ട എന്ന് പറയാന്‍ മടിയുമാണ്. മൊത്തത്തില്‍ അകത്തുള്ളതിനേക്കാള് ആളുകളെ പുറത്ത് നിറച്ചു നാല് ജീപ്പുകളും. ദൂരെ നിന്നു നോക്കിയാല്‍ ജീപ്പ് കാണില്ല. കുറെ ആള്ക്കൂട്ടം ഓടിപ്പോവുന്ന പോലെ തോന്നും. പുറപ്പെടുമ്പോഴുള്ള ആവേശം നിലനില്ക്കാത്ത ചിലര്‍ അടുത്തിരിക്കുന്നവരുടെ തലയിലൂടെയും, വസ്ത്രത്തിലൂടെയും ചര്‍ദ്ദിച്ച് പുതുക്കം വിജയിപ്പിച്ചു.
കല്യാണം കഴിഞ്ഞു. രാത്രിയായതോടെ ലക്കോട്ട് പൊളിച്ച് എണ്ണുന്ന തിരക്കിലാണ് അവറാന്ക്ക. ശാരീരിക ക്ഷിണത്തോടൊപ്പം മകള്‍ കൂടെയില്ലാത്ത വിഷമത്തില്‍ തളര്‍ന്ന ആമിത്താത്ത മയക്കത്തിലായി. ലക്കോട്ട് കവറല്‍ല് പേരെഴുതിയവരുടെ കണക്ക് ക്യത്യമായി സൂക്ഷിക്കണം. അവരുടെ വീട്ടില്‍ കല്യാണമോ കുറിക്കല്യാണമോ ഉണ്ടാവുമ്പോള്‍ ഇങ്ങോട്ട് തന്നതിലേറെ വല്ലതും ചേര്‍ത്ത്‌ തിരിച്ച് കൊടുക്കണമെന്നാണ് നിയമം. കുറിക്കല്യാണ കമ്പി വിദഗ്ദന്‍ അടുത്ത വീട്ടിലെ ജാഫറാണ് സഹായത്തിന്. ബുക്കില്‍ ഓരോ പേജ് തികയുമ്പോഴും മൊത്തം സംഖ്യ കൂട്ടിയിടുന്നുണ്ട്. ഓരോ പേജ് നിറയുമ്പോഴും അവറാന്ക്ക പ്രതീക്ഷയോടെ മൊത്തം സംഖ്യ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ചിന്തകള്‍, മുതിര്‍ന്ന്‍ വരുന്ന ബാക്കി രണ്ട് പെണ്മക്കളെ കെട്ടിക്കുന്ന കടമ്പകളിലൂടെയൊക്കെ കടന്നു പോയി. ഒരു മാസത്തില്‍ ഏറെയുള്ള പരിശ്രമവും ഉറക്കമൊഴിവാക്കിയ രാവുകളും ശാരീരികമായി അയാളെ തളറ്ത്തിയിട്ടുണ്ടെങ്കിലും നേരം പുലര്‍ന്നാല്‍ തന്നെ കാത്തിരിക്കുന്ന കടങ്ങളുടെ കണക്കുകള്‍ക്ക്‌ മുമ്പില് എല്ലാം മറക്കാന്‍ ശ്രമിച്ചു.
ലക്കോട്ട് കവറുകള്‍ പൊട്ടിച്ച് തീരാറായി. കുറിക്കല്യാണ കമ്പിയിലേക്കും കടങ്ങളുടെ ലിസ്റ്റിലേക്കും അവറാന്ക്ക മാറി മാറി നോക്കുന്നുണ്ട്. നേരം പുലര്‍ന്നാല്‍ അഭിമുഖീകരിക്കേണ്ട പ്രമാണിമാരുടെയും, കടയുടമകളുടെയും മുഖങ്ങള്‍ കണ്മുന്നില്‍ മിന്നി മറയുന്നു. ജാഫര്‍ അവസാനമായി കൂട്ടിയിട്ടതും തന്റെ കയ്യിലുള്ള കടത്തിന്റെ ലിസ്റ്റും തമ്മില്‍ അജഗജാന്തരമുണ്ട്. ഒരു പേജിലേക്കും കൂടി എഴുതാന്‍ മാത്രം ലക്കോട്ടുകളേ ഇനി ബാക്കിയുള്ളൂ. പുറത്തെ ഇരുട്ടിനേയും അതിജയിക്കുമാറ് തന്റെ കണ്ണില്‍ ഇരുട്ട് കേറുന്നതായി അവറാന്ക്കക്ക് ബോധ്യമായി. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ പോലും ഇനി താന്‍ രക്ഷപ്പെടില്ല. അവസാനത്തെ പേജിലെ മൊത്ത സംഖ്യ നോക്കാന്‍ മാത്രം കരുത്ത് അയാളുടെ കണ്ണുകള്‍ണ്ടായിരുന്നില്ല. കണ്ണില്‍ കേറിയ ഇരുട്ട് ശരീരത്തെ തന്നെ ഉറക്കിലാഴ്ത്തി. അഗാധ നിദ്ര!

Saturday, February 5, 2011

ബ്ലാക്ക് മെയില്‍

കിച്ചുമോന്‍ സ്കൂളില്‍ പഠിക്കുന്ന കാലം. ഉപ്പ ഗള്‍ഫില്‍ നിന്നയക്കുന്ന കാശില്‍ നിന്നും ഉമ്മയെ സ്വാധീനിച്ച് അടിച്ചു മാറ്റിക്കൊണ്ടുവരുന്ന കാശുകൊണ്ട് സുഹ്യത്തുക്കള്‍ക്കൊക്കെ മിഠായിയും ഐസ്ക്രീമും മറ്റും വാങ്ങിക്കൊടുക്കും. വീട്ടില്‍ നിന്നും നയാപൈസ ഇറങ്ങാനില്ലാത്ത സഹപാഠികള്‍ക്ക് ഇതൊരു ആശ്വാസമായി. അവന്റെ തന്നെ ബന്ധുവായ അരക്കാശിനു വകയില്ലാത്ത സുഹ്യത്ത് ചീരുമോന്‍ ഇവന്റെ അരികു പറ്റി വിലസാന്‍ തുടങ്ങി. ക്ലാസില്‍ ക്യത്യമായി വരികയോ, പഠിക്കുകയോ ചെയ്യാത്ത ചീരു വൈകാതെ കിച്ചുവിന്റെ പിഎ യായി പിന്നില്‍ നടക്കാന്‍ തുടങ്ങിയത് കിച്ചുവിനും ഒരു ഹരമായി. കിച്ചുവിന്റെ സൈക്കിളില്‍ കാറ്റ് നിറക്കുന്നതും, കയറ്റത്തില്‍ ഉന്തിക്കൊടുക്കുന്നതും, പലപ്പോഴും ഭാരമുള്ള ബേഗ് ചുമക്കുന്നതുമൊക്കെ ചീരുവായിരുന്നു. മിഠായിക്കും ഐസ്ക്രീമിനുമുപരിയായി കിച്ചു പലപ്പോഴും കനമുള്ള നോട്ടുകള്‍ തന്നെ ചീരുവിനു കൊടുക്കാന്‍ തുടങ്ങി.

Friday, January 28, 2011

ഉള്ളത് തന്നെയുണ്ടല്ലോ എമ്പാടും!!!

കയ്യിലിരിപ്പുകൊണ്ട് (കു)പ്രസിദ്ധി നേടിയ വടിവേലുസാലിക്കായിരുന്നു എളൂരിലെ 'കാരാകോറ'യുടെ മുഖ്യ നേത്യത്വം. അതിരഹസ്യമായി കരുക്കള്‍ നീക്കിയ തന്റെ ഈ കല്യാണാലോചനയും ചീറ്റിപ്പോയപ്പോള്‍ വടിവേലവിന്‍ നിക്കപ്പൊറുതിയില്ലാതായി. ബസ് സ്റ്റോപ്പിനു തൊട്ടു പുറകിലെ കോയാക്കാന്റെ കടയില്‍ വെച്ചാണ്‍ അധിക കല്യാണങ്ങളും മുടങ്ങുന്നത് എന്നതും നാട്ടില്‍ പാട്ടാണ്‍.

ഒന്നു ചോദിച്ചിട്ടു തന്നെ കാര്യം എന്നുറപ്പിച്ച വടിവേലു അല്പം ധൈര്യം സംഭരിച്ച് കടയില്‍ കേറി. കോയാക്കാന്റെ ഉണ്ടക്കണ്ണുകൊണ്ടുള്ള നോട്ടത്തില്‍ തന്നെ ചൂളിപ്പോയ അവന്‍ അല്പം പരിഭ്രമത്തോടെ … “കോയാക്കാ, കോയാക്കാ… ഇങ്ങള്‍ എന്തിനാ ആള്‍ക്കാരോട് വെറുതേ ഇല്ലാത്തത് പറയണത്. അതോണ്ടല്ലെ ഇന്റെ കല്യാണങ്ങളൊക്കെ മൊടങ്ങുന്നത് ? “

കോയാക്ക : “എടാ പഹയാ… അന്നെപ്പറ്റി എന്തിനാ ഞാന്‍ ഇല്ലാത്തത് പറയണത് ? ഇള്ളത് തന്നെ പറഞ്ഞ് തീറ്ന്നിട്ടില്ലല്ലോ…!!!“

Tuesday, January 11, 2011

ധാറ്മ്മികതയുടെ വീണ്ടെടുപ്പ് ; കുടുംബങ്ങളിലൂടെ

മനുഷ്യന്റെ ഭൌതിക സൌകര്യങ്ങളിന്ന് ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്നവസാങ്കേതികരംഗങ്ങളില്‍ കഴിഞ്ഞ ആറോ,ഏഴോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രമുണ്ടായിട്ടുള്ളത്. ആര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മൊബൈലും, ഇന്റര്‍നെറ്റും മാറിയത് വളരെയടുത്താണ്‍. മലയാളിക്ക് വാര്‍ത്ത കാണാന്‍ ഒന്നോ രണ്ടോ ചാനലുണ്ടായിരുന്നതിന്ന് പതിനഞ്ചിലധികമാവളര്‍ച്ചയാണ്‍. ഭൂമിയുടെ ഉറവിടവും, ഭൂമിക്ക് പുറത്തെ സാധ്യതകളും മറ്റും തേടിയുള്ള അന്വേഷണങ്ങള്‍ മനുഷ്യനെ ശൂന്യാകാശത്തും, ചന്ദ്രനിലും, ചൊവ്വയിലുമെല്ലാം എത്തിച്ചിരിക്കുന്നു

തകര്‍ന്നടിഞ്ഞ ധാര്‍മ്മികത

ഭൌതിക പുരോഗതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന അതേ അളവില്‍ തന്നെ അവനിലെ സദാചാര നിഷ്ഠ തഴോട്ടു കുതിക്കുകയാണ്. മാന്യന്മാര്‍ക്ക്വിലയില്ലാതാവുകയും, നന്മ ഉപദേശിക്കുന്നവര്‍ പിന്തിരിപ്പന്മാരായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. നിഖിത മേഖലകളിലും അധര്‍മ്മം പിടിമുറുക്കിയിരിക്കുന്നു. സാമ്രാജ്യത്വ ശക്തികളും, പാശ്ചാത്യ മീഡിയകളും അടിച്ചേല്പിക്കുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിലയില്ലാത്ത ‘സംസ്കാരം‘! മദ്യവും, മയക്കുമരുന്നും, പലിശയും, വേശ്യാവ്യത്തിയും, ശരീരപ്രദര്‍ശനവും, ലെസ്ബിയനിസവുമൊക്കെ ആദറ്ശവല്‍കരിക്കപ്പെടുകയും, ആശീര്‍വദിക്കപ്പെടുകയും ചെയ്യപ്പെടുന്ന ആധുനിക ‘സംസ്കാരം‘! പടിഞ്ഞാറില്‍ നിന്ന് ചവച്ചു തുപ്പുന്നതെന്തും സ്വീകരിച്ച് സ്തുതി പാടുന്ന ഇന്ത്യന്‍ മാധ്യമങ്ങളും, നവസാംസ്കാരിക നായകരും.
മലയാളമണ്ണാണിന്ന് തോന്നിവാസങ്ങള്‍ക്കേറെ പാകപ്പെട്ട് നില്‍ക്കുന്നതെന്ന് വിവിധങ്ങളായ കണക്കുകള്‍ സംസാരിക്കുന്നു. കേരളത്തില്‍ കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ പ്രതിശീറ്ഷക കണക്ക് ഇന്ത്യയിലെ മൊത്തം ഉപയോഗത്തിന്റെ ഇരട്ടിയിലധികമാണ്‍. മാത്രമല്ല, മദ്യമുപയോഗിക്കുന്നതില്‍ അമേരിക്കക്കാരനെ പോലും പുറകിലാക്കിയിരിക്കുന്നു മലയാളി! കുറുക്കു വഴികളിലൂടെ പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ കള്ളവും, ചതിയും, സ്ത്രീധനവും, അക്രമവുമെല്ലാം വ്യാപകമായിരിക്കുന്നു. നാണം കെട്ടും പണം നേടിയാല്‍ നാണക്കേടാ പണം തീര്‍ത്തുകൊള്ളുമെന്ന പഴമൊഴി അന്വര്‍ത്ഥമാവുകായാണ്‍. പലിശയേറെ നിസ്സാരവല്‍കരിക്കപ്പെട്ടിരിക്കുന്നു. ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കോ അനാവശ്യങ്ങള്‍ക്കോ വേണ്ടിയെടുക്കുന്ന ലോണുകള്‍ പിന്നീട് ബ്ലേഡുകളിലേക്കും, ശേഷം കൊലപാതകങ്ങളിലേക്കും വരെയെത്തിക്കുന്നു. ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ അനിയന്ത്രിത ഉപയോഗം സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന സ്കൂളുകളെ പോലും വഴിവിട്ട ലൈംഗികതയുടെയും, അവിഹിത ഗര്‍ഭങ്ങളുടെയും കേന്ദ്രങ്ങളാക്കി മാറ്റുന്നു. നമ്മുടെ കുടുംബ ബന്ധങ്ങളിന്ന് അമ്മത്തൊട്ടിലുകളിലും വ്യദ്ധസദനങ്ങളിലുമെത്തിനില്‍ക്കുന്നു.
ജിദ്ദയില്‍ മലയാളി മനേജ്മെന്റിന്റെ കീഴിലുള്ള ഒരു സ്കൂളിലെ എട്ടാം ക്ലാസ് മലയാളി വിദ്യാര്‍ത്ഥിനി ക്ലാസില് വെച്ച് ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതും, പഠനം മുടങ്ങിയതും ഈ അടുത്ത് കേട്ടു മറന്നതായിരുന്നു. ഒരു പ്രവാസിയുടെ നാട്ടിലുള്ള ഭാര്യ മൂന്നുമാസം ഗര്‍ഭിണിയായത് മാലോകരറിയുമെന്നായപ്പോള്‍ പതിനേഴ് വയസ്സുള്ള മകളടക്കമുള്ള കുടുംബത്തെ ഉപേക്ഷിച്ച് വീട്ടില്‍ ചിലവിനു വരുന്ന ദറ്സ് വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടിയത് ഞെട്ടലോടെയാണ്‍ കേട്ടത്. വീടുകള്‍ക്കുള്ളില്‍‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലാതാവുന്നു. അവിഹിത ബന്ധങ്ങളുടെയും, പീഡനങ്ങളുടെയും കേന്ദ്രങ്ങളായി വീടുകള്‍ മാറിക്കൊണ്ടിരിക്കുന്നു. പിതവോ, ഭര്‍ത്താവോ കൂടെയുണ്ടെന്നു കരുതി പോലും സമാധാനിക്കാന്‍ സ്ത്രീകള്‍ക്കിന്നാവില്ല. തന്റെ രഹസ്യങ്ങള്‍ പകര്‍ത്തുന്ന ഒളിക്യാമറകള്‍ കിടപ്പറകള്‍ക്കുളില്‍ പോലുമുണ്ടാവാം. പവിത്രമെന്ന് നാം കരുതിപ്പോരുന്ന കുടുംബ ബന്ധങ്ങള്‍ പലര്‍ക്കും ബന്ധനങ്ങളായി മാറിയിരിക്കുന്നു.
ഇസ്ലാമിക ചിഹ്നങ്ങളില്‍ ആവേശം കൊള്ളുകയും, മുസ്ലിംവിരുദ്ധ പ്രവണതകള്‍ക്കെതിരെ രോഷംകൊള്ളുകയും ചെയ്യുന്ന ‘ആധുനിക മുസ്ലമാനു’ പോലും പലിശയും, മദ്യവും, വഴിവിട്ട ലൈംഗികതയുമൊന്നും പ്രശ്നമാവുന്നില്ല. ഒരു വര്‍ഷം മുമ്പ് നാട്ടിലേക്കുള്ള യാത്ര! ചുരുങ്ങിയ ടിക്കറ്റ് ഫെയറും, എയര്‍ ഇന്ത്യയില്‍ നിന്നൊരു മാറ്റവും ആഗ്രഹിച്ച് എത്തിപ്പെട്ടത് ഖത്തര്‍ എയര്‍ വേസിലായിരുന്നു. ദോഹയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര പുതിയ ഒരനുഭവമായി. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വിവിധ ബ്രാന്റ് മദ്യങ്ങള്‍ വാങ്ങി ബോര്‍ഡിങ് പാസ്സിനായി ക്യൂവില്‍ നില്‍ക്കുന്ന വിവിധ ജില്ലക്കാരായ ആളുകളെ കണ്ടപ്പോള്‍ മദ്യപിക്കാത്ത സഹയാത്രികനെ കിട്ടണമെന്ന് ആഗ്രഹിച്ചുപോയി. ജിദ്ദയില്‍ നിന്നും എന്നോടൊപ്പം കയറിയ എന്റെ ജില്ലക്കാരനായ ഒരാളെ തന്നെ കൂടെക്കിട്ടിയ ആശ്വാസത്തില്‍ യാത്ര തുടരുമ്പോഴാണ്‍, അയാളെന്നല്ല, ദോഹയില്‍ നിന്നുള്ളവരും, സ്പെഷല്‍ ഉംറ കഴിഞ്ഞ് ജിദ്ദയില്‍ നിന്നും യാത്ര ചെയ്യുന്നാവരുമടക്കം ഭൂരിഭാഗവും എയര്‍ ഹോസ്റ്റസ് നല്‍കുന്ന മധു നുകരുകയാണ്. ന്യൂ ഇയര്‍ആഘോഷിക്കുവാനും, വിവാഹ ജന്മദിനാഘോഷങ്ങളുടെ പേരിലും മലയാളി കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ നല്ലൊരു പങ്കും ചിലവാകുന്നത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണെന്നുകൂടിയറിയുമ്പോള്‍ പ്രശ്നത്തിന്റെ ഗൌരവം വര്‍ദ്ധിക്കുന്നു.
ഗള്‍ഫ് പണത്തിന്റെ അനിയന്ത്രിതമായ സ്വാധീനം നാടിന്റെ വിശേഷിച്ചും മുസ്ലിംകളുടെ സാമൂഹിക പുരോഗതിയില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും മൂല്യങ്ങള്‍ നഷ്ടപ്പെട്ട ഈ പുതിയ തലമുറയുടെ സ്യഷ്ടിപ്പില്‍ റിയാലിന്റെയും ദിനാറിന്റെയും, ദിറ്ഹമിന്റെയുമൊക്കെ പങ്ക് വലുതാണ്. പിതാവ് ഗള്‍ഫില്‍, ജോലി കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയം ഇന്റര്‍നെറ്റിലും, ടെലിവിഷനു മുന്നിലുമിരുന്ന് മനസ്സുകൊണ്ടും, നാവുകൊണ്ടും, കണ്ണുകൊണ്ടും വ്യഭിചരിച്ചു കൊണ്ടിരിക്കുന്നു. നാട്ടില്‍ ഭാര്യ ടിവി സീരിയലുകളും റിയാലിറ്റിഷോകളും ആസ്വദിച്ച് വിലപ്പെട്ട വൈകുന്നേരങ്ങള്‍ പോലും നശിപ്പിക്കുന്നു. മക്കള്‍ യൂ ട്യൂബിലും, ചാറ്റ് റൂമുകളിലും, ബ്ലൂടൂത്തിലും. ആരും ശ്രദ്ധിക്കാനില്ലതെ പ്രായമേറിയ മാതാപിതാക്കള്‍ രോഗശയ്യയില്‍. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍അയല്‍വാസി കളെയും അകറ്റിനിര്‍ത്തിയിരിക്കുന്നു. ഒരു സാധാരണ ‘മുസ്ലിമിന്റെ‘ വിശേഷിച്ചും പ്രവാസികളുടെ വീടുകള്‍ വൈകുന്നേരങ്ങളില്‍ സര്‍വവിധ അസാന്മാര്‍ഗ്ഗികതകളും വിളയാടുന്ന നെറ്റ് കഫെകളും, മിനി തിയേറ്ററുകളുമായി മാറുകയാണ്‍.
പണത്തിന്റെയോ മറ്റു ഭൌതിക സൌകര്യങ്ങളുടെയോ കുറവ് ഈ സമുദായത്തിനിന്നില്ല. മനുഷ്യനെ അന്തവിശ്വാസങ്ങളിലും, അനാചാരങ്ങളിലും, തളച്ചിട്ട് ചൂഷണം ചെയ്യുന്ന പുരോഹിതന്മാരും, ആത്മീയത മുടക്കുമുതലാക്കി കച്ചവ്വടം ചെയ്യുന്ന സിദ്ധന്മാരുമെല്ലാം ഈ സമുദായത്തിന്റെ കണക്കുപുസ്തകത്തില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നു. പൂര്‍ണമായും സംഘടനാവല്‍ക്കരിക്കപ്പെട്ട ഈ സമുദായം സ്ഥാപനങ്ങളും സമ്മേളനങ്ങളുമുണ്ടാക്കുന്നതില്‍ പരസ്പരം മത്സരിക്കുകയാണ്. പലപ്പോഴും അവ തെരുവു സംഘട്ടനങ്ങളിലേക്കും, തെറിപ്രസംഗങ്ങളിലേക്കുമെത്തുമ്പോള്‍ ആദറ്ശം പുസ്തകങ്ങളിലൊതുങ്ങുന്നു. ഭൌതികപുരോഗതിയുടെ അതിപ്രസരത്താല്‍ സംസ്കരണംലഭിച്ചവര്‍ എന്നഭിമാനിക്കുന്നവര്‍ പോലും ആ മൂല്യങ്ങള്‍ മറക്കുകയോ തിന്മകള്‍ക്ക് നേരെ മന:പൂര്‍വ്വം മൌനം ദീക്ഷിക്കുകയോ ചെയ്യുന്നു. തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങളും അധികാരങ്ങളും സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ നീതിയും, മാനുഷിക ബന്ധങ്ങളും തമസ്കരിക്കപ്പെടുന്നു. താന്‍ പ്രസംഗിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നധാര്‍മ്മിക മൂല്യങ്ങള്‍ പാലിക്കപ്പെടാന്‍ പണ്ഡിതന്മാര്‍ക്ക് പോലും കഴിയാതെ വരുന്നു.

വീണ്ടെടുപ്പ്
മൂല്യങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിടത്തൊരു തിരുത്തലിനു പ്രസക്തിയില്ല. വീണ്ടെടുപ്പാണാവശ്യം. മുമ്പുണ്ടായിരുന്നതും, ഇടക്കുവെച്ച് നഷ്ടപ്പെട്ടതുമായ ഒരു സംസ്കാരത്തെ വീണ്ടെടുക്കുന്നത് ഏറ്റവും നല്ലതു കൊണ്ടായിരിക്കണം. ചരിത്രത്തില്‍ ഒരുപാട്ദാര്‍ശനികരും നാഗരികതകളും കഴിഞ്ഞുപോയിട്ടുണ്ട്. അവയില്‍ പലതും മനുഷ്യനെ സംസ്കരിക്കാന്‍ അപര്യാപ്തമോ ചില പ്രദേശങ്ങളിലേക്കോസമുഹങ്ങളിലേക്കോ പരിമിതങ്ങളോ ആണ്. എന്നാല്‍ , ലോകത്തിന് ‍ സന്മാര്‍ഗ ദര്‍ശനവുമായി നിയോഗിതരായ ദൈവദൂതന്മാരെ കുറിച്ചും ദൈവികഗ്രന്ഥങ്ങങ്ങളെക്കുറിച്ചും ചരിത്രം വിവരം നല്‍കുന്നു. അവയില്‍ ദൈവപ്രോക്തങ്ങളായ ആശയങ്ങളും വചനങ്ങളുമുള്‍കൊള്ളുന്ന ഗ്രന്ഥങ്ങളിലധികവും മനുഷ്യന്റെ കൈകടത്തലുകള്‍ മുഖേന വൈരുദ്ധ്യങ്ങള്‍ നിറഞ്ഞവയും, അപൂറ്ണ്ണങ്ങളുമാണ്.

ഖുര്‍ആന്‍
ലോകത്തേറ്റവുമധികം പഠനങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കും വിധേയമായ ഗ്രന്ഥം! വിമര്‍ശനപഠനമാരംഭിച്ച പലരെയും അനുകൂലികളാക്കി മാറ്റിയ മാസ്മരികത! നിരക്ഷരനായ പ്രവാചകനിലൂടെ അവതരിക്കപ്പെട്ട ലോകത്തിന്റെസന്മാര്‍ഗ ദര്‍ശനം. പതിനാലു നൂറ്റാണ്ടിലധികമായി പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കുന്ന അജയ്യത! ഓരോ വചനങ്ങളും ദൈവത്തിങ്കല്‍ നിന്നാണെന്നും ലോകാവസാനം വരെ മാറ്റങ്ങളില്ലാതെ നിലനില്‍ക്കുമെന്നും സ്വയം പ്രഖ്യാപിച്ച് നിഷേധികളെ വെല്ലുവിളിച്ച സ്തൈര്യത ! ലക്ഷക്കണക്കിനാളുകള്‍ക്ക് മന:പാഠമുള്ള ലോകത്തിലെ ഏകഗ്രന്ഥം! പഠിക്കും തോറും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുന്ന അനശ്വരപ്രതിഭാസം! ഖുര്‍ആനിലെ പ്രവചനങ്ങളും, വെല്ലുവിളികളും അതിന്റെ ദൈവികത വിളിച്ചോതുന്നു. അതിലെ ഒരു വചനവും മറ്റൊരു വചനത്തിനു വിരുദ്ധമാകുന്നില്ല. ഖുര്‍ആന്‍ നിശിദ്ധമാക്കിയതൊന്നും കാലപരിണാമത്തില്‍ നല്ലതായിട്ടില്ല. ഖുര്‍ആന്‍ നല്ലതാണെന്ന് പറഞ്ഞതൊന്നും മോശമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
ഈ ലോകത്തിനൊരു സ്യഷ്ടാവുണ്ടെന്നും അവനേകനാണെന്നും അന്ത്യമില്ലാത്തവനാണെന്നും പ്രപഞ്ചത്തിലെയെല്ലാം അവന്റെ നിയന്ത്രണത്തിനുവിധേയമാണെന്നും, മനുഷ്യന്‍ അവന്റെ ഉല്‍ക്യഷ്ട സ്യഷ്ടിയാണെന്നും അവനു മാത്രം കീഴൊതുങ്ങേണ്ടവനാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ലോകത്തിനു സത്യാസത്യ വിവേചനത്തിനായി നിയോഗിതരായ പ്രവാചകന്മാരെ വിശ്വസിക്കുവാനും അന്ത്യപ്രവാചകനെ അനുസരിക്കുവാനും ആഹ്വാനം ചെയ്യുന്നു. നീതിനിര്‍വഹണത്തിനു അപര്യാപ്തമായ ഈ ലോകത്തിനുശേഷം അനിവാര്യമായ പ്രതിഫലനാളിനെ കുറിച്ച് താക്കീത് നല്‍കുന്നു. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാനും, മുതിര്‍ന്നവരെ ബഹുമാനിക്കുവാനും കുട്ടികളോട് കരുണ കാണിക്കുവാനും, അയല്‍വാസി യോടും, നിരാലംബരോടും മാന്യമായി പെരുമാറാനും മനുഷ്യനെ പടിപ്പിക്കുന്നു. അക്രമവും അനീതിയും വിരോധിക്കുന്നു. എല്ലാം ഗ്രന്ഥത്തില്‍ പറഞ്ഞൊതുക്കിയില്ല ദൈവം. സകല തിന്മകളുടെയും വിളനിലമായിരുന്ന ഒരു സമൂഹത്തെ ഖുര്‍ആനിലൂടെ സമുദ്ധരിക്കപ്പെട്ട് ലോകത്തിനു മാത്യകയായി സമര്‍പ്പി ച്ചിരിക്കുന്നു.
കുടുംബങ്ങളിലൂടെ
സമൂഹത്തിന്റെ അടിത്തറയാണ്‍ കുടുംബം. സമൂഹത്തിലെ ഓരോ വ്യക്തിയും വിവിധ കുടുംബങ്ങളിലെ പിതാവോ, മാതാവോ, സഹോദരനോ, സഹോദരിയോ, ഭാര്യയോ, ഭര്‍ത്താവോ, മകനോ, മകളോ ആണ്. കെട്ടുറപ്പുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കേ നല്ല സമൂഹസ്യഷ്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാനാവൂ. കുറെ പണമുണ്ടായാലൊരു വീടുണ്ടാ‍ക്കാം. പക്ഷെ, വീട്ടിലെ ഓരോ അംഗങ്ങളും സമാധാനത്തോടും, ഇണക്കത്തോടും കൂടി വസിക്കുന്നിടത്തേ ഒരു ഗ്യഹം അഥവാ ഇസ്ലാം വിഭാവന ചെയ്യുന്ന ‘മസ്കന്‍’ രൂപപ്പെടൂ. വിടവുകളും വിങ്ങലുകളുമില്ലാത്ത സ്നേഹത്തിന്റെ ഉറവ വറ്റാത്ത ഊഷ്മളബന്ധങ്ങളുടെ ഉള്ളടക്കമാവണം നമ്മുടെ വീടുകള്‍. സുക്യതങ്ങളുടെയും നല്ല ശീലങ്ങളുടെയും ജീവിക്കുന്ന മാത്യകകളെ സമൂഹത്തിലേക്ക് പടച്ചുവിടേണ്ട പാഠശാലയാണത്. തീര്‍ച്ചയായും അതിന് ചില നിയമങ്ങളും, നിയന്ത്രണങ്ങളും പാലിക്കപ്പെടണം.
പ്രപഞ്ചത്തിലെ എല്ലാം ഇണകളായാണ്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നത്. വിവാഹത്തിലൂടെയാണ്‍ മനുഷ്യന്‍ ഇണയെ തിരഞ്ഞെടുക്കേണ്ടതും കുടുംബം രൂപപ്പെടുത്തേണ്ടതും. ഭര്‍ത്താവ് കുടുംബത്തില്‍ നേത്യത്വം നല്‍കേണ്ടവനും, ഭാര്യ ഭര്‍ത്താവിന്റെ സംരക്ഷണത്തില്‍ വീടും കുടുംബവും പരിപാലിക്കേണ്ടവരുമാണ്. ദൈവത്തിനു മാത്രം ചെയ്യേണ്ട പരമമായ കീഴ്വണക്കം ഏതെങ്കിലും സ്യഷ്ടിക്ക് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നെങ്കില്‍ അത് ഭര്‍ത്താവിന്റെ മുന്നില്‍ വണങ്ങാന്‍ ഭാര്യയോട്കല്പിക്കപ്പെടുമായിരുന്നുവെന്ന പ്രവാചകാദ്ധ്യാപനംഭര്‍ത്താവ് എന്ന സ്ഥാനത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്. സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരോട് ബാദ്ധ്യതയുള്ള പോലെ ന്യായമായ അവകാശങ്ങളുമുണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഒരാള്‍ തന്റെ ഭാര്യക്ക് വേണ്ടി ചെയ്ത പുണ്യങ്ങളാണ് അയാളുടെ നന്മയുടെ തുലാസില്‍ ആദ്യമായി വെക്കപ്പെടുകയെന്നു പറഞ്ഞു പ്രവാചകന്‍.
മാതാവ്, പിതാവ് എന്നീ സ്ഥാനങ്ങളുടെ പവിത്രത എടുത്തു പറയുന്നു ഇസ്ലാം. അവര്‍ക്ക് നന്മ ചെയ്യണമെന്നും, കരുണ കാണിക്കണമെന്നും, കയറ്ത്തൊരുവാക്കുപോലും പറയരുതെന്നും അവര്‍ക്ക് വേണ്ടി പ്രാറ്ത്ഥിക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു. വിശുദ്ധഖുര്‍ആന്‍ പതിനേഴാം അദ്ധ്യായത്തിലെ 23, 24 വചനങ്ങള്‍ ഈ സ്ഥാനത്തിന്റെ മാഹാത്മ്യംപൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതാണ്‍. മാതാപിതാക്കള്‍നല്‍കിയ ഭക്ഷണത്തിനോ, ചിലവാക്കിയ പണത്തിനോ പകരം നല്‍കാന്‍ പലര്‍ക്കുമാവും, പക്ഷെ അവര്‍ നല്‍കിയ സ്നേഹത്തിനും സഹിച്ച ത്യാഗങ്ങള്‍ക്കും പകരം വെക്കാന്‍ നമ്മുടെ പണത്തിനോ സ്ഥാനമാനങ്ങള്‍ക്കോ ആവില്ല.
സമൂഹത്തിലെ ഓരോ പൌരനും ഭൂമിയില്‍ ആദ്യം ലഭിക്കുന്ന സ്ഥാനം മകന്‍ അല്ലെങ്കില്‍ മകള്‍ എന്നതാണ്. മക്കളെ വളര്‍ത്തുന്നിടത്തു നിന്നും തുടങ്ങുന്നു സമൂഹത്തിന്റെ തെറ്റും ശരിയും. വീടും വസ്ത്രവും, ഭക്ഷണവും, വിദ്യാഭ്യാസവും നല്‍കിയാല്‍ മാത്രം തീരുന്നതല്ല മക്കളോടുള്ള കടമകള്‍. ധാര്‍മ്മിക മൂല്യങ്ങളും പ്രായത്തിനൊത്ത ശിക്ഷണങ്ങളും നല്‍കി പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ മരണശേഷവും അവനെ വിട്ടു പോകാത്ത മൂന്നു കാര്യങ്ങളിലൊന്നായി പ്രവാചകന്‍ വിവരിച്ചത് തനിക്കുവേണ്ടി പ്രാറ്ത്ഥിച്ചുകൊണ്ടിരിക്കുന്ന സന്താനത്തെക്കുറിച്ചാണ്. ചെറുപ്പത്തില്‍ ലഭിക്കുന്ന ശിക്ഷണങ്ങളും, പരിശീലനങ്ങളുമാണ് ഒരു വ്യക്തിയുടെ സ്വഭാവം രൂപീകരിക്കുന്നത്. ഒരു കുഞ്ഞിന്റെ ആദ്യ ഗുരുകുലം അവന്റെ വീടും ആദ്യ ഗുരുനാഥന്‍ മാതാവുമാണ്. പിതാവിന്റെ ക്രൂരതയും, ചെറുപ്പത്തില്‍ മാതാവില്‍ നിന്നും ലഭിക്കേണ്ട പരിലാളനയുടെ അപര്യാപ്തതയുമാണ് അഡോള്‍ഫ് ഹിറ്റ്ലറെ ലോകം കണ്ട ഏറ്റവും വലിയ ക്രൂരനാക്കുന്നതില്‍ നിര്‍ണ്ണായകപങ്കുവഹിച്ചതെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
ജനനം മുതല്‍ ഇരുപത്തിയൊന്നു വയസ്സുവരെയുളള ഒരു കുട്ടിയുടെ ജീവിതം മൂന്നായി ഭാഗിച്ചാല്‍ ആദ്യത്തെ ഏഴുവര്‍ഷം കുഞ്ഞിനുമതാപിതാക്കളില്‍ നിന്നും ലഭിക്കേണ്ടത് വാത്സല്യവും ലാളനയുമാണ്. ശേഷം പതിനാലുവയസ്സുവരെ പരിശിലനങ്ങളും, ശിക്ഷണങ്ങളും നല്‍കണം. അതില്‍ പത്തുവയസ്സു മുതല്‍ അനുസരിക്കാതെ വന്നാല്‍ ആവശ്യമായ ശിക്ഷകളും നല്‍കണം. പതിനാലു വയസ്സിനു ശേഷം അവറ്ക്ക് കൂടുതല്‍ പരിഗണന നല്‍കി കൂടെക്കൂട്ടണം. പതിനാലുവയസ്സിനു ശേഷം അവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി കൂടെക്കൂട്ടണം. പതിനാലു വയസ്സിനു ശേഷമുള്ള കാലം ഒരു കുട്ടിയെ സംബന്ധിച്ച് നിര്‍ണായമാണ്. സമൂഹത്തിലേക്കിറങ്ങിച്ചെന്ന് കൂട്ടുകൂടുന്ന ഈ സമയത്ത് രക്ഷിതാക്കളവനു കൂട്ടാവാതിരിക്കുകയും, നല്ല കൂട്ടുകാരോടൊപ്പം ചേര്‍ക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ വഴിപിഴച്ചുപോവുക എളുപ്പമായിരിക്കും. കുട്ടികളെ നിങ്ങള്‍ ‘ആദരിക്കണ‘മെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.
ഈ രീതിയില്‍ ചെറുപ്പം മുതലേ പരിഗണനയും പരിശീലനങ്ങളും ലഭിച്ചു വളരുന്ന ഒരു കുട്ടി തീറ്ച്ചയായും സമൂഹത്തില്‍ ഒരു മുതല്‍ കൂട്ടാവും. അതിനു രക്ഷിതാക്കള്‍ അവര്‍ക്ക് തികഞ്ഞ മാത്യകയാവണം. മാതാപിതാക്കള്‍ പരസ്പരം ശണ്ഡകൂടുന്ന വീട്ടിലെ മക്കള്‍ അച്ചടക്കമുളളവരാവില്ല. പുകവലിക്കുകയോ മദ്യപിക്കുകയോ പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന പിതാവ് ഒരിക്കലുമൊരു നല്ല മാത്യകയാവില്ല. വൈകുന്നേരങ്ങളില്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കു മുന്നില്‍ സമയം കളയുന്ന മാതാവ് കുട്ടികളെ പഠിക്കാന്‍നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമി ല്ല. ഖുര്‍ആനുമായൊരു ബന്ധവുമില്ലാത്ത രക്ഷിതാക്കള്‍ മക്കളോട് ഖുര്‍ആന്‍ പഠിക്കാന്‍ പറയുന്നത് ന്യായമല്ല.

വീണ്ടെടുപ്പ് പ്രയോഗവല്‍ക്കരണം
സമൂഹത്തിന്റെ അടിത്തറയായ കുടുംബങ്ങളില്‍ നിന്നാവണം സംസ്ക്കരണം ആരംഭിക്കേണ്ടത്. ടിവി സീരിയലുകളിലെ കണ്ണീര്‍സംഭാഷണങ്ങള്‍ കൊണ്ട് മലീമസമാകാറുളള നമ്മുടെ വീടുകള്‍ മാതാപിതാക്കളുടെയും കുട്ടികളുടെയും ഖുര്‍ആന്‍ പാരായണാങ്ങളും, പഠനങ്ങളും, പ്രാര്‍ത്ഥനകളും കൊണ്ട് ധന്യമാക്കണം. വിശേഷിച്ചും വൈകുന്നേരങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളോടൊപ്പം ചേര്‍ന്ന്‍ പഠനത്തിലവരെ സഹായിക്കണം. വീടുകളിലെ നമ്മുടെ ചര്‍ച്ചകളിലെ മുഖ്യവിഷയങ്ങള്‍ ദീനീചിന്തയും,ധാര്‍മ്മികബോധങ്ങളുമാവണം. പ്രവാചകനും സച്ചരിതരും നമ്മിലെ താരങ്ങളാവണം. അയല്‍വാസിയോട് മാന്യമായി പെരുമാറുകയും അനാഥകളെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുകയും വേണം.
തന്നെപ്പോലെ മറ്റുള്ളവരെയും പരിഗണിക്കുകയും അവരുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കുകയും വേണം. തിന്മപ്രവര്‍ത്തിക്കുന്നവര്‍ താന്‍ ചെയ്യുന്ന തിന്മകള്‍ കൊണ്ട് പ്രയാസപ്പെടുന്ന മറ്റുള്ളവരെക്കുറിച്ചു കൂടി ചിന്തിക്കണം. താന്‍ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്താല്‍ പ്രയാസപ്പെടുന്നത് തന്റെ ഭാര്യയും കുട്ടികളും കൂടിയാണെന്ന് മനസ്സിലാക്കണം. ഭാര്യക്കു പുറമെ ഒരാള്‍ ആഗ്രഹിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്ന സ്ത്രീ മറ്റാരുടെയോ മകളോ സഹോദരിയോ ഭാര്യയോ മാതാവോ ഒക്കെയാണെന്ന ബോധം വേണം. തിന്മകളിലേക്ക് വഴി നടത്തുന്നതെല്ലാം തിന്മയാണെന്ന് പഠിപ്പിച്ചു ഇസ്ലാം. ലഹരിയുണ്ടാക്കുന്നവയെല്ലാം വിരോധിച്ചിരിക്കുന്നു. പലിശയുടെ ഏറ്റവും ചെറിയ രൂപം പോലും ഒരാള്‍ തന്റെ മാതാവിനെ വ്യഭിചരിക്കുന്നത്ര കുറ്റമാണെന്ന് പ്രവാചകന്‍ വിശദീകരിക്കുന്നു. കണ്ണു കൊണ്ടോ മനസ്സു കൊണ്ടോ അന്യസ്ത്രീയെ ആഗ്രഹിക്കുന്നതു പൊലും വ്യഭിചാരത്തില്‍ പെട്ടതാണെന്ന് പഠിപ്പിക്കുന്നു.
തികഞ്ഞ ബോധവല്‍ക്കരണം തന്നെയാണാവശ്യം. വലിയ ജനാവലിയെ സംഘടിപ്പിച്ച് നടത്തപ്പെടാറുള്ള പ്രഭാഷണ പരിപാടികളേക്കാളേറെ കുടുംബങ്ങളിലേക്കിറങ്ങിച്ചെന്ന് നടത്തുന്ന ബോധവല്‍ക്കരണങ്ങള്‍ക്ക് സ്വാധീനം ചെലുത്താനാവും. ഒരു നൂറു പ്രശ്നങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അല്പമെങ്കിലും സാന്ത്വനമെത്തിക്കുവാനുളള സ്ഥിരം സംവിധാനങ്ങളെക്കുറിച്ച് നാം ചിന്തിക്കണം. കുടുംബ സദസ്സുകള്‍ക്കും, വനിതാ ബോധവല്‍ക്കരണ പരിപാടികള്‍ക്കും നാം പ്രാമുഖ്യം നല്‍കണം. കുടുംബങ്ങളിലെ പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെല്ലാം ഖുര്‍ആന്‍ പഠിക്കുവാനുളള സ്ഥിരംസംവിധാനമായ ഖുര്‍ആന്‍ ലേണിങ് സ്കൂളുകള്‍ ജനകീയമാവുകയും, വ്യാപകമാവുകയും ചെയ്താല്‍ ഇരുളുകള്‍ നീങ്ങാതിരിക്കില്ല. വെള്ളിയാഴ്ചകളിലെ ഖുത്ബകള്‍സാന്ദര്‍ഭികവും, സമ്പുഷ്ടവുമാക്കുന്നതോടൊപ്പം സ്ത്രീകളും കുട്ടികളും ജുമുഅകളില്‍ കൂടുതല്‍ താല്പര്യത്തോടെ പങ്കെടുക്കുകയും വേണം.
നെറ്റ് വര്‍ക്ക് സൌഹ്യദങ്ങളുടെ ഈ ഹൈടെക്ക് യുഗത്തില്‍ പുതുമോടികള്‍ തേടിപ്പോവുന്ന പുതുതലമുറയെ ഒരായിരം വിലക്കുകളില്‍ തളച്ചിടുന്നത് പ്രായോഗികമാവില്ല. നിത്യനൂതനവും, സര്‍വകാലപ്രസക്തവുമായ ഇസ്ലാം തലമുറകളെ ആകര്‍ഷിക്കുമാര്‍ അവതരിപ്പിക്കാന്‍ പണ്ഡിതന്മാര്‍ക്കും രക്ഷിതാക്കള്‍ക്കും മതപ്രബോധകര്‍ക്കും സാധിക്കണം. ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ ഗുണവശങ്ങള്‍ ഉപയോഗപ്പെടുത്തുകയെന്നതിലുപരി നന്മയുടെ പ്രചാരണത്തില്‍ വിവരസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുകയും അവയിലെ ചതിക്കുഴികളെയുംഅസാന്മാര്‍ഗിക പ്രവണതകളെയും പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതികളാവിഷ്കരിക്കുകയും വേണം. കുട്ടികള്‍ ചതികളില്‍ പെടാതിക്കാന്‍ തീര്‍ചയായും രക്ഷിതാക്കള്‍ ഇ സാക്ഷരരാവുകയെന്നതായിരിക്കും ക്രിയാത്മകവും കൂടുതല്‍ പ്രായോഗികവും.
സംസ്കരിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരില്‍ പലര്‍ക്കും ആ സംസ്കരണം ഉള്‍കൊണ്ട് ജീവിക്കാ‍നാവുന്നില്ല. വിശ്വാസ കാര്യങ്ങള്‍ പൂര്‍ണ്ണമായുംപ്രമാണാനുസ്യതമാക്കിയ ഒരു കൂട്ടം ആളുകള്‍കര്‍മ്മരംഗത്ത് അതുള്‍കൊണ്ട് ജീവിക്കുകയും സമൂഹത്തിലെ എല്ലാ നല്ല പ്രവര്‍ത്തനങ്ങളിലും സജീവമാവുകയും തിന്മകളെ നന്മകള്‍ കൊണ്ട് പ്രതിരോധിക്കുകയും ചെയ്താല്‍ അവര്‍ മാത്യകാ സമുദായമായിരിക്കും, ആ സമുദായം ഉത്തമമായിരിക്കും.
“നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ, അവരത്രെ വിജയികള്‍. വ്യക്തമായ തെളിവുകള്‍ വന്നു കിട്ടിയ ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെ പോലെ നിങ്ങളാവരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുളളത്”.ഖുര്‍ആന്‍ 3: 104,105)