Saturday, March 16, 2013

സാമൂഹ്യ സുരക്ഷിതത്വം, വെല്ലുവിളികളും പരിഹാരങ്ങളും


(‘വിശ്വാസം, വിശുദ്ധി, നവോത്ഥാനം’ എന്ന പ്രമേയത്തെ ആസ്‌പദമാക്കി സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ തലത്തില്‍ സംഘടിപ്പിച്ച കാമ്പയിന്റെ ഭാഗമായി ‘സാമൂഹ്യ സുരക്ഷിതത്വം, വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ നടത്തിയ ദേശീയ പ്രബന്ധരചന മത്സരത്തില്‍ എനിക്ക് ഒന്നാം സ്ഥാനം നേടിത്തന്ന പ്രബന്ധം) 

      ലോകം അരക്ഷിതാവസ്ഥയുടെ അഗാധതയിലേക്ക് പതിക്കുകയാണ്. ആഗോള സാമ്പത്തിക തകര്‍ച്ചയും, തൊഴിലില്ലായ്‌മയും വികസിത രാഷ്‌ട്രങ്ങളുടെ പോലും പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും, അതിര്‍ത്തി തര്‍ക്കങ്ങളും അകല്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം അപരിഹാര്യമായി തുടരുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ ലോകരാഷ്‌ട്രങ്ങളുടെ താളം തെറ്റിക്കുകയാണ്. ധാര്‍മ്മികരംഗം തകര്‍ച്ച നേരിടുന്ന യൂറോപ്യന്‍ സമൂഹം മുമ്പൊന്നും അനുഭവിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂടി നീങ്ങിക്കൊണ്ടിരിക്കുന്നതായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള നയതന്ത്രത്തിന്റെ കാവല്‍ക്കാരാവേണ്ട ഐക്യരാഷ്‌ട്ര സഭയെ നോക്കുകുത്തിയാക്കി നിര്‍ത്തി അമേരിക്കന്‍ സാമ്രാജ്യത്വം ലോകപോലീസ് ഏറ്റെടുത്തതോടെ അറബ് രാഷ്‌ട്രങ്ങളടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷ രാഷ്‌ട്രങ്ങള്‍ നാള്‍ക്കുനാള്‍ അസ്ഥിരമായിക്കൊണ്ടിരിക്കുന്നു. ഭരണാധികാരികളോടും ഏകാധിപതികളോടുമുള്ള സ്വാഭാവിക മാനുഷിക വികാരത്തെ ആളിക്കത്തിച്ച് അറബ്‌വസന്തവും, മുല്ലപ്പൂ വിപ്ലവവും തീര്‍ത്ത സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ പല്ലും നഖവും കൂടുതല്‍ ആഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്. അഫ്‌ഗാനിസ്ഥാന്‍ ‍, പാക്കിസ്ഥാന്‍ ‍, ഇറാഖ്, ലിബിയ, തുണീഷ്യ, ഈജിപ്റ്റ്, സിറിയ തുടങ്ങിയ രാജ്യങ്ങളെയെല്ലാം തങ്ങളുടെ കോളനികളോ വരുമാന സ്രോതസ്സുകളോ ആക്കി മാറ്റിയ അമേരിക്ക ഇറാനിലേക്കുള്ള ഊഴം മെനയുന്ന തിരക്കിലാണ്.