Tuesday, May 29, 2012

‘ജനകീയം‘ (ക്ഷമിക്കണം ബ്രാക്കറ്റുണ്ട്)


മുജൈശേരി ഗ്രാമവാസികള്‍ എല്ല്ലാവരും ചേര്‍ന്ന് തുല്യസംഖ്യ വീതിച്ചെടുത്ത് വാങ്ങിയ ആ ബസ്സിന് അവര്‍ ‘ജനകീയം’ എന്നു പേരിട്ടു. ഇടുങ്ങിയ റോഡിലൂടെ ഏറെ വളവും തിരിവും പ്രയാസകരമായ കയറ്റിറക്കങ്ങളും സഹിച്ച് ബസ്സോടിക്കുവാന്‍ ബസ്സ് മുതലാളിമാര്‍ തയ്യാറാവാത്തതിനാല്‍ യാത്രാക്ലേശത്തിലായിരുന്ന ഗ്രാമവാസികള്‍ക്ക് ഇതോടെ ആശ്വാസമായി. ആഘോഷത്തോടെ അവര്‍ ബസ്സിനെ സ്വീകരിച്ചു. തങ്ങള്‍ക്ക് ആശുപത്രിയില്‍ പോവാന്‍, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാന്‍, കല്ല്യാണ, വിരുന്ന് സല്‍ക്കാരങ്ങള്‍ക്ക് പോവാന്‍ തങ്ങളുടെയെല്ലാം വിയര്‍പ്പില്‍ നിന്ന് അല്‍പം മാറ്റിവെച്ച് വാങ്ങിയ ബസ്സ്. പ്രത്യേക സ്റ്റോപ്പ് ഇല്ല, എവിടുന്നും കയറാം, എവിടെയും ഇറങ്ങാം. ഒരുമയോടെയും, സന്തോഷത്തോടെയും ‘ജനകീയം’ ബസ്സ് സേവനപാതയില്‍ മികച്ചു നിന്നു. ഗ്രാമവാസികളില്‍ നിന്നും വോട്ടെടുപ്പിലൂടെ അവര്‍ ബസ്സ് മാനേജറെയും ജോലിക്കാരെയും തിരഞ്ഞെടുക്കുന്നതിനാല്‍ ജനകീയം ബസ്സിന്റെ നടത്തിപ്പും ജനകീയമായി.
നാട്ടു പ്രമാണിമാരില്‍ ചിലര്‍ നടത്തിയ കൂടിയാലോചനയിലൂടെ അവരിലെ തന്നെ മുതിര്‍ന്നവനായ നാണുമാഷെ അവര്‍ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ബസ് മാനേജറായി തീരുമാനിച്ച.  വോട്ടെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെട്ട ജീവനക്കാരും നാണുമാ‍ഷും ചേര്‍ന്ന് ‘ജനകീയം’ ബസ്സിനെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയാണ്. ബസ്സിലെ ജീവനക്കാരാവാന്‍ വേണ്ടി മത്സരിച്ച് പരാജയപ്പെട്ട ചിലര്‍ക്ക് ഇത് സഹിച്ചില്ല. അസൂയയും കുശുമ്പും മൂത്ത അവര്‍ ചില തല്‍പ്പര കക്ഷികളോടൊപ്പം ചേര്‍ന്ന് ഗൂഡാലോചനകള്‍ നടത്താന്‍ തുടങ്ങി. നാണുമാഷെയും ജോലിക്കാരെയും ഒരുമിച്ച് എതിര്‍ത്താല്‍ തങ്ങളുടെ ശ്രമം പരാജയപ്പെടുമെന്ന് മനസ്സിലാക്കിയ അവര്‍ ഇരുവരെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമമായി. നാണു മാഷോട് സ്നേഹം അഭിനയിച്ച് വശത്താക്കുവാനും ജീവനക്കാരെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുവാനുമായി അടുത്ത ശ്രമം. ബസ്സില്‍ നിന്നും ലഭിക്കുന്ന വരുമാനം നാണുമാഷെ പറ്റിച്ച് ജീവനക്കാര്‍ അനധികൃതമായി സമ്പാദിക്കുന്നുണ്ടെന്ന കളവ് അവര്‍ വ്യാപകമായി പ്രചരിപ്പിച്ചു.  ആദ്യമൊക്കെ തല്‍പ്പര കക്ഷിയെ അവഗണിച്ച നാണുമാഷ് കുറച്ചെങ്കിലും അവരുടെ വലയില്‍ കുടുങ്ങാന്‍ തുടങ്ങി. ഇപ്പോഴുള്ള ജീവനക്കാരെ പുറത്താക്കി തങ്ങള്‍ക്ക് ജോലി നല്‍കിയാല്‍ ജീവിതകാലം മുഴുവന്‍ മാനേജറായി തുടരാന്‍ സഹായിക്കാമെന്നും മാഷുടെ സ്വന്തക്കാര്‍ക്ക് ബസ്സില്‍ സ്ഥിരമായി ജോലി നല്‍കാമെന്നും അവര്‍ വാഗ്ദാനം ചെയ്‌തതോടെ നാണുമാഷും ജീവനക്കാരില്‍ നിന്ന് അകലാന്‍ ശ്രമിച്ചു.

നാണുമാഷെ വഞ്ചിക്കുന്നുണ്ടെന്നും അനധികൃതമായി പണം സമ്പാദിക്കുന്നുണ്ടെന്നും തല്‍പ്പരകക്ഷിക്കാര്‍ ആണയിട്ടു പറയാന്‍ തുടങ്ങിയതോടെ നാട്ടുകാരും ചിലര്‍ ജീവനാക്കാരെ തെറ്റിദ്ധരിച്ചു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും തല്‍പ്പരകക്ഷിക്കാര്‍ പുതിയ പുതിയ കളവുകള്‍ ആണയിട്ടു പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെ നാണുമാഷ് ജീവനക്കാരെ പിരിച്ചുവിട്ട് തല്‍പ്പരകക്ഷിയില്‍ നിന്നും പുതിയ അഡ്‌ഹോക്ക് ജോലിക്കാരെ പ്രഖ്യാപിച്ചു. ജനകീയമായി തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ പേരില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാതെ ജോലിയില്‍ നിന്നും പിരിഞ്ഞു പോവില്ലെന്ന് ജീവനക്കാരും പ്രഖ്യാപിച്ചതോടെ മുജൈശേരി ഗ്രാമം സംഘര്‍ഷഭരിതമായി. ജീവനക്കാര്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളൊക്കെ പുതിയ ആരോപണങ്ങളിലൂടെ തല്‍പ്പരകക്ഷിക്കാര്‍ പ്രതിരോധിച്ചു.

അവസാനം നാണുമാഷെക്കൊണ്ട് തല്‍പ്പരകക്ഷിക്കാര്‍ പോലീസില്‍ പരാതി കൊടുപ്പിച്ചു. തലേ ദിവസം രാത്രി നിര്‍ത്തിയിട്ട ബസ്സ് പിരിച്ചു വിടപ്പെട്ട ജീവനക്കാര്‍ തല്ലിപ്പൊളിക്കാന്‍ വന്നുവെന്നും, തങ്ങള്‍ ഇടപെട്ടതിനാല്‍ അവര്‍ തല്‍ക്കാലം പിരിഞ്ഞു പോയെന്നും, കൂടുതല്‍ ശക്‌തിയില്‍ അടുത്ത് തന്നെ അവര്‍ ബസ്സ് തല്ലിപ്പൊളിക്കാന്‍ വരുമെന്നും അതിനാല്‍ ‘ജനകീയം’ ബസ്സില്‍ കയറുവാനോ, ജോലി ചെയ്യുവാനോ ഈ ജീവനക്കാരെ അനുവദിക്കരുത് എന്നുമായിരുന്നു പരാതി. കള്ളക്കേസ് കൊടുക്കുവാന്‍ നാണുമാഷ് ആദ്യമൊന്ന് മടിച്ചെങ്കിലും കേസ് ജയിക്കുവാന്‍ ഇതേ മാര്‍ഗ്ഗമുള്ളൂവെന്നും പറഞ്ഞ് അസൂയക്കാര്‍ നാണുമാഷെക്കൊണ്ട് പരാതിയില്‍ ഒപ്പിടുവിച്ചു.

കേസ് തീരുമാനമാവുന്നത് വരെ ബസ്സില്‍ കയറുന്നതിനെ തൊട്ട് പോലീസ് ജീവനക്കാരെ വിലക്കിയതോടെ അവര്‍ അവരുമായി സഹകരിക്കാന്‍ തയ്യാറുള്ളവരെയെല്ലാം ചേര്‍ത്ത് പുതിയൊരു മിനിബസ്സ് വാങ്ങി ‘ജനകീയം’ എന്നു പേരിട്ടു സമാന്തര സര്‍വ്വീസ് ആരംഭിച്ചു. ഇതോടെ ഗ്രാമവാസികള്‍ രണ്ടുവിഭാഗമാവുകയും തങ്ങളുടേതാണ് യഥാര്‍ത്ഥ ‘ജനകീയം’ എന്ന് വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യാന്‍ തുടങ്ങി.

ഗ്രാമത്തിലെ ജനങ്ങള്‍ രണ്ടു ബസ്സുകളിലായി പിരിഞ്ഞതോടെ നഷ്‌ടത്തിലായ പഴയ ബസ്സ് തല്‍പ്പരകക്ഷിക്കാര്‍ പലപ്പോഴും റൂട്ട് മാറ്റി ഓട്ടി. മാത്രമല്ല, പല കാരണങ്ങള്‍ പറഞ്ഞ് ‘കലക്‌ഷന്‍’ അടക്കാതിരുന്നു. വിഷമത്തിലായ നാണു മാഷ് പല ജോലിക്കാരെയും മാറി മാറി പരീക്ഷിച്ചു. പലപ്പോഴും ജോലിക്കാര്‍ തമ്മില്‍ വഴക്കായി. ബസ്സ് സര്‍വീസ് അവതാളത്തിലായതോടെ ഗ്രാമത്തിലെ പലരും അവരുടേതായ ഗ്രൂപ്പുകളായി ബസ്സില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഒരു ടീം നിര്‍ത്തിയിട്ട ബസ്സ് അവര്‍ തിരിച്ച് വരുന്നതിന് മുമ്പായി മറ്റൊരു ടീം ഓടിച്ചു പോവും. അവരെ വഴിയില്‍ തടഞ്ഞു മൂന്നാമത്തെ ടീം ബസ്സുമായിപ്പോവും. വഴക്കുകള്‍ പലപ്പോഴും കയ്യാങ്കളിയിലേക്കെത്തിയതോടെ നാണു മാഷ് ബസ്സ് നിര്‍ത്തിയിടീച്ച് താക്കോല്‍ വാങ്ങി വെച്ചു.

പഴയ ‘ജനകീയ’ ജീവനക്കാരെ തിരിച്ചു വിളിച്ച് ബസ്സ് ഏല്‍പിക്കാന്‍ ചിലരെങ്കിലും നാണു മാഷെ ഉപദേശിച്ചെങ്കിലും മറുഭാഗത്ത് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞവര്‍ പലരും തന്റെ ബന്ധുക്കളോ തന്നെ അവിഹിതമായി സഹായിച്ചവരോ തന്നില്‍ നിന്ന് സഹായം പറ്റിയവരോ ആയതിനാല്‍ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ സാധിക്കാതെ നാണുമാഷ് വിഷമത്തിലായി.

കട്ടയില്‍ കയറിയ ബസ്സിനെയും അവര്‍ വെറുതെ വിട്ടില്ല, ചിലര്‍ ബസ്സിന്റെ സീറ്റില്‍ കയറിയിരുന്ന് വീര്യം പറഞ്ഞ് അവകാശം സ്ഥാപിച്ചു. മറ്റു ചിലര്‍ ബസ്സിന്റെ മുകളില്‍ കയറിയിരുന്ന് അഹങ്കാരം പറയാന്‍ തുടങ്ങി. ഇവരാരും കാണാതെ ‘തീവ്രവാദി ടീം‘ ബസ്സിന്റെ അടിഭാഗത്ത് പ്രവേശിച്ച് എഞ്ചിന്‍ ഭാഗങ്ങള്‍ അഴിച്ചു മാറ്റാന്‍ തുടങ്ങി. ആരെന്തൊക്കെ ചെയ്‌താലും ബസ്സിന്റെ ചാവി എന്റെയടുത്താണല്ലോ എന്ന് നാണു മാഷും സമാധാനിച്ചു. വീട്ടില്‍ വരുന്നവരോടും ഫോണില്‍ വിളിക്കുന്നവരോടും വിഷമം പറഞ്ഞും നിശ്വസിച്ചും നാണുമാഷ് സങ്കടപ്പെട്ടു. എന്തൊക്കെ സംഭവിച്ചാലും താക്കോല്‍ ഇവിടെയുണ്ടല്ലോ എന്ന് സ്വന്താക്കാര്‍ നാണുമാഷെ സമാധാനിപ്പിച്ചു. വീടിന്റെ വരാന്തയിലിരുന്ന് താക്കോല്‍ വിരലിലിട്ട് കറക്കി ബസിന്റെ ബോര്‍ഡിലേക്കും നോക്കിയിരുന്ന് നാണുമാഷ് ദിവസങ്ങള്‍ തള്ളിനീക്കി. ‘ബസ് കട്ടയിലായാലും ജനകീയ ജീവനക്കാര്‍ക്ക് കിട്ടിയില്ലല്ലോ‘യെന്ന സന്തോഷത്തില്‍ മാത്രം നാണു മാഷും വിവിധ ഗ്രൂപ്പുകളും യോജിച്ചു.

എഞ്ചിന്‍ ഭാഗങ്ങള്‍ തീര്‍ന്നതോടെ ‘തീവ്രവാദി ടീം’ ബസ്സിന്റെ സീറ്റുകളും ബോഡിയും വെട്ടിപ്പൊളിക്കാന്‍ തുടങ്ങി. ഇതോടെ സീറ്റിലിരിക്കുന്നവരും ബസ്സിന്റെ മുകളിലിരിക്കുന്നവരും തീവ്രവാദികളെ കയ്യോടെ പിടികൂടിത്തുടങ്ങി. പാത്തും പതുങ്ങിയും മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് തീവ്രവാദി ടീം അവരുടെ പ്രയത്നം തുടര്‍ന്നു. ബസ്സ് പൊളിയാന്‍ പോവുന്നുവെന്ന് ബോധ്യം വന്ന വിവിധ ഗ്രൂപ്പുകള്‍ നാണുമാഷറിയാതെ പുതിയ ബസ്സുകള്‍ വാങ്ങിച്ച് വെച്ച് സമാന്തര സര്‍വ്വീസിന് തയ്യാറെടുത്തു.


ഇതിനിടെ പഴയ ജനകീയം ജീവനക്കാര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ കോടതി വിസ്‌താരം നടന്നു. ഇവരുടെ മിനിബസ് സര്‍വീസ് നിര്‍ത്തിവെപ്പിക്കണമെന്ന് നാണുമാഷ് കോടതിയോട് ആവശ്യപ്പെട്ടു. പഴയ ബസ്സ് കട്ടയില്‍ കയറിയതിനാല്‍ ഗ്രാമവാസികളുടെ സൌകര്യം മാനിച്ച് നാണുമാഷുടെ അഭ്യര്‍ത്ഥന കോടതി നിരാകരിച്ചു. ജനകീയം എന്ന പേര് രണ്ട് ബസ്സിലും ഉപയോഗിക്കുന്നത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതിനാല്‍ പുതിയ ബസ്സിന്റെ ‘ജനകീയം’ പേര് നിരോധിക്കണമെന്നായി നാണുമാഷ്. അവര്‍ ജനകീയത്തിന്റെ ആളുകളായതിനാല്‍ നിരോധിക്കാനാവില്ലെന്നും തിരിച്ചറിയാന്‍ മിനി ബസ്സിന്റെ പേരിനു കൂടെ ബ്രാക്കറ്റില്‍ വല്ലതും കൂട്ടിച്ചേര്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അവര്‍ ജനകീയം(മിനിബസ്) എന്നു പേരു മാറ്റി.

വിവിധ കക്ഷികളുടേതായി അര ഡസനിലധികം ബസ്സുകള്‍ ഇപ്പോള്‍ മുജൈശേരി ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും വേണ്ടത് പഴയ ബസ്സിന്റെ മുകളിലെ ‘ജനകീയം’ എന്ന ബോര്‍ഡ് തന്നെ. ദിനേന മൂന്നോ നാലോ തവണ എല്ലാവരും ഈ ബോര്‍ഡ് പൊളിഞ്ഞു വീണോ എന്നു സന്ദര്‍ശിക്കുന്നുണ്ട്. ചിലര്‍ ബസ്സിന്റെ അടുത്ത് തന്നെ കുടില്‍ വെച്ചു കെട്ടി കാവലിരിക്കുകയാണ്.  നാണുമാഷാണെങ്കില്‍ ആ ബോര്‍ഡില്‍ നിന്ന് ഒരു കയര്‍ തന്റെ വീടിന്റെ ജനലിനോട് ബന്ധിച്ചിട്ടുമുണ്ട്.  

ചിലര്‍ നാണുമാഷുടെ കാലശേഷം ബോര്‍ഡും താക്കോലും കിട്ടാനുള്ള ശ്രമം നടത്തുമ്പോള്‍ മറ്റു ചിലര്‍ മാഷ് ഉറങ്ങുമ്പോള്‍ അടിച്ചു മാറ്റിപ്പോവാനുള്ള ശ്രമത്തിലാണ്. തീവ്രവാദി ടീം ഉണര്‍ന്നിരിക്കുന്ന മാഷുടെ കണ്ണുവെട്ടിച്ച് ബോര്‍ഡും താക്കോലും കൊണ്ടുപോവാനുള്ള തയ്യാറെടുപ്പിലുമാണ്. നാണുമാഷ് തികഞ്ഞ ജാഗ്രതയിലും. പക്ഷെ പ്രായാധിക്യം പലപ്പോഴും മാഷെ തളര്‍ത്തുന്നുണ്ട്. മുജൈശേരി ഗ്രാമം ഇപ്പോള്‍ ഫലമറിയാനുള്ള കാത്തിരിപ്പിലാണ്.


ഗ്രാമത്തിലെ ആളുകള്‍ക്ക് ആശ്വാസമായി ജനകീയം (മിനിബസ്) യാത്ര തുടരുന്നുണ്ട്.   മുമ്പൊക്കെ മിനിബസ്സിനെ അറപ്പോടെ കണ്ടിരുന്ന ചിലരൊക്കെ ചിലപ്പോഴെങ്കിലും ബസ്സില്‍ കയറാന്‍ തുടങ്ങിയിട്ടുണ്ട്. ചിലര്‍ ബസ് ജീവനക്കാരറിയാതെ കോണിയില്‍ തൂങ്ങിയും മറ്റും യാത്ര ചെയ്യുന്നുണ്ട്. ചിലര്‍ വാശിയില്‍ പ്രയാസപ്പെട്ട് നടക്കുക തന്നെയാണ്.

തങ്ങള്‍ക്ക് നീതിനിഷേധിച്ചവരുടെ സ്വാഭാവിക പരിണിതി എന്താവുമെന്ന് നോക്കി ‘ജനകീയം (മിനിബസ്സ്) ജീവനക്കാരും അവരെ അനുകൂലിക്കുന്നവരും ഇപ്പോള്‍ ഗ്യാലറിയില്‍ കളി കാണുകയാണ്.

12 comments:

 1. ആളുകളുടെ തിരക്ക് കണക്കിലെടുത്ത് മിനിബസ്സ് മാറ്റി ഒരു വലിയ ബസ്സാണ് ഇപ്പോള്‍ ജനകീയക്കാരുടെതായി (ബ്രാക്കറ്റ്) മുജൈശേരി ഗ്രാമത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്നത്.

  ReplyDelete
  Replies
  1. ബ്രാക്കറ്റിലും രേഖകളിലും 'മിനിബസ്' എന്ന് മതി.

   Delete
 2. നന്നയിട്ടുണ്ട്, ചെങ്ങറ സാഹിബിന് അഭിനന്ദനങ്ങള്‍

  ReplyDelete
 3. തൊഴിലാളി തര്‍ക്കം തീര്‍ക്കാന്‍ വന്ന നേതാവ് എല്ലാ ഷെയറും വാങ്ങി എന്നു കേട്ടത് ശരിയാണോ ?
  കഥയില്‍ പാത്രങ്ങള്‍ ഇല്ല കഥാപാത്രങ്ങള്‍ മാത്രം!
  :)

  ReplyDelete
  Replies
  1. ശരികള്‍ പുസ്തകം എഴുതാന്‍ മാത്രമുണ്ടല്ലോ

   Delete
 4. ഗ്രാമത്തിലെ ആളുകള്‍ക്ക് ആശ്വാസമായി ജനകീയം (മിനിബസ്) യാത്ര തുടരുന്നുണ്ട്. മുമ്പൊക്കെ മിനിബസ്സിനെ അറപ്പോടെ കണ്ടിരുന്ന ചിലരൊക്കെ ചിലപ്പോഴെങ്കിലും ബസ്സില്‍ കയറാന്‍ തുടങ്ങിയിട്ടുണ്ട്. ചിലര്‍ ബസ് ജീവനക്കാരറിയാതെ കോണിയില്‍ തൂങ്ങിയും മറ്റും യാത്ര ചെയ്യുന്നുണ്ട്. ചിലര്‍ വാശിയില്‍ പ്രയാസപ്പെട്ട് നടക്കുക തന്നെയാണ്. :D

  ReplyDelete
 5. അല്ല കുട്ട്യോളെ ,ഞ്ഞി അടുത്ത ബസ്സ്‌ എപ്പോളാ

  ReplyDelete