Monday, August 27, 2012

മദാഇന്‍ സ്വാലിഹ് : ഒരു ചരിത്രാന്വേഷണ യാത്ര


ദൈവാനുഗ്രഹങ്ങളും കല്പനകളും മറന്ന് ധിക്കാരികളും താന്തോന്നികളുമായി ജീവിച്ച ജനസമൂഹത്തിലേക്ക് ദൈവ ദൂതന്മാര്‍ നിയോഗിക്കപ്പെടുകയും സമൂഹത്തിലെ ഭൂരിപക്ഷം പ്രവാചകന്മാരെ നിഷേധിക്കുകയും അക്രമം പ്രവര്‍ത്തിക്കുകയും ചെയ്ത കാരണാത്താല്‍ വലിയ ദൈവിക ശിക്ഷകളിലൂടെ ആ സമൂഹത്തെ തന്നെ ഉന്മൂലനാശം വരുത്തുകയും ചെയ്ത വിവിധ സംഭവങ്ങള്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.

വെള്ളപ്പൊക്കത്തിലൂടെ നശിപ്പിക്കപ്പെട്ട നൂഹ് (അ) നബിയുടെ സുമേറിയന്‍ ജനത, ഏഴ് രാത്രിയും ഏഴ് പകലും നീണ്ട കൊടുങ്കാറ്റിലൂടെ നശിപ്പിക്കപ്പെട്ട ഹൂദ് (അ) നബി നിയോഗിക്കപ്പെട്ട ആദ് സമുദായം, ഘോര ശബ്ദത്തിലൂടെ ഉന്മൂലനാശം വരുത്തിയ സ്വാലിഹ് (അ) നബിയുടെ ഥമൂദ് ഗോത്രം, ഭൂകമ്പത്തിലൂടെ നശിപ്പിക്കപ്പെട്ട ശുഐബ് (അ) നബി നിയോഗിതനായിരുന്ന മദായിന്‍ സമൂഹം, ചെങ്കടലില്‍ മുക്കി നശിപ്പിക്കപ്പെട്ട മൂസ (അ) നബി നിയോഗിതനായ ഈജിപ്റ്റിലെ ഫറോവമാരുടെ കീഴിലെ ജനത തുടങ്ങിയവയെല്ലാം എന്നെന്നേക്കുമുള്ള  ജനതക്ക് പാഠമായി ഖുര്‍ആന്‍ കഥ വിവരിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചരിത്രാവശിഷ്ടങ്ങള്‍ ബാക്കിയാക്കപ്പെടുകയും ചെയ്ത സംഭവങ്ങളാണ്. ഭൂമിയിലൂടെ സഞ്ചരിക്കുവാനും അക്രമികളും കുറ്റവാളികളുമായിട്ടുള്ളവരുടെ പര്യവസാനം എങ്ങനെയെന്ന് കണ്ടുമനസ്സിലാക്കുവാനും ഖുര്‍ആന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.


ഈ രീതിയില്‍ നശിപ്പിക്കപ്പെട്ട ഥമൂദ് ഗോത്രത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ബാക്കി നില്‍ക്കുന്ന സൌദി അറേബ്യയിലെ മദായിന്‍ സ്വാലിഹിലേക്ക് ജിദ്ദയില്‍ നിന്നും ഞങ്ങള്‍ നടത്തിയ ഒരു യാത്രയുടെ ഹ്രസ്വ വിവരണമാണിവിടെ.


 മദീനയില്‍ നിന്നും 370 കിലോമീറ്റര്‍ വടക്ക് ഭാഗത്തുള്ള അല്‍ഉല പട്ടണത്തില്‍ നിന്നും 25 കിലോ മീറ്റര്‍ അകലെ 13.5 കിലോമീറ്ററോളം ചുറ്റളവില്‍ വ്യാപിച്ച് കിടക്കുന്ന കൂറ്റന്‍ പാ‍റമലകള്‍ അടങ്ങുന്ന പ്രദേശമാണ് ‘ഹിജ്‌ര്‍‘ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മദായിന്‍ സ്വാലിഹ്. 

വിശുദ്ധ ഖുര്‍ആന്‍ സൂറ അഅറാഫ് (73 -75), സൂറ ഹൂദ് (61-68), സൂറ ശുഅറാ‍അ് (141-159), സൂറ നംല് (45-53) തുടങ്ങിയിടങ്ങളില്‍ ആവര്‍ത്തിച്ച് വിശദീകരിക്കുന്നതനുസരിച്ച് ഥമൂദ് ഗോത്രത്തിന്റെ ചരിത്രം ഇങ്ങനെയാണ്.

  ഏകദേശം 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്ന സമുദായമാണ് ഥമൂദ് ഗോത്രം. അവരിലേക്ക് അല്ലാഹു നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു സ്വാലിഹ് നബി (അ). സമതലങ്ങളില്‍ വലിയ ഗോപുരങ്ങള്‍ നിര്‍മ്മിക്കുകയും പാറകള്‍ തുരന്ന് വലിയ വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്ന ഈ സമൂഹം ദൈവാനുഗ്രഹങ്ങള്‍ വിസ്‌മരിച്ച് അഹങ്കരിക്കുകയും ഏകദൈവാരാധനയില്‍ നിന്ന് അകലുകയും ചെയ്തപ്പോള്‍ സ്വാലിഹ് (അ) അവരെ ഏകദൈവാരാധനയിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പ്പിക്കുകയും ചെയ്തു. സ്വാലിഹ് നബിയില്‍ വിശ്വസിക്കുവാന്‍ തക്ക ദൃഷ്ടാന്തങ്ങള്‍ അവര്‍ ആവശ്യപ്പെട്ടപ്പോള്‍ അല്ലാഹു അസാധാരണമാം വിധം ഒരു ഒട്ടകത്തെ സൃഷ്ടിക്കുകയും അതിനെ അക്രമിക്കരുത് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അവര്‍ വെള്ളം കുടിക്കുന്ന കിണറില്‍ നിന്ന് ആഴ്ചയില്‍ ഒരു ദിവസം വെള്ളം കുടിക്കുവാന്‍ ഈ ഒട്ടകത്തിനും ബാക്കി ആറു ദിവസം ഥമൂദ് ജനതക്കും ഊഴം നിശ്ചയിച്ചു നല്‍കി. എന്നാല്‍ അക്രമികളായ ആ ജനത ഇത് ലംഘിക്കുകയും ഒട്ടകത്തെ കൊന്നുകളയുകയും ചെയ്തു. യാതൊരു നന്മയും ചെയ്യാത്ത തിന്മകള്‍ മാത്രം കൈമുതലായുള്ള ഒമ്പത് ആക്രമി സംഘങ്ങള്‍ ഇവിടെയുണ്ടായിരുന്നു. അവര്‍ സ്വാലിഹ് (അ) നബിയെയും ജനതയെയും കൊലചെയ്യുവാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. എന്നാല്‍ അല്ലാഹു അവരുടെ തന്ത്രങ്ങള്‍ പരാജയപ്പെടുത്തി സ്വാലിഹ് (അ) നബിയെയും ജനതയെയും രക്ഷപ്പെടുത്തി. ഘോര ശബ്ദത്തിലൂടെ കമിഴ്ന്ന് വീണ് കിടക്കുന്ന രീതിയില്‍ അവരെ നശിപ്പിക്കുകയും മുമ്പെങ്ങും ഇവിടെ ജീവിച്ചിട്ടില്ലാത്തവിധം ഉന്മൂലനാശം വരുത്തുകയും ചെയ്തു.

ദൈവികശിക്ഷയിറങ്ങിയ പ്രദേശമെന്ന നിലക്ക് മാത്രം പരിഗണിക്കപ്പെട്ടിരുന്ന ഈ പ്രദേശം 2008 ല്‍ യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടി. സൌദി അറേബ്യയില്‍ നിന്ന് ആദ്യമായി ലോക പൈതൃക പട്ടികയില്‍ ഇടം തേടുന്ന പ്രദേശമാണ് മദായിന്‍ സ്വാലിഹ്. പാറകള്‍ തുരന്ന് വീടുകള്‍ തയ്യാറാക്കിയതില്‍ ചെറുതും വലുതുമായ 132 ശിലാവനങ്ങള്‍ ഈ പ്രദേശത്ത് നിലനില്‍ക്കുന്നു. ഥമൂദ് ഗോത്രത്തിന്റെ വാസ്തു, ശില്പ നിര്‍മ്മാണ നൈപുണ്യം മനസ്സിലാക്കാനുതകുന്ന ഈ വീടുകള്‍ക്ക് പുറമെ അറുപതോളം കിണറുകളും ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അവര്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളും, ലിഖിതങ്ങളും, ചിത്രകലകളും അല്‍ഉല മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. 
സാധാരണയായി യാത്രകള്‍ സംഘടിപ്പിക്കാറുള്ള ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകരും നേതാക്കളും ഏതാണ്ടെല്ലാം സ്‌കൂള്‍ അവധി സമയമായതിനാല്‍ നാട്ടിലായിരുന്നതിനാല്‍ ഇപ്രാവശ്യം യാത്രകള്‍ വേണ്ടെന്ന് വെച്ചിരിക്കുകയായിരുന്നു. എന്നാല്‍, ചരിത്ര സ്ഥലങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുവാന്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം ഒത്തുവരുന്ന ഏക അവസരമായ ചെറിയ പെരുന്നാള്‍ അവധിയില്‍ ആരുടെയെങ്കിലും കൂടെ കാറിലെങ്കിലും എവിടെയെങ്കിലും പോവാനുള്ള സാദ്ധ്യതകള്‍ തേടിക്കൊണ്ടിരുന്നു. പെരുന്നാള്‍ അടുത്തതോടെ തുല്യദു:ഖിതരായവരുടെ എണ്ണം പെരുകി വരുകയും, ചെറിയ വാഹനങ്ങള്‍ ഒന്നും ഒത്തുകിട്ടാതിരിക്കുകയും ചെയ്തു. എന്റെ സഹോദരീ ഭര്‍ത്താവ് കൂടിയായ മുജീബ്‌റഹ്മാന്‍ സ്വലാഹി ഒതായി, ടാലന്റ് ടീന്‍സ് കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ബഷീര്‍ തൊട്ടിയന്‍, സുഹൃത്ത് ഫുആദുസ്സമാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പെരുന്നാള്‍ ദിവസം ഒരു ടൂറിസ്റ്റ് ബസ് തന്നെ ബുക്ക് ചെയ്യുകയും കൂടുതല്‍ ആളുകളില്‍ നിന്ന് ബുക്കിംഗ് സ്വീകരിക്കുകയും ചെയ്തതോടെ യാത്ര പോവുക എന്നതില്‍ നിന്ന് മാറി യാത്ര കൊണ്ടു പോവുകയെന്നതിലേക്ക് ഞങ്ങളുടെ ഉത്തരവാദിത്വം ഉയര്‍ന്നു.
2012 ലെ ചെറിയ പെരുന്നാളിന് തൊട്ടടുത്ത ദിവസം (ആഗസ്റ്റ് 20) രാത്രി പത്ത് മണിക്ക് ജിദ്ദയിലെ ഇസ്ലാഹി സെന്ററില്‍ നിന്നും സ്ത്രീകളും, കുട്ടികളുമടങ്ങുന്ന അമ്പതോളം പേരുള്ള ഞങ്ങളുടെ സംഘം പുറപ്പെട്ടു. അഞ്ച് വലിയ ഫ്ലാസ്‌ക്കുകളില്‍ ചായ, പ്രാതലിന് ഖുബ്ബൂസും ഹലാവയും, ജുബ്‌നയും,  തൊട്ടടുത്ത ദിവസം ഭക്ഷിക്കുവാന്‍ വേണ്ടി പാകം ചെയ്‌ത് ഭദ്രമായി അടച്ചുവെച്ച മീന്‍ ബിരിയാണി, കാനുകളിലും ബോട്ടിലുകളിലുമായി ആവശ്യത്തിന് വെള്ളം തുടങ്ങി അത്യാവശ്യം വേണ്ട യാത്രാസാമഗ്രികളുമായായിരുന്നു യാത്ര. ജിദ്ദയിലെ അല്‍ഹുദ മദ്രസ കണ്‍വീനര്‍ ഹംസ നിലമ്പൂറിന്റെ നേതൃത്വത്തില്‍ മറ്റൊരു നാലംഗ സംഘം അവരുടെ കാറില്‍ ഞങ്ങളെ അനുഗമിച്ചു. 
ജിദ്ദയില്‍ നിന്നും മദീന വഴി തബൂക്ക് റോഡിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. 

കൂടുതല്‍ യാത്രയും കുറച്ച് മാത്രം കാഴ്ചയുമായതിനാല്‍ അരോചകമാകേണ്ടിയിരുന്ന യാത്രയെ ബഷീര്‍ തൊട്ടിയന്റെ നേതൃത്വത്തിലുള്ള വിവിധ നുറുങ്ങു പരിപാടികളിലൂടെ രസകരമാക്കി. ഓരോ പരിപാടികളും ഒരു മത്സരമാക്കുകയും വിജയികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തതിനാല്‍ യാത്രക്കാര്‍ എല്ലാവരും സജീവമായി തന്നെ പങ്കുകൊണ്ടു.  ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് തോണിയും, തൊപ്പിയും, പേഴ്സും, പൂവുകളും മറ്റും തീര്‍ത്തത് പലരെയും കുട്ടിക്കാ‍ലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

 മുജീബ്‌റഹ്‌മാന്‍ സ്വലാഹിയുടെ ചരിത്ര വിശദീകരണവും, ഖുര്‍ആന്‍ ക്വിസ്സും മറ്റും യാത്രക്ക് ആത്മീയ മാനം പകര്‍ന്നു. ലക്ഷ്യസ്ഥാനത്തേക്ക് അടുക്കും തോറും   പരന്നു കിടക്കുന്ന മരുഭൂപ്രദേശത്ത് ഇടക്കിടെ നല്ല തോട്ടങ്ങള്‍ കാണാം. ഒട്ടകങ്ങളും ആട്ടിന്‍ കൂട്ടങ്ങളും ഇടക്കിടെയുണ്ട്. പാറകള്‍ മാത്രം നിറഞ്ഞ പ്രത്യേക രീതിയില്‍ വെട്ടി മിനുക്കിയ പോലുള്ള മലകള്‍ കൂടിക്കൂടി വരികയാണ്.

  പ്രഭാതത്തില്‍ ഒരു പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള പള്ളിയില്‍ സുബ്‌ഹി നമസ്‌കരിച്ച ശേഷം യാത്ര തുടര്‍ന്നു. രാവിലെ എട്ട് മണിയോടെ മറ്റൊരു പള്ളിയുടെ സമീപം നിര്‍ത്തി ഞങ്ങള്‍ കൂടെ കൊണ്ടുവന്ന പ്രാതല്‍ കഴിച്ചു.

 പരിമിതമായ സൌകര്യത്തില്‍ ഫ്രഷ് ആയി ഞങ്ങള്‍ മദായിന്‍ സ്വാലിഹ് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഏകദേശം പതിനൊന്ന് മണിയോടെ മദായിന്‍ സ്വാലിഹിലെത്തി. 
ഗേറ്റില്‍ കാവലില്‍ നില്‍ക്കുന്ന പോലീസുകാരന്‍ ആദ്യം തസ്‌രീഹ് (മുന്‍കൂട്ടി തയ്യാറാക്കിയ അംഗീകാര പത്രം) ആവശ്യപ്പെട്ടെങ്കിലും ശേഷം ഞങ്ങള്‍ നല്‍കിയ എഴുത്തിലും യാത്രക്കാരുടെ പേരുവിവരങ്ങളടങ്ങുന്ന ലിസ്റ്റിലും തൃപ്തിപ്പെട്ട് ഞങ്ങളുടെ വാഹനം അകത്തേക്ക് പ്രവേശിച്ചു. ഞങ്ങളെ പോലെ ജിദ്ദയില്‍ നിന്ന് തന്നെ വന്നിട്ടുള്ള മലയാളികളുടെ വേറെയും രണ്ട് ബസ്സുകള്‍ ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഥമൂദ് ജനതയുടെ ശില്പ ചാതുര്യം ഓരോന്നായി ഞങ്ങള്‍ കണ്ടറിഞ്ഞു.


 കാഴ്ചകള്‍ പലതും ക്യാമറകളില്‍ പകര്‍ത്തി.

 വളരെ ഉയരത്തില്‍, വിവിധ ശില്പഭംഗിയിലും, ചിത്രപ്പണികളോടെയും മിനുസമായും തീര്‍ത്ത കവാടങ്ങള്‍ വിസ്‌മയിപ്പിക്കാന്‍ മതിയായതാണ്. വിവരിക്കുന്നതിലേറെ ഉത്തമം അവ ഫോട്ടോകളില്‍ കൂടി കാണുന്നതാവും.

 വീടുകളുടെ ഏറ്റവും ഭംഗിയുള്ള ഭാഗം അവയുടെ കവാടങ്ങള്‍ തന്നെയാണ്.

  ഈ ചിത്രങ്ങള്‍ക്ക് പിന്നിലെ കഥകളും മറ്റു വിവരങ്ങളും ഓരോ വീടുകളുടെയും മുമ്പില്‍ സ്ഥാപിച്ച ബോര്‍ഡില്‍ അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. 


ഗുഹാമുഖത്തിലൂടെ ഓരോ വീടുകളുടെയും അകത്തേക്ക് ഞങ്ങള്‍ പ്രവേശിച്ചു. പല ഗുഹകളുടെയും അകത്തെ ആദ്യത്തെ മുറിയില്‍ നിന്ന് മൂന്ന് ഭാഗങ്ങളിലേക്ക് തള്ളിനില്‍ക്കുന്ന അധിക ഭാഗങ്ങള്‍ ഉണ്ട്. അവയില്‍ പലതും രണ്ടു മീറ്ററോളം ആഴത്തിലുള്ള കുഴികളാണ്.


 താഴ്‌ഭാഗം കല്ലുകളും കുപ്പിച്ചില്ലുകളും നിറഞ്ഞ് വൃത്തിയില്ലാത്തതും. പുറത്തെ വെയിലില്‍ നിന്നും ഒരു ഗുഹയിലേക്ക് കയറിയ സുഹൃത്ത് അനീസ്  അകത്തെ ഇരുളില്‍ ആഴം കാണാന്‍ സാധിക്കാത്ത ഒരു ഭാഗത്തേക്ക് വീഡിയോ ക്യാമറയുമായി മുന്നോട്ട് വെച്ച കാല് ആര്‍പ്പുവിളിയോടെ കുഴിയില്‍ പതിച്ചെങ്കിലും ദൈവ സഹായത്താല്‍ ആ അപകടം ഞങ്ങളുടെ യാത്രക്ക് മങ്ങലേല്പിച്ചില്ല. ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒരു കൈകൊണ്ട് പെട്ടെന്ന് പൊക്കിപ്പിടിക്കാന്‍ അനീസിന് സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി, ഞങ്ങള്‍ അല്ലാഹുവിന് ശുക്‌റ് പറഞ്ഞു. 


കാഴ്‌ചകള്‍ തുടര്‍ന്നു. ഗുഹകള്‍ക്കുള്ളില്‍ ചിലതിലൂടെ മുകളിലെ മലയിലേക്ക് കയറുവാന്‍ പറ്റിയ ദ്വാരങ്ങള്‍ ഉണ്ടെങ്കിലും മുകളിലേക്ക് കയറിയവരെ അധികൃതര്‍ ഇടപെട്ട് താഴെയിറക്കിയതിനാല്‍ പിന്നെ ആ സാഹസത്തിന് മുതിര്‍ന്നില്ല.

 മുകളിലേക്ക് കയറുന്നവരെ പിടിക്കാന്‍ വേണ്ടി അധികൃതരുടെ ഒരു വാഹനം ഞങ്ങള്‍ പോവുന്ന വഴികളിലൂടെയെല്ലാം ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ശേഷം ഥമൂദ് ഗോത്രം ഉപയോഗിച്ചിരുന്ന ഒരു കിണര്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. 

ശക്തമായ ഇരുമ്പ് വേലി കെട്ടി ഭദ്രമാക്കിയ കിണറിന് സമീപം നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിരിക്കുന്നു. 


തുടര്‍ന്ന് പല ഭാഗത്തും അല്പം അവശിഷ്‌ടങ്ങള്‍ മാത്രം ബാക്കിയായ ഹിജാസ് റെയില്‍വെയുടെ മദായിന്‍ സ്വാലിഹില്‍ ബാക്കി കിടക്കുന്ന റയില്‍പാളങ്ങളിലൂടെ അല്പനേരം നടന്നു. പഴയ ഭാഗങ്ങളും പുതിയ ഭാഗങ്ങളും തിരിച്ചറിയാത്ത വിധം പഴയ ഒരു തീവണ്ടി മോടി പിടിപ്പിച്ച് ഇവിടെ വെച്ചിരിക്കുന്നു. 


ഉസ്‌മാനിയ ഖിലാഫത്ത് കാലത്ത് സ്ഥാപിക്കപ്പെട്ട അവരുടെ പ്രൌഡിയുടെ പ്രതീകമായിരുന്ന ഹിജാസ് റെയില്‍വെ ഒന്നാം ലോക മഹായുദ്ധ കാലത്ത് തകര്‍ക്കപ്പെടുമ്പോള്‍ റെയില്‍ പാളങ്ങളോടൊപ്പം ഒരു ചരിത്രം തന്നെ മാറ്റിമറിക്കപ്പെടുകയായിരുന്നു. തുര്‍ക്കിയിലെ ഇസ്‌തംബൂളില്‍ നിന്നും ആരംഭിച്ച് ജോര്‍ദ്ദാന്‍, സിറിയ വഴി മദീനയിലേക്ക് 2241 കിലോമീറ്റര്‍ നീളത്തില്‍ ഹിജാസ് റെയില്‍വെ പുന:സ്ഥാപിക്കുവാനുള്ള പദ്ധതികള്‍ നടന്നുവരുന്നുണ്ട്. മുമ്പ് പലപ്രാവശ്യം ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും വെളിച്ചം കണ്ടിട്ടില്ല. 
റയില്‍പാളത്തിനോടടുത്ത് ഥമൂദ് ജനതയുടെ ചിത്രകലകളും, ലിഖിതങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം അടഞ്ഞു കിടക്കുകയായിരുന്നതിനാല്‍ കാണാന്‍ സാധിച്ചില്ല. 

യാത്രക്കിടെയുണ്ടായ രസകരമായ ഒരനുഭവം ഇതാണ്. അസാധാരണമായി ഒട്ടകം പ്രത്യക്ഷപ്പെട്ട പ്രദേശമന്വേഷിച്ച് ഞാനും സുഹൃത്ത് അമാനുള്ളയും പ്രധാന കവാടത്തിനടുത്തെ ഓഫീസില്‍ പോയി. ഗേറ്റില്‍ കാവല്‍ നില്‍ക്കുന്ന രണ്ട് പോലീസുകാരോട് കാര്യമന്വേഷിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തുന്നു. ഞങ്ങളെ സഹായിക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടെങ്കിലും അങ്ങനെ ഒരു സംഭവം തന്നെ അവര്‍ക്കറിയില്ല. ഖുര്‍ആനില്‍ പറഞ്ഞ ചരിത്രം അവര്‍ക്ക് വിവരിച്ച് കൊടുത്തപ്പോള്‍ അവരുടെ നിസ്സഹായത ഞങ്ങളെ അത്ഭുതപ്പെടുത്തി. ചരിത്രത്തിന്റെ കാവല്‍ ഭടന്മാരായ ഈ നാട്ടുകാരായ രണ്ടുപേരും ശമ്പളം വാങ്ങുവാനുള്ള വെറും ഡ്യൂട്ടിക്കാര്‍ മാത്രമാണ് ! കടല്‍ കടന്ന് ജീവിത മാര്‍ഗ്ഗം തേടിയെത്തിയ കേരളീയവര്‍ അവിടെ ചരിത്രം അന്വേഷിച്ച് ചെന്നവരും !!
സമയം ഉച്ചക്ക് രണ്ട് മണിയോടടുത്തിട്ടുണ്ട്. തലേ ദിവസം രാത്രി ബസ്സില്‍ കയറ്റിവെച്ച ബിരിയാണി ചെമ്പ് മാത്രമാണ് ഇപ്പോള്‍ എല്ലാവരുടെയും ഏകലക്ഷ്യം. വയറിനകത്ത് പലതും കരിഞ്ഞ് മണം പരത്തിത്തുടങ്ങിയ പോലെ. അല്‍ഉല പ്രദേശത്തെ ഏറ്റവും അടുത്തുള്ള പള്ളിയും ഇസ്‌തിറാഹ (വിശ്രമസ്ഥലം) യും തേടി ഞങ്ങളുടെ ബസ്സ് പുറപ്പെട്ടു. ഒരു പള്ളിയുടെ സമീപം ബസ്സ് നിര്‍ത്തി. എതിര്‍ ഭാഗത്തുള്ള തോട്ടക്കാരന്‍ അവിടുന്ന് ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദം തന്നു. തോട്ടത്തിന്റെ പ്രവേശന ഭാഗത്ത് പായകള്‍ വിരിച്ച് ഞങ്ങള്‍ ഭക്ഷണം കഴിച്ചു.

 ഞങ്ങള്‍ക്ക് പിന്നാലെ വേറെയും രണ്ട് ബസ്സുകളിലായി ജിദ്ദയില്‍ നിന്ന് പുറപ്പെട്ട മലയാളി സംഘം അവിടെ ഭക്ഷണം കഴിച്ചു. പള്ളിയിലും തോട്ടങ്ങളിലുമായി രണ്ട് മണിക്കൂറോളം സമയം ചിലവഴിച്ചു.
ഈത്തപ്പനകളാണ് കൂടുതല്‍ ഉള്ളതെങ്കിലും, ഉറുമാന്‍, ചെറുനാരങ്ങ, ഒലീവ്, മുന്തിരി തുടങ്ങി വിവിധ കൃഷികള്‍ ഈ തോട്ടത്തിലുണ്ട്.

 വണ്ണമുള്ള വലിയ പൈപ്പിലൂടെ നിര്‍ത്താതെ പമ്പ് ചെയ്തു കൊണ്ടിരിക്കുന്ന തണുത്ത ഉപ്പുജലം മനോഹരമായി ഒഴുകുന്ന അരുവി തീര്‍ത്തിട്ടുണ്ട്. 

വീണ്ടും അകത്തേക്ക് കടന്നു ചെന്നാല്‍ ആട്ടിന്‍ കൂട്ടങ്ങളും, കൂടുതല്‍ കൃഷികളുമുണ്ടെങ്കിലും നമസ്‌കാര സമയമായതിനാല്‍ പള്ളിയിലേക്ക് നീങ്ങി. യാത്രക്കാര്‍ക്ക് വേണ്ടി എസികളും, ഫാനുകളും പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന വിശാ‍ലമായ ആ പള്ളിയില്‍ ഞങ്ങള്‍ അല്പനേരം വിശ്രമിച്ചു.
ഞങ്ങള്‍ മടക്കയാത്രയിലാണ്. മദീനയിലെ മസ്‌ജിദുന്നബവിയാകുന്നു അടുത്ത ലക്ഷ്യം. മൈക്ക് തൊള്ളയിലിട്ട് തൊട്ടിയന്‍ തൊണ്ട കീറുന്നുണ്ടെങ്കിലും നീണ്ടയാത്രയും,  മദായിന്‍ സ്വാലിഹിലെ വെയിലും, ഉച്ചഭക്ഷണവും ഞങ്ങളെ ഉറങ്ങാന്‍ പ്രേരിപ്പിച്ചു. മദീനയിലെത്തുന്നതുവരെ എല്ലാവരും ഉറങ്ങി. 
ശ്രാവ്യസുന്ദരമായ മഗ്‌രിബ് ബാങ്ക് കേട്ടു കൊണ്ടാണ് മദീന മുനവ്വറയിലെ ഹറമിന് സമീപം ഞങ്ങള്‍ ബസ്സിറങ്ങിയത്.

 ഒരു മണിക്കൂര്‍ ആണ് ഇവിടെ അനുവദിക്കപ്പെട്ട സമയം. മഗ്‌രിബിനോട് ചേര്‍ത്ത് ഇശായും നമസ്‌കരിച്ച് റൌളയിലൂടെ പ്രവാചകന്‍ (സ), അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നിവരുടെ അന്ത്യവിശ്രമസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് സലാം പറഞ്ഞ് പ്രാര്‍ത്ഥന മുറ്റിയ മനസ്സോടെ ഞങ്ങള്‍ വീണ്ടും ബസ്സ് കയറി.



വഴിയില്‍ കിട്ടിയ ഇസ്‌തിറാഹയില്‍ നിര്‍ത്തി ഞങ്ങള്‍ രാത്രി ഭക്ഷണം (അല്‍ഫഹം ചിക്കനും, ചോറും) കഴിച്ചു. തിരിച്ച് ബസ്സില്‍ കയറിയ ഞങ്ങള്‍ ഓരോരുത്തരായി മൈക്കിലൂടെ യാത്രയുടെ അവലോകനം നടത്തിത്തുടങ്ങി. തികഞ്ഞ സംതൃപ്‌തി അറിയിച്ച യാത്രക്കാരില്‍ ചിലര്‍ തുടര്‍ യാത്രകള്‍ക്കുള്ള അവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചു. മറ്റു ചിലര്‍ യാത്രയുടെ ആത്മീയ വശം പരാമര്‍ശിച്ചു സംസാരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടടുത്ത് ഞങ്ങള്‍ ജിദ്ദയില്‍ ഇസ്ലാഹി സെന്ററിനു മുമ്പില്‍ തിരിച്ചെത്തിയപ്പോള്‍ എല്ലാം സുഗമമാക്കിയ അല്ലാഹുവിന് ഒരായിരം സ്തുതികളര്‍പ്പിച്ചു. അല്‍ഹംദു ലില്ലാഹ് ...   

3 comments:

  1. കൂടെ പോയില്ലെങ്കിലും ഈ യാത്ര വിവരണം വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടി അവിടെ സന്ദര്‍ശിച്ച പ്രതീതി
    അതിനു മാത്രം നന്നായി എഴുതിയട്ടുണ്ട് മുജീബ്
    ജാസാകുമുള്ള

    ReplyDelete
  2. ചരിത്രത്തിലൂടെ ഒന്ന് തിരിച്ചു നടന്ന പ്രതീതി. മികച്ച വിവരണം. കഥ പറയുന്ന ചിത്രങ്ങളും. ഒന്നാ വഴികളിലൂടെ ഒക്കെ നടക്കാന്‍ പ്രേരിപ്പിക്കുന്നു

    ReplyDelete