Sunday, April 17, 2011

കടല വ്യവസായം സമഗ്രതയും നിലപാടും

മാനു സാഹിബ് തന്റെ മക്കള്‍ക്ക് കടല നിഷിദ്ധമാക്കിയത് വ്യക്തമായ ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു.കടലക്കച്ചവടക്കാര്‍ പലരും അസാന്മാര്‍ഗ്ഗിക ജീവിതം നയിക്കുന്നവരും അവിഹിതമായി പണവും കടലയും സമ്പാദിക്കുന്നവരുമാണെന്നതിനുപുറമെ കടലമാഫിയകളുടെ കുതികാല്‍ വെട്ടും പടലപ്പിണക്കങ്ങളുമെല്ലാം അദ്ദേഹത്തെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചു. അതിലെല്ലാമുപരി തന്നെപ്പോലെ പലരുടെയുംആമാശയത്തില്‍ ഉല്‍ഭൂദമാവുന്ന ഒരു തരം ഗ്യാസ് പലപ്പോഴും വയറില്‍ അസ്വസ്ഥത സ്യഷ്ടിക്കുകയും ഇടിമുഴക്കങ്ങള്‍ക്കും ന്യൂനമര്‍ദ്ദങ്ങള്‍ക്കും വഴിവെക്കുകയും ചെയ്യുന്നതിന്റെ കാരണം തങ്ങള്‍ സ്ഥിരമായി കൊറിച്ചിരുന്ന കടലകളാണെന്ന നിഗമനം കൂടുതല്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ തന്നെ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മാനു സാഹിബിന്റെ ആശയങ്ങളില്‍ ആക്യഷ്‌ടരായ പലരും അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു കൂടെക്കൂടി. തങ്ങളുടെ നിലപാടുകള്‍ ‘ആദര്‍ശ’മാക്കി സ്വീകരിച്ച അവര്‍ സംഘടിച്ച് ‘കടലവര്‍ജ്ജക സംഘം’ രൂപീകരിച്ചു. കടല നിഷിദ്ധമാണെന്നു മാത്രമല്ല, കടല കൊറിക്കുന്നവരും, കച്ചവടം ചെയ്യുന്നവരും നിഷേധികളും കപടന്മാരുമാണെന്നു വരെ ചിലര്‍ പ്രസ്താവിച്ചു.
നാട്ടില്‍ ഉത്സവങ്ങള്‍ പലതും നടന്നു. കടലമാഫിയ കച്ചവടം പൊടിപൊടിച്ചു. ചെറിയൊരു ന്യൂന പക്ഷമാണെങ്കിലും വലിയ ശബ്‌ദത്തോടെ കടല വര്‍ജ്ജക സംഘവും സാനിദ്ധ്യം അറിയിച്ചുകൊണ്ടിരുന്നു. കടലയുടെ കാര്യത്തില്‍ പ്രത്യേകം സംഘടിക്കാത്ത ഭൂരിപക്ഷം ‘നിലപാട്’ ഇല്ലാത്തവരും ജീവിതപദ്ധതിയുടെ
'സമഗ്രത’ നഷ്ടപ്പെട്ടവരുമാണെന്നവര്‍ തുറന്നടിച്ചു. അത്പലപ്പോഴും കോലായി ചര്‍ച്ചകള്‍ക്കും, കോഴികൊത്ത് സംവാദങ്ങള്‍ക്കും വഴിവെച്ചു. ഭൂരിപക്ഷവും പലപ്പോഴായി അവരുടെ നിലപാടുകള്‍ പ്രഖ്യാപിച്ചു. ‘കടല വറുക്കുമ്പോള്‍ കൈ പൊള്ളാതെ നോക്കണം, കടല കരിയാതെ ശ്രദ്ധിക്കണം, കടല കൊറിക്കുന്നവര്‍ വയറിന്റെയും ആരോഗ്യത്തിന്റെയും കാര്യം നോക്കണം, അവിഹിതമായി സമ്പാദിക്കുകയോ ചിലവഴിക്കുകയോ ചെയ്യരുത് തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഏത് കടലയും കൊറിക്കുകയോ കച്ചവടം ചെയ്യുകയോ ആവാമെന്നായിരുന്നു അവരുടെ നിലപാട്.
ഉത്സവങ്ങളില്‍ പങ്കെടുക്കുകയും അങ്ങാടികളിലിറങ്ങുകയും ചെയ്യുന്ന കടല വര്‍ജ്ജകസംഘത്തിലെ അംഗങ്ങള്‍ക്ക് പലപ്പോഴും അവരുടെ ‘ആദര്‍ശം’ പാലിക്കാനാവാതെ വന്നു. കടലവറുക്കുമ്പോഴും മറ്റുള്ളവര്‍ കൊറിക്കുമ്പോഴും നിലത്ത് വീഴുന്ന കടലമണികള്‍ ആരെയും കാണാതെ കൊറിച്ചും, ആരും കാണാതെ കടല വാങ്ങി വിഴുങ്ങിയും അവര്‍ ആദര്‍ശം ലംഘിക്കാന്‍ തുടങ്ങിയപ്പോള്‍ നേതാക്കള്‍ ആത്മ സംഘര്‍ഷത്തിലായി. അവര്‍ കൂടിയാലോചിച്ചു. കടലക്കച്ചവടക്കാരുടെ ജീവിത മൂല്യങ്ങള്‍ തലനാരിഴ പരിശോധനക്ക് വിധേയമാക്കി അവര്‍ വിവിധ ഉത്സവങ്ങളില്‍ വിവിധ കച്ചവടക്കാരുടെ കടലകള്‍ ‘അനുവദനീയ’മാക്കി. മാനു സാഹിബ് 'നിഷിദ്ധ’മാക്കിയതിനെ അനുവദിനീയമാക്കിയതില്‍ പ്രതിഷേധിച്ച് ചിലര്‍ കടല വര്‍ജ്ജകസംഘത്തില്‍ നിന്നും രാജിവെച്ചു.
കാലം കടന്നു പോയി. കടല മാഫിയകളുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട വര്‍ജ്ജക സംഘത്തിലെ പുതിയ നേതാക്കള്‍ക്ക് കടല കൊറിക്കുന്നതിലേറെ കച്ചവടം ചെയ്യാന്‍ മോഹമുദിച്ചു. വര്‍ജ്ജക സംഘത്തിനു കീഴില്‍ അവര്‍ കടല ഗവേഷണ സംഘം രൂപീകരിച്ചു. തൊട്ടടുത്ത ഉത്സവത്തിനു മുന്നോടിയായി വര്‍ജ്ജക സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പൊതുജനങ്ങളില്‍ നിന്നും ചിലരെയൊക്കെ ഉള്‍പ്പെടുത്തി ‘കടല ജനകീയ മുന്നണി'ക്ക് രൂപം നല്‍കി. ഉത്സവത്തില്‍ ഒരു വിപ്ലവം സ്യഷ്ടിക്കുമെന്നും തങ്ങള്‍ സ്വന്തമായി കടല വില്‍ക്കുമെന്നും ആളുകള്‍ തങ്ങളില്‍ നിന്നും കടല വാങ്ങി സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
കടല വര്‍ജ്ജിക്കാന്‍ വേണ്ടി പാ‍ര്‍ട്ടിയുണ്ടാക്കിയവര്‍ കടലക്കച്ചവടം ചെയ്യുന്ന വൈരുദ്ധ്യത്തില്‍ ജനം ഊറിച്ചിരിച്ചു. കടല മാഫിയകളും പൊതുജനങ്ങളും ഇവരെ അവഗണിച്ചു. പലയിടത്തും അവരെ ആട്ടിയോടിച്ചു. ചിലയിടത്ത് വളഞ്ഞിട്ടു തല്ലി. കടല വറുത്ത് പരിജയമില്ലാത്തവര്‍ പലരും വറുത്ത കടലകള്‍ കരിഞ്ഞു. ചട്ടികളിലിട്ട് ഇളക്കുന്ന കടലകള്‍ പലപ്പോഴും ചട്ടിക്കു പുറത്തേക്ക് തെറിച്ചു. പുതിയ കടല കച്ചവടം പരീക്ഷണ ഓട്ടത്തില്‍ തന്നെ എട്ടു നിലയില്‍ പൊട്ടി. ജനകീയം പിരിച്ചു വിട്ടു. മാനു സാഹിബിനെ തള്ളിയതിന്റെ ഗുരുത്വക്കേടാണെന്ന് രാജിവെച്ചവര്‍ പ്രസ്താവിച്ചു. വൈരുദ്ധ്യത്തിന് കയ്യും കാലുംവെച്ചവരാണെന്ന് പൊതുജനം പറയാന്‍ തുടങ്ങി. നേത്യത്വത്തിനെതിരെ വര്‍ജ്ജകസംഘത്തിനകത്തു നിന്നും പ്രതിഷേധങ്ങള്‍ ഉയരാന്‍ തുടങ്ങി. നേത്യത്വത്തെ അനുകരിക്കുന്നവര്‍ ‘വൈരുധ്യത്തില്‍’ തന്നെ ഉറച്ചു നിന്നു. തങ്ങള്‍ ആദ്യം പറഞ്ഞതും, ഇപ്പോള്‍ പറയുന്നതും, ഇനി പറയാന്‍ പോകുന്നതും തന്നെയാണ് ശരിയെന്നും തങ്ങളല്ലാത്തവരൊ
ക്കെ ‘സമഗ്രത’ നഷ്‌ടപ്പെട്ടവരുമാണെന്നവര്‍ ആവര്‍ത്തിച്ചു.
ഉത്സവം വീണ്ടും വന്നു. കടലവര്‍ജ്ജക സംഘത്തില്‍ കൂടിയാലോചനകളും ഗൂഡാലോചനകളും നടന്നു. തീരുമാനത്തിലെത്താനാവാതെ നേത്യത്വം കുഴഞ്ഞു. കടല മാഫിയയുമായി ഗൂഡാലോചന നടത്തിയ ഒരു സംഘം നേതാക്കള്‍ കഴിഞ്ഞ ഉല്‍സവത്തില്‍ തങ്ങളെ തല്ലിച്ചതച്ചവര്‍ക്ക് തന്നെ ഫ്രീയായി തങ്ങളുടെ കസ്റ്റമേഴ്സിനെ വില്‍ക്കാന്‍ തീരുമാനിച്ചു. മാനുസാഹിബിന്റെ ആദര്‍ശവുമായി പുതിയ ആദര്‍ശത്തെ ചേരും പടി ചേര്‍ക്കാനാവാതെ ചില നേതാക്കള്‍ വീണ്ടും രാജിവെച്ചു, പത്ര സമ്മേളനം നടത്തി. ഉത്സവം തൊട്ടരികിലെത്തിയിട്ടും ‘നിലപാട്’ പറയാനാവാതെ വര്‍ജ്ജകസംഘം ആടിയുലഞ്ഞു. ഗത്യന്തരമില്ലാതെ ഉല്‍സവത്തിനു തലേ ദിവസം ഒരു കത്തിലൂടെ തങ്ങളുടെ ‘ഗതികേട്’ പ്രസ്താവിച്ചു. ഗൂഡാലോചനയുടെ അടിസ്ഥാനത്തില്‍ തങ്ങളെ തല്ലിയ കടലമാഫിയക്ക് തന്നെ വലിയൊരു പങ്ക് കൊടുത്തു. രാജി തുടരാതിരിക്കാന്‍ അല്പം മറ്റു കച്ചവടക്കാര്‍ക്കും കൊടുത്തു. മാനു സാഹിബിന്റെ സ്‌മരണാര്‍ത്ഥം ഒരിടത്ത് ‘നിഷിദ്ദം’ നിലനിര്‍ത്തി.
പുതിയ സമവാക്യം മനസ്സിലാവാതെ പൊതുജനം കളിയാക്കി. മനസ്സിലാക്കിക്കൊടുക്കാനാവാതെ സമ്മര്‍ദ്ദത്തിലായ വര്‍ജ്ജക സംഘം അച്ചടി ഭാഷയില്‍ പത്രക്കുറിപ്പിറക്കി. “കടലയെന്ന പ്രതിഭാസത്തിന്റെ അനിവാര്യതയില്‍ നിന്നും ഉല്‍ഭൂതമായ വാഞ്ജയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രായോഗികതയും കടലയുണ്ടാക്കുന്ന അസ്‌ക്യതയില്‍നിന്നും ഉല്‍ഭവിച്ച തത്വശാസ്ത്രവും സന്ദിപ്പിക്കാന്‍ കൂടിയാലോചിച്ച ഞങ്ങള്‍ കടലബിസിനസ്സിന്റെ അപോസ്തലന്മാരുടെ കൂടെക്കൂടിയതിലെ അസൂയയാണെന്ന് മനസ്സിലാക്കി അവഗണിക്കുകയാണ്...”.
ഉത്സവം എന്ന് കേള്‍ക്കുന്നത് തന്നെ ഇപ്പോള്‍ വര്‍ജ്ജക സംഘ
ത്തിനു പേടിയാണ്. എന്നാല്‍ എല്ലാം അവഗണിച്ച് ‘കടലക്കമ്പനി’ രൂപീകരിക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്. കാര്യമായ സ്വാധീനമില്ലാത്തവരായതിനാല്‍ കടലമാഫിയ ഇവരെ അവഗണിക്കുകയാണ്. എന്നാല്‍ ഏതെങ്കിലുമൊരു മാഫിയയുടെ സഹായമില്ലാതെ തങ്ങളുടെ ബിസിനസ് ക്ലിക്ക് ആവില്ലെന്നു മനസ്സിലാക്കി ആട്ടും തുപ്പും സഹിച്ചായാലും മാഫിയക്കാരുടെ കാലില്‍ വീണു കിടപ്പാണ് ‘കടല വര്‍ജ്ജക സംഘം’. കടലേയ്... കടലാ, കടല, കടല കടലാ‍... !

Tuesday, April 12, 2011

ദേശാടനക്കിളികള്‍ കരഞ്ഞതെന്തിനു ?

ജമാഅത്തുമായി ബന്ധപ്പെട്ട പോസ്റ്റ് ഇടുമ്പോള്‍ മാത്രം എത്ര അകലെ നിന്നും വള്ളിക്കുന്നില്‍ പാറിപ്പറന്നെത്തുന്ന ദേശാടനക്കിളികള്‍ ഇപ്രാവശ്യം ശരിക്കും കരഞ്ഞുവോ ? പോസ്റ്റ് ഇട്ട് കുറെ കഴിഞ്ഞിട്ടും കമന്റ്റുകള്‍ പലതും നിറഞ്ഞിട്ടും കുറെ നേരം അരിശം മൂത്ത് ബ്ലോഗിനു ചുറ്റും മണ്ടി നടന്നവര്‍ മെല്ലെ മെല്ലെ അനോണിയില്‍ തുടങ്ങി പതുക്കെ മുഖം കാണിച്ച് പിന്നെ ‘അച്ചടി ഭാഷ’യില്‍ കോപ്പി പേസ്റ്റി അവസാനം കമന്റ് ബോക്സില്‍ തുടരെ തുടരെ ‘മണപ്പിച്ച്’ പോയപ്പോള്‍ അനോണികളും സനോണികളുമായ ജമാഅത്ത് സഹയാത്രികര്‍ ഏതാണ്ടെല്ലാവരും ഈ സര്‍ക്കസ്സിലെ കോമാളി വേഷം ശരിക്കും ഭംഗിയാക്കി എന്നു വിലയിരുത്തുന്നതാവും ശരി. പക്ഷെ, കോമാളികള്‍ കരയാമോ ?
ജമാഅത്ത് നിലപാടുകളെയും ആദര്‍ശത്തെയും പുതിയ സംഭവങ്ങളെയും ചോദ്യം ചെയ്യുന്ന വള്ളിക്കുന്ന്, അക്‌ബര്‍, മൈപ്പ്, നൌഷാദ് കുനിയില്‍, എം ടി മനാഫ്, നൌഷാദ് വടക്കേല്‍ തുടങ്ങി ഏതാണ്ടെല്ലാവരും മുഖം കാണിച്ച് സംസാരിച്ചപ്പോള്‍ ജമാഅത്തിനു വേണ്ടി വാദിക്കുന്നവരില്‍ സി കെ ലത്തീഫ് സാഹിബും, അനുഭാവി സുബൈറും ഒഴികെ ഏതാണ്ടെല്ലാവരും മുഖംമൂടി ധരിക്കേണ്ടി വന്നത് ‘മരുന്നിന്റെ കുറവ്’ വിളിച്ചോതുന്നതാണ്.
നയനിലപാടുകളെ പിന്‍ താങ്ങുമ്പോഴും അവര്‍ക്കു വേണ്ടി സംവദിക്കുമ്പോഴും ജമാഅത്തുമായി ഒരു അകലം പാലിക്കുന്ന സുബൈര്‍ എന്ന ബ്ലോഗര്‍ ചര്‍ച്ചയുടെ ആദ്യത്തിലേ പങ്കുവെച്ച ‘സന്ദേഹം’ ആയിരുന്നു സത്യത്തില്‍ പുതിയ ചര്‍ച്ചയുടെ കാതല്‍. അതിങ്ങനെയായിരുന്നു; “എന്നാല്‍ തങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തിയ, സ്വന്തം പാര്ടി പത്രത്തില്‍ അത് സ്ഥാപിക്കാന്‍ പരമ്പര തന്നെ പ്രസിദ്ധീകരിച്ച, തങ്ങളുടെ പ്രവര്ത്ത്കരെ തെരുവി
ല്‍ കായികമായി നേരിട്ട ഒരു പ്രസ്ഥാനത്തിന്റെന സെക്രട്ടറി, ജമാത്തെ ഇസ്ലാമിയുമായി ചര്ച്ച ക്ക് വരുമ്പോള്‍, പരസ്യമായാണെങ്കില്‍ ആവാം, തലയില്‍ മുണ്ടിട്ടുള്ള പരിപാടിക്ക് ഞങ്ങളെ കിട്ടില്ല എന്ന് പറയാനുള്ള ആര്ജാവം ജമാത്ത് നേതൃത്വം കാണിക്കണം ആയിരുന്നു. ഇതിപ്പോ ഹമീദ്‌ വാണിയമ്പലം പറഞ്ഞതിന് ശേഷമാണ് ചര്ച്ചു നടന്ന വിവരം അണികള്‍ പോലും മനസ്സിലാക്കുന്നത്‌ (എന്റെ ഊഹം ശരിയാണ് എങ്കില്‍). ജമാഅത്തിനെ താല്പര്യപൂര്വം നോക്കികാണുന്നവരെ നിരാശപ്പെടുത്തുന്നതായി പോയി ഈ സംഭവം"
പ്രത്യേക പോയിന്റുകള്‍ മാത്രം നോക്കി വിശദീകരിക്കുന്ന സി എ ലത്തീഫ് സാഹിബെങ്കിലും മിനിമം ‘ജമാഅത്തിനെ താല്പര്യപൂര്‍വ്വം നോക്കിക്കാണുന്ന’ സുബൈറിനെപ്പോലുള്ളവര്‍ക്ക് തിരിയുന്ന ഒരു വിശദീകരണം നല്‍കണമെന്ന്‍ കരുതി നൌഷാദ് കുനിയില്‍ ഈ ‘സന്ദേഹം’ ആവര്‍ത്തിച്ച് ഉദ്ധരിച്ചപ്പോള്‍ സൌകര്യപൂര്‍വ്വമുള്ള ഒഴിഞ്ഞുമാറ്റം ശരിക്കും വ്യക്തമായിരുന്നു. സുബൈര്‍ തന്നെ സൂചിപ്പിച്ച പോലെ ‘തലയില്‍ മുണ്ടിട്ട്‘ എന്നാല്‍ ഇങ്ങോട്ട് വന്നതല്ല ‘ചിലര്‍’ അങ്ങോട്ട് പോയി തീരെഴുതിക്കൊടുത്തതിലെ ‘ഗുട്ടന്‍സ്’ ഹമീദ് സാഹിബുനു തിരിയാത്തത് , സി ദാവൂദിനും അമീറിനും വിശദീകരിക്കാനാവത്തത് ലത്തീഫ് സാഹിബ് വിശദീകരിച്ചാലും അത് എം ടി മനാഫ് മാസ്റ്ററുടെ കമന്റില്‍ പറഞ്ഞ പോലെ “ജമാഅതിന്റെ രാഷ്ട്രീയ നിലപാട് കാലഘട്ടത്തിന്റെ പരിണിതിയില്‍ നിന്നും ഉത്ഭൂതമായ സമ്മിശ്ര ചിന്തയുടെ ബഹിസ്ഫുരണവും തേട്ടവും ചേര്ന്നുയള്ള സമഗ്രവും നിഖില മേഘലകളെയും ചൂഴ്ന്നു നില്ക്കുേന്നതുമായ സുചിന്തിത തീരുമാനമാ .. നിങ്ങള്ക്ക് തിരിയൂല!” എന്ന പോലെയാവാനേ തരമുള്ളൂ.
ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്താന്‍ പലരും അനോണിയയപ്പോള്‍ താടിവെച്ച മുഖവും വെച്ച് തോന്നിവാസങ്ങള്‍ കൊണ്ട് കമന്റ് ബോക്സ് നിറച്ച റിയാളിലെ ഒരു സജീവ ജമാഅത്ത് പ്രവര്‍ത്തകനെ ഒന്നു ഗുണദോഷിക്കാന്‍ (സധാരണ ജമാഅത്ത് അനോണികളെ പോലും ഒറ്റ കമന്റിനു ശേഷം ഗുണദോഷിക്കാറുണ്ട്) സികെ ലത്തീഫ് സാഹിബിന് രണ്ടു പകലും ഒരു രാത്രിയും കഴിയേണ്ടി വന്നു. എന്നാല്‍ ‘നിലപാട്’ വന്നപ്പോള്‍ കമന്റ് ബോക്സ് വീണ്ടും തുറന്നപ്പോള്‍ മുമ്പത്തേക്കാള്‍ ശൌര്യത്തോടെ 'മണപ്പിച്ചു’ നടക്കുന്ന സഖാവിന്റേത് ഒരു സാധാരണ ജമാഅത്തുകാരനുണ്ടായേക്കാവുന്ന സ്വാഭാവിക പരിണാമമാണെന്ന് കരുതി സഹതപിക്കാം.
ഹമീദ് സാഹിബിന്റെ രാജിയെ വിലയിരുത്തി ചര്‍ച്ചയുടെ ഏതാണ്ട് തുടക്കത്തില്‍ തന്നെ നഷാദ് കുനിയില്‍ എഴുതിയത് ഇങ്ങനെയായിരുന്നു; “അവസരവാദത്തിന്റെ ഞാണിന്മേല്‍ കളിയും, അഹങ്കാരത്തിന്റെ ദുര്ഗവന്ധം വമിക്കുന്ന ഭാന്ധക്കെട്ടും, വിദ്വേഷ രാഷ്ട്രീയത്തിന്റെ ആന്ധ്യവും കൈമുതലായുള്ള ഒരു കോമാളി സംഘടനയുടെ രൂക്ഷമായതും എന്നാല്‍ അനിവാര്യമായതുമായൊരു പ്രതിസന്ധി മഞ്ഞുമലയുടെ tip മാത്രമാണ് ഹമീദ് വാണിമേലിന്റെ രാജിയും, അതിനെ തുടര്ന്ന്ന ജമാഅത്ത് കേന്ദ്രങ്ങളില്‍ നിന്നും ഉയര്ന്നു വന്ന എകമാനസ്വഭാവമില്ലാത്ത പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. അപകടനിലയുടെ മുകളില്‍ എത്തി നില്ക്കു്ന്ന ജമാഅത്തിനകത്തെ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് ബന്ധുവും, സുഹൃത്തുമായ ജമ പ്രവര്ത്ത കനില്‍ നിന്നും നേരത്തെ മനസ്സിലാക്കിയിരുന്നു. ഇസ്ലാമിക പ്രബോധന പ്രസ്ഥാനം ഒരു corporate സ്ഥാപനം എന്ന നിലയിലേക്ക് മാറികൊണ്ടിരിക്കുന്ന ഒരു ചുറ്റുപാടില്‍ നിഷ്കളങ്കരായ പ്രവര്ത്ത്കര്ക്ക്ക ബോധോദയം ഉണ്ടാവുക സ്വാഭാവികം. "ജമയുടെ വൈരുധ്യങ്ങള്‍ തന്നെപ്പോലെ പ്രസ്ഥാനത്തിലെ പലരെയും മാറിച്ചിന്തിക്കുവാന്‍ പ്രേരിപ്പിചിട്ടുണ്ടെന്ന" ഹമീദിന്റെര പരാമര്ശ ത്തിന്റെ സൂചന എന്താണെന്ന് നമുക്ക് എളുപ്പത്തില്‍ ബോധ്യപ്പെടും. അതല്ല, ഹമീദ് കളവു പറയുകയാണെങ്കില്‍ കളവു പറയുന്നവരായിരുന്നു ഇവരുടെ ഉന്നത ബോഡിയിലും, കുഞ്ചിക സ്ഥാനങ്ങളിലും ഇരുന്നിരുന്നതെന്ന് പൊതു സമൂഹത്തിനു വായിച്ചെടുക്കേണ്ടി വരും.”
ഇടക്ക് വെച്ച് വാദിയെ പ്രതിയാക്കുന്ന തരത്തില്‍ സി കെ ലത്തീഫ് പറഞ്ഞു. “തത്വം പറയേണ്ട സമയത്ത് അത് പറയുന്നുണ്ട്. ഇപ്പോള്‍ പ്രയോഗികമായി ഒരു നിലപാട് സ്വീകരിക്കേണ്ട സമയമാണ്. അപ്പോള്‍ അതിനായിരിക്കും മുന്ഗണന". ബഷീര്‍ വള്ളിക്കുന്ന് അതിനു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. “ലത്തീഫ് സാഹിബ്, ഈ പ്രായോഗിക നിലപാടാണ് പതിറ്റാണ്ടുകളായി ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലിം സംഘടനകള്‍ എടുത്തിരുന്നത്. വോട്ട് ആര്ക്കുെ ചെയ്യണമെന്ന് പ്രായോഗിക വീക്ഷണത്തിന്റെ പേരില്‍ തീരുമാനിക്കുവാന്‍ ഓരോ പൌരനും സ്വാതന്ത്ര്യം നല്കുിക. നാടിന്റെയും സമുദായത്തിന്റെയും പുരോഗതി ലക്‌ഷ്യമാക്കി ഇസ്ലാമിക വിരുദ്ധമല്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചേര്ന്ന്ര പ്രവര്ത്തിവക്കുവാന്‍ നല്കിുയ ആ സ്വാതന്ത്ര്യത്തെയാണ് നാളിതു വരെ നിങ്ങള്‍ കടിച്ചു കീറിയത്. അനിസ്ലാമിക സംവിധാനത്തിനുള്ള പാദസേവയെന്ന് പരിഹസിച്ചത്‌. അറബിക്കടലിലേക്ക് വലിച്ചെറിയണം എന്ന് പറഞ്ഞത്. ഇപ്പോള്‍ ശൂറ കൂടി ഓരോ തിരഞ്ഞെടുപ്പിലും കളിക്കുന്ന ഈ നാടകം ആ പ്രായോഗിക വീക്ഷണത്തിന്റെ ഗത്യന്തരമില്ലാത്ത പുല്ലു തീറ്റയാണ്. ഇന്ത്യ എന്താണെന്നും ഇസ്ലാം എന്താണെന്നും തിരിച്ചറിഞ്ഞ നവോത്ഥാന നായകരും വിവേകശാലികളും പണ്ട് പറഞ്ഞത് മനസ്സിലാക്കാന്‍ നിങ്ങള്ക്ക് ഒരു നൂറ്റാണ്ടു കഴിയേണ്ടി വന്നു. അവര്‍ ഇപ്പോള്‍ പറയുന്നത് മനസ്സിലാകണമെങ്കില്‍ ഇനി ഒരു നൂറ്റാണ്ടു കഴിയേണ്ടി വരും.. ഞങ്ങള്‍ പ്രായോഗിക നിലപാട് പറഞ്ഞപ്പോള്‍ നിങ്ങള്‍ വരട്ട് തത്വം പറയുകയായിരുന്നു”.
ഗൌരവമുള്ള ചര്‍ച്ചകള്‍ക്കും ഡയലോഗുകള്‍ക്കുമിടയില്‍ രസകരമായ കുറെ കമന്റുകളും ഉയര്‍ന്നു വന്നു. അതില്‍ മികച്ചു നിന്ന ഒരു കമന്റ് സംവാദത്തില്‍ തലയെടുപ്പോടെ നിലകൊള്ളുന്ന അക്‌ബറിന്റേതായിരുന്നു; “ഹമീദ് വാണിമേലിന്റെ നേതൃത്വത്തില്‍ ജമാഅത്ത് പിളരും എന്നു ആരും കരുതുന്നില്ല..കാരണം എന്റെ നാട്ടില്‍ കഴിഞ്ഞ 35 കൊല്ലമായിട്ടു ആകെ ഉള്ളത് 3 ജമാത്തുകാര്‍. അതായത് ഒരു ഹല്ക്കാ അമീറും, ഒരു നാസിമും, ഒരു മെമ്പറും.
ഇതൊക്കെ എങ്ങിനെയാ പിളരുക. കോടാലി എടുക്കേണ്ടി വരും പിളര്ത്താന്‍”
തിരിയാത്ത ഭാഷയില്‍ വലിച്ചു നീട്ടി വിശദീകരിക്കുകയും നീണ്ട ലേഖനങ്ങള്‍ കോപ്പി പേസ്റ്റുകയും ചെയ്യുന്ന ജമാഅത്തുകാരോട് “ഇന്ത്യയില്‍ ജനാധിപത്യത്തിന് ബദലായി ജമാഅത്ത് നിര്‍ദ്ദേശിക്കുന്നത് എന്താണ്?” എന്ന്‌ മൈപ്പ് ആവര്‍ത്തിച്ചു ചോദിച്ച ചോദ്യത്തിനു ഉത്തരം പറയാന്‍ ഒരു അനോണി പോലും മെനക്കെട്ടില്ലയെന്നത് ശ്രദ്ധേയമായി.
‘താങ്കള്‍ പറഞ്ഞ ഈ സര്‍ക്കസ് നിര്ത്തിയിട്ട്‌ അവര്‍ എന്താണ് ചെയ്യേണ്ടത് എന്ന് കൂടി പറഞ്ഞു കൊടുക്കുമോ’ എന്ന സുബൈറിന്റെ ചോദ്യത്തിനു മറുപടിയായി ബഷീര്‍ വള്ളിക്കുന്ന് കൊടുത്ത മറുപടി താഴെ കൊടുക്കാം, അതു മാത്രമാണ് പരിഹാരം. അങ്ങനെ ഒരു തിരുത്തലിനു തയ്യാറല്ലെങ്കില്‍ വരാനിരിക്കുന്ന ഓരോ ഇലക്ഷനും ജമാഅത്തിലെ വിഴുപ്പലക്കലിന്റെയും കുതികാല്‍ വെട്ടിന്റെയും സന്ദര്‍ഭങ്ങളായിത്തീരും. “നാളിതു വരെ പറഞ്ഞതും ചെയ്തതും എല്ലാം ശുദ്ധ അസംബന്ധം ആയിരുന്നു എന്ന് തുറന്നു പറയുക. ഇന്ത്യന്‍ സാഹചര്യത്തെ അറിയാതെയും പഠിക്കാതെയും മൌദൂദി ഗ്രന്ഥങ്ങളുടെ സ്വാധീനത്തില്‍ എടുത്ത നിലപാടുകളും നയങ്ങളും തിരുത്തുകയാണ് എന്ന് ആണ്കുസട്ടികളെപ്പോലെ പറയുക. മറ്റു മുസ്ലിം സംഘടനകള്‍ പതിറ്റാണ്ടുകളായി പറയുന്ന പ്രായോഗിക നിലപാടിലേക്ക് ഞങ്ങളിതാ വന്നിരിക്കുന്നു എന്ന് ശൂറ കൂടി പറയുക.. തീര്ന്നു . ഇത്രയുമാണ് ജമാഅത്ത് ചെയ്യേണ്ടത്. അതിനു ശേഷം ഏതു ജനകീയം കളിച്ചാലും കുഴപ്പമില്ല”.
പക്ഷെ, തിരുത്തിയാല്‍ പിന്നെ എന്തിനു ജമാഅത്ത് ? എന്തു ജമാഅത്ത് ? ലാല്‍ സലാം അലൈകും !
(പിന്‍കുറിപ്പ് : വള്ളിക്കുന്നില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. കമന്റ് ആയിരത്തിലെത്താറായി. എടുത്തു കാണിക്കേണ്ട കമന്റുകള്‍ പലതുണ്ട്. പക്ഷെ, സാധിക്കില്ലല്ലോ.)

Wednesday, April 6, 2011

ഇണ്ണ്യക്കി കണ്ട പടച്ചോന്‍ !!!

ഞങ്ങളുടെ ‘മാന്തളങ്ങാടി’ യില്‍ ഇണ്യക്കി യാണ് താരമെന്നൊന്നും പറയാനവില്ലേലും ഗ്രാമത്തിലെ ഒരു കഥാപാത്രം തന്നെയാണവര്‍. ഒരു ഭാഗത്ത് മാത്രം കണ്ണുള്ള മാന്തള്‍ മത്സ്യത്തെ പോലെ റോഡിന്റെ ഒരു വശത്ത് മാത്രം അല്പം കടകളുള്ള അങ്ങാടിയായതിനാലാണ് ഞങ്ങളുടെ ഗ്രാമത്തെ ചിലര്‍ ‘മാന്തളങ്ങാടി’ യെന്നു ഓമനപ്പേരു വിളിക്കുന്നത്. മറുവശം നാട്ടിലെ പഴയ കാലത്തെ ഒരു മുതലാളിയുടെ അടക്കാകളവും ചെറിയൊരു കളപ്പുരയുമായി ശ്രദ്ധിക്കപ്പെടാതെ ഇപ്പോഴും കിടക്കുന്നു. അവര്‍ അതു പൊളിച്ച് ഷോപ്പിങ് ബില്‍ഡിങ് പണിയുകയുമില്ല, പണിയാന്‍ പറ്റിയ ആര്‍ക്കേലും സ്ഥലം വില്‍ക്കുകയുമില്ല. അല്ലേലും വളര്‍ച്ച മിക്കപ്പോഴും കീഴ്‌പോട്ടായ ഞങ്ങളുടെ അങ്ങാടിയില്‍ ബില്‍ഡിങ് എടുക്കുന്നതും ഒരു പരീക്ഷണം മാത്രമായിരിക്കും.
വയലിലും പറമ്പിലും കൂലിപ്പണിയെടുക്കുന്ന സാധാരണ ഒരു ഹരിജന്‍ സ്‌ത്രീയാണു ഇണ്യക്കിയെങ്കിലും ഇണ്യക്കിയുടെ കുടുംബത്തിന്റെ ഇടക്കിടെയുള്ള കളിയാട്ടക്കാവു തീര്‍ത്ഥ യാത്രയും അതിന്റെ മുന്നോടിയായി വീടുകള്‍ ചുറ്റുന്ന കുഞ്ഞിക്കുതിര കളിയും വീട്ടുവളപ്പിലെ കുഞ്ഞമ്പലത്തില്‍ വര്‍ഷം തോറും നടന്നു വരുന്ന ഉത്സവവും കൊണ്ട് ഇണ്യക്കി പ്രസിദ്ധയാണ്. വീട്ടിലെ ഉത്സവത്തില്‍ അര്‍ദ്ധരാത്രിയിലെ ഇണ്യക്കിയുടെ ഉറഞ്ഞു തുള്ളല്‍ ഞാന്‍ കണ്ടിട്ടില്ലെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്.
സാക്ഷരതാ ക്ലാസില്‍ പലരും പത്ത് അക്ഷരങ്ങള്‍ വരെ പഠിച്ചിട്ടും ദിവസങ്ങള്‍ പലതു പിന്നിട്ടിട്ടും ഇണ്യക്കി ആദ്യാക്ഷരം ‘അ’ യില്‍ തന്നെ മുറുക്കിപ്പിടിച്ചിരിപ്പായിരുന്നു. സ്ലേറ്റില്‍ പലവുരു എഴുതി അച്ചടിയുമായി തരതമ്യം ചെയ്യുന്ന ഇണ്യക്കിയോട് ‘അത്രയൊക്കേ ശരിയാവൂ, ഇനി ‘ഇ’ എഴുതൂ‘ എന്ന് പറഞ്ഞ ഇന്‍സ്ട്രക്‌ടറോഡ് ഇണ്യക്കി പറയുന്ന ന്യായം ‘ഇണ്യക്കി ഒരു പണി അതീന്റെ കോലം പോലെ മാത്രമേ എടുക്കൂ’ എന്നായിരുന്നു.

കളിയാട്ടക്കാവ് പോയി വരും വഴിയില്‍ ഇണ്യക്കി മാപ്പിളമാരുടെ പടച്ചോനെ പലവുരു കണ്ടിട്ടുണ്ടെന്ന് എന്നും പറയുന്ന ന്യായമായിരുന്നു. ‘പടച്ചോനെ കാണാന്‍ കഴിയില്ല’ എന്നു പറഞ്ഞ എന്റെ ഉമ്മയോടു ‘ഇങ്ങള് ഇവിടെയിങ്ങനെ ഇരുന്നാ എങ്ങനെ കാണാ, ഞാന് കഴിഞ്ഞ കൊല്ലം പോലും കണ്ടിട്ടുണ്ട് എന്നായിരുന്നു!’ മറുപടി. ഇണ്യക്കി കണ്ട ‘പടച്ചോന്‍’ ഏതു ജാറാമാണെന്നു എനിക്കറിയില്ല !
അല്‍പം സങ്കടമാണെങ്കിലും ഇണ്യക്കി കാശു സ്വരൂപിച്ച കഥ പറയാനാണ് ഞാന്‍ ഇത്രയും വിവരിച്ചത്. കളിമണ്ണിന്റെ തൊണ്ട് വാങ്ങാന്‍ കാശില്ലാത്തതിനാല്‍ തന്റെ പുല്‍വീടിനകത്തു നിലത്ത് ആരും കാണാത്ത ഒരു മൂല പ്രത്യേക രീതിയില്‍ ഒരു കുഴിയും കാശിടാനുള്ള വിടവുമെല്ല്ലാം ശരിയാക്കി കരി കൊണ്ടു തേച്ചു മിനുസപ്പെടുത്തി.
ഒരു വര്‍ഷത്തോളം ബാക്കിയാവുന്ന ചില്ലറകള്‍ക്ക് പുറമെ പലപ്പോഴും അഞ്ച്, പത്ത്, ഇരുപതുകളുടെ നോട്ടുകളും ഇണ്യക്കി കുഴിയില്‍ നിക്ഷേപിച്ചു. അക്കൊല്ലത്തെ ഉത്സവത്തിന്റെ ചിലവിലേക്കായി തൊണ്ട് പൊളിച്ച ഇണ്യക്കിക്ക് കിട്ടിയത് ചില്ലറകളും നോട്ടുകളും എല്ലാം കൂടി ഒട്ടിപ്പിടിച്ച ഒരു ‘ഉണ്ട’! ആയിരം ഉറുപ്പികയൊക്കെയുണ്ടാവും എന്ന് ഇണ്യക്കി സംഭവം വിശദീകരിക്കുമ്പോള്‍ അല്‍പം സങ്കടത്തോടെയാണ് ഞങ്ങള്‍ അതു ആസ്വദിച്ചത്.