ഇനി കല്യാണ ദിവസം ലക്കോട്ടിലൂടെ കിട്ടുന്ന പണത്തിലാണ് എല്ലാ പ്രതീക്ഷയും.

ലക്കോട്ട് കുറെ കിട്ടണമെങ്കില്‍ കൂടുതല്‍ പേരെ കല്യാണത്തിനു വിളിക്കണം. അതിനു കുറെ ഭക്ഷണം ഒരുക്കണം. വലിയ പന്തല്‍ വേണം. മുപ്പത് രൂപ കവറിലിട്ട് തരുന്നവരുടെ വീട്ടില്‍ നിന്നും വരും നാലഞ്ച് പേര് കല്യാണത്തിന്. ഇവരുടെ ഭക്ഷണച്ചിലവ് കഴിച്ച് ബാക്കി വരുന്നത് എത്രയാ ഉണ്ടാവുക. ആഭരണക്കട തൊട്ട് പലചരക്ക് കട വരെ കടത്തിന്റെ ഒരു ജാഥ തന്നെ വീട്ടാനുണ്ടാവും.
അയല്പക്കത്തെ പത്മിനിയും, മാളുത്താത്തയും കൂടി സഹായിച്ചതോടെ പന്തലിനു വേണ്ട മുക്കാല്‍ ഭാഗം തടുക്ക് റെഡിയായി. കല്യാണത്തിനിനി ഇരുപത് ദിവസം. അടുത്ത വീട്ടിലെ കുഞ്ഞാപ്പുവിനെ വിളിച്ച് അവറാന്ക്ക; “കുഞ്ഞാപ്പോ, മറ്റേന്നാള് ഞമ്മക്ക് പന്തല്പണി തൊടങ്ങണം, ഇജ്ജ് കുണ്ടന്മാരെയൊക്കെ കൂട്ടി രാവിലെ തന്നെ ബരണം“.
കുഞ്ഞാപ്പുവും കൂട്ടരും രാവിലെ തന്നെയെത്തി, പാടത്തെ തലപോയ കമുങ്ങ് മൂന്നെണ്ണത്തിനു പുറമെ പ്രായം കൂടിയ രണ്ടെണ്ണം കൂടി മുറിച്ചു. അലവി ഹാജിന്റെ പാടത്ത് നിന്നും അല്പം വാഴനാട്ടയും കൊണ്ടുവന്നു. കമുങ്ങുകളൊക്കെ അളവ് കണക്കാക്കി മുറിച്ചു, അലകിനു വേണ്ടത് പൊളിച്ച് ശരിയാക്കി. ആമിത്താത്ത തയ്യാറാക്കിയ കപ്പ പുഴുങ്ങിയതും, ചമ്മന്തിയും, കട്ടന്‍ ചായയും കുടിച്ച് അന്നത്തെ പന്തല്‍ പണി അവസാനിപ്പിച്ചു.
പിറ്റേന്ന് രാവിലെ തന്നെ പന്തല്‍ പണിക്കാറ് റെഡി. ഇന്ന് നാല് പേരു കൂടി കൂടുതലായുണ്ട്. അവറാന്ക്ക നിറ്ദ്ദേശങ്ങള് കൊടുക്കാന്‍ തുടങ്ങി; “അലവി ഹാജീന്റെ മൊള കൊണ്ട് ഞമ്മക്ക് തൊടിയിലെ പന്തല്‍ ഇടാം. മുറ്റത്ത് ഞമ്മളെ കമുങ്ങ് കൊണ്ടു തന്നെയായാല്‍ ബേഗം പൊളിക്കേണ്ടല്ലോ?“. പതിനഞ്ചിലേറെ ആളുകളുണ്ട്. ഉച്ചയോടെ തൊടിയിലെ പന്തല്‍ റെഡി. ഭക്ഷണം വിളമ്പാനുള്ള പന്തലായത് കൊണ്ട് അല്പം പരുക്കന്‍ ആയാലും കുഴപ്പമില്ല. എന്നാല്‍ മുറ്റത്തെ പന്തല്‍ അങ്ങനെയൊന്നും പോര. കമുങ്ങ് കൊണ്ട് തന്നെ കാല് വേണം. വെയില് അല്പം പോലും അകത്ത് കടക്കാതെ ഇടതൂര്‍ത്ത് തടുക്കുകളിടണം. ആണുങ്ങളെയും പെണ്ണുങ്ങളെയും വേര്‍തിരിക്കാനുള ഭാഗം പ്രത്യേകം മറച്ച് വാതിലും കര്‍ട്ടണും വെക്കണം. മുറ്റത്തിന്റെ അരികുകളൊക്കെ പകുതി ഉയരം മറക്കണം. ഈന്തിന് പട്ട കൊണ്ട് ഗേറ്റ് വേണം. സര്‍ബത്ത് കലക്കാനും, കുപ്പിയിലാക്കാനുമുള്ള ഭാഗം വേര് തിരിച്ച് മറച്ച് പ്രത്യേകം കൌണ്ടര്‍ തിരിക്കണം. തടുക്ക് കൊണ്ട് തന്നെ മറച്ച മൂത്രപ്പുര ഉണ്ടാക്കണം.

ഇന്നും കപ്പ പുഴുങ്ങിയത് കൊടുക്കുന്നത് മൊശമാണെന്നു കരുതിയ ആമിത്താത്ത കഞ്ഞിയും ചമ്മന്തിയുമാണ് തയ്യാറാക്കിയത്. കഞ്ഞി കുടിക്കുന്നതിനിടെ കുഞ്ഞാപ്പൂന്റെ കമന്റ്, “പന്തല്‍ പണി ബൌസാകണെങ്കില് നാളെ കൊറച്ച് അവില് കൊഴച്ചതോ, കഞ്ഞീക്ക് ചമ്മന്തിക്ക് പൊറമെ ഉണക്ക മീനോ ഒക്കെ ഉണ്ടായിക്കോട്ടെ, ഇല്ലെന്കില് ഇപ്പത്തെ ചെക്കമ്മാരെ ഈ പണിക്ക് വല്ലാതെ കിട്ടൂല…” ഉള്ളിലെ വിഷമം ഒതുക്കി വെച്ച് കൊണ്ട് പുറത്തെ ചിരി കുറക്കാതെ അവറാന്ക്ക; “പന്തപ്പണി മാത്രല്ല, കല്യാണം മൊത്തം ബൌസാക്കണം, അയിന് എന്താ വേണ്ട്യേത് ന്ന് ഇജ് പറഞ്ഞാ മതി”. അന്നത്തെ പന്തല്‍ പണി കഴിഞ്ഞ് പോകുമ്പോള്‍ ആരെയും കാണാതെ അഞ്ച് രൂപ കുഞ്ഞാപ്പൂന്റെ പോക്കറ്റില്‍ തിരുകാനും അവറാന്ക്ക മറന്നില്ല; “ഇജ് ബീഡി വാങ്ങിക്കോ, രണ്ടീസോം കൂടി ഇങ്ങള് എല്ലാരും കൂടി വന്നാലേ പന്തല്‍ പണി തീരൂ”.
കല്യാണം കഴിയുന്നത് വരെ ഇനി വീട്ടില്‍ പലരും വരാനുണ്ടാവും. പഞ്ചസാര, ചായകടി, അരി ഇതിനൊന്നുമിനി കണക്കില്ലാത്ത ചിലവാണ്. ഇപ്പോള്‍ തന്നെ പലചരക്ക് കടയിലെ കടം പരിധി വിട്ടിട്ടുണ്ട്. രണ്ടു കിലോ അവിലും കൂടി വാങ്ങി വീട്ടില്‍ പോകാനിറങ്ങിയ അവറാന്ക്കയോട് കടക്കാരന് മായിന്റെ ചോദ്യം; “അല്ല, അവറാനേ, അന്റെ ലക്കോട്ട് വരവ് ഇന്റെ പീടീല്ത്തത് വീട്ടാന്‍ തന്നെ തെകയോ ?”. അവറാന്ക്ക; “ഇജ്ജ് അറം പറ്റ്ണ വാക്കൊന്നും പറയല്ലേ ഇന്റെ മായിനേ”.
ഈന്തിന് പട്ട കൊണ്ടുള്ള മോടി പിടിപ്പിക്കല്‍ ഒഴിച്ച് പന്തലിന്റെ ബാക്കി പണിയെല്ലാം കേമമായി തന്നെ കഴിഞ്ഞു. കല്യാണത്തിനിനി പന്ത്രണ്ട് ദിവസം. അഞ്ച് കിലോ കുമ്മായത്തില് അല്പം നീലം ചേറ്ത്ത് കലക്കി വീടിന്റെ മുന്ഭാഗമൊക്കെയൊന്നു മിനുക്കി. ചന്തയില്‍ നിന്നും മോശമല്ലാത്ത ഒരു പോത്തിനെ തന്നെ കൊണ്ടു വന്നു തെങ്ങില്‍ കെട്ടി.

മണവാട്ടി ജമീലയും കുട്ടുകാരികളും ഒപ്പന പഠിക്കുന്ന തിരക്കിലാണ്. ദിവസവും വൈകുന്നേരം അടുത്തുള്ള മാവിന് ചുവട്ടില്‍ ഒപ്പനയുടെ റിഹേഴ്സല്‍ നടക്കും. അവറാന്ക്ക മാറ്ക്കറ്റില് പോയി ബിരിയാണിക്കുള്ള അരിയും, പച്ചക്കറിയൊഴികെയുള്ള മറ്റു സാധനങ്ങളും കൊണ്ടു വന്നു. അയല്‍വീടുകളിലെ സ്ത്രീകളെല്ലാം ചേര്‍ന്ന് രണ്ടു ദിവസത്തെ അരി പെറുക്കലിലാണ് (അരിയിലെ കല്ല് കളയല്‍). പൊടിച്ച് വെക്കാനുള്ള മസാല സാധനങ്ങളൊക്കെ തയ്യാറാക്കുന്നു. എടുക്കുന്ന പണിയെ പലപ്പോഴും പരദൂഷണം മറി കടക്കുന്നുണ്ട്.
ഇനി രണ്ടു ദിവസം. സഹായിക്കാനുള്ള ആളുകളുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ആളുകള്‍ വിവിധ ഗ്രൂപ്പുകളായി വിവിധ ജോലികളിലല്‍ മുഴുകിയിരിക്കുന്നു. അവറാന്ക്കക്ക് പുറമെ കുഞ്ഞാപ്പുവും ജോലികളുടെ മേല്നോട്ടക്കാരനായി. ഒരു ടീം പള്ളിയിലേക്ക് നീങ്ങി. മേശ. കസേര. ചെമ്പ് എല്ലാം തലച്ചുമടേറ്റി വരുന്നു. മറ്റൊരു വിദഗ്ദ സംഘം ഈന്തിന് പട്ട കൊണ്ട് പന്തല്‍ മോടി പിടിപ്പിക്കുന്നു. അയല്‍ വീടുകളില്‍ നിന്നും കൊണ്ടു വന്ന സാരികള്‍ ഉപയോഗിച്ച് മുന്‍ഭാഗത്തെ പന്തലിന് സീലിംഗ് ഉണ്ടാക്കുന്നു. സീലിംഗിന്റെ നടുവില്‍ സാരികൊണ്ട് ഞെറിഞ്ഞ് പ്രത്യേക രീതിയില്‍ അലങ്കരിക്കുന്നു. കളര്‍പേപ്പര്‍ കൊണ്ട് മാല (അരങ്ങ്) ഉണ്ടാക്കുന്നു.
തലേദിവസം രാത്രി തന്നെയുണ്ട് കല്യാണത്തിന്റെ പകുതിയോളം ആളുകള്‍. പ്രദേശത്തെ രണ്ടു കടകളില്‍ നിന്നുമായി കടമെടുത്ത ഗ്യാസ് ലൈറ്റ് ആണ് പ്രധാന താരം.

അതില്‍ എണ്ണ നിറക്കാനും, കാറ്റടിക്കാനും, മാന്റില്‍ മാറ്റാനും നല്ല വൈദഗ്ദ്യം തന്നെ വേണം. വെള്ളം കോരാന്‍ മാത്രം രണ്ടു സ്ത്രീകളെ കൂലിക്ക് വെച്ചിട്ടുണ്ട്. അവര്‍ കോരിയിട്ട് തികയാഞ്ഞിട്ട് മറ്റുള്ളവരും സഹായിക്കുന്നു. ഒരു ഭാഗത്ത് മൈലാഞ്ചിയിടല്‍ തക്യതി.


കല്യാണ ദിവസം, പന്തലിന്റെ ഒരു ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ മൂലയില്‍ സര്‍ബത്ത്, സോഡക്കുപ്പിയില്‍ നിറച്ച് സ്ട്രോ ഇട്ട് കൊടുക്കുന്നു. പ്രധാന പന്തലിന്റെ മധ്യത്തില്‍ വലിയൊരു മേശ. സിഗററ്റ്, ബീഡി, തീപ്പെട്ടി, മുറുക്കാന്‍, ലക്കോട്ട് കവര്‍, കുറിക്കല്യാണ കമ്പി... അന്നത്തെ ന്യൂസ് പേപ്പറുകളൊക്കെ അവിടെയുണ്ട്. മറ്റൊരു ഭാഗത്ത് പ്രധാന മാപ്പിളപ്പാട്ടുകളും, കല്യാണപ്പാട്ടുകളും പാടിച്ചു കൊണ്ട് ഉച്ചഭാഷിണി. ചുറ്റും പാട്ട് പാടാന്‍ അവസരം നോക്കി നടക്കുന്ന കുട്ടികള്‍, ഉച്ചക്ക് ശേഷം പാടാം എന്നു പറഞ്ഞ് സമധാനിപ്പിക്കുന്ന സെറ്റുകാരന്. ആളുകള്‍ കുടിച്ചിട്ട സ്ട്രോ സ്വരൂപിക്കുന്നതില്‍ മത്സരിക്കുന്ന കുട്ടികള്‍.

ഭക്ഷണം കഴിക്കുന്നിടത്ത് നല്ല തിരക്കാണ്.

പ്രത്യേകിച്ചും സ്ത്രീകളുടെ ഭാഗത്ത്. ഉച്ചക്ക് ഒരു മണിയോടെ പുതിയാപ്പിള വന്നു. നാല് ജീപ്പിന് പുരുഷന്മാരും ഒരു ജീപ്പില്‍ മണവാട്ടിയെ കൊണ്ടു പോകാന്‍ വന്ന സ്ത്രീകളും. അവര്‍ക്ക് ഭക്ഷണം ഇവിടെയാണെന്ന് മുമ്പെ നിശ്ചയിച്ചിട്ടുണ്ട്. നിക്കാഹ് മുമ്പെ കഴിഞ്ഞത് കൊണ്ട് ഭക്ഷണം കഴിച്ച് മൊല്ലാക്കയുടെ വകയൊരു ‘അല്‍ ഫാത്തിഹ’ യും കഴിഞ്ഞ് പുതിയാപ്പിള സംഘം സ്ഥലം വിട്ടു. മണവാട്ടിയെ തേടി വന്നവര്‍ അവളെ അണിയിച്ചൊരുക്കി പന്തലിലേക്കിറക്കി. ഒപ്പന സംഘം തിമറ്ത്ത് കളിച്ചു.

വീട്ടുകാരോട് സലാം പറഞ്ഞ് നിറമിഴികളോടെ പുള്ളിക്കുടക്കിഴില്‍ മണവാട്ടി യാത്രയായി.
പുതുക്കത്തിന് നാല് ജീപ്പ് ഉണ്ട്. വീട്ടുകാര്‍ പ്രത്യേകം ക്ഷണിച്ചവര്‍ തന്നെയുണ്ട് അഞ്ചു ജീപ്പിനുള്ള ആളുകള്‍. ഇളക്കിയാല്‍ ഇളകാതെ അട്ട പിടിച്ച പോലെ ജീപ്പില്‍ നേരത്തെ കയറിക്കൂടിയ കുട്ടികള്‍ പുറമെയാണ്. ക്ഷണിച്ചില്ലേലും കേറിക്കൂടുന്ന മുതിര്‍ന്നവരോട് നീ കയറണ്ട എന്ന് പറയാന്‍ മടിയുമാണ്. മൊത്തത്തില്‍ അകത്തുള്ളതിനേക്കാള് ആളുകളെ പുറത്ത് നിറച്ചു നാല് ജീപ്പുകളും.

കല്യാണം കഴിഞ്ഞു. രാത്രിയായതോടെ ലക്കോട്ട് പൊളിച്ച് എണ്ണുന്ന തിരക്കിലാണ് അവറാന്ക്ക. ശാരീരിക ക്ഷിണത്തോടൊപ്പം മകള്‍ കൂടെയില്ലാത്ത വിഷമത്തില്‍ തളര്‍ന്ന ആമിത്താത്ത മയക്കത്തിലായി. ലക്കോട്ട് കവറല്‍ല് പേരെഴുതിയവരുടെ കണക്ക് ക്യത്യമായി സൂക്ഷിക്കണം. അവരുടെ വീട്ടില്‍ കല്യാണമോ കുറിക്കല്യാണമോ ഉണ്ടാവുമ്പോള്‍ ഇങ്ങോട്ട് തന്നതിലേറെ വല്ലതും ചേര്‍ത്ത് തിരിച്ച് കൊടുക്കണമെന്നാണ് നിയമം. കുറിക്കല്യാണ കമ്പി വിദഗ്ദന് അടുത്ത വീട്ടിലെ ജാഫറാണ് സഹായത്തിന്. ബുക്കില്‍ ഓരോ പേജ് തികയുമ്പോഴും മൊത്തം സംഖ്യ കൂട്ടിയിടുന്നുണ്ട്. ഓരോ പേജ് നിറയുമ്പോഴും അവറാന്ക്ക പ്രതീക്ഷയോടെ മൊത്തം സംഖ്യ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ചിന്തകള്‍, മുതിര്‍ന്ന് വരുന്ന ബാക്കി രണ്ട് പെണ്മക്കളെ കെട്ടിക്കുന്ന കടമ്പകളിലൂടെയൊക്കെ കടന്നു പോയി. ഒരു മാസത്തില്‍ ഏറെയുള്ള പരിശ്രമവും ഉറക്കമൊഴിവാക്കിയ രാവുകളും ശാരീരികമായി അയാളെ തളറ്ത്തിയിട്ടുണ്ടെങ്കിലും നേരം പുലര്‍ന്നാല്‍ തന്നെ കാത്തിരിക്കുന്ന കടങ്ങളുടെ കണക്കുകള്‍ക്ക് മുമ്പില്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു.
ലക്കോട്ട് കവറുകള്‍ പൊട്ടിച്ച് തീരാറായി. കുറിക്കല്യാണ കമ്പിയിലേക്കും കടങ്ങളുടെ ലിസ്റ്റിലേക്കും അവറാന്ക്ക മാറി മാറി നോക്കുന്നുണ്ട്. നേരം പുലര്‍ന്നാല്‍ അഭിമുഖീകരിക്കേണ്ട പ്രമാണിമാരുടെയും, കടയുടമകളുടെയും മുഖങ്ങള്‍ കണ്മുന്നില് മിന്നി മറയുന്നു. ജാഫര്‍ അവസാനമായി കൂട്ടിയിട്ടതും തന്റെ കയ്യിലുള്ള കടത്തിന്റെ ലിസ്റ്റും തമ്മില്‍ അജഗജാന്തരമുണ്ട്. ഒരു പേജിലേക്കും കൂടി എഴുതാന്‍ മാത്രം ലക്കോട്ടുകളേ ഇനി ബാക്കിയുള്ളൂ. പുറത്തെ ഇരുട്ടിനേയും അതിജയിക്കുമാറ് തന്റെ കണ്ണില്‍ ഇരുട്ട് കേറുന്നതായി അവറാന്ക്കക്ക് ബോധ്യമായി. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ പോലും ഇനി താന്‍ രക്ഷപ്പെടില്ല. അവസാനത്തെ പേജിലെ മൊത്ത സംഖ്യ നോക്കാന്‍ മാത്രം കരുത്ത് അയാളുടെ കണ്ണുകള്‍ണ്ടായിരുന്നില്ല. കണ്ണില്‍ കേറിയ ഇരുട്ട് ശരീരത്തെ തന്നെ ഉറക്കിലാഴ്ത്തി. അഗാധ നിദ്ര!

വളരെ പഴയതല്ല, എന്നാല്‍ അല്പം പഴയകാലത്തെ മലബാര്‍ ഭാഗത്തെ വിശേഷിച്ചും ഞങ്ങളുടെയൊക്കെ മലപ്പുറം മാപ്പിള സാമൂഹ്യ പശ്ചാതലത്തിലെ കല്ല്യാണങ്ങളെ ലഘുവായൊന്നു വിവരിക്കാന്‍ ശ്രമിച്ചതാണ്. വിചാരിച്ചത്ര നന്നാക്കാനായില്ലെങ്കിലും പോസ്റ്റുന്നു. ചിലര്‍ക്കെ മനസ്സിലാവാത്ത പദങ്ങളും ഉണ്ടാവാം. കുറവുകള്‍ നികത്താന്‍ വായനക്കാര്‍ കമന്റ് കോളം ഉപയോഗപ്പെടുത്തിയാല്‍ കല്യാണം ബൌസാകും
ReplyDeleteനന്നായി എന്നു പറയുന്നില്ല,
ReplyDeleteകാരണം മുജീബ് ആവശ്യമില്ലാത്ത പ്രോത്സാഹനം ഇഷ്ടപ്പെടുന്നവനല്ല എന്ന് അറിയുന്നതു കൊണ്ട് തന്നെ!
മനസ്സിലാകായ്ക പ്രാദേശികമാണ്, തൃശൂർ വരെയുള്ളവർക്ക് മനസ്സിലായിക്കാണും. എങ്കിലും കാര്യങ്ങൾ പറയുമ്പോൾ ശുദ്ധമലയാളം തന്നെ ഉപയോഗിക്കാമയിരുന്നു. കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ ഏതായാലും നാടൻ സ്ലാംഗ് വരുന്നുണ്ടല്ലോ! മുജീബിന്റേതായി വരുന്ന വക്കുകളും പ്രാദേശികമായത് പലർക്കും അരോചകമാകുമെന്ന് നേരത്തെ മനസ്സിലാക്കി എന്നതു തന്നെ താങ്കളുടെ മനസ്സിന്റെ വലുപ്പം കാണിച്ചുതരുന്നു!
ഒന്നു കൂടി ചെത്തിമിനുക്കിയാൽ തിളക്കം കൂടുമായിരുന്നു!!
കൂടുതൽ നൈർമല്യമുള്ള രചനകൾ പിറക്കട്ടെ....
ഭാവുകങ്ങൾ! :-)
This comment has been removed by the author.
ReplyDeleteഎഴുത്ത് ഒരൂ കലയാണ്. അതിന് പല രീതികൾ നമുക്കുണ്ടാക്കിയെടുക്കാം. വൈക്കം മുഹമ്മദ് ബഷീർ എഴുത്ത് കാരനായത് ശുദ്ധ മലയാളത്തിലെഴുതിയല്ല. എന്നാലും മലയാളി പറഞ്ഞത് പോലെ കഥാപാത്രങ്ങൾ ഒഴികെ യുള്ളവക്ക് എല്ലാ മലയാളികളേയും ഉൾകൊള്ളുന്ന രീതിയിൽ സാഹിത്യ ഭാഷ ഉപയോഗപെടുത്തുക. ഒരു അഭിപ്രായം മാത്രമാണ്. ഭാഷയിൽ ഞാൻ നിങ്ങളേക്കാൾ അറിവുള്ളവനല്ല.
ReplyDeleteനാടൻ മലപ്പുറം കല്ല്യാണത്തെ കുറിച്ച് നല്ലൊരൂ വിവരണം നൽകിയിട്ടുണ്ട്.… അഭിനന്ദനം.
This comment has been removed by the author.
ReplyDeleteപഴയ കാലത്തെ കല്യാണ രീതികളുടെ കൊച്ചു കൊച്ചു സ്പന്ദനങ്ങള്‍ പോലും ഒപ്പിയെടുത്ത ഗതകാലത്തിന്റെ സുന്ദരമായൊരു പുനരാവിഷ്കരണം. രചനയുടെ വഴിയില്‍ എപ്പോഴും പുതുമകള്‍ പരീക്ഷിക്കാറുള്ള മുജീബിന്റെ ഈ പോസ്റ്റ് പുതു തലമുറയ്ക്ക് മുന്‍കാല കല്യാണ സമ്പ്രദായങ്ങളെക്കുറിച്ച് അറിവ് നല്കുവാന് ഉപകരിക്കും. ഓര്‍മയുടെ തീരങ്ങളില്‍ ഒരു ചെറു തിരയിളക്കം പോലെ അന്നത്തെ കല്യാണനാളുകളുടെ ഓര്‍മ്മകള്‍ ഇളകിയാടുമ്പോള്‍ ഗൃഹാതുരതയുടെ നിശ്വാസം ബാക്കിയാവുന്നു; കഴിഞ്ഞു പോയ കാലം കടലിനക്കരെ നിന്നും പരിഹാസച്ചിരി ചിരിക്കുന്നു. നന്ദി മുജീബ്, ഈ സോദ്ദേശ രചനക്ക്... ആശംസകള്‍.
ReplyDeleteഇക്കാലത്ത് ഇങ്ങനെയൊന്നും കാണാന്‍ കഴിയുന്നില്ലെങ്കിലും പഴയ ആ ഓര്മകളിലേക് കൂട്ടി കൊണ്ട് പോയി...!
ReplyDeleteവളരെ നന്നായി എഴുതി. വരികള്കൊത്ത ചിത്രങ്ങള്‍ ചേര്‍ത്തതിനു വളരെ നന്ദി.
താങ്കള്‍ കാവനൂര്‍ അടുത്തുള്ള ചെങ്ങര ആണോ?
ഞാന്‍ കൂട്ടാവില്‍ (കാരാപറമ്പ് ) ആണ്.
@ മലയാളി, ബെന്ജാലി : നാടന്‍ ഭാഷയില്‍ എഴുതിയാലേ ആ പഴയ നാടന്‍ കല്യാണമാവൂ എന്ന തോന്നലായിരിക്കാം ഭാഷ യാദ്ര്ശ്ചികമായി അങ്ങനെയായത്. പോസ്റ്റും മുമ്പേ ഒന്ന് കൂടി വായിച്ചപ്പോഴാണ് പലര്‍ക്കും പലതും തിരിയാതെ വരും എന്ന് ബോധ്യമായത്.
ReplyDeleteപിന്നെ മലയാളി പറഞ്ഞ പോലെ എന്തു എഴുതിയാലും നന്നായി എന്ന് മാത്രം പറയലാണ് കമന്റ് ധര്‍മ്മം എന്ന് ചിന്തിക്കുന്നവരുണ്ട്. അത് ശരിയല്ല, ക്രിയാത്മകമായ വിലയിരുത്തല്‍ പ്രത്യേകിച്ചും എന്നെപ്പോലുള്ള പുതുസ്സുകള്ക് ഗുണം ചെയ്യും. തിരക്കുകള്‍ക്കിടയിലും വന്നു പ്രോത്സാഹിപ്പിച്ചതിന് വളരെയധികം നന്ദിയുണ്ട്.
@ നൌഷാദ് കുനിയില്‍ : താങ്ക്സ് എ ലോട്ട്.
@ The Best 87 : അപ്പോള്‍ നമ്മള് നാട്ടുകാരാ ...
എന്നോ വായിച്ചിട്ടും, ഇഷ്ട്ടപെട്ടിട്ടും, വൈകിപ്പോയ ഈ അഭിനന്ദന കുറിപ്പ് സ്വീകരിക്കുമല്ലോ...പഴയ കാലത്തേ ആ പട്ടിണിയുടെയും പരിവട്ടത്തിന്റെയും കാലത്തേക്ക് മുജീബ് കൈപിടിച്ച് കൊണ്ടുപോവുകയായിരുന്നു.
ReplyDeleteമലപ്പുറംകാരന് ആയതു കൊണ്ടാവും ആ സ്ലാങ്ങില്‍ ഉള്ളത് മുഴുവന്‍ ഞമ്മക്ക് തിരിഞ്ഞി.
മലയാളി പറഞ്ഞ പ്രശ്നം കൂടി പരിഗണിച്ചാല്‍ നൂറു മാര്‍ക്കും നേടാം...!