Wednesday, April 10, 2013

പ്രമാണക്കാര്‍ മാറ്റുരസുകയാണ്


ഖണ്ഡനമുക്കില്‍ ഇന്ന് പ്രമാണങ്ങള്‍ മാറ്റുരക്കുകയാണ് ! ഏതു വിഭാഗമാണ് സ്വര്‍ഗ്ഗത്തിലേക്ക്, ഏതു വിഭാഗമാണ് നരകത്തിലേക്ക് എന്നു തീരുമാനമാകാന്‍ വെറും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. സംവാദം നടക്കുന്ന പ്രത്യേകഹാളില്‍ പ്രമാണങ്ങള്‍ക്ക് നടുവില്‍ ഇരു വിഭാഗത്തിന്റെയും ഉസ്താദുമാരും, മധ്യസ്ഥരും, അന്‍പത് വീതം അനുയായികളും മാത്രമേയുള്ളൂവെങ്കിലും അനുയായികളെ കൊണ്ട് ഖണ്ഡനമുക്കില്‍ സാഗരം തീര്‍ത്തിട്ടുണ്ട്. രണ്ടുവിഭാഗത്തിനുമിടയിലായി പോലീസുകാര്‍ മതില്‍ തീര്‍ത്തിരിക്കുകയാണ്.  വലിയ സ്‌ക്രീനുകളില്‍ സംവാദം നേരില്‍ കാണാന്‍ ഇരുവിഭാഗവും സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൈലക്സ് ക്ലാസ് റൂമുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും, ഫെയിസ് ബുക്കിലൂടെയും ഗള്‍ഫിലും മറ്റു അകലങ്ങളിലുമുള്ള ആയിരങ്ങളും അവരുടെ പങ്കാളിത്തം അറിയിച്ചുകൊണ്ടിരിക്കുന്നു. രണ്ടുഭാഗത്തെയും പ്രധാന പ്രാസംഗികര്‍ ഈ അടുത്ത കാലങ്ങാളിലായി ‘സത്യം മനസ്സിലാക്കി’ മറു ഭാഗത്തേക്ക് കടന്നുചെന്ന ശിരോമണികളാണെന്നത് സംവാദത്തിന്റെ വീറും വാശിയും വര്‍ദ്ധിപ്പിക്കുന്നുണ്ട് !!!

ബിസ്‌മി ചൊല്ലി കള്ളുകുടിച്ച ഒരു കുടിയനും കള്ളുകുടിക്കുമ്പോള്‍ ബിസ്‌മി ചൊല്ലരുത് എന്നുപദേശിച്ച സഹകുടിയനും തമ്മിലുണ്ടായ തര്‍ക്കം അങ്ങാടിയിലെത്തുകയും അവിടുന്ന് ഇരുവിഭാഗത്തിന്റെയും അനുയായികള്‍ ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. കള്ളുകുടി ഹറാമാണ്, കുടിക്കാന്‍ പാടില്ല, എന്നാലും അഥവാ ഒരുത്തന്‍ കള്ള് കുടിക്കുകയാണെങ്കില്‍ ബിസ്‌മി ചൊല്ലണം. ചൊല്ലേണ്ടതില്ല എന്നു വാദിക്കുന്നവര്‍ ബിസ്‌മിയെ അവഹേളിച്ചവരും പുത്തന്‍ വാദികളും പിഴച്ചവരുമാണ് എന്നതാണ് ഒരു വിഭാഗത്തിന്റെ വാദം. കള്ളുകുടി ഹറാമായതിനാല്‍ ബിസ്‌മി ചൊല്ലുക എന്നതിന് പ്രസക്‌തിയില്ലെന്നും ബിസ്‌മി ചൊല്ലണമെന്നു വാദിക്കുന്നവര്‍ കള്ളുകുടിയെ പ്രോത്സാഹിപ്പിക്കുക വഴി ഖുര്‍ആന്‍ നിഷേധിച്ചവരും നരകത്തിലേക്ക് സീറ്റ് ഉറപ്പിച്ച് നില്‍ക്കുന്നവരുമാണെന്ന് മറുപക്ഷവും. 

ഇരുഭാഗത്തെയും വെടിക്കെട്ടു പ്രഭാഷകര്‍ അവരുടെ വാദം സമര്‍ത്ഥിച്ചുകൊണ്ടും മറുവിഭാഗത്തിന്റെ പൊള്ളത്തരങ്ങള്‍ എല്‍ സി ഡി ക്ലിപ്പിങ്ങ് സഹായത്തോടെ പൊളിച്ചെഴുതിക്കൊണ്ടും എട്ടു തവണകളായി നടത്തിയ ഖണ്ഡന മണ്ഡനങ്ങളില്‍ നിന്നൊന്നും ജനങ്ങള്‍ക്ക് സത്യം മനസ്സിലാക്കാന്‍ സാധിക്കാത്തതിനാലാണ് ഒരു സംവാദത്തിലൂടെ കാര്യങ്ങള്‍ എളുപ്പത്തില്‍ തീരുമാനമാക്കാന്‍ ഇരുവിഭാഗവും തയ്യാറായത്.   

സത്യത്തിന്റെ ആളുകളെ വിജയിപ്പിക്കുകയും അസത്യത്തിന്റെ ആളുകളെ പരാജയപ്പെടുത്തുകയും ചെയ്യേണമേ’ എന്ന നെഞ്ചുപിളര്‍ത്തുന്ന പ്രാര്‍ത്ഥനകളോടെയാണ് ഇരു വിഭാഗവും വിഷയാവതരണം ആരംഭിച്ചത്. ചോദ്യശരങ്ങളും ഉത്തരങ്ങളുമെല്ലം മറുഭാഗത്തിന്റെ ഇറച്ചിയില്‍ തറക്കും വിധം ശക്തമാണ്. 

ഒരു മനുഷ്യന്‍ എന്തു പ്രവര്‍ത്തി ആരംഭിക്കുന്നതും ബിസ്‌മി ചൊല്ലിയാവണം. ഏതെങ്കിലും ഒരു പ്രത്യേക പ്രവര്‍ത്തിക്ക് ബിസ്‌മി ചൊല്ലേണ്ടതില്ല എന്നു പറയണമെങ്കില്‍ അതു പ്രമാണങ്ങള്‍ കൊണ്ടു തെളിയിക്കണം, ചില കര്‍മ്മങ്ങള്‍ പ്രത്യേകം എടുത്തു കാണിച്ച് സ്വന്തം ബുദ്ധിയുടെ അടിസ്ഥാനത്തില്‍ ബിസ്‌മി ഒഴിവാക്കുന്നത് ബിസ്‌മിയോടുള്ള അവഗണനയാണ്. ബിസ്‌മിയെ നിഷേധിക്കുന്നത് ഖുര്‍ആന്‍ നിഷേധിക്കുന്നതിനു തുല്യമാണ്. അതിനാല്‍ മറുപക്ഷത്തിന്റേത് പുത്തന്‍ വാദവും അവര്‍ ദീനില്‍ നിന്നു പിഴച്ചവരും, ഖുര്‍ആന്‍ നിഷേധികളും, നരകത്തിന്റെ അനുയായികളുമാണെന്ന് സമര്‍ത്ഥിച്ച എ വിഭാഗം ‘കള്ളു കുടിക്കുമ്പോള്‍ ബിസ്‌മി ചൊല്ലരുത് എന്ന് ഖുര്‍ആനിലോ സ്വഹീഹായ ഹദീസിലോ കാണിച്ചു തരാമോ‘ എന്നചോദ്യം ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു.

കള്ളു കുടിക്കരുത് എന്ന് ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞ കാര്യമായതിനാല്‍ അതിനു മുമ്പായി ബിസ്‌മി ചൊല്ലുക എന്ന പ്രശ്നം ഉദിക്കുന്നില്ല. ബിസ്‌മിയുടെ മഹത്വം എടുത്തുകാണിക്കുവാന്‍ വേണ്ടി കള്ളുകുടിയെ ന്യായീകരിക്കുന്ന എ വിഭാഗം ഖുര്‍ആനിനെ നിഷേധിച്ചിരിക്കുകയാണ്. അതിനാല്‍ അവര്‍ പിഴച്ചവരും പിശാചിന്റെ അനുയായികളും നരകത്തിന്റെ വക്താക്കളുമാണെന്ന് സമര്‍ത്ഥിച്ച ബി വിഭാഗം ‘കള്ളു കുടിക്കുമ്പോള്‍ ബിസ്‌മി ചൊല്ലണമെന്ന് പറയുന്ന ഖുര്‍ആന്‍ വചനമോ ഹദീസോ ഉദ്ദരിക്കാന്‍‘ എ വിഭാഗത്തെ ആവര്‍ത്തിച്ചു വെല്ലുവിളിച്ചു.
ഇരു വിഭാഗവും അവരുടെ വാദത്തിലും ചോദ്യത്തിലും ഉറച്ചു നിന്നു മറുഭാഗത്തെ ഉത്തരം മുട്ടിച്ചു. സംവാദം അവസാനിച്ചു.

‘അല്‍ഹംദു ലില്ലാഹ് ... അല്‍ഫ് മര്‍റ... ജാഅല്‍ ഹഖു ... വ ദഹകല്‍ ബാതിലു...'
ഇരുഭാഗവും വിജയമാഘോഷിച്ചു. മറുഭാഗത്തെ മലര്‍ത്തിയടിച്ച ഉസ്‌താക്കന്മാരെ തോളിലേറ്റി അവര്‍ ജാഥ വിളിച്ചു. ഗള്‍ഫിലുള്ളവര്‍ ബൈലക്സ് റൂമിലും, ഫെയിസ് ബുക്കിലും, യൂ റ്റ്യൂബിലും അര്‍മാന്തിച്ചു. മുന്‍കൂട്ടി തയ്യാറാക്കി വെച്ച പോസ്റ്ററുകള്‍ ഫെയിസ് ബുക്കിലൂടെയും ഇമെയില്‍ ഗ്രൂപ്പുകളിലൂടെയും പാറിക്കളിച്ചു.  

‘ബിസ്‌മിയുടെ മഹത്വം’ മലയാളികള്‍ക്കിടയില്‍ മൊത്തം പ്രചരിപ്പിക്കുവാനും ബിസ്‌മിയെ അവഹേളിച്ചവരെ ആറടിമണ്ണില്‍ കുഴിച്ചു മൂടിയ നേതാക്കന്മാര്‍ക്ക് നാടൊട്ടുക്കും സ്വീകരണം സംഘടിപ്പിക്കുവാനുമായി എ വിഭാഗം കാമ്പയിന്‍ പ്രഖ്യാപിച്ചപ്പോള്‍ ‘മദ്യപാനത്തിന്റെ ഭയാനകത’ പ്രചരിപ്പിക്കുവാനും കള്ളുകുടിയെ ന്യായീകരിച്ചവരുടെ തനിനിറം വെളിച്ചത്താക്കുവാനും ഔലുസ്സുന്നത്തിന്റെ മാനം കാത്ത ഉസ്‌താക്കന്മാരെ അനുമോദിക്കുവാനുമായി ബി വിഭാഗവും കാമ്പയിന്‍ പ്രഖ്യാപിച്ചു.

ഖണ്ഡനമുക്കിലെ കള്ളുഷാപ്പില്‍ ആരംഭിച്ച ആ ചെറിയ തര്‍ക്കം ഇപ്പോള്‍ എല്‍സിഡി ക്ലിപ്പിങ്ങുകളുടെ അകമ്പടിയോടെ പരസ്‌പരം പൊളിച്ചെഴുതുന്ന ‘ആദര്‍ശ വിശദീകരണ' സമ്മേളനങ്ങളായി മലയാളക്കര മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. ഏറ്റവും പ്രധാന പ്രശ്‌നം അവരവരുടെ സ്വര്‍ഗ്ഗത്തിന്റെ കാര്യമായതിനാല്‍ ആദര്‍ശ സംരക്ഷണത്തിനു വേണ്ടി ജിഹാദിനു തയ്യാറായ അനുയായികള്‍ക്ക് കഠിനമായി വരുന്ന വരള്‍ച്ചയും, ജലദൌര്‍ലഭ്യവും, നാള്‍ക്കുനാള്‍ തകരുന്ന ധാര്‍മ്മികതയും, സൌദിയിലെ തൊഴില്‍ പ്രശ്നങ്ങളുമൊന്നും പ്രശ്നമാവുന്നില്ല, കാരണം അവയൊക്കെ നോക്കാന്‍ വേറെയും പലരുമുണ്ടല്ലോ ? തങ്ങളുടെ ‘സ്വര്‍ഗ്ഗ'വും ‘പ്രമാണ'വും സംരക്ഷിക്കാന്‍ തങ്ങള്‍ മത്രമല്ലേ ഉള്ളൂ... !?

10 comments:

 1. പശുവിനെ വിറ്റു . എന്നാല്‍ അതിന്റെ കയര്‍ വിറ്റോ ..വിറ്റില്ലേ . പശുവിനെ വാങ്ങുമ്പോള്‍ അതിന്റെ കയര്‍ അതില്‍ പെടുമെന്ന് കച്ചവടക്കാരന്‍ . ഞാന്‍ പശുവിനെയാണ് തന്നത് , കയര്‍ വിറ്റിട്ടില്ല എന്ന് പശുവിന്‍റെ ഉടമ. അവസാനം മധ്യസ്ഥര്‍ ഇടപെട്ടു. കയറിന്റെ കാര്യത്തിലല്ലേ തര്‍ക്കമോള്ളൂ ..അതിനെ ഈ പശുവിനെ എന്തിനു പിടിച്ചു വെക്കണം. അതിനാല്‍ പശുവിന്റെ കഴുത്തില്‍ നിന്ന് കയര്‍ ഊരിയെടുത്തു മുന്നില്‍ വെച്ചു വാദം തുടങ്ങി . വാല്‍കഷ്ണം .. പശുവിനെ പിന്നെ ആരും കണ്ടവരില്ല .

  ReplyDelete
 2. നർമ്മത്തോടെ വ്യക്തമായി പറഞ്ഞിരിക്കുന്നു. സാമൂഹ്യ ചുറ്റുപാടിൽ മതപരമായ സമഗ്രത നമ്മുടെ ജീവിതത്തിൽ പകർത്താൻ ആഹ്വാനം ചെയ്യേണ്ട സമയത്ത് ശാഖാ പരമായ ചെറു കാര്യങ്ങൾക്ക് വൻ തുക പൊടിച്ച് ഖണ്ഢന മണ്ഢനങ്ങൾ നടത്തുന്നതിനു റബ്ബിന്റെ കോടതിയിൽ എല്ലാരും മറുപടി പറയേണ്ടി വരും. സമുദായത്തെ അല്ലാഹു കാത്തു രക്ഷിക്കട്ടെ.

  Off: please do remove the word verification !!

  ReplyDelete
 3. ഉണ്ട ചോറിനും മാങിയ കായിക്കും കണക്ക് കൊടുത്തില്ലെങ്കിലും, മിനിമം നന്ദി കാണിക്കണ്ടേ... ;)

  ReplyDelete
 4. ഉത്തരാധുനിക മുസ്ലിം വാദപ്രതങ്ങളുടെ നിരർത്ഥകത ഹാസ്യാത്മകമായി അവതരിപ്പിച്ചു.
  ദുര്ബലമായ ഒരു ഹദീസിന്റെ പേരില് വിഘടിച്ച്ച "ഔദ്യോഗിക"മുജാഹിദിലെ ജിന്ന്, ഇന്സ് പക്ഷം ഇന്നു ഇത്തരം ഒരു സ്വത്വ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്.

  ReplyDelete
 5. കള്ളുകുടിക്കുമ്പോള്‍ ബിസ്മി ചൊല്ലണമോ വേണ്ടയോ എന്ന് തര്‍ക്കിക്കുന്നത്‌ പോലെ തന്നെയാണ് ഇന്ന് മുജാഹിതുകള്‍ എന്ന പേരിലറിയപ്പെടുന്നവര്‍ ഒരു ദുര്‍ബല ഹദീസിനിറെ പേരില്‍ അന്തരീക്ഷമലിനീകരണം നടത്തി കൊണ്ടിരിക്കുന്നത്. തര്‍ക്കത്തിലുള്ള ഹദീസ് ദുര്‍ബലമാണെന്നും, അതുകൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ലെന്നും, അത് തോട്ടിലേക്ക് എറിയേണ്ട ഹദീസാനെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നവര്‍ തന്നെ ആ ഹദീസും അതിനെ ചുറ്റിപറ്റിയുള്ള ചര്‍ച്ചയുമാണ് ദിവസവും നടക്കുന്ന അവരുടെ സമ്മേളനങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പോസ്റ്റ്‌ താങ്കളുടെ ബ്ലോഗില്‍ മാത്രം ഒതുക്കാതെ പുറത്തേക്ക് പ്രചരിപ്പിക്കുക. നന്നായിട്ടുണ്ട്. ആശംസകള്‍....,

  ReplyDelete
 6. തിരിച്ചറിവിനു പകരം മതത്തെ തിളച്ചു മറിയലാക്കിയ ചില ഗീർവാണ മൊല്ലമാരും അവരെ ചുമന്നു നടക്കുന്ന കുറെ കുഞ്ഞാടുകളും. ഇവരെ കൊണ്ട് ദീൻ വളരുകയല്ല.... വരളുകയാ...!

  ReplyDelete
 7. മത പ്രബോധനത്തിന്റ്റെ ഇരുണ്ട മുഖം!

  ReplyDelete