(‘വിശ്വാസം, വിശുദ്ധി, നവോത്ഥാനം’ എന്ന പ്രമേയത്തെ ആസ്‌പദമാക്കി സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ തലത്തില്‍ സംഘടിപ്പിച്ച കാമ്പയിന്റെ ഭാഗമായി ‘സാമൂഹ്യ സുരക്ഷിതത്വം, വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ നടത്തിയ ദേശീയ പ്രബന്ധരചന മത്സരത്തില്‍ എനിക്ക് ഒന്നാം സ്ഥാനം നേടിത്തന്ന പ്രബന്ധം)
ലോകം അരക്ഷിതാവസ്ഥയുടെ അഗാധതയിലേക്ക് പതിക്കുകയാണ്. ആഗോള സാമ്പത്തിക തകര്‍ച്ചയും, തൊഴിലില്ലായ്‌മയും വികസിത രാഷ്‌ട്രങ്ങളുടെ പോലും പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും, അതിര്‍ത്തി തര്‍ക്കങ്ങളും അകല്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം അപരിഹാര്യമായി തുടരുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ ലോകരാഷ്‌ട്രങ്ങളുടെ താളം തെറ്റിക്കുകയാണ്. ധാര്‍മ്മികരംഗം തകര്‍ച്ച നേരിടുന്ന യൂറോപ്യന്‍ സമൂഹം മുമ്പൊന്നും അനുഭവിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂടി നീങ്ങിക്കൊണ്ടിരിക്കുന്നതായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള നയതന്ത്രത്തിന്റെ കാവല്‍ക്കാരാവേണ്ട ഐക്യരാഷ്‌ട്ര സഭയെ നോക്കുകുത്തിയാക്കി നിര്‍ത്തി അമേരിക്കന്‍ സാമ്രാജ്യത്വം ലോകപോലീസ് ഏറ്റെടുത്തതോടെ അറബ് രാഷ്‌ട്രങ്ങളടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷ രാഷ്‌ട്രങ്ങള്‍ നാള്‍ക്കുനാള്‍ അസ്ഥിരമായിക്കൊണ്ടിരിക്കുന്നു. ഭരണാധികാരികളോടും ഏകാധിപതികളോടുമുള്ള സ്വാഭാവിക മാനുഷിക വികാരത്തെ ആളിക്കത്തിച്ച് അറബ്‌വസന്തവും, മുല്ലപ്പൂ വിപ്ലവവും തീര്‍ത്ത സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ പല്ലും നഖവും കൂടുതല്‍ ആഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്. അഫ്‌ഗാനിസ്ഥാന്‍ , പാക്കിസ്ഥാന്‍ , ഇറാഖ്, ലിബിയ, തുണീഷ്യ, ഈജിപ്റ്റ്, സിറിയ തുടങ്ങിയ രാജ്യങ്ങളെയെല്ലാം തങ്ങളുടെ കോളനികളോ വരുമാന സ്രോതസ്സുകളോ ആക്കി മാറ്റിയ അമേരിക്ക ഇറാനിലേക്കുള്ള ഊഴം മെനയുന്ന തിരക്കിലാണ്.
മദ്ധ്യപൌരസ്‌ത്യ ദേശത്തെ സമാധാനം തകര്‍ത്ത ഇസ്രാഈല്‍ അമേരിക്കയുടെ സഹായവും യൂറോപ്യന്‍ യൂണിയന്റെ പിന്തുണയും ഉപയോഗപ്പെടുത്തി സാധാരണക്കാരായ ഫലസ്‌തീനികള്‍ക്കുനേരെ നടത്തുന്ന നരമേധം മൂര്‍ത്തഭാവം പ്രാപിച്ചിരിക്കുന്നു. ‘പ്രതിരോധമെന്ന്’ പേരുനല്‍കി കടലിലും കരയിലും ആകാശത്തും ഉപരോധം തീര്‍ത്ത് പിഞ്ചു കുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കുന്ന ഇസ്രാഈലിന്റെ ക്രൂരതക്ക് നേരെ ആറുപതിറ്റാണ്ടു കാലമായി ലോകം കണ്ണടച്ചു തന്നെയിരിക്കുന്നു. ചേരിചേരാ നയം ഉയര്‍ത്തിപ്പിടിച്ച് തലയെടുപ്പോടെ ഫലസ്‌തീനിനോടൊപ്പം നിന്നിരുന്ന ഇന്ത്യ പോലും അമേരിക്കയെന്ന യജമാനനു മുന്നില്‍ ഭക്തിപൂര്‍വ്വം വണങ്ങുന്നതാണ് ഇപ്പോള്‍ കാണുന്നത് !?
ഇന്ത്യയെങ്ങോട്ട് ?
ജനാധിപത്യ ഇന്ത്യയുടെ പൊതുസമ്പത്ത് സ്വന്തം അക്കൌണ്ടിലേക്ക് മാറ്റി അന്യായമായി ഭക്ഷിക്കുന്ന തിരക്കിലാണ് ഭരണാധികാരികളും, ബ്യൂറോക്രാറ്റുകളും. ബോഫോഴ്‌സ് ഇടപാടും, ശവപ്പെട്ടി കുംഭകോണവും, റ്റൂ ജി സ്‌പെക്‌ട്രം അഴിമതിയും മറ്റും മറ്റുമായി പൊതുഖജനാവിലെ കോടികള്‍ ഭരണാധികാരികളാല്‍ കൊള്ളയടിക്കപ്പെടുന്ന രാജ്യത്ത് 'ബണ്ടിചോറു'കള്‍ ഉന്നതങ്ങളില്‍ വിലസുന്നത് സ്വാഭാവികം മാത്രം! അന്തിയുറാങ്ങാന്‍ ഒരു കൂരപോലുമില്ലാത്ത, ഒരു നേരത്തെ ഭക്ഷണത്തിന് ഭിക്ഷ യാചിക്കാന്‍ പോലും ഇടമില്ലാത്ത മനുഷ്യക്കോലങ്ങളുടെ നാട്ടിലാണ് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ജനപ്രതിനിധികള്‍ പൊതുമുതല്‍ മോഷ്‌ടിക്കുന്നത്.
അതിരുകള്‍ ഭേദിച്ച വര്‍ഗ്ഗീകരണം
പുറത്തു നിന്നു വന്നവര്‍ എന്നാരോപിച്ച് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ ദുരിതപൂര്‍ണ്ണമായ അതിരുകളിലേക്ക് ഇക്കഴിഞ്ഞ വര്‍ഷം മാത്രം തള്ളിവിട്ടത് നാലുലക്ഷത്തോളം മുസ്‌ലിംകളെയാണ്. ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരാണെന്ന കാരണത്താല്‍ മുന്‍വിധിയോടെ മാത്രം കാണുകയും നിരപരാധികളെ പിടിച്ച് ടാഡ പൊലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലിലടക്കുകയും ചെയ്യുന്ന അവസ്ഥ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം സമൂഹത്തെ ഭീതിതമാക്കിയിരിക്കുന്നു. ആട്ടിയോടിക്കപ്പെടേണ്ടവരാണെന്ന ഭാവത്തില്‍ അഹ്‌മദാബാദ്, ഭഗല്‍പൂര്‍ , ജഗല്‍പൂര്‍ , മീററ്റ്, ഭീവണ്ടി, നെല്ലി, മുംബൈ, ഗുജറാത്ത് പോലുള്ള വര്‍ഗ്ഗീയ കലാപങ്ങള്‍ തീര്‍ത്ത അരക്ഷിതാവസ്ഥ അതിഭയാനകമാണ്. മലേഗാവ്, സംജോത, അജ്‌മീര്‍ , ജയ്‌പൂര്‍ തുടങ്ങിയ സ്‌ഫോടനങ്ങള്‍ അന്വേഷിച്ച ഏജന്‍സികളുടെ പക്ഷപാതപരമായ ഇടപെടലുകള്‍ മായ്‌ക്കാനാവാത്ത അരക്ഷിതബോധമാണ് ആ പ്രദേശങ്ങളിലെ മുസ്‌ലിം സമൂഹത്തില്‍ തീര്‍ത്തത്. എവിടെയെങ്കിലും അക്രമങ്ങളോ സ്‌ഫോടനങ്ങളോ സംഭവിച്ചാല്‍ ഉടനെ തന്നെ ലഷ്‌കറെ ത്വൈബ, ഇന്ത്യന്‍ മുജാഹിദീന്‍ , സിമി തുടങ്ങിയ സംഘടനകളുമായി ബന്ധം 'കണ്ടെത്തുക’യും മുന്‍വിധിയുലറച്ച തിരക്കഥകള്‍ മെനയുകയും ഇവയുമായൊന്നും ബന്ധമില്ലാത്ത നിരപരാധികളുടെ പിരടികളില്‍ ഭീകരവാദത്തിന്റെ ഉത്തരവാദിത്വം കെട്ടി വെച്ച് ‘തല്ലിക്കൊല്ലു’കയും ചെയ്യുന്ന അവസ്ഥ സാധാരണക്കാരെ പോലും തീവ്രമായി ചിന്തിപ്പിക്കുവാനോ തീവ്രവാദിയാക്കുവാനോ പ്രചോദനമേകും വിധം രൂക്ഷമാണ്.
ക്രിമിനല്‍ വല്‍ക്കരിക്കപ്പെട്ട രാഷ്‌ട്രീയരംഗം
രാഷ്‌ട്രീയരംഗത്ത് ആത്മാര്‍ഥതയുള്ളവര്‍ ഇല്ലാതാവുകയും രാഷ്‌ട്രീയം കുറ്റവാളികളുടെ അത്താണിയായി മാറുകയും ചെയ്യുന്നു. ക്വട്ടേഷന്‍ മാഫിയകളും കൊലക്കത്തി രാഷ്‌ട്രീയക്കാരും അരങ്ങു തകര്‍ക്കുന്ന വാര്‍ത്തകള്‍ കൊണ്ട് മീഡിയകള്‍ നിറയുന്നു. എതിര്‍ പാര്‍ട്ടിയേക്കാള്‍ സ്വന്തം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരും നേതാക്കളും തമ്മില്‍ തമ്മില്‍ സംശയത്തോടെയും വൈരാഗ്യത്തോടെയും നോക്കിക്കാണുന്നു. സഹപ്രവര്‍ത്തകന്റെ ഉയര്‍ച്ച താന്‍ കയ്യടക്കി വെച്ച അധികാരസോപാനങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും തടസ്സം സൃഷ്‌ടിക്കുമോ എന്ന ചിന്ത അസൂയ വളര്‍ത്തുകയും കീഴ്‌ഘടകങ്ങളില്‍ പോലും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും രാഷ്‌ട്രീയ പകപോക്കലുകളും പാരകളും കൊള്ളിവെപ്പുകളും, രാഷ്ട്രീയ കുതിരക്കച്ചവടങ്ങളും വ്യാപകമാവുകയും ചെയ്യുന്നു.
ആത്മീയതയുടെ വാണിജ്യവല്‍ക്കരണം
ആത്മീയരംഗം ഏറ്റവും വലിയ വാണിജ്യകേന്ദ്രമായിരിക്കുന്നു. സമൂഹത്തിന്റെ ദുര്‍ബല വിശ്വാസങ്ങളും, അന്ധവിശ്വാസവും, അതിമോഹങ്ങളും, അസ്വസ്ഥതകളും മുതലെടുത്ത് ചൂഷണം ചെയ്യുന്ന മനുഷ്യദൈവങ്ങളും വ്യാജസിദ്ധന്മാരും ശാസ്‌ത്രീയ മുഖം നല്‍കിയും മാനവികതയുടെ കപടവേഷം ധരിച്ചും ബിസിനസ് വ്യാപിപ്പിച്ചിരിക്കുന്നു. താല്‍ക്കാലിക ശാന്തി തേടി കപട ധ്യാനകേന്ദ്രങ്ങളും, സിദ്ധാശ്രമങ്ങളും, ജാറങ്ങളും, മഖാമുകളും കയറിയിറങ്ങി സമ്പത്തും അഭിമാനവും വിശ്വാസവും നഷ്ടപ്പെടുത്തുന്ന ഹതഭാഗ്യരുടെ ദുരന്തകഥകള്‍ക്ക് പുതുമ നഷ്‌ടപ്പെട്ടിരിക്കുന്നു. കമ്പ്യൂട്ടര്‍ ജാതകവും, നാഗമാണിക്യവും, ധനാകര്‍ഷക യന്ത്രവും, വലംപിരി ശംഖും, സ്വലാത്ത് വാണിഭങ്ങളും, മുടിക്കച്ചവടവും, മാരണവും, ജിന്നുകൂടലും ഇറക്കലും, കണ്ണേറു ചികിത്സയുമെല്ലാം വിദ്യാസമ്പന്നരിലേക്കും ഉല്‍പ്പതിഷ്‌ണുക്കളിലേക്കും വരെ കെണികള്‍ തീര്‍ത്തിരിക്കുന്നു.
മതസംഘടനകളുടെ അജണ്ടകള്‍ വഴിമാറുന്നു
അനാവശ്യമായ തര്‍ക്കങ്ങളുടെയും കക്ഷിമാത്സര്യത്തിന്റെയും വേദികളായി മതരംഗങ്ങള്‍ പോലും മാറിയിരിക്കുന്നു. സമുദായ നവീകരണത്തില്‍ തുല്യതയില്ലാത്ത ഭാഗദേയം നിര്‍ണ്ണയിച്ചവര്‍ പോലും നവോത്ഥാന പാതയില്‍ നിന്നു പുറകോട്ട് സഞ്ചരിക്കുന്നു. ആരെന്തൊക്കെ പറഞ്ഞാലും താന്‍ കണ്ട വഴിയേ താന്‍ പോകൂ എന്ന സ്വയം പര്യാപ്‌തതയുടെ ധാര്‍ഷ്‌ട്യം മതരംഗത്ത് സംജാതമായിരിക്കുന്നു. സാന്ദര്‍ഭികമായ ഉപദേശങ്ങള്‍ പോലും ചടങ്ങുകള്‍ മാത്രമായി ചുരുങ്ങുകയോ വൈരാഗ്യപ്രകടനങ്ങളുടെ അവസരങ്ങളാക്കുകയോ ചെയ്യുന്നു. സമുദായത്തിന്റെ ധൈഷണികോര്‍ജ്ജവും, വിലപ്പെട്ട സമയവും അനാവശ്യമായ വിവാദങ്ങളില്‍ ഉടക്കി നഷ്‌ടപ്പെടുത്തുന്നു. സഭ്യമല്ലാത്ത പ്രസംഗങ്ങളും എഴുത്തുകളും വ്യക്തിഹത്യകളും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കപ്പെടുന്നു. പരസ്‌പരം സദുപദേശങ്ങളിലൂടെ ധന്യമകേണ്ട സമുദായം പ്രൊഫഷണല്‍ ഉപദേശികളുടെ പ്രഭാഷണ ചാതുരിക്ക് മാര്‍ക്കിടുക മാത്രം ചെയ്‌ത് നിസംഗരാവുന്നു.
വ്യാപകമാവുന്ന ലൈംഗിക അശ്ലീലതകള്‍
ഏതുകാര്യത്തിലും യൂറോപ്പിനെ അനുകരിക്കുന്നതിനെ ‘പുരോഗമന’മായി കാണുക വഴി വിവാഹപൂര്‍വ്വ ലൈംഗികതയും കാമ്പസ് ലൈംഗികതയും ഭാരതത്തിലെ മതകീയ സമൂഹത്തില്‍ പോലും കടന്നുവരുന്നു. ആധുനിക സാഹിത്യവും കലയുമെല്ലം ഈ കുത്തഴിഞ്ഞ ലൈംഗികതക്ക് വളമേകുന്നു. ലൈംഗിക രംഗത്തെ സൂക്ഷ്‌മതക്കുറവ് തകര്‍ത്തെറിഞ്ഞ കുടുംബങ്ങളുടെ കദനകഥകള്‍ കൊണ്ട് പത്രത്താളുകള്‍ നിറയുന്നു. അപമാനം ഭയന്ന് മിണ്ടാതിരിക്കുന്നവര്‍ ഇതിന്റെയും എത്രയോ ഇരട്ടികളാണ്. സിനിമാലോകത്തെ അശ്ലീലതയുടെ അഴിഞ്ഞാട്ടം സംസ്‌കാരത്തിന്റെ സര്‍വ്വ സീമകളും അതിലംഘിക്കുന്നു. സ്‌ത്രീത്വത്തെയും മനുഷ്യത്വത്തെയും വെല്ലുവിളിച്ചു കൊണ്ട് പ്രസവമെന്ന സ്വകാര്യതയെ പോലും തത്സമയം ക്യാമറയില്‍ പകര്‍ത്തി പൊതുസമൂഹത്തില്‍ പരസ്യമായി വില്‍ക്കുന്ന രീതിയില്‍ കേരളത്തിലെ സിനിമാലോകം പൈശാചിക രൂപം പ്രാപിച്ചിരിക്കുന്നു.
വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങളും കാര്യക്ഷമമലാത്ത നീതിപീഡങ്ങളും
സ്ത്രീ സുരക്ഷ ഏറെ ചര്‍ച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോഴും സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ യാത്രചെയ്തു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ മാനവും ജീവനും ഡസന്‍ കണക്കെ കാമബ്രാന്തന്മാരാല്‍ പിച്ചിചീന്തി എറിയപ്പെട്ട സംഭവം ഭരണകൂടവും നീതിപീഠങ്ങളുമടക്കം രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുന്നു. ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗിക പീഡന കേസുകള്‍ 635 ആണ്. ഇതില്‍ ശിക്ഷിക്കപ്പെട്ടത് ഒരു കേസ് മാത്രമാണെന്നതാണ് ഏറെ അതിശയകരം. തന്നെ പീഡിപ്പിച്ച കുറ്റവാളിയെ ചൂണ്ടിക്കാണിച്ചു കൊടുക്കാനാവും വിധം അറിയപ്പെടുന്നതാണെങ്കില്‍ പോലും ഏറെ വര്‍ഷങ്ങള്‍ വൈകുന്ന കുറ്റപത്ര സമര്‍പ്പണവും കാര്യക്ഷമമല്ലാത്ത വിചാരണയും ശിക്ഷാനടപടികളും നീതിപീഠങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും എന്തും ചെയ്യാനുള്ള 'ധൈര്യം' കുറ്റവാളികള്‍ക്ക് ഉണ്ടാക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥ കുറ്റവാളികള്‍ പലപ്പോഴും ശിക്ഷിക്കപ്പെടാതെ വരികയും, പണവും സ്വാധീനവുമുപയോഗിച്ച് മൊഴിമാറ്റലുകളും, ബിനാമികളും, സാക്ഷികളെയും നിയമപീഠങ്ങളെയും വിലക്കെടുക്കലും വര്‍ദ്ധിച്ചിരിക്കുന്നു. സുപ്രധാനമായ കേസുകളില്‍ പോലും വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോവുകയും കുറ്റവാളികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ പലപ്പോഴും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു.
കുട്ടിക്കുറ്റവാളികള്‍ വര്‍ദ്ധിച്ചു വരുന്നു.
കുട്ടികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നു. സ്‌കൂളുകളും കോളേജുകളും ലഹരി ഉപഭോഗത്തിന്റെയും, രതിവൈകൃതങ്ങളുടെയും, കൊലപാതകങ്ങളുടെയും വേദികളാവുന്നു. കേരളത്തിലെ നാട്ടിന്‍പ്രദേശങ്ങളിലെ സാധാരണക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പോലും ഏറി വരുന്ന കുറ്റകൃത്യങ്ങളുടെ പ്രധാന വില്ലന്‍ മൊബൈല്‍ ഫോണുകളാണെന്ന് വാര്‍ത്തകള്‍ തെളിയിക്കുന്നു. വാഹനാപകടങ്ങളും, അപകടമരണങ്ങളും അനിയന്ത്രിതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഭൂരിപക്ഷം റോഡപകടങ്ങളിലെയും കാരണക്കാരും ഇരകളും ചെറുപ്പക്കാരാണെന്നത് പ്രശ്‌നത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.
സര്‍വ്വ മേഖലയിലും ചൂഷണങ്ങള്‍
അമിതമായ ഭൌതികാസക്‌തി സര്‍വ്വനാശത്തിലേക്ക് നയിക്കുന്നു. പണം മാനദണ്ഡമായപ്പോള്‍ ധനസമ്പാദന മാര്‍ഗ്ഗമായി വിവാഹരംഗം അധ:പതിച്ചു. രോഗങ്ങള്‍ വര്‍ദ്ധിച്ചതോടെ ചികിത്സ എന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരിക്കുന്നു. ഡോക്‌ടര്‍മാരും മെഡിക്കല്‍ ഷോപ്പുകളും കുത്തക മരുന്നു കമ്പനികളുടെയും ഉത്തേജക മരുന്നുകളുടെയും വ്യാജ മരുന്നു കമ്പനികളുടെയും കമ്മീഷന്‍ പറ്റികളായി ജനങ്ങളുടെ പണം പിഴിയുകയും ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്നു. ലഹരി ഉപഭോഗത്തില്‍ കേരളം യൂറോപ്യന്‍ നഗരങ്ങള്‍ക്കൊപ്പമെത്തിയിരിക്കുന്നു. മദ്യദുരന്തങ്ങളും ദുരിതങ്ങളും സര്‍വ്വസാധാരണമായിത്തീര്‍ന്നിരിക്കുന്നു. വിഷപ്പുക ചീറ്റുന്ന വന്‍വ്യവസായ ശാലകള്‍ നാട്ടിന്‍ പുറങ്ങളില്‍ പോലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കോടികള്‍ മറിയുന്ന റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് പലപ്പോഴും മാന്യതയുടെയും ധാര്‍മ്മികതയുടെയും അതിര്‍ത്തികള്‍ ഭേദിക്കുന്നു. ന്യൂനതകള്‍ മറച്ചു വെച്ചും ഇല്ലാത്ത മേന്മകള്‍ ഉണ്ടാക്കിപ്പറഞ്ഞും വാഹനങ്ങളും ഭൂമിയും മറ്റു ചരക്കുകളും വില്‍പന നടത്തുന്നു. ചിട്ടി കമ്പനികളുടെയും നെറ്റ് വര്‍ക്ക് മാര്‍ക്കറ്റുകളുടെയും വ്യാജപ്പരസ്യക്കാരുടെയും ചതിക്കുഴിയില്‍ വീണ് കടക്കെണികളില്‍ അകപ്പെടുന്നവര്‍ വര്‍ദ്ധിച്ചു വരുന്നു. കടം വീട്ടാന്‍ സാധിക്കാതെ വരുമ്പോള്‍ ബാങ്ക് ലോണുകളിലും, ബ്ലേഡ് പലിശയിലും അഭയം തേടുന്നു. കുറെ നടത്തിച്ചും, ആവശ്യപ്പെട്ടത്ര ലോണ്‍ കൊടുക്കാതെയുമിരുന്ന പഴയ അവസ്ഥ മാറി, വിളിച്ചു വരുത്തിയും വീട്ടില്‍ ചെന്ന് കണ്ടും കടം കൊടുത്ത് മത്സരിക്കുന്ന അവസ്ഥയിലേക്ക് പണമിടപാട് സ്ഥാപനങ്ങളും ബാങ്കുകളും മാറിയിരിക്കുന്നു. കടം വീട്ടാന്‍ സാധിക്കാതെ കോടതി നടപടികളും ജപ്‌തിയും നേരിടുമ്പോള്‍ കവര്‍ച്ചയിലേക്കും പിടിച്ചു പറിയിലേക്കും നീങ്ങുന്നു. അതിനു സാധിക്കാത്തവര്‍ കൂട്ട ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കുന്നു.
ഭക്ഷണ ശൈലിയിലൂടെ രോഗങ്ങളിലേക്ക്
കണ്ണഞ്ചിപ്പിക്കുന്ന നിറവും, മനം കവരുന്ന മണവും രുചികളും നല്‍കി ഭക്ഷണങ്ങള്‍ വില്‍പ്പന നടത്തുന്ന ആര്‍ഭാടമായി അലങ്കരിച്ച ഭക്ഷണ ശാലകളും ബേക്കറികളും നാട്ടിന്‍ പുറങ്ങളിലെ പോലും ഭക്ഷണ ശൈലിയെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുന്ന വിധത്തിലാണ്. കുത്തക കമ്പനികളുടെ വിപണി അടിച്ചേല്‍പ്പിക്കുന്നതിനായി രൂപകല്‍പന ചെയ്‌ത പരസ്യവാചകങ്ങളില്‍ അഭ്യസ്ഥവിദ്യരും വിശ്വാസികളും വരെ അകപ്പെടുന്നു. മായം കലര്‍ത്തിയ ഭക്ഷണങ്ങള്‍ വീട്ടിനകത്തെ തീന്‍ മേശകളില്‍ പോലും നിത്യസാനിദ്ധ്യമായിക്കൊണ്ടിരിക്കുന്നു. സ്വന്തം വീട്ടിലെ ഭക്ഷണങ്ങള്‍ രുചി മതിയാവാതെ പലരും റസ്‌റ്റോറന്റുകളില്‍ ചേക്കേറുന്നു. കോര്‍പ്പറേറ്റ് പരസ്യങ്ങള്‍ നമ്മുടെ മക്കളുടെ രുചിഭേദങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്നു. ജീവിത ശൈലിയും, ഭക്ഷണ രീതിയും, ഉപയോഗിക്കുന്ന വസ്‌തുക്കളും മാറിയതനുസരിച്ച് രോഗങ്ങളും മാറി. ജീവിത ശൈലി രോഗങ്ങള്‍ പകര്‍ച്ചവ്യാധി പോലെ പടരുന്നു. ഹാര്‍ട്ട് അറ്റാക്കും, കാന്‍സറും, വൃക്ക തകരാറുകളും പ്രായഭേദമന്യേ വര്‍ദ്ധിച്ചു വരികയാണ്. പൊണ്ണത്തടിയും, കുടവയറും, അള്‍സറും, കൊളസ്‌ട്രോളും, പ്രമേഹവും, ബിപിയുമെല്ലാം മാറിയ ജീവിത ശൈലികളിലൂടെ നാം നേടിയെടുത്ത ശേഷിപ്പുകളാണ്.
തകരുന്ന കുടുംബ സംവിധാനം
സാങ്കേതിക വിദ്യയുടെ അതിവികാസത്തില്‍ സാമൂഹ്യപുരോഗതി കോണി കയറിയപ്പോള്‍ സാംസ്‌കാരിക നിലവാരം പാമ്പ് വിഴുങ്ങിയിരിക്കുകയാണ്. ധാര്‍മ്മികത നഷ്‌ടപ്പെട്ട ബന്ധനങ്ങളായി ഇന്നത്തെ കുടുംബബന്ധങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റും, മൊബൈല്‍ ഫോണും, ദൃശ്യശ്രാവ്യമാധ്യമങ്ങളും സാധാരണക്കാരന്റെ കുടുംബസംവിധാനങ്ങളെ പോലും തകര്‍ത്തെറിയുന്നു. വീടിനകത്ത് പോലും സ്‌ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു. മാതാവ് വസ്‌ത്രം മാറുന്നതിന്റെയും സഹോദരി കുളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കേമറകളില്‍ പകര്‍ത്തുന്നത് ഒരു പക്ഷെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനോ സഹോദരനോ ആയിരിക്കാം. മക്കളുടെ കരങ്ങളിലൂടെ മാതാപിതാക്കളും മാതാപിതാക്കളുടെ ക്രൂരത മൂലം സന്താനങ്ങളും വരെ കൊല്ലപ്പെടുന്നു. ഒറ്റപ്പെടുത്തലുകളും, അവഗണനയും, പീഡനങ്ങളുമായി പ്രായമേറിയവര്‍ വീടുകള്‍ക്കകത്തു പോലും ദുരിതത്തിലാവുകയോ വൃദ്ധ സദനങ്ങളിലേക്ക് തള്ളപ്പെടുകയോ ചെയ്യുന്നു. കൌമാരലോകം മൊബൈല്‍ ലോകത്ത് വിഹരിക്കുകയും ആല്‍ബങ്ങള്‍ ആസ്വദിക്കുകയുമാണിന്ന്. അടുത്ത കാലം വരെ ഇന്റര്‍നെറ്റ് കഫേകളില്‍ മാത്രം ഒതുങ്ങിയിരുന്ന ചാറ്റ് റൂമുകള്‍ ഇപ്പോള്‍ വാഹനങ്ങളിലും, ക്ലാസ് റൂമിലും, ബെഡ് റൂമിലും മറ്റെവിടെയും സജ്ജമായിരിക്കുന്നു. കണ്ണീര്‍ സീരിയലുകള്‍ക്ക് പുറമെ സ്‌ത്രീ സമൂഹത്തിന്റെ ട്രെന്റ് മനസ്സിലാക്കി പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നതില്‍ ചാനല്‍ മുതലാളിമാര്‍ മത്സരിക്കുകയാണ്. പട്ടുറുമാലും, കുപ്പിവളയും, മൈലാഞ്ചിയും, പതിനാലാം രാവും ആസ്വദിച്ച് വിലപ്പെട്ട വൈകുന്നേരങ്ങള്‍ പോലും തുലക്കുന്നു. റിയാലിറ്റി ഷോകള്‍ സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നു. സിനിമാ സീരിയലുകളിലും നോവലിലും കാണുന്ന ‘ജീവിതം’ തെറ്റിദ്ധരിച്ച് യഥാര്‍ത്ഥ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് തുടക്കത്തില്‍ തന്നെ കാലിടറുന്നു. മാനവികതയുടെ ഉന്നതനിലവാരത്തില്‍ സമുദായത്തെ കൊണ്ടെത്തിച്ച ഇസ്‌ലാമിന്റെ അനുയായികള്‍ പോലും സംസ്‌കാരത്തകര്‍ച്ചയില്‍ പെട്ടുകൊണ്ടിരിക്കുന്നു.
പ്രവാസം നല്‍കുന്ന അരക്ഷിതത്വം
പ്രവാസി കുടുംബങ്ങളിലെ പണവും സുരക്ഷിതത്വവുമാണിന്ന് കൂടുതല്‍ ചൂഷണങ്ങള്‍ക്ക് വിധേയമാവുന്നത്. ജീവിതമാര്‍ഗ്ഗം തേടി പ്രവാസജീവിതം സ്വീകരിച്ചവര്‍ വീടെന്ന കോണ്‍ക്രീറ്റ് കെട്ടിടം സ്വപ്‌നം കണ്ട് പത്തും ഇരുപതും വര്‍ഷം ഇടുങ്ങിയും ഞെരുങ്ങിയും ജീവിക്കുന്നു. സ്വദേശിവല്‍ക്കരണവും, ലെവിയും, നിതാഖാത്തും പ്രവാസിയുടെ നിലനില്‍പ്പിനു നേരെ വാളോങ്ങി നില്‍ക്കുമ്പോഴും ഉപഭോഗ തല്‍പ്പരത കൂടിയതിനാല്‍ ‘തിരിച്ചു പോയാല്‍ പിന്നെ എങ്ങനെ ജീവിക്കും’ എന്ന ചോദ്യം ഉത്തരം കിട്ടാതെ ബാക്കിയാവുന്നു. വലിയ വീടും കുടുംബവും മക്കളും നാട്ടിലുണ്ടായിട്ടും അകന്ന് ഒറ്റക്ക് കഴിയാന്‍ വിധിക്കപ്പെട്ട പുരുഷന്മാര്‍ , ഭര്‍ത്താവുണ്ടായിട്ടും വൈധവ്യം സ്വീകരിക്കേണ്ടി വരുന്ന സ്‌ത്രീകള്‍ , പിതാവുണ്ടായിരിക്കെ അനാഥത്വം പേറേണ്ടി വരുന്ന മക്കള്‍ , തുടങ്ങി പ്രവാസിയുടെ കുടുംബസംവിധാനം കൂടുതല്‍ അരക്ഷിതാവസ്ഥ നേരിടുന്നു. ഗള്‍ഫില്‍ കുടുംബമായി താമസിക്കുന്നവരുടെ മുതിര്‍ന്ന മക്കള്‍ നാട്ടിലോ മറ്റു വിദേശരാജ്യങ്ങളിലെയോ റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ . യഥേഷ്‌ടം പണം അയച്ചു കൊടുക്കുകയും അനിവാര്യമായ സ്‌നേഹവും പരിഗണനയും നിയന്ത്രണവും ലഭിക്കാതെ വരികയും ചെയ്യുമ്പോള്‍ പ്രേമകാമങ്ങളുടെയും ലഹരിയുടെയും മയക്കുമരുന്നുകളുടെയും അടിമകളായി മാറുന്നവര്‍ , പണം മതിയാവാതെ വരുമ്പോള്‍ കവര്‍ച്ചയും തട്ടിപ്പും മാര്‍ഗ്ഗമാക്കുന്നവര്‍ ... പ്രവാസ ജീവിതം വരുത്തുന്ന വിനകളുടെ ശൃംഘല നീണ്ടതാണ്.
പരിഹാരം ധാര്‍മ്മികാവബോധത്തിലൂടെ
ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത ദുരവസ്ഥ സമൂഹത്തില്‍ അരക്ഷിതബോധം വളര്‍ത്തുന്നു. ഒരു പരിഹാരം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇവിടെയാണ് സംസ്‌കരണത്തിന്റെ വഴികളെക്കുറിച്ച് നാം അന്വേഷിക്കുന്നത്. കേവല ഭൌതികതക്കോ, മനുഷ്യ നിര്‍മ്മിതങ്ങളായ സംഹിതകള്‍ക്കോ ശാസ്‌ത്രത്തിനോ മനുഷ്യത്വത്തെ നിര്‍വചിക്കുവാനോ സമൂഹത്തെ സമൂലം ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനോ സാധിക്കില്ല. വ്യക്തിജീവിതം മുതല്‍ സമൂഹത്തിന്റെയും രാഷ്‌ട്രങ്ങളുടെയും ലോകത്തിന്റെ തന്നെയും താളാത്മകമായ നിലനില്‍പ്പിനെയും വികാസത്തെയും നിയന്ത്രിക്കുവാനും നിര്‍വചിക്കുവാനും പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും സാധിക്കുന്ന സംവിധാനങ്ങള്‍ക്കേ യഥാര്‍ത്ഥ ഫലം കണ്ടെത്താനാവൂ. ദൈവവിശ്വാസവും വിശ്വാസത്തില്‍ ഊന്നിയ ജീവിതക്രമീകരണവും അനിവാര്യമാവുന്നത് ഇവിടെയാണ്. കേവല വിശ്വാസമോ ശാസ്‌ത്രമോ അല്ല മറിച്ച് ശാസ്‌ത്രീയ സത്യങ്ങളും ധര്‍മ്മനിഷ്‌ഠയും വിശ്വാസവും ഉള്‍ച്ചേര്‍ന്നതാവണം യഥാര്‍ത്ഥ മതം. ശാസ്ത്രീയമായി മാത്രം നിര്‍വചിച്ചാല്‍ ഒരു കുഞ്ഞിന്റെ ജനനം അല്‍പം ചില ശാരീരിക പ്രക്രിയയുടെയും ജനിതക മാറ്റത്തിന്റെയും ഫലം മാത്രമാണ്. എന്നാല്‍ സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബരൂപീകരണത്തിന് അനിവാര്യവും മഹനീയവുമായ പ്രക്രിയയാണ് ഓരോ കുഞ്ഞിന്റെയും ജനനം. സ്വസ്ഥ കുടുംബത്തിലൂടെ മാത്രമേ സന്തുഷ്‌ട ജീവിതം സാദ്ധ്യമാവുകയുള്ളൂ. വിരിഞ്ഞ ഒരു മുട്ടത്തോട് മാത്രമല്ല അമ്മ എന്ന് മനസ്സിലാക്കാന്‍ ശാസ്‌ത്രബോധത്തേക്കാള്‍ ധര്‍മ്മനിഷ്‌ഠയാണ് ആവശ്യം. ശരീര ശാസ്‌ത്രപരമായി യാതൊരു വ്യത്യാസവുമില്ലാത്ത ലൈംഗിക ബന്ധം ഭാര്യയോടാവുമ്പോള്‍ നല്ലതും പരസ്‌ത്രീകളോടാവുമ്പോള്‍ വ്യഭിചാരമെന്ന പാതകവുമാകുന്നത് കേവല ഭൌതികതയല്ല മാനവികത എന്നതിനാലാണ്. ഇസ്‌ലാം വിഭാവന ചെയ്യുന്ന സമൂഹ സംവിധാനം ഇവിടെയാണ് പ്രസക്‌തമാവുന്നത്.
സമഗ്രമായ മാര്‍ഗദര്‍ശനം
ഇസ്‌ലാമേതര ദര്‍ശനങ്ങള്‍ മുഴുവനും ഏതെങ്കിലും പ്രദേശമോ കാലമോ വ്യക്തികളോ ആയി മാത്രം ബന്ധപ്പെട്ടതാണ്. ഇസ്‌ലാം ദൈവത്തില്‍ നിന്നവതീര്‍ണ്ണമായ സത്യസന്ദേശവും യുക്തിഭദ്രവുമാണ്. മനുഷ്യജീവിതത്തിന്റെ സര്‍വ്വ തലങ്ങളിലേക്കുമുള്ള സമൂലവും സമഗ്രവുമായ മാര്‍ഗദര്‍ശനം അത് പ്രദാനം ചെയ്യുന്നു. നിത്യജീവിതത്തില്‍ ഇസ്‌ലാം ഉള്‍ക്കൊണ്ടാല്‍ മനുഷ്യന് സമാധാനവും സുരക്ഷിതത്വവും അന്തസ്സും അഭിമാനവും ലഭിക്കും. മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും അലക്ഷ്യമായ ജീവിതത്തില്‍ നിന്നും പ്രകാശത്തിന്റെ വിശാലമായ ലോകത്തേക്ക് ഇസ്‌ലാം വഴിനടത്തും. മൂല്യങ്ങള്‍ നശിക്കുകയും കുറ്റകൃത്യങ്ങള്‍ പെരുകുകയും ചെയ്ത ഇക്കാലത്ത് യഥാര്‍ത്ഥ പാതയിലേക്ക് ഇസ്‌ലാം മനുഷ്യനെ നയിക്കും.
യഥാര്‍ത്ഥ വഴികാട്ടി
ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗത്തെക്കുറിച്ചും ദര്‍ശനം നല്‍കുന്ന വേദഗ്രന്ഥമാണ് ഖുര്‍ആന്‍ . സത്യാസത്യങ്ങളെക്കുറിച്ച് ആധികാരികമായ തിരിച്ചറിവ് നല്‍കുവാനും നന്മ തിന്മകളെക്കുറിച്ച് ബോധനം നല്‍കുവാനും അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി (സ) യിലൂടെ അവതരിക്കപ്പെട്ട ലോകത്തിന്റെ വഴികാട്ടി! ഖുര്‍ആനിനു മുമ്പെ നിയോഗിക്കപ്പെട്ട വേദഗ്രന്ഥങ്ങളെയോ ദൂതന്മാരെയോ ഇത് നിരാകരിക്കുന്നില്ല. മുന്‍കാല വേദങ്ങളെയും ദൂതന്മാരെയും അംഗീകരിക്കുന്ന അവയുടെയെല്ലാം പൂര്‍ത്തീകരണം കൂടിയായ അവസാന വേദഗ്രന്ഥമാണ് ഖുര്‍ആന്‍ . മറ്റുമതങ്ങളിലെ പോലെ ദൈവപുത്രനെന്നോ അവതാരമെന്നോ ഉള്ള സങ്കല്‍പങ്ങളെയും വിശ്വാസങ്ങളെയും ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. ദൈവദൂതന്മാര്‍ എല്ലാം തന്നെ ‘സാക്ഷാല്‍ ദൈവ’മായ അല്ലാഹുവിന്റെ അടിമകളാണ്. പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം ഏകനും പങ്കുകാരനില്ലാത്തതുമാണ്. ആദ്യവും അന്ത്യവുമില്ലാത്തവനാണ്. ആരാധനയുടെ ഏറ്റവും ചെറിയ രൂപം പോലും അല്ലാഹുവിലേക്ക് മാത്രം സമര്‍പ്പിക്കുക എന്ന ‘ഏകദൈവ വിശ്വാസം അഥവാ തൌഹീദ്’ ആണ് ഇസ്‌ലാമിന്റെ അന്തസത്ത.
നിത്യപ്രസക്തമായ വേദഗ്രന്ഥം
അജ്ഞതയുടെ അന്ധഗോപുരത്തില്‍ അലയുന്നവര്‍ക്ക് ദിവ്യജ്ഞാനത്തിന്റെ പ്രകാശഗോപുരവും, നോവുന്ന ആത്മാവുകള്‍ക്ക് ശമനൌഷധവും സര്‍വ്വോപരി ദൈവത്തെയും മനുഷ്യരെയും ബന്ധിപ്പിക്കുന്ന അദൃശ്യവും എന്നാല്‍ ബലിഷ്‌ഠവുമാകുന്ന പാശമാണ് ഖുര്‍ആന്‍ . ദൈവത്തിന്റേതല്ലാത്ത ഒരൊറ്റ അക്ഷരം പോലും ഖുര്‍ആനില്‍ ഇല്ല. ദൈവേതര ശക്തികളുടെ മുഴുവന്‍ കൂട്ടായ്‌മ രൂപീകരിച്ചാലും ഇതുപോലൊരു ഗ്രന്ഥമോ ഒരദ്ധ്യായമോ കൊണ്ടുവരാന്‍ സാധ്യമല്ലെന്ന് ഖുര്‍ആന്‍ ലോകത്തെ വെല്ലുവിളിക്കുന്നു. 1400 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിക്കപ്പെട്ടതായിട്ടും ഇന്നും പ്രസക്‌തി നഷ്‌ടപ്പെടാത്തതും ലോകാവസാനം വരെ പുതുമയോടെ തന്നെ ഇത് നിലനില്‍ക്കുമെന്നുതും ഖുര്‍ആനിന്റെ മാത്രം പ്രത്യേകതയാണ്. മറ്റുവേദഗ്രന്ഥങ്ങളെല്ലാം മനുഷ്യരുടെ കൈകടത്തലുകള്‍ മുഖേന വൈരുദ്ധ്യങ്ങള്‍ കടന്നു കൂടിയതും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായതും പ്രസക്‌തി നഷ്‌ടപ്പെട്ടതുമാണ്.
ആരാണ് മനുഷ്യന്‍ ? എന്തിനാണ് മനുഷ്യനെ സൃഷ്‌ടിച്ചത് ? മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി മനുഷ്യന് വിശേഷ ബുദ്ധി നല്‍കിയതെന്തിന് ? എന്താണ് നന്മ ? എന്താണ് തിന്മ ? ധര്‍മ്മവും അധര്‍മ്മവും എന്താണ് ? എന്താണ് മരണം ? മരണ ശേഷം എന്താണ് ? തുടങ്ങി ഒരു ഗവേഷണശാലയിലും ഉത്തരം കണ്ടെത്താനാവാത്തതും എന്നാല്‍ മനുഷ്യന് മുന്നില്‍ എന്നും സമസ്യയായിരുന്നതുമായ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഖുര്‍ആന്‍ ഉത്തരം നല്‍കുന്നു. വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹ്യജീവിതം, രാഷ്ട്ര - അന്താരാഷ്‌ട്ര തലങ്ങള്‍ , സാമ്പത്തിക നീതിന്യായ മേഖലകള്‍ തുടങ്ങി സകല മേഖലകളിലേക്കും ഖുര്‍ആന്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
ഇസ്‌ലാമിന്റെ മാനവിക സങ്കല്‍പം
ലോകത്തെ മുഴുവന്‍ മനുഷ്യരും ഒരേ മാതാവില്‍ നിന്നും പിതാവില്‍ നിന്നും സൃഷ്‌ടിക്കപ്പെട്ടവരും ദൈവഭക്തിയുടെ കാര്യത്തിലല്ലാതെ അവര്‍ക്കിടയില്‍ വ്യത്യാസങ്ങളില്ലെന്നതുമാണ് ഇസ്‌ലാമിന്റെ മാനവിക സങ്കല്‍പം. മനുഷ്യരെ വ്യത്യസ്‌ത ദേശക്കാരും, ഗോത്രക്കാരും, ഭാഷക്കാരുമാക്കിയത് പരസ്‌പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ഓരോ മനുഷ്യനെയും ദൈവം സൃഷ്ടിക്കുന്നത് ശുദ്ധപ്രകൃതിയോടെയാണ്. ശേഷം അവന് നന്മയുടെ തെളിഞ്ഞ മാര്‍ഗ്ഗവും തിന്മയുടെ ദുശിച്ച മാര്‍ഗ്ഗവും തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. നന്മയുടെ മാര്‍ഗ്ഗം സ്വീകരിച്ചവന് പരലോക ജീവിതത്തില്‍ സ്വര്‍ഗ്ഗവും തിന്മയില്‍ അകപ്പെട്ടവന് നരകവും പ്രതിഫലം നല്‍കുമെന്ന് ദൈവം പ്രഖ്യാപിച്ചിരിക്കുന്നു.
ലക്ഷ്യം പരലോക വിജയം
ദൈവത്തെ ആരാധിക്കുവാന്‍ വേണ്ടി മാത്രമാണ് മനുഷ്യരെ സൃഷ്ടിച്ചതെന്ന് ഖുര്‍ആന്‍ പറയുന്നു. ഈ ലോക ജീവിതം മനുഷ്യനൊരു പരീക്ഷണ കാലഘട്ടം മാത്രമാണ്. അനശ്വരമായ മറ്റൊരു ലോകത്തേക്കുള്ള മനുഷ്യന്റെ പ്രവേശന കവാടമാണ് മരണം. ശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പ്പെടുത്തുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഈ ലോകം അവസാനിച്ച ശേഷം മനുഷ്യരുടെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിഫലം നല്‍കുന്നതിനായി മുഴുവന്‍ മനുഷ്യരെയും ദൈവം പുനരുജ്ജീവിപ്പിക്കും. പുന: സൃഷ്‌ടിയെ നിഷേധിക്കുന്നവരുണ്ട്. എന്നാല്‍, വരണ്ടുണങ്ങിയ ഭൂമിയില്‍ മഴ ലഭിക്കുമ്പോള്‍ സസ്യലതാതികള്‍ മുളച്ചു വരുന്നതു പോലെ മുഴുവന്‍ മനുഷ്യരെയും പന:സൃഷ്ടിക്കുമെന്ന് പറയുന്ന ഖുര്‍ആന്‍ ഒന്നുമല്ലാതിരുന്ന ഒരവസ്ഥയില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ച ദൈവത്തിന് മുമ്പെ ഉണ്ടായിരുന്ന ഒന്നിനെ പുന:സൃഷ്ടിക്കാന്‍ പ്രയാസമാവുമോ എന്നു ചോദിക്കുന്നു.
സര്‍വ്വര്‍ക്കും സമാധാനം
സര്‍വ്വ മനുഷ്യര്‍ക്കും സമാധാനം ഉദ്ഘോഷിക്കുന്ന ഇസ്‌ലാം യാതൊരു വിധ തീവ്രവാദത്തെയോ ഭീകരവാദത്തെയോ വര്‍ഗ്ഗീയവാദത്തെയോ അംഗീകരിക്കുന്നില്ല. “അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയെ ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവരല്ല” എന്നു പറയുന്നിടത്തും “തന്നെക്കുറിച്ച് തന്റെ അയല്‍ക്കാരന്‍ നിര്‍ഭയനാവാത്തിടത്തോളം ഒരാളും മുസ്‌ലിമാവുകയില്ല” എന്ന പ്രവാചകാദ്ധ്യാപനത്തിലുമൊന്നും അയല്‍വാസിയുടെ മതം പരിഗണിക്കാന്‍ പറയുന്നില്ല. സമൂഹത്തെ മുഴുവന്‍ വികാരത്തില്‍ നിര്‍ത്തുമാര്‍ വാക്കും വാചാലതയും ഉപയോഗപ്പെടുത്തുന്ന തീവ്രമായ ഇടപെടലുകള്‍ അതിജീവനത്തിന്റെ കനല്‍ പഥങ്ങളിലൂടെ സമൂഹത്തെ നയിക്കാന്‍ ഉപയുക്തമാവില്ല.
സുസ്ഥിരമായ സാമ്പത്തിക സംവിധാനം
മനുഷ്യജീവിതത്തെ ദുഷിപ്പിക്കുന്ന വ്യവഹാരങ്ങളെ ഇസ്‌ലാം നിരോധിക്കുന്നു. പലിശ നിരോധിക്കുകയും കടം നല്‍കുന്നതിനെയും, സകാത്തിനെയും, സൌജന്യ സാമ്പത്തിക സഹായ (സദഖ) ത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സാമ്പത്തിക മാന്ദ്യം ആധുനിക ലോകത്ത് ഏറ്റവും കൂടുതല്‍ പിടിച്ചു കുലുക്കിയത് പലിശാധിഷ്‌ഠിത സാമ്പത്തിക വ്യവസ്ഥിതി അടക്കി വാഴുന്ന രാജ്യങ്ങളെയായിരുന്നു. ആധുനിക കാലത്ത് പറഞ്ഞു നടക്കുന്ന സാമ്പത്തിക സ്ഥിതി സമത്വം എന്ന ആശയം കേള്‍ക്കാന്‍ സുഖമുള്ളതാണെങ്കിലും പ്രായോഗികമല്ല. ഉള്ളവനും ഇല്ലാത്തവനും സമൂഹത്തിന്റെ ഭാഗമാണ്. ഈ രണ്ട് തട്ടിലുള്ളവരെയും സ്‌നേഹം കൊണ്ട് യോജിപ്പിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗമാണ് സകാത്ത്. ഇസ്‌ലാമിക ദര്‍ശനപ്രകാരം സമ്പത്തിന്റെ യഥാര്‍ത്ത ഉടമ ദൈവവും മനുഷ്യന്‍ അത് കൈകാര്യം ചെയ്യുന്ന ട്രസ്‌റ്റിയുമാണ്. സമ്പത്ത് ലഭിച്ചവന്‍ അതില്‍ നിന്ന് നിശ്ചിത ശതമാനം പാവങ്ങള്‍ക്കായി നീക്കിവെക്കല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമാണ്. നിര്‍ബന്ധദാനത്തിനു പുറമെ തനിക്ക് സാമ്പത്തിക പ്രയാസങ്ങളും ആവശ്യങ്ങളും ഉള്ളപ്പോള്‍ തന്നെ തന്നെക്കാള്‍ പ്രായാസപ്പെടുന്നവനെ സഹായിക്കുന്നതിലൂടെ മനുഷ്യനെ ഔദാര്യവാനും പുണ്യവാനുമാക്കുന്നു ഇസ്‌ലാം.
തിന്മകള്‍ക്കെതിരെ നന്മയിലേക്ക്
ദൈവത്തിലേക്കുള്ള സമ്പൂര്‍ണ്ണമായ സമര്‍പ്പണമായ ഇസ്‌ലാം പ്രകൃതി മത(ദീനുല്‍ ഖയ്യിം) മാണ്. നന്മയായാലും തിന്മയായാലും കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമെന്ന ബോധവും തിരിച്ചറിവുമാണ് സാമൂഹ്യസുരക്ഷിതത്വത്തിന്റെ ഇസ്ലാമിക പരിഹാരം. ചിന്ത, സംസാരം, പ്രവര്‍ത്തി തുടങ്ങിയ പരിമിതമായ വൃത്തത്തില്‍ മനുഷ്യസ്വാതന്ത്യം അവസാനിക്കുന്നു. കൊല, കൊള്ള, അതിക്രമങ്ങള്‍ , പലിശ, ചതി, ചൂതാട്ടം, മദ്യപാനം, അഴിമതി, അന്യായം, അനീതി, അസൂയ, സ്വവര്‍ഗ്ഗരതി, കരിഞ്ചന്ത, പൂഴ്‌ത്തിവെപ്പ് തുടങ്ങി സകല തിന്മകളെയും ഇസ്‌ലാം വിരോധിക്കുന്നു. മദ്യത്തെ സര്‍വ്വ തിന്മകളുടെയും മാതാവാണെന്ന് പഠിപ്പിച്ച ഇസ്‌ലാം എല്ലാവിധ ലഹരി പദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയിരിക്കുന്നു. ചൂതാട്ടവും, പ്രശ്‌നം വെക്കലും, രാശിനോക്കലും പാപമാണ്. കക്ഷിയാരെന്ന് നോക്കാതെ സര്‍വ്വ മനുഷ്യര്‍ക്കിടയിലും നീതി പാലിക്കപ്പെടാന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. കരാര്‍ പാലനം, സത്യസന്ധത, ഔദാര്യം, വിനയം, ലജ്ജ, ക്ഷമ, വിട്ടുവീഴ്‌ച, സംയമനം, മിതവ്യയം, സഹായ മനസ്‌കത തുടങ്ങിയ സ്വഭാവഗുണങ്ങളെല്ലാം സത്യവിശ്വാസത്തിന്റെ അടയാളങ്ങളാണ്.
ആഹാര നിയന്ത്രണത്തിലൂടെ ആരോഗ്യ സംരക്ഷണം
ഇസ്‌ലാം വിഭാവന ചെയ്യുന്ന ആരോഗ്യക്രമവും ഭക്ഷണ മര്യാദകളും പാലിക്കുന്നവന് ജീവിത ശൈലി രോഗങ്ങളെ പിടിച്ചു നിര്‍ത്താനാവും. ‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്‌തു കൊള്ളുക, എന്നാല്‍ അമിതമാക്കരുത്, അമിതമാക്കുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുകയില്ല’ എന്ന ഖുര്‍ആനിക നിര്‍ദ്ദേശവും വയറിന്റെ മൂന്നിലൊന്നു ഭക്ഷണവും, മൂന്നിലൊന്നു വെള്ളവും, ബാക്കിയാവുന്ന മൂന്നിലൊന്ന് വായുസഞ്ചാരത്തിനു വേണ്ടി ഒഴിച്ചിടുവാനുമുള്ള പ്രവാചക നിര്‍ദ്ദേശവും തിന്നും കുടിച്ചും രമിച്ചും അമിത വണ്ണവും രോഗങ്ങളും പേറി ചികിത്സ തേടി നടക്കുന്ന ആധുനിക ലോകത്തിന് മുന്നില്‍ ഏറെ പ്രസക്തമാണ്. എന്നാല്‍ ആഹാരനിയന്ത്രണത്തിലൂടെ ആത്മീയ പരിവേശം നേടിയെടുക്കുവാന്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ച വ്രതം പോലും ഉദ്ദേശിച്ച ഫലം ലഭിക്കാത്ത വിധം ഇന്നത്തെ സമൂഹം മാറ്റിക്കൊണ്ടിരിക്കുകയാണ്.
സ്‌ത്രീയെ ആദരിക്കുന്ന മതം
വൈവാഹിക ജീവിതത്തിലൂടെയല്ലാത്ത യാതൊരുവിധ സ്‌ത്രീ പുരുഷ ശാരീരിക ബന്ധങ്ങളെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. സ്‌ത്രീ എന്നത് വെറും ലൈംഗിക ഉപകരണമായും ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കപ്പെടുകയും, നിശാ ക്ലബ്ബുകളില്‍ നൃത്തം ചവിട്ടിയും മദ്യം വില്‍പ്പന നടത്തിയും പുരുഷാധിപത്യത്തിനു കീഴില്‍ ഉപഭോഗവസ്‌തു മാത്രമായി അധ:പതിക്കുകയും ചെയ്യുന്ന പാശ്ചാത്യ സംസ്‌കാരവും ഇസ്‌ലാമിന് അന്യമാണ്. അല്‍പം പുരോഗിമച്ചവര്‍ക്ക് പെണ്‍കുഞ്ഞ് ‘ജനിക്കുകയില്ല’ എന്ന അവസ്ഥയും വിവാഹ മൂല്യത്തിനു പകരം ഭാരിച്ച തുക സ്‌ത്രീധനം വാങ്ങുന്നതും ഇസ്‌ലാമിക സംസ്‌കാരത്തിനെതിരാണ്. സ്‌ത്രീയും, പുരുഷനും മാന്യമായ വസ്‌ത്രം ധരിക്കണം, നഗ്നത പ്രദര്‍ശിപ്പിക്കുവാനോ മറ്റുള്ളവരുടെ നഗ്നത കാണുവാനോ പാടില്ല, അന്യസ്‌ത്രീയും പുരുഷനും ഒറ്റക്ക് സംഗമിച്ചു കൂടാ, മുതിര്‍ന്ന ആണ്‍ പെണ്മക്കളുടെ സഹശയനത്തിനു അവസരം നല്‍കരുത്, സ്‌ത്രീകളെക്കുറിച്ച് അപവാദം പറഞ്ഞാല്‍ ശിക്ഷ, ഉപയകക്ഷി സമ്മതത്തോടെയാണെങ്കില്‍ പോലും വ്യഭിചാരം മഹാപാതകം, ബലാല്‍സംഗത്തിനും, തുടര്‍ന്നുള്ള കൊലപാതകത്തിനും മറ്റും കൂടുതല്‍ കടുത്ത ശിക്ഷ, ഈ രീതിയില്‍ സൂക്ഷ്‌മവും അന്യൂനവുമാണ് ഇസ്ലാമിക സാമൂഹിക സംവിധാനം. ഇസ്‌ലാമിക ദര്‍ശന പ്രകാരം സ്‌ത്രീ ആദരിക്കപ്പെടേണ്ടവളും സംരക്ഷിക്കപ്പെടേണ്ടവളുമാണ്. ഇസ്‌ലാമിക വസ്‌ത്രധാരണം സ്‌ത്രീയുടെ സുരക്ഷിതത്വത്തിനും മാന്യതക്കും വേണ്ടിയാണ്. ഭരിക്കപ്പെടേണ്ടവള്‍ എന്നര്‍ത്ഥം വരുന്ന ഭാര്യ എന്ന പദത്തിനു പകരം ‘ഇണ‘ എന്നാണ് ഇസ്‌ലാം പ്രയോഗിച്ചിട്ടുള്ളത്. മകള്‍ , മാതാവ്, സഹോദരി എന്നിവയെല്ലാം സ്‌ത്രീത്വത്തിന്റെ മഹനീയ ഭാവങ്ങളാണ്. “മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗ്ഗം” എന്നു പറഞ്ഞതിലൂടെയും “നിന്റെ ഏറ്റവും നല്ല സഹവാസത്തിനു ഏറ്റവും കൂടുതല്‍ അര്‍ഹത നിന്റെ മാതാവിനാണ്” എന്ന അദ്ധ്യാപനത്തിലൂടെയുമെല്ലാം ‘മാതാവ്’ എന്ന പവിത്രമായ സ്ഥാനത്തിന്റെ മഹത്വം വിളിച്ചോതുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നതിനോട് ചേര്‍ത്താണ് ഖുര്‍ആനില്‍ പലയിടങ്ങളിലും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നത്.
വ്യക്തി, കുടുംബം, സമൂഹം
വ്യക്തി വിശുദ്ധിയാണ് ഉത്തമ സമൂഹത്തിന്റെ അടിസ്‌ഥാനം. വിശ്വാസവും ഭക്തിയുമാണ് വ്യക്തിത്വത്തിന്റെ തായ്‌വേര്. നല്ല വ്യക്തികളിലൂടെ മാത്രമേ നല്ല കുടുംബം രൂപപ്പെടൂ. നല്ല ബന്ധങ്ങളാണ് ജീവിതത്തിന്റെ സൌന്ദര്യം. ബന്ധങ്ങളില്‍ ചെറിയ വീഴ്‌ചകള്‍ പോലും വരാത്ത വിധം കൃത്യമായ അതിരുകള്‍ നിശ്ചയിക്കുന്നു ഇസ്‌ലാം. വീടിന്റെ വലിപ്പമല്ല, അതിനകത്തു ലഭിക്കുന്ന ഉള്‍പ്പുളകമാണ് വീടിന്റെ ധന്യത. ഓരോ ചുവടിലും മതം പുലര്‍ത്തുന്നവരുടെ ജീവിതം എല്ലാ നിലയിലും നിയന്ത്രിക്കപ്പെടുന്നു. ഏതു വഴിയിലും അവര്‍ സത്യസന്ധരും നിര്‍ഭയരുമാവുന്നു. ജീവിതത്തിന്റെ ദുരിതപൂര്‍ണ്ണമായ അനുഭവങ്ങളിലും ക്ഷമയവലംബിക്കാന്‍ സാധിക്കുന്നു. വിട്ടുവീഴ്‌ചയും ഗുണകാംക്ഷയുമാണ് മതത്തിന്റെ കാതലായ വശം . വ്യക്തികളില്‍ ആരംഭിച്ച് കുടുംബത്തിലൂടെയും ശേഷം അയല്‍ പക്കങ്ങളിലൂടെയും സമൂഹത്തിലേക്ക് പകരുന്നതാണ് ഇസ്‌ലാമിക സംസ്‌കരണത്തിന്റെ രീതിശാസ്‌ത്രം. ഇസ്‌ലാം വിഭാവന ചെയ്യുന്ന എല്ലാ സദ്ഗുണങ്ങളുടെയും ഉല്‍കൃഷ്‌ട രൂപമായിരുന്നു നബി (സ). അവിടുന്ന് വളര്‍ത്തിയെടുത്ത സമൂഹം സുരക്ഷിത സമൂഹത്തിന്റെ ഉത്തമ ഉദാഹരണവും.
ഒരു പുനരാലോചനക്ക് നിമിത്തമായെങ്കില്‍
കുറ്റകൃത്യങ്ങള്‍ക്ക് വെള്ളവും വളവും നല്‍കുന്ന സാമൂഹികക്രമവും പശ്ചാതലവുമാണ് നാട്ടിലെമ്പാടുമുള്ളത്. മദ്യവും, ലോട്ടറിയും, പലിശയും രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. അര്‍ദ്ധ, പൂര്‍ണ്ണ നഗ്നകളുടെ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ നാടൊട്ടുക്കും. വാര്‍ത്താ ചാനലുകളിലെ ഇടവേളകളില്‍ പോലും അഭിസാരികകളുടെ കോപ്രായങ്ങള്. സ്‌ത്രീ പുരുഷ സംസര്‍ഗത്തിനുള്ള അനിയന്ത്രിതമായ അവസരങ്ങള്‍ , ഇത്തരം വൈകൃതങ്ങള്‍ക്കിടയില്‍ വാര്‍ത്തെടുക്കപ്പെടുന്ന ആധുനിക യുവത അവ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികം മാത്രം !? ക്രമസമാധാനം, നിയമപാലനം, നീതിന്യായ നിര്‍വഹണത്തിലെ കാര്യക്ഷമത തുടങ്ങിയവയെക്കുറിച്ച് ഒരു പുനരാലോചനക്ക് ഡല്‍ഹി ദുരന്തവും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും നിമിത്തമാവുമെന്നു പ്രത്യാശിക്കാം.
കാരണങ്ങളെ കണ്ടെത്തി ചികിത്സിക്കണം
ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയപ്പോള്‍ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ ചര്‍ച്ച ചെയ്യപ്പെട്ട പോലെ വര്‍ദ്ധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഇസ്ലാമിക നീതി വ്യവസ്ഥയും, ശിക്ഷാ നടപടികളും, സാമൂഹിക സംവിധാനവും ചര്‍ച്ച ചെയ്യപ്പെടുന്നത് നന്നാവും. ദുരന്തങ്ങള്‍ സംഭവിച്ച ശേഷം പ്രതിവിധി തേടുന്നതല്ല, അവക്കുള്ള കാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതാണ് ബുദ്ധി. സാഹചര്യങ്ങളും, പശ്ചാതലവും മാറാതെ സാമൂഹിക ജീര്‍ണ്ണതക്ക് അറുതി വരുത്താനാവില്ല. നിയമനിര്‍മ്മാണം കൊണ്ടോ, ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നത് കൊണ്ടോ താല്‍ക്കാലിക ഫലം സാധ്യമാണെങ്കിലും ശാശ്വത പരിഹാരമോ സമൂഹ സംസ്‌കരണമോ നേടാനാവില്ല. ശരീരത്തിനകത്ത് ബാധിച്ച കാന്‍സര്‍ ഭേദമാക്കാന്‍ പുറമെ ലേപനം പുരട്ടിയത് കൊണ്ടാവില്ലല്ലോ ?
ശാശ്വത പരിഹാരം
മനുഷ്യമനസ്സുകള്‍ വിമലീകരിക്കുകയാണ് കുറ്റകൃത്യങ്ങള്‍ കുറയുവാനുള്ള ഏകമാര്‍ഗ്ഗം. ധാര്‍മ്മിക മൂല്യങ്ങളില്‍ ഊന്നിയ സമൂഹ സംവിധാനം മാത്രമാണ് സാമൂഹ്യസുരക്ഷിതത്വത്തിനുള്ള ശാശ്വത പരിഹാരം. ക്ഷണികമായ ലാഭങ്ങള്‍ പലപ്പോഴും ആത്യന്തികമായ പരാജയത്തിലേക്ക് നയിക്കും. ഭൌതിക ജീവിതവും ഈ ജീവിതത്തിലെ ലാഭനഷ്‌ടങ്ങളും ക്ഷണികമാണ്. പരലോക മോക്ഷം ലഭിക്കുകയെന്നതാണ് ആത്യന്തിക വിജയം. ഖുര്‍ആന്‍ പറയുന്നു : “കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്‌ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും, ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്‌തവരൊഴികെ“ - (103: 1-3). പരസ്‌പരം അറിഞ്ഞും, സഹകരിച്ചും, സഹായിച്ചും, തിരുത്തിയും, ക്ഷമിച്ചും, ഉപദേശിച്ചും നല്ലതു പ്രവര്‍ത്തിച്ചും പരലോക ജീവിതത്തിലേക്ക് വിഭവസമാഹരണം നടത്തുന്ന വിശ്വാസികളിലൂടെ രൂപപ്പെടുന്ന സമൂഹത്തില്‍ മാത്രമേ യഥാര്‍ത്ഥ സുരക്ഷിതത്വം സാദ്ധ്യമാവൂ.
<<< മനുഷ്യമനസ്സുകള്‍ വിമലീകരിക്കുകയാണ് കുറ്റകൃത്യങ്ങള്‍ കുറയുവാനുള്ള ഏകമാര്‍ഗ്ഗം. ധാര്‍മ്മിക മൂല്യങ്ങളില്‍ ഊന്നിയ സമൂഹ സംവിധാനം മാത്രമാണ് സാമൂഹ്യസുരക്ഷിതത്വത്തിനുള്ള ശാശ്വത പരിഹാരം. ക്ഷണികമായ ലാഭങ്ങള്‍ പലപ്പോഴും ആത്യന്തികമായ പരാജയത്തിലേക്ക് നയിക്കും. ഭൌതിക ജീവിതവും ഈ ജീവിതത്തിലെ ലാഭനഷ്‌ടങ്ങളും ക്ഷണികമാണ്. പരലോക മോക്ഷം ലഭിക്കുകയെന്നതാണ് ആത്യന്തിക വിജയം. ഖുര്‍ആന്‍ പറയുന്നു : “കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്‌ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും, ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്‌തവരൊഴികെ“ - (103: 1-3). പരസ്‌പരം അറിഞ്ഞും, സഹകരിച്ചും, സഹായിച്ചും, തിരുത്തിയും, ക്ഷമിച്ചും, ഉപദേശിച്ചും നല്ലതു പ്രവര്‍ത്തിച്ചും പരലോക ജീവിതത്തിലേക്ക് വിഭവസമാഹരണം നടത്തുന്ന വിശ്വാസികളിലൂടെ രൂപപ്പെടുന്ന സമൂഹത്തില്‍ മാത്രമേ യഥാര്‍ത്ഥ സുരക്ഷിതത്വം സാദ്ധ്യമാവൂ. >>>
ReplyDeleteനന്നായിട്ടുണ്ട്. അഭിനന്ദനം. ഇനിയും എഴുതാനും, സമ്മാനം വാങ്ങിക്കാനും, കൂട്ടുകാര്‍ക്കെല്ലാം ഒരു പാര്‍ട്ടി നല്‍കാനും നിങ്ങള്‍ക്ക് കഴിയുമാരാകാട്ടെ.
ReplyDelete****കൂട്ടുകാര്‍ക്കെല്ലാം ഒരു പാര്‍ട്ടി നല്‍കാനും നിങ്ങള്‍ക്ക് കഴിയുമാരാകാട്ടെ***
Deleteഇത് മറക്കാതിരിക്കട്ടെ.....