Tuesday, May 29, 2012

‘ജനകീയം‘ (ക്ഷമിക്കണം ബ്രാക്കറ്റുണ്ട്)


മുജൈശേരി ഗ്രാമവാസികള്‍ എല്ല്ലാവരും ചേര്‍ന്ന് തുല്യസംഖ്യ വീതിച്ചെടുത്ത് വാങ്ങിയ ആ ബസ്സിന് അവര്‍ ‘ജനകീയം’ എന്നു പേരിട്ടു. ഇടുങ്ങിയ റോഡിലൂടെ ഏറെ വളവും തിരിവും പ്രയാസകരമായ കയറ്റിറക്കങ്ങളും സഹിച്ച് ബസ്സോടിക്കുവാന്‍ ബസ്സ് മുതലാളിമാര്‍ തയ്യാറാവാത്തതിനാല്‍ യാത്രാക്ലേശത്തിലായിരുന്ന ഗ്രാമവാസികള്‍ക്ക് ഇതോടെ ആശ്വാസമായി. ആഘോഷത്തോടെ അവര്‍ ബസ്സിനെ സ്വീകരിച്ചു. തങ്ങള്‍ക്ക് ആശുപത്രിയില്‍ പോവാന്‍, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാന്‍, കല്ല്യാണ, വിരുന്ന് സല്‍ക്കാരങ്ങള്‍ക്ക് പോവാന്‍ തങ്ങളുടെയെല്ലാം വിയര്‍പ്പില്‍ നിന്ന് അല്‍പം മാറ്റിവെച്ച് വാങ്ങിയ ബസ്സ്. പ്രത്യേക സ്റ്റോപ്പ് ഇല്ല, എവിടുന്നും കയറാം, എവിടെയും ഇറങ്ങാം. ഒരുമയോടെയും, സന്തോഷത്തോടെയും ‘ജനകീയം’ ബസ്സ് സേവനപാതയില്‍ മികച്ചു നിന്നു. ഗ്രാമവാസികളില്‍ നിന്നും വോട്ടെടുപ്പിലൂടെ അവര്‍ ബസ്സ് മാനേജറെയും ജോലിക്കാരെയും തിരഞ്ഞെടുക്കുന്നതിനാല്‍ ജനകീയം ബസ്സിന്റെ നടത്തിപ്പും ജനകീയമായി.