ധാര്‍മ്മികതയുടെ വീണ്ടെടുപ്പ് ; കുടുംബങ്ങളിലൂടെ

മനുഷ്യന്റെ ഭൌതിക സൌകര്യങ്ങളിന്ന് ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് നവസാങ്കേതികരംഗങ്ങളില്‍ കഴിഞ്ഞ ആറോ,ഏഴോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രമുണ്ടായിട്ടുള്ളത്. ആര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മൊബൈലും, ഇന്റര്‍നെറ്റും മാറിയത് വളരെയടുത്താണ്‍. മലയാളിക്ക് വാര്‍ത്ത കാണാന്‍ ഒന്നോ രണ്ടോ ചാനലുണ്ടായിരുന്നതിന്ന് പതിനഞ്ചിലധികമാവളര്‍ച്ചയാണ്‍. ഭൂമിയുടെ ഉറവിടവും, ഭൂമിക്ക് പുറത്തെ സാധ്യതകളും മറ്റും തേടിയുള്ള അന്വേഷണങ്ങള്‍ മനുഷ്യനെ ശൂന്യാകാശത്തും, ചന്ദ്രനിലും, ചൊവ്വയിലുമെല്ലാം എത്തിച്ചിരിക്കുന്നു

തകര്‍ന്നടിഞ്ഞ ധാര്‍മ്മികത

ഭൌതിക പുരോഗതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന അതേ അളവില്‍ തന്നെ അവനിലെ സദാചാര നിഷ്ഠ തഴോട്ടു കുതിക്കുകയാണ്. മാന്യന്മാര്‍ക്ക് വിലയില്ലാതാവുകയും, നന്മ ഉപദേശിക്കുന്നവര്‍ പിന്തിരിപ്പന്മാരായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. നിഖിത മേഖലകളിലും അധര്‍മ്മം പിടിമുറുക്കിയിരിക്കുന്നു. സാമ്രാജ്യത്വ ശക്തികളും, പാശ്ചാത്യ മീഡിയകളും അടിച്ചേല്പിക്കുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിലയില്ലാത്ത ‘സംസ്കാരം‘! മദ്യവും, മയക്കുമരുന്നും, പലിശയും, വേശ്യാവ്യത്തിയും, ശരീരപ്രദര്‍ശനവും, ലെസ്ബിയനിസവുമൊക്കെ ആദറ്ശവല്‍കരിക്കപ്പെടുകയും, ആശീര്‍വദിക്കപ്പെടുകയും ചെയ്യപ്പെടുന്ന ആധുനിക ‘സംസ്കാരം‘! പടിഞ്ഞാറില്‍ നിന്ന് ചവച്ചു തുപ്പുന്നതെന്തും സ്വീകരിച്ച് സ്തുതി പാടുന്ന ഇന്ത്യന്‍ മാധ്യമങ്ങളും, നവസാംസ്കാരിക നായകരും.
മലയാളമണ്ണാണിന്ന് തോന്നിവാസങ്ങള്‍ക്കേറെ പാകപ്പെട്ട് നില്‍ക്കുന്നതെന്ന് വിവിധങ്ങളായ കണക്കുകള്‍ സംസാരിക്കുന്നു. കേരളത്തില്‍ കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ പ്രതിശീറ്ഷക കണക്ക് ഇന്ത്യയിലെ മൊത്തം ഉപയോഗത്തിന്റെ ഇരട്ടിയിലധികമാണ്‍. മാത്രമല്ല, മദ്യമുപയോഗിക്കുന്നതില്‍ അമേരിക്കക്കാരനെ പോലും പുറകിലാക്കിയിരിക്കുന്നു മലയാളി! കുറുക്കു വഴികളിലൂടെ പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ കള്ളവും, ചതിയും, സ്ത്രീധനവും, അക്രമവുമെല്ലാം വ്യാപകമായിരിക്കുന്നു. നാണം കെട്ടും പണം നേടിയാല്‍ നാണക്കേടാ പണം തീര്‍ത്തുകൊള്ളുമെന്ന പഴമൊഴി അന്വര്‍ത്ഥമാവുകായാണ്‍. പലിശയേറെ നിസ്സാരവല്‍കരിക്കപ്പെട്ടിരിക്കുന്നു. ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കോ അനാവശ്യങ്ങള്‍ക്കോ വേണ്ടിയെടുക്കുന്ന ലോണുകള്‍ പിന്നീട് ബ്ലേഡുകളിലേക്കും, ശേഷം കൊലപാതകങ്ങളിലേക്കും വരെയെത്തിക്കുന്നു. ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ അനിയന്ത്രിത ഉപയോഗം സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന സ്കൂളുകളെ  പോലും വഴിവിട്ട ലൈംഗികതയുടെയും, അവിഹിത ഗര്‍ഭങ്ങളുടെയും കേന്ദ്രങ്ങളാക്കി മാറ്റുന്നു. നമ്മുടെ കുടുംബ ബന്ധങ്ങളിന്ന് അമ്മത്തൊട്ടിലുകളിലും വ്യദ്ധസദനങ്ങളിലുമെത്തിനില്‍ക്കുന്നു.
ജിദ്ദയില്‍ മലയാളി മനേജ്മെന്റിന്റെ കീഴിലുള്ള ഒരു സ്കൂളിലെ എട്ടാം ക്ലാസ് മലയാളി വിദ്യാര്‍ത്ഥിനി ക്ലാസില് വെച്ച് ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതും, പഠനം മുടങ്ങിയതും ഈ അടുത്ത് കേട്ടു മറന്നതായിരുന്നു. ഒരു പ്രവാസിയുടെ നാട്ടിലുള്ള ഭാര്യ  മൂന്നുമാസം ഗര്‍ഭിണിയായത് മാലോകരറിയുമെന്നായപ്പോള്‍ പതിനേഴ് വയസ്സുള്ള മകളടക്കമുള്ള കുടുംബത്തെ ഉപേക്ഷിച്ച് വീട്ടില്‍ ചിലവിനു വരുന്ന ദറ്സ് വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടിയത് ഞെട്ടലോടെയാണ്‍ കേട്ടത്. വീടുകള്‍ക്കുള്ളില്‍‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലാതാവുന്നു. അവിഹിത ബന്ധങ്ങളുടെയും, പീഡനങ്ങളുടെയും കേന്ദ്രങ്ങളായി വീടുകള്‍ മാറിക്കൊണ്ടിരിക്കുന്നു. പിതവോ, ഭര്‍ത്താവോ കൂടെയുണ്ടെന്നു കരുതി പോലും സമാധാനിക്കാന്‍ സ്ത്രീകള്‍ക്കിന്നാവില്ല. തന്റെ രഹസ്യങ്ങള്‍ പകര്‍ത്തുന്ന ഒളിക്യാമറകള്‍ കിടപ്പറകള്‍ക്കുളില്‍ പോലുമുണ്ടാവാം. പവിത്രമെന്ന് നാം കരുതിപ്പോരുന്ന കുടുംബ ബന്ധങ്ങള്‍ പലര്‍ക്കും ബന്ധനങ്ങളായി മാറിയിരിക്കുന്നു.
ഇസ്ലാമിക ചിഹ്നങ്ങളില്‍ ആവേശം കൊള്ളുകയും, മുസ്ലിംവിരുദ്ധ പ്രവണതകള്‍ക്കെതിരെ രോഷംകൊള്ളുകയും ചെയ്യുന്ന ‘ആധുനിക മുസ്ലമാനു’ പോലും പലിശയും, മദ്യവും, വഴിവിട്ട ലൈംഗികതയുമൊന്നും പ്രശ്നമാവുന്നില്ല. ഒരു വര്‍ഷം മുമ്പ് നാട്ടിലേക്കുള്ള യാത്ര! ചുരുങ്ങിയ ടിക്കറ്റ് ഫെയറും, എയര്‍ ഇന്ത്യയില്‍ നിന്നൊരു മാറ്റവും ആഗ്രഹിച്ച് എത്തിപ്പെട്ടത് ഖത്തര്‍ എയര്‍ വേസിലായിരുന്നു.  ദോഹയില്‍   നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര പുതിയ ഒരനുഭവമായി. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വിവിധ ബ്രാന്റ് മദ്യങ്ങള്‍ വാങ്ങി ബോര്‍ഡിങ് പാസ്സിനായി ക്യൂവില്‍ നില്‍ക്കുന്ന വിവിധ ജില്ലക്കാരായ ആളുകളെ കണ്ടപ്പോള്‍ മദ്യപിക്കാത്ത സഹയാത്രികനെ കിട്ടണമെന്ന് ആഗ്രഹിച്ചുപോയി. ജിദ്ദയില്‍ നിന്നും എന്നോടൊപ്പം കയറിയ എന്റെ ജില്ലക്കാരനായ ഒരാളെ തന്നെ കൂടെക്കിട്ടിയ ആശ്വാസത്തില്‍ യാത്ര തുടരുമ്പോഴാണ്‍, അയാളെന്നല്ല, ദോഹയില്‍ നിന്നുള്ളവരും, സ്പെഷല്‍ ഉംറ കഴിഞ്ഞ് ജിദ്ദയില്‍ നിന്നും യാത്ര ചെയ്യുന്നാവരുമടക്കം ഭൂരിഭാഗവും എയര്‍ ഹോസ്റ്റസ് നല്‍കുന്ന മധു നുകരുകയാണ്. ന്യൂ ഇയര്‍ ആഘോഷിക്കുവാനും, വിവാഹ ജന്മദിനാഘോഷങ്ങളുടെ പേരിലും മലയാളി കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ നല്ലൊരു പങ്കും ചിലവാകുന്നത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണെന്നുകൂടിയറിയുമ്പോള്‍ പ്രശ്നത്തിന്റെ ഗൌരവം വര്‍ദ്ധിക്കുന്നു.
ഗള്‍ഫ് പണത്തിന്റെ അനിയന്ത്രിതമായ സ്വാധീനം നാടിന്റെ വിശേഷിച്ചും മുസ്ലിംകളുടെ സാമൂഹിക പുരോഗതിയില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും മൂല്യങ്ങള്‍ നഷ്ടപ്പെട്ട ഈ പുതിയ തലമുറയുടെ സ്യഷ്ടിപ്പില്‍ റിയാലിന്റെയും ദിനാറിന്റെയും, ദിറ്ഹമിന്റെയുമൊക്കെ പങ്ക് വലുതാണ്. പിതാവ് ഗള്‍ഫില്‍, ജോലി കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയം ഇന്റര്‍നെറ്റിലും, ടെലിവിഷനു മുന്നിലുമിരുന്ന് മനസ്സുകൊണ്ടും, നാവുകൊണ്ടും, കണ്ണുകൊണ്ടും വ്യഭിചരിച്ചു കൊണ്ടിരിക്കുന്നു. നാട്ടില്‍ ഭാര്യ ടിവി സീരിയലുകളും റിയാലിറ്റിഷോകളും ആസ്വദിച്ച് വിലപ്പെട്ട വൈകുന്നേരങ്ങള്‍ പോലും നശിപ്പിക്കുന്നു. മക്കള്‍ യൂ ട്യൂബിലും, ചാറ്റ് റൂമുകളിലും, ബ്ലൂടൂത്തിലും. ആരും ശ്രദ്ധിക്കാനില്ലതെ പ്രായമേറിയ മാതാപിതാക്കള്‍ രോഗശയ്യയില്‍. നിസ്സാര   പ്രശ്നങ്ങളുടെ പേരില്‍ അയല്‍വാസി കളെയും അകറ്റിനിര്‍ത്തിയിരിക്കുന്നു. ഒരു സാധാരണ ‘മുസ്ലിമിന്റെ‘ വിശേഷിച്ചും പ്രവാസികളുടെ വീടുകള്‍ വൈകുന്നേരങ്ങളില്‍ സര്‍വ വിധ അസാന്മാര്‍ഗ്ഗികതകളും വിളയാടുന്ന നെറ്റ് കഫെകളും, മിനി തിയേറ്ററുകളുമായി മാറുകയാണ്‍.
പണത്തിന്റെയോ മറ്റു ഭൌതിക സൌകര്യങ്ങളുടെയോ കുറവ് ഈ സമുദായത്തിനിന്നില്ല. മനുഷ്യനെ അന്തവിശ്വാസങ്ങളിലും, അനാചാരങ്ങളിലും, തളച്ചിട്ട് ചൂഷണം ചെയ്യുന്ന പുരോഹിതന്മാരും, ആത്മീയത മുടക്കുമുതലാക്കി കച്ചവ്വടം ചെയ്യുന്ന സിദ്ധന്മാരുമെല്ലാം ഈ സമുദായത്തിന്റെ കണക്കുപുസ്തകത്തില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നു. പൂര്‍ണമായും   സംഘടനാവല്‍ക്കരിക്കപ്പെട്ട ഈ സമുദായം സ്ഥാപനങ്ങളും സമ്മേളനങ്ങളുമുണ്ടാക്കുന്നതില്‍ പരസ്പരം മത്സരിക്കുകയാണ്. പലപ്പോഴും അവ തെരുവു സംഘട്ടനങ്ങളിലേക്കും, തെറിപ്രസംഗങ്ങളിലേക്കുമെത്തുമ്പോള്‍ ആദറ്ശം പുസ്തകങ്ങളിലൊതുങ്ങുന്നു. ഭൌതികപുരോഗതിയുടെ അതിപ്രസരത്താല്‍ സംസ്കരണം ലഭിച്ചവര്‍  എന്നഭിമാനിക്കുന്നവര്‍  പോലും ആ മൂല്യങ്ങള്‍ മറക്കുകയോ തിന്മകള്‍ക്ക് നേരെ മന:പൂര്‍വ്വം  മൌനം ദീക്ഷിക്കുകയോ ചെയ്യുന്നു. തന്റെ സ്വാര്‍ത്ഥ  താല്പര്യങ്ങളും അധികാരങ്ങളും സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ നീതിയും, മാനുഷിക ബന്ധങ്ങളും തമസ്കരിക്കപ്പെടുന്നു. താന്‍ പ്രസംഗിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ പാലിക്കപ്പെടാന്‍ പണ്ഡിതന്മാര്‍ക്ക്  പോലും കഴിയാതെ വരുന്നു.

വീണ്ടെടുപ്പ്
    മൂല്യങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിടത്തൊരു തിരുത്തലിനു പ്രസക്തിയില്ല. വീണ്ടെടുപ്പാണാവശ്യം. മുമ്പുണ്ടായിരുന്നതും, ഇടക്കുവെച്ച് നഷ്ടപ്പെട്ടതുമായ ഒരു സംസ്കാരത്തെ വീണ്ടെടുക്കുന്നത് ഏറ്റവും നല്ലതു കൊണ്ടായിരിക്കണം. ചരിത്രത്തില്‍ ഒരുപാട് ദാര്‍ശനികരും നാഗരികതകളും കഴിഞ്ഞുപോയിട്ടുണ്ട്. അവയില്‍ പലതും മനുഷ്യനെ സംസ്കരിക്കാന്‍ അപര്യാപ്തമോ ചില പ്രദേശങ്ങളിലേക്കോ സമുഹങ്ങളിലേക്കോ  പരിമിതങ്ങളോ ആണ്. എന്നാല്‍ , ലോകത്തിന് ‍ സന്മാര്‍ഗ  ദര്‍ശനവുമായി നിയോഗിതരായ ദൈവദൂതന്മാരെ കുറിച്ചും ദൈവികഗ്രന്ഥങ്ങങ്ങളെക്കുറിച്ചും ചരിത്രം വിവരം നല്‍കുന്നു. അവയില്‍ ദൈവപ്രോക്തങ്ങളായ ആശയങ്ങളും വചനങ്ങളുമുള്‍കൊള്ളുന്ന ഗ്രന്ഥങ്ങളിലധികവും മനുഷ്യന്റെ കൈകടത്തലുകള്‍ മുഖേന വൈരുദ്ധ്യങ്ങള്‍ നിറഞ്ഞവയും, അപൂറ്ണ്ണങ്ങളുമാണ്.

ഖുര്‍ആന്‍ 
    ലോകത്തേറ്റവുമധികം പഠനങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കും വിധേയമായ ഗ്രന്ഥം! വിമര്‍ശന പഠനമാരംഭിച്ച പലരെയും അനുകൂലികളാക്കി മാറ്റിയ മാസ്മരികത! നിരക്ഷരനായ പ്രവാചകനിലൂടെ അവതരിക്കപ്പെട്ട ലോകത്തിന്റെ സന്മാര്‍ഗ   ദര്‍ശനം. പതിനാലു നൂറ്റാണ്ടിലധികമായി പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കുന്ന അജയ്യത! ഓരോ വചനങ്ങളും ദൈവത്തിങ്കല്‍ നിന്നാണെന്നും ലോകാവസാനം വരെ മാറ്റങ്ങളില്ലാതെ നിലനില്‍ക്കുമെന്നും സ്വയം പ്രഖ്യാപിച്ച് നിഷേധികളെ വെല്ലുവിളിച്ച സ്തൈര്യത ! ലക്ഷക്കണക്കിനാളുകള്‍ക്ക് മന:പാഠമുള്ള ലോകത്തിലെ ഏകഗ്രന്ഥം! പഠിക്കും തോറും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുന്ന അനശ്വരപ്രതിഭാസം! ഖുര്‍ആനിലെ പ്രവചനങ്ങളും, വെല്ലുവിളികളും അതിന്റെ ദൈവികത വിളിച്ചോതുന്നു. അതിലെ ഒരു വചനവും മറ്റൊരു വചനത്തിനു  വിരുദ്ധമാകുന്നില്ല. ഖുര്‍ആന്‍ നിശിദ്ധമാക്കിയതൊന്നും കാലപരിണാമത്തില്‍ നല്ലതായിട്ടില്ല. ഖുര്‍ആന്‍ നല്ലതാണെന്ന് പറഞ്ഞതൊന്നും മോശമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
    ഈ ലോകത്തിനൊരു സ്യഷ്ടാവുണ്ടെന്നും അവനേകനാണെന്നും അന്ത്യമില്ലാത്തവനാണെന്നും പ്രപഞ്ചത്തിലെയെല്ലാം അവന്റെ നിയന്ത്രണത്തിനു വിധേയമാണെന്നും, മനുഷ്യന്‍ അവന്റെ ഉല്‍ക്യഷ്ട സ്യഷ്ടിയാണെന്നും അവനു മാത്രം കീഴൊതുങ്ങേണ്ടവനാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ലോകത്തിനു സത്യാസത്യ വിവേചനത്തിനായി നിയോഗിതരായ പ്രവാചകന്മാരെ വിശ്വസിക്കുവാനും അന്ത്യപ്രവാചകനെ അനുസരിക്കുവാനും ആഹ്വാനം ചെയ്യുന്നു. നീതിനിര്‍വഹണത്തിനു അപര്യാപ്തമായ ഈ ലോകത്തിനുശേഷം അനിവാര്യമായ പ്രതിഫലനാളിനെ കുറിച്ച് താക്കീത് നല്‍കുന്നു. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാനും, മുതിര്‍ന്നവരെ ബഹുമാനിക്കുവാനും കുട്ടികളോട് കരുണ കാണിക്കുവാനും, അയല്‍വാസി യോടും, നിരാലംബരോടും മാന്യമായി പെരുമാറാനും മനുഷ്യനെ പടിപ്പിക്കുന്നു. അക്രമവും അനീതിയും വിരോധിക്കുന്നു. എല്ലാം ഗ്രന്ഥത്തില്‍ പറഞ്ഞൊതുക്കിയില്ല ദൈവം. സകല തിന്മകളുടെയും വിളനിലമായിരുന്ന ഒരു സമൂഹത്തെ ഖുര്‍ആനിലൂടെ സമുദ്ധരിക്കപ്പെട്ട് ലോകത്തിനു മാത്യകയായി  സമര്‍പ്പി  ച്ചിരിക്കുന്നു.
   
കുടുംബങ്ങളിലൂടെ
    സമൂഹത്തിന്റെ അടിത്തറയാണ്‍ കുടുംബം. സമൂഹത്തിലെ ഓരോ വ്യക്തിയും വിവിധ കുടുംബങ്ങളിലെ പിതാവോ, മാതാവോ, സഹോദരനോ, സഹോദരിയോ, ഭാര്യയോ, ഭര്‍ത്താവോ, മകനോ, മകളോ ആണ്.  കെട്ടുറപ്പുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കേ   നല്ല സമൂഹസ്യഷ്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാനാവൂ. കുറെ പണമുണ്ടായാലൊരു വീടുണ്ടാ‍ക്കാം. പക്ഷെ, വീട്ടിലെ ഓരോ അംഗങ്ങളും സമാധാനത്തോടും, ഇണക്കത്തോടും കൂടി വസിക്കുന്നിടത്തേ ഒരു ഗ്യഹം അഥവാ ഇസ്ലാം വിഭാവന ചെയ്യുന്ന ‘മസ്കന്‍’ രൂപപ്പെടൂ. വിടവുകളും വിങ്ങലുകളുമില്ലാത്ത സ്നേഹത്തിന്റെ ഉറവ വറ്റാത്ത ഊഷ്മളബന്ധങ്ങളുടെ ഉള്ളടക്കമാവണം നമ്മുടെ വീടുകള്‍. സുക്യതങ്ങളുടെയും നല്ല ശീലങ്ങളുടെയും ജീവിക്കുന്ന മാത്യകകളെ സമൂഹത്തിലേക്ക് പടച്ചുവിടേണ്ട പാഠശാലയാണത്. തീര്‍ച്ചയായും  അതിന് ചില നിയമങ്ങളും, നിയന്ത്രണങ്ങളും പാലിക്കപ്പെടണം.
    പ്രപഞ്ചത്തിലെ എല്ലാം   ഇണകളായാണ്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നത്. വിവാഹത്തിലൂടെയാണ്‍ മനുഷ്യന്‍ ഇണയെ തിരഞ്ഞെടുക്കേണ്ടതും കുടുംബം രൂപപ്പെടുത്തേണ്ടതും.  ഭര്‍ത്താവ് കുടുംബത്തില്‍ നേത്യത്വം നല്‍കേണ്ടവനും, ഭാര്യ ഭര്‍ത്താവിന്റെ സംരക്ഷണത്തില്‍ വീടും കുടുംബവും പരിപാലിക്കേണ്ടവരുമാണ്. ദൈവത്തിനു  മാത്രം ചെയ്യേണ്ട പരമമായ കീഴ്വണക്കം ഏതെങ്കിലും സ്യഷ്ടിക്ക് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നെങ്കില്‍ അത് ഭര്‍ത്താവിന്റെ മുന്നില്‍    വണങ്ങാന്‍ ഭാര്യയോട് കല്പിക്കപ്പെടുമായിരുന്നുവെന്ന പ്രവാചകാദ്ധ്യാപനം ഭര്‍ത്താവ് എന്ന സ്ഥാനത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്. സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരോട് ബാദ്ധ്യതയുള്ള പോലെ ന്യായമായ അവകാശങ്ങളുമുണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഒരാള്‍ തന്റെ ഭാര്യക്ക് വേണ്ടി ചെയ്ത പുണ്യങ്ങളാണ് അയാളുടെ നന്മയുടെ തുലാസില്‍ ആദ്യമായി വെക്കപ്പെടുകയെന്നു പറഞ്ഞു പ്രവാചകന്‍.
    മാതാവ്, പിതാവ് എന്നീ സ്ഥാനങ്ങളുടെ പവിത്രത എടുത്തു പറയുന്നു ഇസ്ലാം. അവര്‍ക്ക്  നന്മ ചെയ്യണമെന്നും, കരുണ കാണിക്കണമെന്നും, കയറ്ത്തൊരുവാക്കുപോലും പറയരുതെന്നും അവര്‍ക്ക്  വേണ്ടി പ്രാറ്ത്ഥിക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു. വിശുദ്ധഖുര്‍ആന്‍ പതിനേഴാം അദ്ധ്യായത്തിലെ 23, 24 വചനങ്ങള്‍ ഈ സ്ഥാനത്തിന്റെ മാഹാത്മ്യം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതാണ്‍. മാതാപിതാക്കള്‍ നല്‍കിയ  ഭക്ഷണത്തിനോ, ചിലവാക്കിയ പണത്തിനോ പകരം നല്‍കാന്‍  പലര്‍ക്കുമാവും, പക്ഷെ അവര്‍   നല്‍കിയ സ്നേഹത്തിനും സഹിച്ച ത്യാഗങ്ങള്‍ക്കും പകരം വെക്കാന്‍ നമ്മുടെ പണത്തിനോ സ്ഥാനമാനങ്ങള്‍ക്കോ ആവില്ല.
    സമൂഹത്തിലെ ഓരോ പൌരനും ഭൂമിയില്‍ ആദ്യം ലഭിക്കുന്ന സ്ഥാനം മകന്‍ അല്ലെങ്കില്‍ മകള്‍ എന്നതാണ്. മക്കളെ  വളര്‍ത്തുന്നിടത്തു നിന്നും  തുടങ്ങുന്നു സമൂഹത്തിന്റെ തെറ്റും ശരിയും. വീടും വസ്ത്രവും, ഭക്ഷണവും, വിദ്യാഭ്യാസവും നല്‍കിയാല്‍ മാത്രം തീരുന്നതല്ല മക്കളോടുള്ള കടമകള്‍. ധാര്‍മ്മിക  മൂല്യങ്ങളും പ്രായത്തിനൊത്ത ശിക്ഷണങ്ങളും നല്‍കി പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ മരണശേഷവും അവനെ വിട്ടു പോകാത്ത മൂന്നു കാര്യങ്ങളിലൊന്നായി പ്രവാചകന്‍ വിവരിച്ചത് തനിക്കുവേണ്ടി പ്രാറ്ത്ഥിച്ചുകൊണ്ടിരിക്കുന്ന സന്താനത്തെക്കുറിച്ചാണ്. ചെറുപ്പത്തില്‍ ലഭിക്കുന്ന ശിക്ഷണങ്ങളും, പരിശീലനങ്ങളുമാണ് ഒരു വ്യക്തിയുടെ സ്വഭാവം രൂപീകരിക്കുന്നത്. ഒരു കുഞ്ഞിന്റെ ആദ്യ ഗുരുകുലം അവന്റെ വീടും ആദ്യ ഗുരുനാഥന്‍ മാതാവുമാണ്. പിതാവിന്റെ ക്രൂരതയും, ചെറുപ്പത്തില്‍ മാതാവില്‍ നിന്നും ലഭിക്കേണ്ട പരിലാളനയുടെ അപര്യാപ്തതയുമാണ് അഡോള്‍ഫ് ഹിറ്റ്ലറെ ലോകം കണ്ട ഏറ്റവും വലിയ ക്രൂരനാക്കുന്നതില്‍  നിര്‍ണ്ണായക പങ്കുവഹിച്ചതെന്ന് ചരിത്രകാരന്മാര്‍   രേഖപ്പെടുത്തുന്നു.
    ജനനം മുതല്‍ ഇരുപത്തിയൊന്നു വയസ്സുവരെയുളള ഒരു കുട്ടിയുടെ ജീവിതം മൂന്നായി ഭാഗിച്ചാല്‍ ആദ്യത്തെ ഏഴുവര്‍ഷം കുഞ്ഞിനു മതാപിതാക്കളില്‍ നിന്നും ലഭിക്കേണ്ടത് വാത്സല്യവും ലാളനയുമാണ്. ശേഷം പതിനാലുവയസ്സുവരെ പരിശിലനങ്ങളും, ശിക്ഷണങ്ങളും നല്‍കണം. അതില്‍ പത്തുവയസ്സു മുതല്‍ അനുസരിക്കാതെ വന്നാല്‍ ആവശ്യമായ ശിക്ഷകളും നല്‍കണം. പതിനാലു വയസ്സിനു ശേഷം അവറ്ക്ക് കൂടുതല്‍ പരിഗണന നല്‍കി കൂടെക്കൂട്ടണം. പതിനാലുവയസ്സിനു ശേഷം  അവര്‍ക്ക്   കൂടുതല്‍ പരിഗണന നല്‍കി കൂടെക്കൂട്ടണം. പതിനാലു വയസ്സിനു ശേഷമുള്ള കാലം ഒരു കുട്ടിയെ സംബന്ധിച്ച് നിര്‍ണായമാണ്. സമൂഹത്തിലേക്കിറങ്ങിച്ചെന്ന് കൂട്ടുകൂടുന്ന ഈ സമയത്ത് രക്ഷിതാക്കളവനു  കൂട്ടാവാതിരിക്കുകയും, നല്ല കൂട്ടുകാരോടൊപ്പം ചേര്‍ക്കാന്‍  സാധിക്കാതിരിക്കുകയും ചെയ്താല്‍ വഴിപിഴച്ചുപോവുക എളുപ്പമായിരിക്കും. കുട്ടികളെ നിങ്ങള്‍ ‘ആദരിക്കണ‘മെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.
    ഈ രീതിയില്‍ ചെറുപ്പം മുതലേ പരിഗണനയും പരിശീലനങ്ങളും ലഭിച്ചു വളരുന്ന ഒരു കുട്ടി തീറ്ച്ചയായും സമൂഹത്തില്‍ ഒരു മുതല്‍ കൂട്ടാവും. അതിനു രക്ഷിതാക്കള്‍ അവര്‍ക്ക് തികഞ്ഞ മാത്യകയാവണം. മാതാപിതാക്കള്‍ പരസ്പരം ശണ്ഡകൂടുന്ന വീട്ടിലെ മക്കള്‍ അച്ചടക്കമുളളവരാവില്ല. പുകവലിക്കുകയോ മദ്യപിക്കുകയോ പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന പിതാവ് ഒരിക്കലുമൊരു നല്ല മാത്യകയാവില്ല. വൈകുന്നേരങ്ങളില്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കു മുന്നില്‍ സമയം കളയുന്ന മാതാവ് കുട്ടികളെ പഠിക്കാന്‍ നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമി ല്ല. ഖുര്‍ആനുമായൊരു ബന്ധവുമില്ലാത്ത രക്ഷിതാക്കള്‍ മക്കളോട് ഖുര്‍ആന്‍ പഠിക്കാന്‍ പറയുന്നത് ന്യായമല്ല.

വീണ്ടെടുപ്പ് പ്രയോഗവല്‍ക്കരണം
    സമൂഹത്തിന്റെ അടിത്തറയായ കുടുംബങ്ങളില്‍ നിന്നാവണം സംസ്ക്കരണം ആരംഭിക്കേണ്ടത്. ടിവി സീരിയലുകളിലെ കണ്ണീര്‍ സംഭാഷണങ്ങള്‍ കൊണ്ട് മലീമസമാകാറുളള നമ്മുടെ വീടുകള്‍ മാതാപിതാക്കളുടെയും കുട്ടികളുടെയും ഖുര്‍ആന്‍ പാരായണാങ്ങളും, പഠനങ്ങളും, പ്രാര്‍ത്ഥനകളും കൊണ്ട് ധന്യമാക്കണം. വിശേഷിച്ചും വൈകുന്നേരങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളോടൊപ്പം  ചേര്‍ന്ന്‍  പഠനത്തിലവരെ സഹായിക്കണം. വീടുകളിലെ നമ്മുടെ ചര്‍ച്ചകളിലെ മുഖ്യവിഷയങ്ങള്‍ ദീനീചിന്തയും, ധാര്‍മ്മികബോധങ്ങളുമാവണം. പ്രവാചകനും സച്ചരിതരും നമ്മിലെ താരങ്ങളാവണം. അയല്‍വാസിയോട് മാന്യമായി പെരുമാറുകയും അനാഥകളെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുകയും വേണം.
    തന്നെപ്പോലെ മറ്റുള്ളവരെയും പരിഗണിക്കുകയും അവരുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കുകയും വേണം. തിന്മ പ്രവര്‍ത്തിക്കുന്നവര്‍ താന്‍ ചെയ്യുന്ന തിന്മകള്‍ കൊണ്ട് പ്രയാസപ്പെടുന്ന മറ്റുള്ളവരെക്കുറിച്ചു കൂടി ചിന്തിക്കണം. താന്‍ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്താല്‍ പ്രയാസപ്പെടുന്നത് തന്റെ ഭാര്യയും കുട്ടികളും കൂടിയാണെന്ന് മനസ്സിലാക്കണം. ഭാര്യക്കു പുറമെ ഒരാള്‍ ആഗ്രഹിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്ന സ്ത്രീ മറ്റാരുടെയോ മകളോ സഹോദരിയോ ഭാര്യയോ മാതാവോ ഒക്കെയാണെന്ന ബോധം വേണം. തിന്മകളിലേക്ക് വഴി നടത്തുന്നതെല്ലാം തിന്മയാണെന്ന് പഠിപ്പിച്ചു ഇസ്ലാം. ലഹരിയുണ്ടാക്കുന്നവയെല്ലാം വിരോധിച്ചിരിക്കുന്നു. പലിശയുടെ ഏറ്റവും ചെറിയ രൂപം പോലും ഒരാള്‍ തന്റെ മാതാവിനെ വ്യഭിചരിക്കുന്നത്ര കുറ്റമാണെന്ന് പ്രവാചകന്‍ വിശദീകരിക്കുന്നു. കണ്ണു കൊണ്ടോ മനസ്സു കൊണ്ടോ അന്യസ്ത്രീയെ ആഗ്രഹിക്കുന്നതു പൊലും വ്യഭിചാരത്തില്‍ പെട്ടതാണെന്ന് പഠിപ്പിക്കുന്നു.
    തികഞ്ഞ ബോധവല്‍ക്കരണം തന്നെയാണാവശ്യം. വലിയ ജനാവലിയെ സംഘടിപ്പിച്ച് നടത്തപ്പെടാറുള്ള പ്രഭാഷണ പരിപാടികളേക്കാളേറെ കുടുംബങ്ങളിലേക്കിറങ്ങിച്ചെന്ന് നടത്തുന്ന ബോധവല്‍ക്കരണങ്ങള്‍ക്ക് സ്വാധീനം ചെലുത്താനാവും. ഒരു നൂറു പ്രശ്നങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അല്പമെങ്കിലും സാന്ത്വനമെത്തിക്കുവാനുളള സ്ഥിരം സംവിധാനങ്ങളെക്കുറിച്ച് നാം ചിന്തിക്കണം. കുടുംബ സദസ്സുകള്‍ക്കും, വനിതാ ബോധവല്‍ക്കരണ പരിപാടികള്‍ക്കും നാം പ്രാമുഖ്യം നല്‍കണം. കുടുംബങ്ങളിലെ പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെല്ലാം ഖുര്‍ആന്‍ പഠിക്കുവാനുളള സ്ഥിരംസംവിധാനമായ ഖുര്‍ആന്‍ ലേണിങ് സ്കൂളുകള്‍ ജനകീയമാവുകയും, വ്യാപകമാവുകയും ചെയ്താല്‍ ഇരുളുകള്‍ നീങ്ങാതിരിക്കില്ല. വെള്ളിയാഴ്ചകളിലെ ഖുത്ബകള്‍ സാന്ദര്‍ഭികവും, സമ്പുഷ്ടവുമാക്കുന്നതോടൊപ്പം സ്ത്രീകളും കുട്ടികളും ജുമുഅകളില്‍ കൂടുതല്‍ താല്പര്യത്തോടെ പങ്കെടുക്കുകയും വേണം.
    നെറ്റ് വര്‍ക്ക് സൌഹ്യദങ്ങളുടെ ഈ ഹൈടെക്ക് യുഗത്തില്‍ പുതുമോടികള്‍ തേടിപ്പോവുന്ന പുതുതലമുറയെ ഒരായിരം വിലക്കുകളില്‍ തളച്ചിടുന്നത് പ്രായോഗികമാവില്ല. നിത്യനൂതനവും, സര്‍വകാലപ്രസക്തവുമായ ഇസ്ലാം തലമുറകളെ ആകര്‍ഷിക്കുമാര്‍ അവതരിപ്പിക്കാന്‍ പണ്ഡിതന്മാര്‍ക്കും രക്ഷിതാക്കള്‍ക്കും മതപ്രബോധകര്‍ക്കും  സാധിക്കണം. ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ ഗുണവശങ്ങള്‍ ഉപയോഗപ്പെടുത്തുകയെന്നതിലുപരി നന്മയുടെ പ്രചാരണത്തില്‍ വിവരസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുകയും അവയിലെ ചതിക്കുഴികളെയും അസാന്മാര്‍ഗിക പ്രവണതകളെയും പ്രതിരോധിക്കാന്‍  കര്‍മ്മ പദ്ധതികളാവിഷ്കരിക്കുകയും വേണം. കുട്ടികള്‍ ചതികളില്‍ പെടാതിക്കാന്‍ തീര്‍ചയായും രക്ഷിതാക്കള്‍ ഇ സാക്ഷരരാവുകയെന്നതായിരിക്കും ക്രിയാത്മകവും കൂടുതല്‍ പ്രായോഗികവും.
    സംസ്കരിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരില്‍ പലര്‍ക്കും  ആ സംസ്കരണം ഉള്‍കൊണ്ട് ജീവിക്കാ‍നാവുന്നില്ല. വിശ്വാസ കാര്യങ്ങള്‍  പൂര്‍ണ്ണമായും പ്രമാണാനുസ്യതമാക്കിയ ഒരു കൂട്ടം ആളുകള്‍ കര്‍മ്മരംഗത്ത് അതുള്‍കൊണ്ട് ജീവിക്കുകയും സമൂഹത്തിലെ എല്ലാ നല്ല  പ്രവര്‍ത്തനങ്ങളിലും സജീവമാവുകയും തിന്മകളെ നന്മകള്‍ കൊണ്ട് പ്രതിരോധിക്കുകയും ചെയ്താല്‍ അവര്‍ മാത്യകാ സമുദായമായിരിക്കും, ആ സമുദായം ഉത്തമമായിരിക്കും.
    “നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ, അവരത്രെ വിജയികള്‍. വ്യക്തമായ തെളിവുകള്‍ വന്നു കിട്ടിയ ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെ പോലെ നിങ്ങളാവരുത്. അവര്‍ക്കാണ്  കനത്ത ശിക്ഷയുളളത്”. ഖുര്‍ആന്‍ 3: 104,105)