Friday, December 6, 2013

ഇന്ത്യന്‍ മതേതരത്വം പ്രതീക്ഷകളും ആശങ്കകളും

(ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച 'ഇന്ത്യന്‍ മതേതരത്വം പ്രതീക്ഷകളും ആശങ്കകളും' ഓപ്പണ്‍ ഫോറത്തിലെ വിഷയാവതരണം) 

‘സെക്യുലറിസം' അഥവാ മതേതരത്വം എന്ന ആശയം ലോകാടിസ്ഥാനത്തില്‍ പ്രധാനമായും മൂന്നു വിധത്തില്‍ നിര്‍വചിക്കപ്പെട്ടു വരുന്നുണ്ട്. ഒന്നാമത്തെ രീതി മതനിരാസം അല്ലെങ്കില്‍ ദൈവനിഷേധത്തിന്റേതാണ്. രണ്ടാമത്തെ രീതിയനുസരിച്ച് അവരവരുടെ വ്യക്തി ജീവിതത്തില്‍ ദൈവവിശ്വാസം ആവാമെങ്കിലും മനുഷ്യന്റെ സാമൂഹിക ജീവിതത്തില്‍ ഇടപെടാന്‍ മതത്തെയോ ദൈവ വിശ്വാസത്തെയോ അനുവദിക്കുന്നില്ല. മൂന്നാമത്തെ രീതിയനുസരിച്ച് എല്ലാ മതങ്ങളെയും ഒരു പോലെ പരിഗണിക്കുകയും അവരവര്‍ക്കിഷ്‌ടമുള്ള മതവിശ്വാസം സ്വീകരിക്കുവാന്‍ സ്വാതന്ത്യം നല്‍കുകയും ചെയ്യുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിസ്ഥാനം ഈ മൂന്നാമത്തെ രീതിയാണ്.1976 ല്‍ രണ്ടാം ഭരണഘടനാ ഭേദഗതിയോടെയാണ് സെക്യുലറിസം എന്ന പദം ഒരു ആശയമായി ഇന്ത്യന്‍ ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തിയത്. സെക്യുലറിസത്തെ മലയാളവല്‍ക്കരിക്കുമ്പോള്‍ മതേതരത്വം എന്നു പറയാമെങ്കിലും മതനിരപേക്ഷത എന്നതാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ കൂടുതല്‍ അനുയോജ്യം. അഥവാ ഒരു മതത്തോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ല, ഇന്ത്യക്ക് ഒരു മതമില്ല, എന്നാല്‍ ഇന്ത്യക്കാരനു ഏതു മതവുമാവാം. ഇതര മതസ്ഥരെ വിഷമിപ്പിക്കാത്ത വിധം തന്റെ വിശ്വാസം ആചരിക്കുകയും പ്രചരിപ്പിക്കുകയുമാവാം. ദൈവ വിശ്വാസമോ മതമോ ഇല്ലാത്തവന് അങ്ങനെയുമാവാം. ഇന്ത്യക്കാരനെന്ന നിലയില്‍ എല്ലാ പൗരന്മാരെയും ഒരുപോലെ കാണുവാനും വൈവിധ്യങ്ങളില്‍ അഭിമാനം കൊള്ളുവാനുമുള്ള ദേശീയ ബോധമാണ്‌ ഇന്ത്യന്‍ ഭരണ ഘടനയെ ലോകത്ത് തന്നെ വ്യതിരക്തമാക്കുന്നത്. 

ലോകത്തുള്ള ഏതാണ്ടെല്ലാ മതങ്ങളും അവക്കിടയിലെ അവാന്തര വിഭാഗങ്ങളും ഭരണഘടനാനുസൃതമായി തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവാന്തര വിഭാഗങ്ങളെയെല്ലാം ഒന്നിച്ചെടുത്താല്‍ ഹൈന്ദവര്‍ ഭൂരിപക്ഷവും മറ്റു മതസ്ഥര്‍ ന്യൂനപക്ഷവുമാണ്. മുസ്‌ലിങ്ങളാണ് ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷം, എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന രണ്ടാമത്തെ രാഷ്‌ട്രം ഇന്ത്യയാണ്. ഭരണ സംവിധാനത്തില്‍ എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുകയും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിയമാനുസൃതമായി തന്നെ സംവരണം ഏര്‍പ്പെടുത്തി മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്‍ത്തുകയും ചെയ്യുന്നുവെന്നത് ഇന്ത്യന്‍ ഭരണ ഘടനയുടെ പ്രത്യേകതയാണ്. 

വര്‍ഗ്ഗീയ തീവ്രവാദവും ഭീകരവാദവുമാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ എക്കാലത്തെയും പ്രധാന വെല്ലുവിളി. മത സമുദായങ്ങള്‍ക്കകത്ത് വര്‍ഗ്ഗീയത അജണ്ടയാക്കി പ്രവര്‍ത്തിക്കുന്ന ചെറിയൊരു വിഭാഗത്തിന്റെ അപക്വമായ സമീപനങ്ങളും പ്രവര്‍ത്തനങ്ങളും മതനിരപേക്ഷ ഇന്ത്യയുടെ സല്‍പ്പേരിനേല്‍പിച്ച കളങ്കങ്ങള്‍ പലതും മായ്‌ക്കാനോ മറക്കാനോ പറ്റാത്തവയാണ്.  വൈദേശികാധിപത്യത്തില്‍ നിന്നും മോചനം നേടി ആറു മാസം പിന്നിടുന്നതിനു മുമ്പു തന്നെ നമ്മുടെ രാഷ്‌ട്ര പിതാവ് രക്തസാക്ഷിയാവേണ്ടി വന്നത് ഇന്ത്യക്കാരനായ വര്‍ഗ്ഗീയ തീവ്രവാദിയുടെ തോക്കിലൂടെയാണ്.  1975 ല്‍ ഇന്ദിരാഗാന്ധിയുടെ ഭരണ കാലത്ത് നടപ്പാക്കിയ അടിയന്തിരാവസ്ഥയും തുടര്‍ന്നു വന്ന ഭരണ മാറ്റവും ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് കാരണമായി. 1984 ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സിക്ക് വിരുദ്ധ കലാപം ലോകത്തിനു മുമ്പില്‍ തന്നെ ഇന്ത്യയുടെ നിറം കെടുത്തി. ഭഗല്‍പൂര്‍, മുറദാബാദ്, നെല്ലി, ഭീവണ്ഡി കലാപങ്ങള്‍ ഇന്ത്യക്കുമേല്‍ ചോരപ്പാടുകള്‍ തീര്‍ത്തു. ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യ തല കുനിക്കേണ്ടി വന്ന രണ്ടാമത്തെ വന്‍ ദുരന്തം നടന്നത് 1992 ലെ ബാബ്‌രി മസ്‌ജിദ്  ധ്വംസനത്തോടെയാണ്. രാമരാജ്യ സങ്കല്പവും, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവും ലക്ഷ്യമാക്കി 1990 കളുടെ ആദ്യത്തില്‍ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്ര അവസാനിച്ചത് ബഹുസ്വരതയില്‍ കെട്ടിപ്പടുത്ത ഭാരതത്തിന്റെ അഭിമാന സ്‌തംഭങ്ങളെ തച്ചുടച്ചുകൊണ്ടായിരുന്നു. 

രാഷ്ട്രീയ പ്രക്രിയയില്‍ ശക്തമായി ഇടപെടുന്നതോടൊപ്പം രാജ്യത്തൊട്ടാകെ വര്‍ഗ്ഗീയ കലാപങ്ങളും സാമുദായിക സംഘര്‍ഷങ്ങളും സൃഷ്‌ടിക്കുകയാണ് അധികാ‍രത്തിലെത്താനുള്ള കുറുക്കു വഴിയെന്ന് വര്‍ഗീയ വാദികള്‍ തിരിച്ചറിഞ്ഞതിന്റെ ആദ്യപരീക്ഷണമായിരുന്നു ബാബ്‌രി മസ്‌ജിദ് തകര്‍ക്കല്‍. ഇതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വര്‍ഗ്ഗീയ കലാപങ്ങളുടെ അനന്തര ഫലമായി കേവലം രണ്ട് എംപിമാര്‍ മാത്രമുണ്ടായിരുന്ന ബിജെപി കൂട്ടുകക്ഷി സംവിധാനത്തിലൂടെയാണെങ്കിലും ഇന്ത്യയുടെ ഭരണ സിരാ കേന്ദ്രത്തില്‍ വൈകാതെ തന്നെ സ്ഥാനം പിടിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി ധികാരത്തിലേറി.  വര്‍ഗ്ഗീയ ലഹള എന്ന പേരില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഏകപക്ഷീയമായി ഹനിക്കപ്പെടുന്ന കൊലവിളികള്‍ നിരവധിയുണ്ടായി. 1992 -1993 കാലയളവില്‍ മണ്ണിന്റെ മക്കള്‍ വാദത്തില്‍ നിന്നും ഹിന്ദുത്വ തീവ്രവാദത്തിലേക്ക് ബാല്‍താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ചുവടു വെച്ചു. താക്കറെയുടെയും ശിവസേന നേതാക്കളുടെയും നാക്കും വാക്കും 1993 ലെ മുംബൈ കലാപം ഉള്‍പ്പെടെ നിരവധി മുസ്‌ലിം വേട്ടകള്‍ക്ക് വഴിവെച്ചു. 

സ്വതന്ത്ര ഭാരതത്തില്‍ ഭരണകൂട പിന്തുണയോടെ നടന്ന ഏറ്റവും വലുതും ആസൂത്രിതവുമായ വംശഹത്യയായിരുന്നു 2002 ല്‍ നരേന്ദ്ര മോഡിയുടെ കാര്‍മ്മികത്വത്തില്‍ അരങ്ങേറിയ ഗുജറാത്ത് കലാപം. തന്റെ കാറില്‍ കുടുങ്ങി ഒരു പട്ടി ചത്തതു പോലെയാണ് ഗുജറാത്തിലെ വംശീയ കൂട്ടക്കൊലയെ താന്‍ കാണുന്നതെന്ന് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ പോലും പ്രഖ്യാപിച്ച നരാധമന്‍ മോഡിയുടെ നേതൃത്വത്തിലാണ് വരാനിരിക്കുന്ന പൊതുതെരെഞ്ഞെടുപ്പില്‍ ബിജെപി ഇന്ത്യയുടെ പരമോന്നതിയിലേക്ക് ലക്ഷ്യം വെക്കുന്നത് എന്നത് മതേതരത്വം സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്ന ആരെയും വ്യാഗുലപ്പെടുത്തുന്നതാണ്. വ്യാജ ഏറ്റു മുട്ടല്‍  എന്ന ഏകപക്ഷീയമായ കൊലപാതകങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിക്കുന്നതും ഗുജറാത്തില്‍ നിന്നു തന്നെയാണ്. ഗുജറാത്തിലെ പോലെ തന്നെ യുപിയിലും, ആന്ത്രയിലും ഇന്റലിജന്‍സ് ബ്യൂറോയിലെ വര്‍ഗ്ഗീയ വാദികള്‍ നല്‍കുന്ന വിവരമനുസരിച്ച് അറസ്റ്റിലായ നിരപരാധികള്‍ നിരവധിയാണ്. ഹൈദരാബാദിലെ ഇരട്ട സ്‌ഫോടനം, മക്ക മസ്‌ജിദ് സ്‌ഫോടനം, മലേഗാവ് സ്‌ഫോടനം, സംജോത എക്‌സ്പ്രസ് കൂട്ടക്കൊല തുടങ്ങിയ നൂറുകണക്കിന് നരഹത്യകളുടെ അന്തര്‍ ധാരകള്‍ രാജ്യസുരക്ഷാ സംവിധാനങ്ങളെ പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.  
നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളെന്നു മുദ്രകുത്തി കരിനിയമങ്ങള്‍ ചുമത്തി പീഡിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. സ്‌ഫോടനങ്ങളും കലാപങ്ങളും ആസൂത്രണം ചെയ്‌തു കശാപ്പ് നടത്തിയ ശേഷം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ നിരപരാധികളെ തടങ്കലിലാക്കുകയും ‘ഇന്ത്യന്‍ മുജാഹിദീന്‍’ എന്നോ മറ്റോ പേരില്‍ വാര്‍ത്തകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മെനഞ്ഞുണ്ടാക്കുന്ന കള്ളക്കഥകള്‍ക്ക് വാര്‍ത്താ മാധ്യമങ്ങള്‍  നിറം പിടിപ്പിച്ച് കവല വിചാരണകള്‍ നടത്തി മത്സരിക്കുന്നതോടെ കുറ്റാരോപിതര്‍ക്കെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുന്നു. പിന്നീട് നിരപരാധിയാണെന്നു കണ്ട് വിട്ടയച്ചാലും വാര്‍ത്താമൂല്യം ലഭിക്കാത്തതിനാല്‍ സമൂഹത്തില്‍ അവര്‍ ഒറ്റപ്പെടുക തന്നെ ചെയ്യുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാതലത്തില്‍ പത്തു വര്‍ഷത്തോളം വെറും വിചാരണത്തടവുകാരനായി ജയിലിലിട്ട അബ്ദുല്‍ നാസര്‍ മഅദനിയെ തെളിവില്ലാതെ മോചിതനാക്കിയ ശേഷം വീണ്ടും ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ ഗൂഡാലോചനയില്‍ പങ്കാളിയായി എന്നാരോപിച്ച്  കര്‍ണ്ണാടകയില്‍ ജയിലില്‍ പാര്‍പ്പിക്കുന്നതും, ചികിത്സ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുന്നതും നമ്മുടെ രാജ്യത്ത് സംജാതമായ ഇരട്ടനീതിയുടെ ഉത്തമോദാഹരണമാണ്. 

അസമിലെ വംശീയ കലാപത്തില്‍ കുടിയിറക്കപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളുടെ ദുരിതപൂര്‍ണ്ണമായ അതിരുകളിലേക്ക് ഇക്കഴിഞ്ഞ വര്‍ഷം തള്ളിവിട്ടത് നാലുലക്ഷത്തോളം മുസ്‌ലിംകളെയാണ്. പൈശാചികമായ ഈ കശാപ്പില്‍ ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനു മുമ്പ് തന്നെ വീണ്ടും യു പിയിലെ മുസഫര്‍ നഗറില്‍ നിന്നും മുസ്‌ലിംകളുടെ കൂട്ട നിലവിളി കേള്‍ക്കേണ്ടി വന്നിരിക്കുന്നു. ബിജെപിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി തലവനായി മോഡിയെ തെരെഞ്ഞെടുത്ത ഉടനെ തന്റെ വിശ്വസ്‌തനും ഗുജ്‌റാത്തില്‍ ആഭ്യന്തര സഹമന്ത്രിയുമായിരുന്ന അമിത് ഷായെ രാമക്ഷേത്ര നിര്‍മ്മാണ പ്രചാരണ ദൌത്യവുമായി യുപി യിലേക്ക് നിയോഗിക്കുന്നതു മുതല്‍ ആരംഭിക്കുന്നു മുസഫര്‍ നഗര്‍ കലാപത്തിന്റെ ചരടുവലി. 

ഏറെ തന്ത്രങ്ങളോടെയാണ് സംഘ് പരിവാര്‍ വരുന്ന ലോകസഭാ ഇലക്‌ഷന് തയ്യാറെടുക്കുന്നത്. ഒരു ഭാഗത്ത് വിശ്വഹിന്ദു പരിഷത്തിലൂടെ രാമക്ഷേത്ര നിര്‍മ്മാണം എന്ന ആവശ്യം സജീവമായി നില നിര്‍ത്തുന്നു. മറുഭാഗത്ത് സാക്ഷാല്‍ മോഡി തന്നെ ദേവാലയങ്ങളേക്കാള്‍ രാജ്യത്തിനിനി വേണ്ടത് ശൌചാലയങ്ങളാണെന്ന വിധത്തില്‍  പ്രസ്‌താവനകള്‍ നടത്തി വികസന നായകത്വത്തിന്റെ വക്താവാകുന്നു. മോഡിയെ കക്കൂസിന്റെ പക്ഷത്ത്  നിര്‍ത്തി മൃദു ഹിന്ദുത്വ വോട്ടുകളും തൊഗാഡിയയെ ക്ഷേത്രപക്ഷത്തു നിര്‍ത്തി തീവ്രഹിന്ദുത്വ വോട്ടുകളും ബിജെപി യുടെ പെട്ടിയിലേക്കെത്തിച്ച് മതേതര ജനാധിപത്യ ഇന്ത്യയുടെ ഭരണം അട്ടി മറിച്ചെടുക്കുവാനുള്ള നീക്കങ്ങളാണ് സംഘ് ബുദ്ധികേന്ദ്രങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നത്. 

അഴിമതി ആരോപണങ്ങളുടെ ഘോഷയാത്ര, വിലവര്‍ദ്ധനവ്, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങി ഭരണതലത്തില്‍ കോണ്‍ഗ്രസ് അനുഭവിക്കുന്ന പ്രതിസന്ധി ആഴമുള്ളതാണ്. എന്നാല്‍ എത്രയൊക്കെ പോരായ്‌മകളുണ്ടെങ്കിലും വൈവിധ്യം മുഖമുദ്രയാക്കിയ ഇന്ത്യയെ ദേശീയ തലത്തില്‍ ഒരുമിച്ചു നിര്‍ത്താന്‍ സാധിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. അടുത്ത ടേമിലെ അതിന്റെ നേതൃത്വത്തിലേക്ക് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്ന രാഹുല്‍ഗാന്ധിയുടെ പരിചയക്കുറവിന്റെ അടയാളങ്ങള്‍ ഇടക്കിടെ വ്യക്താമാവുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചെറുപ്പം, വിവരം, കാഴ്‌ചപ്പാട് മുതലായവയില്‍ മതേതര വിശ്വാസികള്‍ പ്രതീക്ഷവെക്കുക സ്വാഭാവികമാണ്.
കോണ്‍ഗ്രസ് ഇതര മതേതര കക്ഷികളുടെ നേതൃത്വത്തില്‍
മൂന്നാം മുന്നണി രൂപീകരിക്കുകയെന്നത് തെരെഞ്ഞെടുപ്പു വേളകളിലെ വെറും പരീക്ഷണങ്ങളാണ്. ഇവ വിജയം കാണാറില്ലെന്നു മാത്രമല്ല, വ്യക്തി കേന്ദ്രീകൃതമായ പ്രാദേശിക പാര്‍ട്ടികള്‍ പരസ്‌പരം ഭിന്നിക്കുകയും കോണ്‍ഗ്രസ് പക്ഷത്തേക്കോ, ബിജെപി പക്ഷത്തേക്കോ ചേക്കേറുകയും ചെയ്യുന്ന സാഹചര്യമാണ് പതിവ്. കോണ്‍ഗ്രസ് ദുര്‍ബ്ബലാമാവുന്നിടത്ത് മതേതര വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ പറ്റിയ രീതിയില്‍ ഇടതുപക്ഷം ഉള്‍പ്പെടുന്ന മതേതര പാര്‍ട്ടികളുടെ കൂട്ടായ്‌മ അത്യന്താപേക്ഷിതമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെയും മൂന്നാം മുന്നണിയുടെയും ഒരുമിച്ചുള്ള സാനിദ്ധ്യം മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുകയും അത് ആത്യന്തികമായി ബിജെപിക്ക് ഗുണമായി ഭവിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക്കുകയും വേണം. സംഘടനാ ദൌര്‍ബല്യം കൊണ്ട്  ബിജെപി അനുഭവിക്കുന്ന പാപ്പരത്തം ഫലപ്രദമായി ഉപയോഗപ്പെടുത്തി ഒന്നാം യുപിഎ ഭരണകാലത്തെ പോലെ മതേതര പാര്‍ട്ടികളുടെ ഒരുമിച്ചുള്ള ഒരു കൂട്ടായ്‌മ രൂപപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ 1990 കളില്‍ വര്‍ഗ്ഗീയ ശക്തികള്‍ ഉയര്‍ത്തിയതിനേക്കാള്‍ രൂക്ഷമായ വെല്ലുവിളികള്‍ക്കാവും വരും കാലങ്ങളില്‍ ഇന്ത്യ സാക്ഷ്യം വഹിക്കുക. 

വര്‍ഗ്ഗീയ ഫാസിസത്തിന്റെ ഭീകരതയുടെ മുഖവും രാഷ്‌ട്രീയ മുഖവും മാത്രമാണ് പലപ്പോഴും നമ്മുടെ ചര്‍ച്ചകളില്‍ അനാവരണം ചെയ്യപ്പെടാറുള്ളത്. വര്‍ഗ്ഗീയതയുടെ വിജയ പരാജയങ്ങളെ നാം അളക്കുന്നതും പൊതു തെരെഞ്ഞെടുപ്പ് ഫലവും കലാപങ്ങളുടെ പരപ്പും നോക്കിയാണ്. എന്നാല്‍ സമൂഹത്തിന്റെ പ്രത്യയ ശാസ്‌ത്രങ്ങളെയും സംസ്‌കാരത്തെയും കീഴടക്കുന്നിടത്താണ് വര്‍ഗ്ഗീയത വിജയിച്ചു കൊണ്ടിരിക്കുന്നത്.  വിദ്യഭ്യാസ പദ്ധതികളുടെയും, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും ബാഹ്യരൂപം നല്‍കി സമൂഹത്തെ ആകര്‍ഷിക്കുകയും അവരുടെ സംസ്‌കാരത്തെ ക്രമേണ മാറ്റിയെടുക്കുകയും ചെയ്യുന്ന  വര്‍ഗ്ഗീയ സംഘടനകള്‍ നഗരങ്ങളിലും, നാട്ടിന്‍ പ്രദേശങ്ങളിലും സ്ഥാനം പിടിക്കുന്നു. ആര്‍ എസ് എസിന്റെ വിദ്യാഭാരതി പോലുള്ള സമാന്തര വിദ്യഭ്യാസ സംവിധാനം ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ ഹിന്ദു ദേശീയ വാദത്തിന്റെയും പരമത വിദ്വേഷത്തിന്റെയും വിഷവിത്തുകള്‍ വളര്‍ത്തുന്നതാണ്. മതവിദ്വേഷം വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പുസ്‌തകങ്ങളില്‍ ഉള്‍പ്പെടുത്തിയും സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ഗീതാപാരായണവും, ഹൈന്ദവ ആചാരങ്ങളും നിര്‍ബന്ധമാക്കിയും ഭരണ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ മതേതരത്വം പ്രതിരോധത്തിലാവുന്നു.  

മതത്തിന്റെ പേരില്‍ പ്രചരിക്കപ്പെടുന്ന അന്ധവിശ്വാസങ്ങളും, ചൂഷണങ്ങളും നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് മതേതര സംവിധാനത്തിന്റെ മറ്റൊരു പരിമിതി. വിശ്വാസസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്യത്തിന്റെയും ആനുകൂല്യത്തില്‍ പുരോഹിതന്മാരും, ആള്‍ദൈവങ്ങളും വിശ്വാസ ചൂഷണങ്ങള്‍ നടത്തുന്നത് വര്‍ദ്ധിച്ചു വരികയാണ്. ശാസ്‌ത്ര ലോകം ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ പലതിനെയും പലതരം അന്ധവിശ്വാസങ്ങള്‍ ഗ്രസിച്ചിരിക്കുന്നു. ഭൂമിപൂജ, ശത്രുപൂജ തുടങ്ങിയ ഹൈന്ദവ മതാചാരങ്ങള്‍ സര്‍ക്കാര്‍ വിലാസത്തില്‍ അരങ്ങേറുകയും, സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇത്തരം മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ ഒരു ആള്‍ ദൈവം കണ്ട കിനാവിന്റെ അടിസ്ഥാനത്തില്‍ നിധിഖനനം നടത്തി നാണക്കേടുണ്ടാക്കിയത് ഇന്ത്യന്‍ ഭൌമരേഖാ വകുപ്പും, പുരാവസ്‌തു ഗവേഷണ വകുപ്പും ആണെന്നറിയുമ്പോള്‍ അന്തപുരങ്ങളുടെ അന്തരംഗങ്ങളിലെ ജീര്‍ണ്ണതയുടെ മുഖം വ്യക്തമാകുന്നുവെന്നതിനു പുറമെ മതനിരപേക്ഷ ഭാരതത്തിനു തീരകളങ്കവുമാകുന്നു.        

മതസൌഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്നതിലും ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്നതിലും  ലോകത്തിനു തന്നെ മാതൃകയാണ് നമ്മുടെ കൊച്ചുകേരളമെന്നത് ആശ്വാസത്തിനു വകനല്‍കുന്നു. രഥയാത്രയും ബാബ്‌രി മസ്‌ജിദ് തകര്‍ച്ചയും തീര്‍ത്ത വര്‍ഗ്ഗീയ ചേരിതിരിവുകളുടെ അനന്തര ഫലമെന്നോണം അങ്ങിങ്ങായി ഒറ്റപ്പെട്ട സമരാഹ്വാനങ്ങളും, സംഘം ചേരലുകളും രൂപപ്പെടുകയും മാറാട് കലാപത്തിന്റെയും മറ്റും രൂപത്തില്‍ സമൂഹത്തില്‍ വിള്ളലുകള്‍ തീര്‍ക്കുകയും ചെയ്‌തെങ്കിലും പ്രബുദ്ധ കേരളം ജാതി, വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി ഭീകരതയെ തടഞ്ഞു നിര്‍ത്തുന്നതില്‍ ഏറെക്കുറെ വിജയിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ ഭാരവാഹിത്വവും സ്ഥാനാര്‍ത്ഥിത്വവും മറ്റു സ്ഥാ‍ന മാനങ്ങളുമെല്ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയു വീതം വെക്കുകയും ചെയ്യുന്നതിനാല്‍ പാര്‍ട്ടികള്‍ക്കകത്ത് പോലും അര്‍ഹരായവര്‍ തഴയപ്പെടുകയും വര്‍ഗ്ഗീയമായ ചേരിതിരിവുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് സമുദായ സംഘടനകളെ പുണരുകയും ആവശ്യം കഴിഞ്ഞാല്‍ പുറം തള്ളുകയും വര്‍ഗ്ഗീയതയും തീവ്രവാദവും ആരോപിക്കുകയും ചെയ്യുന്നത് രാഷ്‌ട്രീയ പാര്‍ട്ടികള്‍ പതിവാക്കിയിരിക്കുന്നു. വലതായാലും ഇടതായാലും വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് നടത്തുന്ന അവസരവാദ രാഷ്‌ട്രീയം ന്യൂനപക്ഷങ്ങളെ തെരെഞ്ഞെടുപ്പ് കാലത്തെ സമ്മര്‍ദ്ധ ഗ്രൂപ്പുകള്‍ മാത്രമാക്കി തളച്ചിടുന്നു. എക്കാലത്തും വേറിട്ടു മാത്രം നില്‍ക്കുന്ന പ്രത്യേക ധാരകളല്ല, അര്‍ഹമായ അവകാശങ്ങള്‍ നല്‍കി പൊതുധാരയില്‍ ഒരുമിച്ച് നിര്‍ത്തുവാനുള്ള ആര്‍ജ്ജവമാണ് മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കേരള മുസ്‌ലിം സമൂഹത്തിലെ വിവിധ സംഘടനകളുടെ സജീവ സാനിദ്ധ്യം മൂലമുണ്ടായ മതപരമായ ഉണര്‍വ് ആശ്വാസകരമാണെങ്കിലും പിളര്‍പ്പുകളും പടലപ്പിണക്കങ്ങളും നിമിത്തം ചെറിയ വിഭാഗങ്ങളെങ്കിലും തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുന്നതും ബഹുസ്വരതയെ ഉള്‍ക്കൊള്ളാനാവാത്ത വിധം സങ്കുചിതമാവുന്നതും കാണാതിരുന്നു കൂട. പൊതുതാല്പര്യ മേഖലകളില്‍ നിന്നു വിട്ടുനില്‍ക്കുകയും സൌഹൃദ കൂട്ടായ്‌മകളും മറ്റും മതബോധത്തിന്റെ പേരില്‍ നിരാകരിക്കപ്പെടുകയും ചെയ്യുന്ന തീവ്ര നിലപാട് കൂടുതല്‍ ശിഥിലീകരണത്തിന് വഴിവെക്കും. സന്മാര്‍ഗ്ഗവും ദുര്‍മാര്‍ഗ്ഗവും വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നതിനാല്‍ യാതൊരു ബലാല്‍ക്കാരത്തിനും മതത്തില്‍ സ്ഥാനമില്ലെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. വിശ്വാസം ഒരാളെയും അടിച്ചേല്പിക്കേണ്ടതല്ല, ഉണ്ടാവേണ്ടതാണ്. മതപ്രബോധനമെന്നാല്‍ ദൈവിക സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കല്‍ മാത്രമാകുന്നു. ഇഷ്‌ടമുള്ളവര്‍ വിശ്വസിക്കട്ടെ, ഇഷ്‌ടമില്ലാത്തവര്‍ അവിശ്വസിക്കട്ടെ. മാനുഷികമായ കൊടുക്കല്‍ വാങ്ങലുകളിലും ഇടപാടുകളിലും അവരുടെ മതമോ വിശ്വാസമോ പരിഗണിക്കേണ്ടതില്ല. ഇസ്‌ലാമിക രാഷ്‌ട്ര സംവിധാനത്തില്‍ പോലും അമുസ്‌ലിം പൌരന്മാര്‍ക്ക് അവരുടെ വിശ്വാസ സ്വാതന്ത്യം അംഗീകരിക്കുന്നു. എന്നാല്‍ മതസൌഹാര്‍ദ്ദത്തിന്റെ പേരില്‍ അന്യമത ആചാരങ്ങളും അടയാളങ്ങളും സ്വാംശീകരിക്കുന്നതിനെയോ ആചാരമിശ്രണത്തെയോ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ആദര്‍ശത്തില്‍ കണിശത പാലിച്ചു കൊണ്ടു തന്നെ ആവശ്യമായ കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്ന മനുഷ്യസൌഹാര്‍ദ്ദമാണ് യഥാര്‍ത്ഥത്തില്‍ മതസൌഹാര്‍ദ്ദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. 


ജര്‍മ്മനിയില്‍ ഹിറ്റ്ലറുടെ ഫാഷിസ്‌റ്റ് ഭീകരതയുടെ ഉയര്‍ച്ചയില്‍ മൌനം പാലിച്ചു നോക്കിയിരുന്ന ജര്‍മ്മന്‍കാരെ പറ്റി പ്രത്യേകിച്ചു ബുദ്ധിജീവികളെ പറ്റി ഹിറ്റ്ലറുടെ കൂട്ടമരണ ക്യാമ്പില്‍ ഏഴുവര്‍ഷം കിടന്നു രക്ഷപ്പെട്ട മാര്‍ട്ടിന്‍ നിമോളര്‍ എഴുതിയ സുപ്രസിദ്ധമായ വരികള്‍ ഇങ്ങനെയാണ്.
‘ആദ്യം അവര്‍ കമ്മ്യൂണിസ്‌റ്റുകാരെ പിടിക്കാന്‍ വന്നു. ഞാനവരോട് ഒന്നും പറഞ്ഞില്ല, കാരണം ഞാന്‍ കമ്മ്യൂണിസ്‌റ്റുകാരനല്ലായിരുന്നു. പിന്നീടവര്‍ സോഷ്യലിസ്‌റ്റുകളെ പിടിക്കാന്‍ വന്നു, ഞാനൊന്നും പറഞ്ഞില്ല കാരണം ഞാന്‍ സോഷ്യലിസ്‌റ്റല്ലായിരുന്നു. പിന്നീടവര്‍ തൊഴിലാളി പ്രവര്‍ത്തകരെ പിടിക്കാന്‍ വന്നു ഞാനൊന്നും പറഞ്ഞില്ല, കാരണം ഞാന്‍ തൊഴിലാളി പ്രവര്‍ത്തകനല്ലായിരുന്നു. പിന്നീടവര്‍ യഹൂദരെ പിടിക്കാന്‍ വന്നു ഞാനൊന്നും പറഞ്ഞില്ല കാരണം ഞാന്‍ യഹൂദനല്ലായിരുന്നു. പിന്നീടവര്‍ എന്നെ പിടിക്കാന്‍ വന്നു, അപ്പോള്‍ എനിക്കു വേണ്ടി പറയാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.’

2 comments:

  1. <<<‘ആദ്യം അവര്‍ കമ്മ്യൂണിസ്‌റ്റുകാരെ പിടിക്കാന്‍ വന്നു. ഞാനവരോട് ഒന്നും പറഞ്ഞില്ല, കാരണം ഞാന്‍ കമ്മ്യൂണിസ്‌റ്റുകാരനല്ലായിരുന്നു. പിന്നീടവര്‍ സോഷ്യലിസ്‌റ്റുകളെ പിടിക്കാന്‍ വന്നു, ഞാനൊന്നും പറഞ്ഞില്ല കാരണം ഞാന്‍ സോഷ്യലിസ്‌റ്റല്ലായിരുന്നു. പിന്നീടവര്‍ തൊഴിലാളി പ്രവര്‍ത്തകരെ പിടിക്കാന്‍ വന്നു ഞാനൊന്നും പറഞ്ഞില്ല, കാരണം ഞാന്‍ തൊഴിലാളി പ്രവര്‍ത്തകനല്ലായിരുന്നു. പിന്നീടവര്‍ യഹൂദരെ പിടിക്കാന്‍ വന്നു ഞാനൊന്നും പറഞ്ഞില്ല കാരണം ഞാന്‍ യഹൂദനല്ലായിരുന്നു. പിന്നീടവര്‍ എന്നെ പിടിക്കാന്‍ വന്നു, അപ്പോള്‍ എനിക്കു വേണ്ടി പറയാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.’>>>
    ഇന്ത്യയിലെ മതേതര വിശ്വാസികൾ വളരെ ജാഗ്രതയോടെ നീങ്ങേണ്ടിയിരിക്കുന്നു....

    ReplyDelete
  2. Was India divided because Islam announced it can not tolerate hindus? If Hindus said they can not tolerate Islams, they why there wasnt a nation made for Hindus?Why have kept silence about the Hindus plight in Kashmeer? Pretending to be "secularists" which a true Muslim can never be, you are only trying to justify terrorists and separatists. Islam need to become more spiritual getting rid of its political agenda- that only can save Muslims as minority in any part of the world.

    ReplyDelete