Sunday, September 22, 2013

കൌമാരം, വിദ്യാഭ്യാസം, വിവാഹം

(എം എസ് എം സംസ്ഥാന  സമിതി ആഗസ്റ്റ്‌ 2013 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച കാമ്പസ് ചാറ്റ് ത്രൈമാസികയുടെ പ്രഥമ പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

മനുഷ്യജീവിതത്തിന്റെ മാനസികവും, ശാരീരികവും ബൌദ്ധികവുമായ ഒരു പരിവര്‍ത്തന കാലഘട്ടമാണ് കൌമാരം.  ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വ്യത്യസ്‌തതയും പുതുമയും പ്രകടിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കാലം. നൂതന പ്രവണതകളോടെല്ലാം അഭിനിവേശം കൂടുകയും പഴഞ്ചന്‍ എന്ന്‌ മുദ്രകുത്തി പലതിനെയും തള്ളിപ്പറയാനുള്ള ധാര്‍ഷ്‌ട്യം തലനീട്ടുകയും ചെയ്യുന്ന സമയം. ഹോര്‍മോണുകളുടെ പ്രഭാവവും ലൈംഗിക വളര്‍ച്ചയും കൌമാരത്തെ പലപ്പോഴും വൈകാരികമായ ആന്ദോളനങ്ങളിലേക്ക്‌ നയിക്കുന്നു. സാഹിത്യങ്ങളും മാധ്യമങ്ങളും ദൃശ്യകലകളും കൌമാരത്തെ അപക്വ ലൈംഗികധാരണകളിലേക്ക്‌ തള്ളിവിടുന്നു. മൊബൈല്‍ ഫോണുകളും, ഇന്റര്‍നെറ്റും പലപ്പോഴും തിന്മകളിലേക്കുള്ള എക്സ്പ്രസ് വേകള്‍ തീര്‍ക്കുന്നു. ഗ്രാമീണജീവിതത്തിലും കുടുംബാന്തരീക്ഷത്തിലും ഗുരുതരമായ സദാചാര ലംഘനത്തിന്‌ മുതിരാത്ത പലരും കാമ്പസുകളിലെത്തുമ്പോള്‍ സംഘബോധത്തിന്റെ ബലത്തില്‍ പലപ്പോഴും അതിരുവിടുകയും അതിക്രമങ്ങളിലേക്ക്‌ നീങ്ങുകയും ചെയ്യുന്നു. നവവത്സരാഘോഷവും, പ്രണയദിനവും, പിക്‌നിക്‌ പരിപാടുകളുമെല്ലാം സദാചാരബോധത്തോട്‌ വിടപറയാനുള്ള അവസരങ്ങളായി കാമ്പസുകളില്‍ ഉപയോഗപ്പെടുത്തുന്നു.