ജീവിത സൌകര്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് . കൊട്ടാരസമാനമായ വീടുകള്‍, അതിവേഗ വാര്‍ത്താ വിനിമയോപാധികള്‍, പ്രകാശവേഗതയിലുള്ള വാഹനങ്ങള്‍... എല്ലാം വേഗത്തിലും അനായാസവും നേടിയെടുക്കുന്നവനാണ് ആധുനിക മനുഷ്യന്. ഒന്നിനും കാത്തു നില്‍ക്കാനുള്ള സമയമോ അധ്വാനിക്കുവാനുള്ള ആരോഗ്യമോ ക്ഷമയോ അവനില്ലാതായിരിക്കുന്നു. അതിരില്ലാത്ത സുഖാനുഭവങ്ങളുടെ പളപളപ്പില്‍ മനുഷ്യന് അഹങ്കാരിയാവുന്നു. പ്രപഞ്ച രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് പറക്കുന്ന സാങ്കേതിക പുരോഗതിയില്‍ അവന് ദൈവത്തെ പോലും വെല്ലുവിളിക്കുന്നു. നവം നവങ്ങാളായ ആസ്വാദനങ്ങള്‍ തേടിയുള്ള ദ്രുതവേഗപ്പാച്ചില്‍ നികത്താനാവാത്ത അപകടങ്ങള്‍ വരുത്തുന്നു. പ്രതിസന്ധികളില്‍ നിന്നും തലയൂരാനുള്ള കുറുക്കു വഴികള്‍ കൂടുതല്‍ വലിയ പ്രതിസന്ധികളിലേക്ക് നയിക്കുന്നു.
ഭരണാധികാരികള്‍ അഴിമതിയുടെ ആള് രൂപങ്ങളാവുന്നു. അധികാരം ആസ്തിക്കുള്ള ആയുധമാകുന്നു. കോടതികള്‍ കൂറുമാറ്റത്തിന്റെയും കള്ള സാക്ഷ്യത്തിന്റെയും വേദികളാവുന്നു. മൂല്യനിരാസത്തില്‍ ആധുനികത ചികയുന്നു. കൂതറകള്‍ക്ക് സെലിബ്രിറ്റികളെന്ന് പേരു നല്കി ചാനലുകളില്‍ അഴിഞ്ഞാടുന്നു. ലൈംഗിക അശ്ലീലതകള്‍ സംസ്കാരത്തിന്റെ അതിരുകള്‍ ലംഘിക്കുന്നു. കലാകായിക വിനോദങ്ങള്‍ ചൂതാട്ടത്തിന്റെയും അധോലോകത്തിന്റെയും കൈകളിലമരുന്നു. വാര്‍ത്തകള്‍ നിര്‍മ്മിച്ചെടുക്കുന്ന ഫാക്ടറികളായി മാധ്യമങ്ങള്‍ അധ:പതിക്കുന്നു. രാഷ്ട്രീയ രംഗത്ത് ക്വട്ടേഷന്‍ മാഫിയകള്‍ പിടിമുറുക്കുന്നു. ആദര്‍ശത്തനിമ നശിച്ച ആള്‍ക്കൂട്ടങ്ങളായി മതസംഘടനകള്‍ പോലും പരസ്പരം വിഴുപ്പലക്കുന്നു. പ്രകൃതിയിലെ വിനാശകരമായ ഇടപെടലിനാല്‍ ജീവജലം പോലും കിട്ടാക്കനിയാവുന്നു. മഴക്കാലം വന്നെത്തിയതോടെ പനിച്ചു വിറക്കുന്ന നാട്ടില്‍ സാംക്രമിക രോഗങ്ങള്‍ കാട്ടുതീ പോലെ പടരുന്നു. ശീതീകരിച്ച മുറികളിലിരുന്ന് സൈബര്‍ സ്പേസില്‍ ‘കൃഷി‘യിറക്കുന്ന, ഒരു വ്യായാമത്തിനു വേണ്ടിയെങ്കിലും വിയര്‍പ്പ് പൊടിയാത്ത ബ്രോയിലര്‍ ശരീരങ്ങളായി ആധുനിക സമൂഹം മാറിക്കൊണ്ടിരിക്കുന്നു. ബന്ധങ്ങളുടെ ഇമ്പം നശിച്ച ആള്‍ക്കൂട്ടങ്ങള്‍ മാത്രമായി കുടുംബങ്ങള്‍ ഇടുങ്ങുന്നു.