ഞങ്ങളുടെ ‘മാന്തളങ്ങാടി’ യില്‍ ഇണ്യക്കി യാണ് താരമെന്നൊന്നും പറയാനവില്ലേലും ഗ്രാമത്തിലെ ഒരു കഥാപാത്രം തന്നെയാണവര്‍. ഒരു ഭാഗത്ത് മാത്രം കണ്ണുള്ള മാന്തള്‍ മത്സ്യത്തെ പോലെ റോഡിന്റെ ഒരു വശത്ത് മാത്രം അല്പം കടകളുള്ള അങ്ങാടിയായതിനാലാണ് ഞങ്ങളുടെ ഗ്രാമത്തെ ചിലര്‍ ‘മാന്തളങ്ങാടി’ യെന്നു ഓമനപ്പേരു വിളിക്കുന്നത്. മറുവശം നാട്ടിലെ പഴയ കാലത്തെ ഒരു മുതലാളിയുടെ അടക്കാകളവും ചെറിയൊരു കളപ്പുരയുമായി ശ്രദ്ധിക്കപ്പെടാതെ ഇപ്പോഴും കിടക്കുന്നു. അവര്‍ അതു പൊളിച്ച് ഷോപ്പിങ് ബില്‍ഡിങ് പണിയുകയുമില്ല, പണിയാന്‍ പറ്റിയ ആര്‍ക്കേലും സ്ഥലം വില്‍ക്കുകയുമില്ല. അല്ലേലും വളര്‍ച്ച മിക്കപ്പോഴും കീഴ്‌പോട്ടായ ഞങ്ങളുടെ അങ്ങാടിയില്‍ ബില്‍ഡിങ് എടുക്കുന്നതും ഒരു പരീക്ഷണം മാത്രമായിരിക്കും.
വയലിലും പറമ്പിലും കൂലിപ്പണിയെടുക്കുന്ന സാധാരണ ഒരു ഹരിജന്‍ സ്‌ത്രീയാണു ഇണ്യക്കിയെങ്കിലും ഇണ്യക്കിയുടെ കുടുംബത്തിന്റെ ഇടക്കിടെയുള്ള കളിയാട്ടക്കാവു തീര്‍ത്ഥ യാത്രയും അതിന്റെ മുന്നോടിയായി വീടുകള്‍ ചുറ്റുന്ന കുഞ്ഞിക്കുതിര കളിയും വീട്ടുവളപ്പിലെ കുഞ്ഞമ്പലത്തില്‍ വര്‍ഷം തോറും നടന്നു വരുന്ന ഉത്സവവും കൊണ്ട് ഇണ്യക്കി പ്രസിദ്ധയാണ്. വീട്ടിലെ ഉത്സവത്തില്‍ അര്‍ദ്ധരാത്രിയിലെ ഇണ്യക്കിയുടെ ഉറഞ്ഞു തുള്ളല്‍ ഞാന്‍ കണ്ടിട്ടില്ലെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്.
സാക്ഷരതാ ക്ലാസില്‍ പലരും പത്ത് അക്ഷരങ്ങള്‍ വരെ പഠിച്ചിട്ടും ദിവസങ്ങള്‍ പലതു പിന്നിട്ടിട്ടും ഇണ്യക്കി ആദ്യാക്ഷരം ‘അ’ യില്‍ തന്നെ മുറുക്കിപ്പിടിച്ചിരിപ്പായിരുന്നു. സ്ലേറ്റില്‍ പലവുരു എഴുതി അച്ചടിയുമായി തരതമ്യം ചെയ്യുന്ന ഇണ്യക്കിയോട് ‘അത്രയൊക്കേ ശരിയാവൂ, ഇനി ‘ഇ’ എഴുതൂ‘ എന്ന് പറഞ്ഞ ഇന്‍സ്ട്രക്‌ടറോഡ് ഇണ്യക്കി പറയുന്ന ന്യായം ‘ഇണ്യക്കി ഒരു പണി അതീന്റെ കോലം പോലെ മാത്രമേ എടുക്കൂ’ എന്നായിരുന്നു.

കളിയാട്ടക്കാവ് പോയി വരും വഴിയില്‍ ഇണ്യക്കി മാപ്പിളമാരുടെ പടച്ചോനെ പലവുരു കണ്ടിട്ടുണ്ടെന്ന് എന്നും പറയുന്ന ന്യായമായിരുന്നു. ‘പടച്ചോനെ കാണാന്‍ കഴിയില്ല’ എന്നു പറഞ്ഞ എന്റെ ഉമ്മയോടു ‘ഇങ്ങള് ഇവിടെയിങ്ങനെ ഇരുന്നാ എങ്ങനെ കാണാ, ഞാന് കഴിഞ്ഞ കൊല്ലം പോലും കണ്ടിട്ടുണ്ട് എന്നായിരുന്നു!’ മറുപടി. ഇണ്യക്കി കണ്ട ‘പടച്ചോന്‍’ ഏതു ജാറാമാണെന്നു എനിക്കറിയില്ല !
അല്‍പം സങ്കടമാണെങ്കിലും ഇണ്യക്കി കാശു സ്വരൂപിച്ച കഥ പറയാനാണ് ഞാന്‍ ഇത്രയും വിവരിച്ചത്. കളിമണ്ണിന്റെ തൊണ്ട് വാങ്ങാന്‍ കാശില്ലാത്തതിനാല്‍ തന്റെ പുല്‍വീടിനകത്തു നിലത്ത് ആരും കാണാത്ത ഒരു മൂല പ്രത്യേക രീതിയില്‍ ഒരു കുഴിയും കാശിടാനുള്ള വിടവുമെല്ല്ലാം ശരിയാക്കി കരി കൊണ്ടു തേച്ചു മിനുസപ്പെടുത്തി.

ഒരു വര്‍ഷത്തോളം ബാക്കിയാവുന്ന ചില്ലറകള്‍ക്ക് പുറമെ പലപ്പോഴും അഞ്ച്, പത്ത്, ഇരുപതുകളുടെ നോട്ടുകളും ഇണ്യക്കി കുഴിയില്‍ നിക്ഷേപിച്ചു. അക്കൊല്ലത്തെ ഉത്സവത്തിന്റെ ചിലവിലേക്കായി തൊണ്ട് പൊളിച്ച ഇണ്യക്കിക്ക് കിട്ടിയത് ചില്ലറകളും നോട്ടുകളും എല്ലാം കൂടി ഒട്ടിപ്പിടിച്ച ഒരു ‘ഉണ്ട’! ആയിരം ഉറുപ്പികയൊക്കെയുണ്ടാവും എന്ന് ഇണ്യക്കി സംഭവം വിശദീകരിക്കുമ്പോള്‍ അല്‍പം സങ്കടത്തോടെയാണ് ഞങ്ങള്‍ അതു ആസ്വദിച്ചത്.
ഹല്ല ഉണ്ടയ്ക്ക്ക് ഇപ്പോള്‍ എന്തു കിട്ടും.. :)
ReplyDelete