
മാനു സാഹിബ് തന്റെ മക്കള്‍ക്ക് കടല നിഷിദ്ധമാക്കിയത് വ്യക്തമായ ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു.കടലക്കച്ചവടക്കാര്‍ പലരും അസാന്മാര്ഗ്ഗിക ജീവിതം നയിക്കുന്നവരും അവിഹിതമായി പണവും കടലയും സമ്പാദിക്കുന്നവരുമാണെന്നതിനുപുറമെ കടലമാഫിയകളുടെ കുതികാല് വെട്ടും പടലപ്പിണക്കങ്ങളുമെല്ലാം അദ്ദേഹത്തെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചു. അതിലെല്ലാമുപരി തന്നെപ്പോലെ പലരുടെയുംആമാശയത്തില്‍ ഉല്‍ഭൂദമാവുന്ന ഒരു തരം ഗ്യാസ് പലപ്പോഴും വയറില്‍ അസ്വസ്ഥത സ്യഷ്ടിക്കുകയും ഇടിമുഴക്കങ്ങള്‍ക്കും ന്യൂനമര്‍ദ്ദങ്ങള്‍ക്കും വഴിവെക്കുകയും ചെയ്യുന്നതിന്റെ കാരണം തങ്ങള്‍ സ്ഥിരമായി കൊറിച്ചിരുന്ന കടലകളാണെന്ന നിഗമനം കൂടുതല്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ തന്നെ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മാനു സാഹിബിന്റെ ആശയങ്ങളില്‍ ആക്യഷ്ടരായ പലരും അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു കൂടെക്കൂടി. തങ്ങളുടെ നിലപാടുകള്‍ ‘ആദര്‍ശ’മാക്കി സ്വീകരിച്ച അവര്‍ സംഘടിച്ച് ‘കടലവര്‍ജ്ജക സംഘം’ രൂപീകരിച്ചു. കടല നിഷിദ്ധമാണെന്നു മാത്രമല്ല, കടല കൊറിക്കുന്നവരും, കച്ചവടം ചെയ്യുന്നവരും നിഷേധികളും കപടന്മാരുമാണെന്നു വരെ ചിലര്‍ പ്രസ്താവിച്ചു.
നാട്ടില്‍ ഉത്സവങ്ങള്‍ പലതും നടന്നു. കടലമാഫിയ കച്ചവടം പൊടിപൊടിച്ചു. ചെറിയൊരു ന്യൂന പക്ഷമാണെങ്കിലും വലിയ ശബ്ദത്തോടെ കടല വര്‍ജ്ജക സംഘവും സാനിദ്ധ്യം അറിയിച്ചുകൊണ്ടിരുന്നു. കടലയുടെ കാര്യത്തില്‍ പ്രത്യേകം സംഘടിക്കാത്ത ഭൂരിപക്ഷം ‘നിലപാട്’ ഇല്ലാത്തവരും ജീവിതപദ്ധതിയുടെ

'സമഗ്രത’ നഷ്ടപ്പെട്ടവരുമാണെന്നവര്‍ തുറന്നടിച്ചു. അത്പലപ്പോഴും കോലായി ചര്‍ച്ചകള്‍ക്കും, കോഴികൊത്ത് സംവാദങ്ങള്‍ക്കും വഴിവെച്ചു. ഭൂരിപക്ഷവും പലപ്പോഴായി അവരുടെ നിലപാടുകള്‍ പ്രഖ്യാപിച്ചു. ‘കടല വറുക്കുമ്പോള്‍ കൈ പൊള്ളാതെ നോക്കണം, കടല കരിയാതെ ശ്രദ്ധിക്കണം, കടല കൊറിക്കുന്നവര്‍ വയറിന്റെയും ആരോഗ്യത്തിന്റെയും കാര്യം നോക്കണം, അവിഹിതമായി സമ്പാദിക്കുകയോ ചിലവഴിക്കുകയോ ചെയ്യരുത് തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഏത് കടലയും കൊറിക്കുകയോ കച്ചവടം ചെയ്യുകയോ ആവാമെന്നായിരുന്നു അവരുടെ നിലപാട്.
ഉത്സവങ്ങളില്‍ പങ്കെടുക്കുകയും അങ്ങാടികളിലിറങ്ങുകയും ചെയ്യുന്ന കടല വര്‍ജ്ജകസംഘത്തിലെ അംഗങ്ങള്‍ക്ക് പലപ്പോഴും അവരുടെ ‘ആദര്‍ശം’ പാലിക്കാനാവാതെ വന്നു. കടലവറുക്കുമ്പോഴും മറ്റുള്ളവര്‍ കൊറിക്കുമ്പോഴും നിലത്ത് വീഴുന്ന കടലമണികള്‍ ആരെയും കാണാതെ കൊറിച്ചും, ആരും കാണാതെ കടല വാങ്ങി വിഴുങ്ങിയും അവര്‍ ആദര്‍ശം ലംഘിക്കാന്‍ തുടങ്ങിയപ്പോള്‍ നേതാക്കള്‍ ആത്മ സംഘര്‍ഷത്തിലായി. അവര്‍ കൂടിയാലോചിച്ചു. കടലക്കച്ചവടക്കാരുടെ ജീവിത മൂല്യങ്ങള്‍ തലനാരിഴ പരിശോധനക്ക് വിധേയമാക്കി അവര്‍ വിവിധ ഉത്സവങ്ങളില്‍ വിവിധ കച്ചവടക്കാരുടെ കടലകള്‍ ‘അനുവദനീയ’മാക്കി. മാനു സാഹിബ് 'നിഷിദ്ധ’മാക്കിയതിനെ അനുവദിനീയമാക്കിയതില്‍ പ്രതിഷേധിച്ച് ചിലര്‍ കടല വര്‍ജ്ജകസംഘത്തില്‍ നിന്നും രാജിവെച്ചു.
കാലം കടന്നു പോയി. കടല മാഫിയകളുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട വര്‍ജ്ജക സംഘത്തിലെ പുതിയ നേതാക്കള്‍ക്ക് കടല കൊറിക്കുന്നതിലേറെ കച്ചവടം ചെയ്യാന്‍ മോഹമുദിച്ചു. വര്‍ജ്ജക സംഘത്തിനു കീഴില്‍ അവര്‍ കടല ഗവേഷണ സംഘം രൂപീകരിച്ചു. തൊട്ടടുത്ത ഉത്സവത്തിനു മുന്നോടിയായി വര്‍ജ്ജക സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പൊതുജനങ്ങളില്‍ നിന്നും ചിലരെയൊക്കെ ഉള്‍പ്പെടുത്തി ‘കടല ജനകീയ മുന്നണി'ക്ക് രൂപം നല്കി. ഉത്സവത്തില്‍ ഒരു വിപ്ലവം സ്യഷ്ടിക്കുമെന്നും തങ്ങള്‍ സ്വന്തമായി കടല വില്‍ക്കുമെന്നും ആളുകള്‍ തങ്ങളില്‍ നിന്നും കടല വാങ്ങി സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
കടല വര്‍ജ്ജിക്കാന്‍ വേണ്ടി പാര്‍ട്ടിയുണ്ടാക്കിയവര്‍ കടലക്കച്ചവടം ചെയ്യുന്ന വൈരുദ്ധ്യത്തില്‍ ജനം ഊറിച്ചിരിച്ചു. കടല മാഫിയകളും പൊതുജനങ്ങളും ഇവരെ അവഗണിച്ചു. പലയിടത്തും അവരെ ആട്ടിയോടിച്ചു. ചിലയിടത്ത് വളഞ്ഞിട്ടു തല്ലി. കടല വറുത്ത് പരിജയമില്ലാത്തവര്‍ പലരും വറുത്ത കടലകള്‍ കരിഞ്ഞു. ചട്ടികളിലിട്ട് ഇളക്കുന്ന കടലകള്‍ പലപ്പോഴും ചട്ടിക്കു പുറത്തേക്ക് തെറിച്ചു. പുതിയ കടല കച്ചവടം പരീക്ഷണ ഓട്ടത്തില്‍ തന്നെ എട്ടു നിലയില്‍ പൊട്ടി. ജനകീയം പിരിച്ചു വിട്ടു. മാനു സാഹിബിനെ തള്ളിയതിന്റെ ഗുരുത്വക്കേടാണെന്ന് രാജിവെച്ചവര്‍ പ്രസ്താവിച്ചു. വൈരുദ്ധ്യത്തിന് കയ്യും കാലുംവെച്ചവരാണെന്ന് പൊതുജനം പറയാന്‍ തുടങ്ങി. നേത്യത്വത്തിനെതിരെ വര്‍ജ്ജകസംഘത്തിനകത്തു നിന്നും പ്രതിഷേധങ്ങള്‍ ഉയരാന്‍ തുടങ്ങി. നേത്യത്വത്തെ അനുകരിക്കുന്നവര്‍ ‘വൈരുധ്യത്തില്‍’ തന്നെ ഉറച്ചു നിന്നു. തങ്ങള്‍ ആദ്യം പറഞ്ഞതും, ഇപ്പോള്‍ പറയുന്നതും, ഇനി പറയാന്‍ പോകുന്നതും തന്നെയാണ് ശരിയെന്നും തങ്ങളല്ലാത്തവരൊ

ക്കെ ‘സമഗ്രത’ നഷ്ടപ്പെട്ടവരുമാണെന്നവര്‍ ആവര്‍ത്തിച്ചു.
ഉത്സവം വീണ്ടും വന്നു. കടലവര്‍ജ്ജക സംഘത്തില്‍ കൂടിയാലോചനകളും ഗൂഡാലോചനകളും നടന്നു. തീരുമാനത്തിലെത്താനാവാതെ നേത്യത്വം കുഴഞ്ഞു. കടല മാഫിയയുമായി ഗൂഡാലോചന നടത്തിയ ഒരു സംഘം നേതാക്കള്‍ കഴിഞ്ഞ ഉല്‍സവത്തില്‍ തങ്ങളെ തല്ലിച്ചതച്ചവര്‍ക്ക് തന്നെ ഫ്രീയായി തങ്ങളുടെ കസ്റ്റമേഴ്സിനെ വില്ക്കാന് തീരുമാനിച്ചു. മാനുസാഹിബിന്റെ ആദര്‍ശവുമായി പുതിയ ആദര്‍ശത്തെ ചേരും പടി ചേര്‍ക്കാനാവാതെ ചില നേതാക്കള്‍ വീണ്ടും രാജിവെച്ചു, പത്ര സമ്മേളനം നടത്തി. ഉത്സവം തൊട്ടരികിലെത്തിയിട്ടും ‘നിലപാട്’ പറയാനാവാതെ വര്‍ജ്ജകസംഘം ആടിയുലഞ്ഞു. ഗത്യന്തരമില്ലാതെ ഉല്‍സവത്തിനു തലേ ദിവസം ഒരു കത്തിലൂടെ തങ്ങളുടെ ‘ഗതികേട്’ പ്രസ്താവിച്ചു. ഗൂഡാലോചനയുടെ അടിസ്ഥാനത്തില്‍ തങ്ങളെ തല്ലിയ കടലമാഫിയക്ക് തന്നെ വലിയൊരു പങ്ക് കൊടുത്തു. രാജി തുടരാതിരിക്കാന്‍ അല്പം മറ്റു കച്ചവടക്കാര്‍ക്കും കൊടുത്തു. മാനു സാഹിബിന്റെ സ്മരണാര്‍ത്ഥം ഒരിടത്ത് ‘നിഷിദ്ദം’ നിലനിര്‍ത്തി.
പുതിയ സമവാക്യം മനസ്സിലാവാതെ പൊതുജനം കളിയാക്കി. മനസ്സിലാക്കിക്കൊടുക്കാനാവാതെ സമ്മര്‍ദ്ദത്തിലായ വര്‍ജ്ജക സംഘം അച്ചടി ഭാഷയില്‍ പത്രക്കുറിപ്പിറക്കി. “കടലയെന്ന പ്രതിഭാസത്തിന്റെ അനിവാര്യതയില്‍ നിന്നും ഉല്‍ഭൂതമായ വാഞ്ജയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രായോഗികതയും കടലയുണ്ടാക്കുന്ന അസ്ക്യതയില്‍നിന്നും ഉല്‍ഭവിച്ച തത്വശാസ്ത്രവും സന്ദിപ്പിക്കാന്‍ കൂടിയാലോചിച്ച ഞങ്ങള്‍ കടലബിസിനസ്സിന്റെ അപോസ്തലന്മാരുടെ കൂടെക്കൂടിയതിലെ അസൂയയാണെന്ന് മനസ്സിലാക്കി അവഗണിക്കുകയാണ്...”.
ഉത്സവം എന്ന് കേള്‍ക്കുന്നത് തന്നെ ഇപ്പോള്‍ വര്‍ജ്ജക സംഘ

ത്തിനു പേടിയാണ്. എന്നാല്‍ എല്ലാം അവഗണിച്ച് ‘കടലക്കമ്പനി’ രൂപീകരിക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്. കാര്യമായ സ്വാധീനമില്ലാത്തവരായതിനാല്‍ കടലമാഫിയ ഇവരെ അവഗണിക്കുകയാണ്. എന്നാല്‍ ഏതെങ്കിലുമൊരു മാഫിയയുടെ സഹായമില്ലാതെ തങ്ങളുടെ ബിസിനസ് ക്ലിക്ക് ആവില്ലെന്നു മനസ്സിലാക്കി ആട്ടും തുപ്പും സഹിച്ചായാലും മാഫിയക്കാരുടെ കാലില്‍ വീണു കിടപ്പാണ് ‘കടല വര്‍ജ്ജക സംഘം’. കടലേയ്... കടലാ, കടല, കടല കടലാ... !