Tuesday, September 28, 2010

യാത്ര...

ജിദ്ദ ഇസ്ലാഹീ സെന്ററിലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയിലെ പൊതുപ്രഭാഷണത്തിനു ശേഷം ഹ്രസ്വമായ ഒരു യാത്രയയപ്പ് ചടങ്ങ് നടന്നു. പതിനാറു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കഫീലിന്റെ നിര്‍ബന്ധത്തിനു വഴങ്ങി തൊട്ടടുത്ത ദിവസം തന്നെ വെറും കയ്യോടെ അദ്ദേഹം നാട്ടിലേക്കു പോവുകയും ചെയ്തു. ഈ ചടങ്ങില്‍ ഇസ്ലാഹീ സെന്റര്‍ മുഖ്യപ്രബോധകന്‍ അഹമദ്കുട്ടി മദനി നടത്തിയ മൂന്നു മിനിട്ട് പ്രസംഗവും, മറുപടി പ്രസംഗമായി അദ്ദേഹം നടത്തിയ ഒറ്റവാചകവും മനസ്സിനെ മഥിക്കുന്നതായിരുന്നു.

തികഞ്ഞ ഭക്തനും, സൌമ്യനും, നിശബ്ദനുമായ അദ്ദേഹത്തെ ഇസ്ലാഹീസെന്ററില്‍ വരുന്ന ഏതാണ്ടെല്ലാവര്‍ക്കും മുഖപരിചയമുണ്‍ടെങ്കിലും അടുത്തിടപഴകിയവര്‍ കൂറച്ചേ കാണൂ. വിപുലമായ പരിപാടികള്‍ ഉള്ള ചില അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഇശാനമസ്കാരം പള്ളിയില്‍ പോകാതെ സെന്ററില്‍ വെച്ച് തന്നെ നമസ്കരിക്കാറുണ്ട്. അപ്പോള്‍ പോലും പള്ളിയില്‍ പോയുള്ള ജമാ‍അത്ത് നമസ്കാരത്തിന് ഒരു മുടക്കവും വരുത്താത്ത ചിലരില്‍ ഒരാളായി ഞാനും അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു.

തുഛമായ ശമ്പളത്തില്‍ ഒരു വറ്ദ്ധനവ് പോലും ലഭിക്കാത്ത പതിനാറു വറ്ഷങ്ങള്‍ക്കിടയില്‍ ജോലി ഭാരം പലപ്പോഴായി വറ്ദ്ധിപ്പിച്ചു കിട്ടിയിട്ടുണ്ട്. ഒരു നിമിഷം പോലും സത്യസന്ധത കൈവിടാതെ സേവനം ചെയ്തിട്ടും വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ, വെറും കയ്യോടെ പടിയടച്ച കഫീലിനെതിരെ ഒരു നിയമ നടപടിക്ക് പോലും അദ്ദേഹം മുതിറ്ന്നില്ല. അല്ലാഹു പൊറുത്തുകൊടുക്കുകയും, നല്ലത് വരുത്തുകയും ചെയ്യട്ടെ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു പ്രതികരണം, മറ്റു പലരെയും പോലെ സാധിക്കുമെങ്കില്‍ വൈകാതെ മറ്റൊരു വിസക്ക് വരാനുള്ള ശ്രമത്തിലുമാണ് അദ്ദേഹം.

ഇത്തരം മഹാമനസ്കരുടെ അഭാവമാണ് ഇന്നിന്റെ ശാപം, ജീവിത പരീക്ഷണങ്ങളുടെ പാരമ്യതയിലും പിടിച്ചു നില്‍ക്കാന്‍ കരുത്ത് നല്‍കുന്ന വിശ്വാസം. തന്നോട് തിന്മ പ്രവറ്ത്തിക്കുന്നവരോട് വിട്ടുവീഴ്ച നല്‍കുന്ന മനക്കരുത്ത്. ദുറ്ബ്ബല നിമിഷങ്ങളെ പോലും കീഴടക്കുന്ന സത്യസന്ധത. മഹത്ഗുണങ്ങളുടെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ വേറിട്ട കാഴ്ചകളായി മാറിക്കൊണ്ടിരിക്കുകയാണ്.

വേതനങ്ങളേക്കാള്‍ വേദനകള്‍ സഹിക്കുന്നവരാണ് പ്രവാസികളില്‍ ഏറെയും. ചെറിയ സ്വപ്നങ്ങളുമായി വാഹനമേറിയവരുടെ മുതുകില്‍ കുമിഞ്ഞ് കൂടുന്ന പുതിയ ഭാരങ്ങള്‍. ആയുസ്സിന്റെ സുന്ദരനിമിഷങ്ങള്‍ ബലികഴിച്ച് അവസാനം കുറെ ആധികളും അതിലേറെ വ്യാധികളുമായി നാട് പിടിക്കേണ്ടി വരുന്ന ദുരവസ്‌ഥ. പ്രവാസിയുടെ വെക്കേഷനെ ആഹ്ലാദപൂറ്വം ആഘോഷിക്കുന്ന സഹധറ്മ്മിണി പോലും ഒരു ഫൈനല്‍ എക്സിറ്റിനെ ഭയക്കുന്നു. ഒരു മാറ്റം വിദൂരമായി തന്നെ നില്‍ക്കുന്നോ?

No comments:

Post a Comment