ഒതളങ്ങാ മലയിലെ പുലി വീരന് (ഒ)ബാമയും എലി ഭീകരന് (ഒ)സാമയും ഒരുമയിലായതിന്റെ പൊലിമയില്‍ പെരുമ പറഞ്ഞു പുതുമ തീരും മുമ്പെ പരസ്പരം പിണങ്ങി ഒതുങ്ങിയും പതുങ്ങിയും പോരാടി ഒടുവില്‍ (ഒ)സാമയെ പിടിച്ച (ഒ)ബാമയുടെ കഥ.

കാട്ടിലെ മ്യഗങ്ങളെയെല്ലാം തന്റെ ചൊല്പടിയില് നിര്‍ത്തിയും, ആവശ്യത്തിനും അനാവശ്യത്തിനും ഉപദ്രവിച്ചും, കൊന്നു തിന്നും ബാമ കാട്ടുരാജാവ് ചമഞ്ഞു നടപ്പായിരുന്നു. ഒരു വലിയ പുലി സംഘത്തെ തന്നെ തന്റെ സൈന്യമായി നിയോഗിച്ച് അവരുടെ നേതാവായി വിലസിയിരുന്ന ബാമയെ കീഴൊതുക്കുക മ്യഗങ്ങള്‍ക്ക് അസാധ്യമായിരുന്നു. ഗത്യന്തരമില്ലാതെ കാട്ടിലെ മ്യഗങ്ങള്‍ ബാമക്കെതിരെ സംഘടിക്കുകയും സമാധാന കരാറില്‍ ഒപ്പു വെപ്പിക്കുകയും ചെയ്തു.
കാട്ടിലെ തുരപ്പന്മാരില്‍ പ്രമുഖനായിരുന്ന സാമ ഒരു വെറും എലിയാണെങ്കിലും പല മ്യഗങ്ങളുടെയും കണ്ണില്‍ കരടായിരുന്നു. വിഷപ്പകറ്റാന്‍ വേണ്ടി വല്ലതും തുരന്നു തിന്നുക എന്നതിലുപരിയായി സമാധാനത്തില്‍ കഴിഞ്ഞു പോകുന്ന മ്യഗങ്ങള്‍ക്കിടയില്‍ ആവുന്നത്ര തൊരപ്പന് പണിയെടുക്കുകയായിരുന്നു സാമയുടെ ഹോബി. ഭൂമിക്കടിയില്‍ മറ്റാര്‍ക്കും കണ്ടെത്താനാവാത്ത പാതകളും, സങ്കേതങ്ങളും, സൈന്യവുമായി സാമ അധോലോകത്ത് വിലസുകയായിരുന്നു.
സമാധാന കരാറില്‍ ഒപ്പു വെച്ചെങ്കിലും അടങ്ങി നില്ക്കാന് മനസ്സ് വരാത്ത ബാമ ക്രമേണ സാമയുമായി ബന്ധം സ്ഥാപിച്ചു. തനിക്ക് നേരിട്ട് ആക്രമിക്കാന്‍ സാധിക്കത്തിടങ്ങളില്‍ സാമയെയും സംഘത്തെയുമുപയോഗിച്ച് ശല്യം ചെയ്യാന്‍ തുടങ്ങി. തന്റെ സൈന്യങ്ങളെ വിട്ട് സഹായിച്ചും പണവും, മറ്റു ഉപകരണങ്ങള്‍ നല്‍കിയും സാമയെ മുന്നില്‍ നിര്‍ത്തി ബാമ പലതും കളിച്ചു.

കളി അധികം തുടര്‍ന്നില്ല. ഉന്നതങ്ങളില്‍ ശല്യം ചെയ്യുക ഹോബിയായിരുന്ന സാമ ക്രമേണ ബാമയെയും സംഘത്തെയും ശല്യം ചെയ്യാന്‍ തുടങ്ങി. തന്റെ സൈന്യങ്ങളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ബാമ സാമയുമായി ശത്രുതയിലായി. ചോറു കൊടുത്ത കയ്യിനു തന്നെ കടിച്ച സാമയുടെ നിലപാടില്‍ അരിശം മൂത്ത ബാമ സാമക്കെതിരെ നീക്കങ്ങള്‍ നടത്തി. കാട്ടില്‍ നിറയെ എലിക്കെണികള്‍ തീര്‍ത്തും പലയിടങ്ങളിലും എലിവിഷം വിതറിയും, പലപ്പോഴും നിരപരാധികളായ എലികളെ തീവ്രവാദി മുദ്രകുത്തി അറുകൊല നടത്തിയും ബാമ സാമയെയും സംഘത്തെയും നേരിട്ടു. ഗത്യന്തരമില്ലാതായ സാമയും സംഘവും അധോലോകത്ത് ഒതുങ്ങിക്കൂടി.
സാമക്കെതിരെ കാട്ടില്‍ ബാമ രാഷ്ട്രീയ നീക്കങ്ങളും നടത്തി. മ്യഗങ്ങളെ കൊണ്ട് സാമയെ പൊതുശത്രുവും തീവ്രവാദിയും ഭീകരവാദി നേതാവുമായി പ്രഖ്യാപിപ്പിച്ചു. എലിമടകള്‍ക്കു മുന്നിലെല്ലാം ബാമ തന്റെ സൈന്യങ്ങളെ നിയോഗിച്ചു. ഭൂമിക്കടിയില്‍ നിന്നും പുറത്തു വരാനായില്ലെങ്കിലും സാമയും സംഘവും അധോലോകത്ത് പുതിയ നീക്കങ്ങള്‍ തുടങ്ങി. ബാമയെ ഒതുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവര്‍ കൂടിയാലോചിച്ചു. ബാമയുടെയും സംഘത്തിന്റെയും ദ്യഷ്ടികളില്‍ പെടാതെ അധോലോകത്ത് അവര്‍ പുതിയ പാതകളും സങ്കേതങ്ങളും സ്യഷ്ടിച്ചു.
അവസാനം സാമയുടെ ആ നീക്കം വിജയം കണ്ടു. ബാമയോ സൈന്യമോ അറിയാതെ ബാമയുടെ താവളത്തിലേക്കുണ്ടാക്കിയ പാതകളിലൂടെ കടന്നു ചെന്ന അവര്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാമയുടെ മൂക്ക് കടിച്ചു പറിച്ചു. മൂക്കു പൊട്ടിയ ബാമ ആശുപത്രിയിലായി. ഓപ്പറേഷന് ചെയ്തു ജീവന് നിലനിര്‍ത്തിയെങ്കിലും ബാമയുടെ മുഖം വിക്യതമായി. മൂക്കില്ലാത്ത മുഖവുമായി നടക്കുന്ന മുറിമൂക്കന്‍ രാജാവിന്റെ അവസ്ഥയില്‍ കാട്ടിലെ മ്യഗങ്ങള്‍ ഉള്ളില്‍ സന്തോഷിച്ചെങ്കിലും പുറമെ അവര്‍ ദു:ഖം അഭിനയിച്ച് സാമക്കെതിരെ ഭീകരവാദ വിരുദ്ധ പ്രസ്താവനകളിറക്കി.
ആശുപതി വിട്ട ബാമ സാമക്കെതിരെ കൂടുതല്‍ കടുത്ത നീക്കങ്ങള്‍ ആരംഭിച്ചു. കാണുന്ന എലികളെയെല്ലാം കൊല്ലാന്‍ ഓര്‍ഡര്‍ നല്കി. സാമയെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. എലിമടകള്‍ മണ്ണിട്ടു മൂടി. കാട്ടില്‍ കൂടുതല്‍ എലിക്കെണികള്‍ സ്ഥാപിച്ചു. നിരപരാധികളായ എലികളും നിരവധി മറ്റു മ്യഗങ്ങളും കൊല്ലപ്പെട്ടു. സാമയും സംഘവും കൂടുതല്‍ അകത്തോട്ടു വലിഞ്ഞു. ഭൂമിക്കടിയില്‍ വ്യത്യസ്ത ഒളിസങ്കേതങ്ങളില്‍ മാറി മാറി അവര്‍ താമസിച്ചു.
സാമയെ നിരീക്ഷിക്കാന്‍ ബാമ കൂടുതല്‍ സംവിധാനങ്ങളൊരുക്കി. തന്റെ പണവും, സമയവും, സൈന്യവുമെല്ലാം ഉപയോഗിച്ചിട്ടും ഒരു എലിയെ പിടിക്കാനാവാതെ നിരാശനായ ബാമയെ മ്യഗങ്ങള്‍ പലരും കളിയാക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പത്തിനു ശേഷം അവസാനം അതു സംഭവിച്ചു. ബാമ നിയോഗിച്ച ഒരു സംഘം അതിരഹസ്യമായി സാമയുടെ സങ്കേതം കണ്ടെത്തി. മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ അവര്‍ സാമയെയും കൂടെയുണ്ടായിരുന്നവരെയും കൊന്നു. ശവങ്ങള് തോട്ടിലെറിഞ്ഞു.
കാടിന്റെ വിജയം, മ്യഗലോകത്തിന്റെ വിജയം എന്നൊക്കെ ബാമ പ്രസ്താവിച്ചെങ്കിലും കാട്ടിലെ മ്യഗങ്ങള്‍ പലരും സംശയത്തിലാണ്. ബാമ സാമയെ പിടിച്ചു എന്ന് പലരും വിശ്വസിക്കുന്നില്ല. പിടിച്ചെങ്കില്‍ ആ ശവം ആരെയും കാണിക്കാതെ എന്തിനു തോട്ടിലെറിഞ്ഞുവെന്നതാണവരുടെ ചോദ്യം. ഇല്ലം ചുട്ടിട്ടായാലും എലിയെ പിടിച്ച പുലിയുടെ ‘വിജയം’ കാട്ടിലെ പുലികള്‍ കാര്യമായി തന്നെ ആഘോഷിക്കുന്നുണ്ട്.
