Monday, November 8, 2010

വീണ്ടും വായിക്കാന്‍

ഏഴകിടിലും കൊതിതീരാത്തവര്‍

- സി എം സിദ്ദീഖ് - ജിദ്ദ (ശബാബ് വാരിക - 05/11/2010)

(സി എം സിദ്ദീഖ് സാഹിബ് ജിദ്ദാ ഇസ്ലാഹീ സെന്റര്‍ പ്രവര്‍ത്തകനാണ്)

`ഭക്ഷണത്തിന്റെ അളവ്‌ നന്നേ കുറയ്‌ക്കുക. കൊഴുപ്പ്‌കൂടിയ ഭക്ഷണം വര്‍‍ജിക്കുക...'' -എല്ലാറ്റിനും തലയാട്ടി അയാള്‍‍ തിരിച്ചുനടന്നു. 130കിലോ തൂക്കം വരുന്ന അയാളുടെ വേച്ചുവേച്ചുള്ള നടപ്പ്‌ കാണുന്നവരില്‍ പോലും പ്രയാസമുണ്ടാക്കി.

നേഴ്‌സ്‌ അടുത്ത പേര്‍ വിളിച്ചു. കയ്യിലൊരു ഊന്നുവടിയുമായി അയാള്‍ പതുക്കെ വന്ന്‌ ഡോക്ടര്‍‍ക്കരികിലിരുന്നു. മെലിഞ്ഞൊട്ടിയ കവിളുംകുഴിഞ്ഞ കണ്ണുകളും. കണ്ട പാടെ ഡോക്‌ടര്‍ക്ക്‌ കാര്യം മനസ്സിലായി. കൊഴുപ്പ്‌ അയാളുടെ ശരീരത്തില്‍ ഇല്ലെന്ന്‌ തന്നെ പറയാം.വിറ്റാമിനുകളുടെ അഭാവം അയാളെ പല രോഗങ്ങളുടെയും അടിമയാക്കിയിരിക്കുന്നു. ഭക്ഷണത്തിന്‌ വകയില്ല.

നിങ്ങള്‍ക്കുള്ള മരുന്ന്‌ ഞാന്‍‍ ഇതില്‍‍ എഴുതിയിട്ടുണ്ട്‌. താഴെ ഒരു റിക്ഷാ ഡ്രൈവറെ കാണിച്ചാല്‍‍ അവിടെ എത്തിക്കും. മഹല്ലിലെ സകാത്ത്‌സെല്ലിന്റെ അഡ്രസ്സെഴുതിയ കുറിപ്പ്‌ ഡോക്‌ടര്‍‍ രോഗിയെ ഏല്‌പിച്ചു. ഡോക്‌ടറുടെ ചിന്ത മറ്റൊരു വഴിക്ക്‌ നീങ്ങി. രണ്ട്‌ രോഗികളുടെയുംരൂപങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ മിന്നിമറഞ്ഞു. രണ്ടും വികൃതരൂപങ്ങള്‍. ഒന്ന്‌ അമിതഭോജനത്താലെങ്കില്‍ മറ്റേത്‌ ഭക്ഷണമില്ലായ്‌മയാല്‍.ആദ്യ രോഗിയില്‍ നിന്നും അമ്പത്‌ കിലോ എടുത്ത്‌ 30 കിലോ വരുന്ന രണ്ടാമത്തവനില്‍ വെച്ചാല്‍ രണ്ടുപേരും പൂര്‍ണ്ണ ആരോഗ്യവാന്മാരും സുന്ദരന്മാരുമായിരിക്കും. വൈദ്യശാസ്‌ത്രം എന്നാവും അങ്ങനെയൊരു സര്‍‍ജറിയുടെ കാല്‍‍വെപ്പ്‌ നടത്തുക! ഡോക്‌ടറുടെ നര്‍‍മഭാവനയില്‍ അങ്ങനെയും ഒരു ചിന്ത തിരികൊളുത്തി.

പ്രവാചകന്റെ(സ) ജീവിതം നേരിട്ട്‌ അന്വേഷിച്ചറിയാന്‍ എത്തിയതാണ്‌ ഗ്രമീണനായ അഅ്‌റാബി. സല്‍‍ക്കാരപ്രിയനായ പ്രവാചകന്‍ ‍(സ)അയാളെ വിളിച്ചിരുത്തി. ഒരു ഗ്ലാസ്‌ ആട്ടിന്‍‍ പാല്‍ കറന്നെടുത്ത്‌ അദ്ദേഹത്തിന്‌ നല്‍‌കി. അര്‍ത്തിയോടെ അയാള്‍‍ അത്‌ ഒറ്റ വലിക്ക്‌ കുടിച്ചു. പ്രവാചകന്‍ വീണ്ടും ഒരു ഗ്ലാസ്‌ കൂടി നല്‍‌കി. അതും അയാള്‍‍ ആര്‍‍ത്തിയോടെ കുടിച്ചു. വീണ്ടും അയാള്‍ക്ക്‌ ആവശ്യമുണ്ടെന്ന്‌ അയാളുടെ മുഖത്ത്‌ നിന്നും പ്രവാചകന്‍(സ) മനസ്സിലാക്കി. വീണ്ടും കറന്ന്‌ നല്‍‌കി. ഏഴ്‌ തവണ ഇതാവര്‍‍ത്തിച്ചു. ആഗതന്‌ സംതൃപ്‌തിയായി. പ്രവാചകസല്‍ക്കാരം അയാളെ വല്ലാതെ ആകര്‍‍ഷിച്ചു. ``മുഹമ്മദ്‌, ഇന്ന്‌ ഞാന്‍ നിങ്ങളുടെ വീട്ടില്‍ താമസിക്കുകയാണ്‌'' -അയാള്‍ പറഞ്ഞു. പ്രവാചകന്‍(സ) സസന്തോഷം അയാള്‍‍ക്കുവേണ്ട സൗകര്യങ്ങള്‍‍ ചെയ്‌തുകൊടുത്തു. പ്രവാചകന്റെ ഓരോ ചലനവും പെരുമാറ്റവും അയാളെ ആശ്ചര്യപ്പെടുത്തി. എതിരാളികള്‍ പറഞ്ഞു പരത്തുന്നതില്‍‍ നിന്നും തീര്‍ത്തും വിഭിന്നമാണ്‌ മുഹമ്മദ്‌.

അടുത്ത ദിവസം പുലര്‍‍ച്ചയ്‌ക്കു തന്നെ പ്രവാചകന്‍‍(സ) അതിഥിക്കുള്ള പാല്‍ കറന്നുവെച്ചു. ഗ്രാമീണന്‍‍ എഴുന്നേറ്റ ഉടനെ പ്രവാചകന്‍‍ പാല്‍‍പാത്രവുമായി അയാളുടെ അടുത്തെത്തി. ഒരു ഗ്ലാസ്‌ ഒഴിച്ചുകൊടുത്തു. രണ്ടാമതും ഒഴിക്കുന്നത്‌ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: ``മുഹമ്മദ്‌, എനിക്ക്‌ മതിയായിരിക്കുന്നു. ഒരു ഗ്ലാസ്‌ പാലുകൊണ്ട്‌ തന്നെ എന്റെ വയറ്‌ നിറഞ്ഞിരിക്കുന്നു. താങ്കള്‍‍ അല്ലാഹുവിന്റെ ദൂതനാണെന്ന്‌ ഞാന്‍സാക്ഷ്യം വഹിക്കുന്നു.'' നിറഞ്ഞ മനസ്സോടെ ഗ്രാമീണന്‍ പ്രവാചകന്‌ സലാം ചൊല്ലി പടികളിറങ്ങി.

ഇന്നലെ ഏഴ്‌ ഗ്ലാസ്‌ കുടിച്ച അവിശ്വാസി പ്രവാചകന്റെ കൂടെ ഒരു രാത്രി താമസിച്ചപ്പോഴേക്ക്‌ ഒരു ഗ്ലാസ്‌ കൊണ്ട്‌ തൃപ്‌തിയടഞ്ഞിരിക്കുന്ന തികഞ്ഞ വിശ്വാസിയായി മാറിയിരിക്കുന്നു. ദുനിയാവിനോടുള്ള ഒരു അവിശ്വാസിയുടെ ആര്‍ത്തിക്ക്‌ ഒരിക്കലും അവസാനമില്ല. അവനതിന്റെ പിന്നാലെ കിതച്ചോടുകയാണ്‌. അടങ്ങാത്ത അവന്റെ ഭോഗാസക്തി അവനെ നിത്യരോഗിയാക്കിയിരിക്കുന്നു. എത്ര കുടിച്ചാലും മതിച്ചാലും അണിഞ്ഞാലും ആസ്വദിച്ചാലും അവന്‌ മതിയാവുന്നില്ല. ആനന്ദത്തിന്റെ പുതിയ മേച്ചില്‍ ‍പുറങ്ങള്‍ തേടി അലയുകയാണവന്‍.

ദുനിയാവിന്റെ ലക്ഷ്യവും പ്രാധാന്യവും ഉള്‍‍ക്കൊണ്ടവനത്രെ ഒരു വിശ്വാസി. ദുനിയാവാണെല്ലാം എന്ന്‌ മനസ്സിലാക്കിയ ഇന്നലത്തെ കാട്ടറബി വിശ്വാസത്തിലൂടെ തിരിച്ചറിഞ്ഞത്‌ ദുനിയാവിന്റെ നശ്വരതയും നൈമിഷികതയുമാണ്‌. അനശ്വരവും അനന്തവുമായ പാരത്രികലോകത്തേക്ക്‌ തന്റെ അത്യാഗ്രഹങ്ങളെയൊക്കെയും അദ്ദേഹം പറിച്ചു നട്ടു. ഇന്നൊരു ഗ്ലാസ്‌ പാലില്‍ അദ്ദേഹത്തിന്‌ സംതൃപ്‌തികൈവന്നിരിക്കുന്നു. അമിത ഭോജനവും ആഗ്രഹങ്ങളുടെ നീണ്ട പട്ടികയുമില്ലാത്ത ശാന്തിയടഞ്ഞവന്‍. അന്നന്ന്‌ കിട്ടുന്ന വകയില് ‍ദൈവസ്‌തോത്രം ജപിക്കുന്നവന്‍. യഥാര്‍ത്ഥ മുസ്‌ലിം. ശരീരവും മനസ്സും ദുര്‍‍മേദസ്സുകളില്‍‍ നിന്നും മുക്തമായവന്‍‍. ``ഒരവിശ്വാസി ഏഴകിടില്‍നിന്ന്‌ കുടിക്കുമ്പോള്‍‍ വിശ്വാസി ഒരകിടില്‍ നിന്ന്‌ കുടിക്കുന്നു'' എന്ന പ്രവാചക വചനം അര്‍ത്ഥപൂര്‍‍ണമാവുന്നത്‌ ഇവിടെയാണ്‌.

No comments:

Post a Comment