Showing posts with label ഇസ്ലാമിക ഗാനം. Show all posts
Showing posts with label ഇസ്ലാമിക ഗാനം. Show all posts

Saturday, March 10, 2012

ക്ഷണികമീ ലോകം

ജീവിതമിവിടം നശ്വരമല്ലെ, പരലോകത്തത് ശാശ്വതമല്ലെ
ശാശ്വതമായൊരു ലോകത്തേക്ക് യാത്രയിലല്ലെ, നമ്മള്‍
മരണത്തിന്‍ വിളിയാളം കേട്ടാല്‍ പോകേണ്ടവരല്ലേ

(ജീവിതമിവിടം)

കൂട്ടു കുടുംബവും ബന്ധക്കാരും പണവും പദവിയും പറുദീസകളും
ഈ ലോകത്തെ അലങ്കാരങ്ങള്‍ മാത്രമതല്ലേ, നമ്മള്‍
ഒറ്റക്കൊറ്റക്കായൊരു ലോകം പുല്‍കേണ്ടവരല്ലേ

(ജീവിതമിവിടം)

ഓടിയൊളിക്കാന്‍ പഴുതുകളില്ല, മാറിക്കളയാനാവുകയില്ല
സമയമടുത്താല്‍ ഞൊടിയിട പോലും വൈകിപ്പിക്കില്ല , മരണം
നിഴലായി നമ്മുടെ കൂടെ നടക്കുന്നെന്ന് മറക്കണ്ട

(ജീവിതമിവിടം)
വായകളെല്ലാം മുദ്രയടിക്കും കൈകള്‍ കാര്യം സംസാരിക്കും
കാലുകളതിന് സാക്ഷ്യം നില്‍ക്കും മഹ്‌ശറയില്ലേ, അന്ന്
സ്വര്‍ഗവും നരകവും പ്രതിഫലമായി നല്‍കുകയില്ലേ

(ജീവിതമിവിടം)
നന്മകള്‍ ചെയ്‌ത് വിഭവമൊരുക്ക് തിന്മകളോട് അകലം നില്‍ക്ക്
കഷ്‌ടപ്പാടുകള്‍ സഹനം കൊണ്ട് പ്രതിഫലമാക്ക്, എല്ലാം
ദൈവത്തില്‍ ഭരമേല്‍പിച്ചൊരു സല്‍ ജീവിതമാക്ക്

(ജീവിതമിവിടം)

Sunday, February 19, 2012

കാലം സാക്ഷി


കാലത്തെ സാക്ഷിയാക്കി ഖുര്‍ആന്‍ പ്രഖ്യാപിച്ചില്ലേ
നമ്മെ തൊട്ടു വിളിച്ചില്ലേ...
ഖുര്‍ആന്‍ പ്രഖ്യാപിച്ചില്ലേ, നമ്മെ തൊട്ടു വിളിച്ചില്ലേ

മനുഷ്യരെല്ലാം പരാജിതരെന്ന് ഖുര്‍ആന്‍ നമ്മോടോതീലേ
നാഥന്‍ അനുശാസിച്ചില്ലേ
ഖുര്‍ആന്‍ നമ്മോടോതീലേ, നാഥന്‍ അനുശാസിച്ചില്ലേ

നാലു നിബന്ധന പാലിക്കാത്തവര്‍ നഷ്‌ടക്കാരാണോതീലേ
ഖുര്‍ആന്‍ പ്രസ്‌താവിച്ചില്ലേ
നഷ്‌ടക്കാരാണോതീലേ, ഖുര്‍ആന്‍ പ്രസ്‌താവിച്ചില്ലേ

വിശ്വാസം അതിപ്രധാനം സല്‍കര്‍മ്മങ്ങള്‍ നിര്‍ബന്ധം
വിജയത്തിന്നിവ ആവശ്യം
സല്‍കര്‍മ്മങ്ങള്‍ നിര്‍ബന്ധം, വിജയത്തിന്നിവ ആവശ്യം
സത്യസന്ധത ഉപദേശിക്കണം, ക്ഷമ കൈക്കൊള്ളാന്‍ പറയേണം
അന്യോന്യം ഇവ ചെയ്യേണം
ക്ഷമ കൈക്കൊള്ളാന്‍ പറയേണം, അന്യോന്യം ഇവ ചെയ്യേണം

കാലത്തെ സാക്ഷിയാക്കി ഖുര്‍ആന്‍ നമ്മോടോതിയ സത്യം

ജീവിതമെന്നത് ശാശ്വതമായും ഇഹലോകത്തല്ലെന്നല്ലേ
പരലോകത്താണെന്നല്ലേ
ഇഹലോകത്തല്ലെന്നല്ലേ, പരലോകത്താണെന്നല്ലേ
പരലോകത്തെ വിജയത്തിന്നായി ഇഹലോകത്തെ മാറ്റുക നാം
ശാശ്വത വിജയം നേടുക നാം
ഇഹലോകത്തെ മാറ്റുക നാം, ശാശ്വത വിജയം നേടുക നാം

ഇഹലോകത്തെ മാറ്റുക നാം ശാശ്വത വിജയം നേടുക നാം.

Saturday, January 28, 2012

സ്വര്‍ഗം (ഇസ്ലാമിക ഗാനം)

രീതി (ബദറുല്‍ ഹുദാ...)

മനം കവിയും ആനന്ദത്തിന്‍ അതിരുകളില്ല്ലാ ആസ്വാദ്യത്തിന്‍
കണ്‍കുളിരും ആമോദത്തിന്‍ പ്രതിഫലമുണ്ട്
നാളെ, ശാശ്വതമാം സ്വര്‍ഗീയ ജീവിതമുണ്ട്...
(രണ്ട്)

ഒരു മനവും ചിന്തിക്കാത്ത ഒരു കണ്ണും കാണാത്ത
ഒരു കാതും കേള്‍ക്കാത്ത പ്രതിഫലമുണ്ട്
നാളെ, സുകൃതങ്ങള്‍ ചെയ്‌തോര്‍ക്ക് സ്വര്‍ഗമതുണ്ട്

(മനം കവിയും)

കായ് ഖനികള്‍ പഴവര്‍ഗങ്ങള്‍ കൊട്ടാരങ്ങള്‍ ആരാമങ്ങള്‍
സുഖവാസത്തിന്നുത്തമമായൊരു ഫിര്‍ദൌസുണ്ട്
അവിടം, മനം കുളിരും ഹൂറുല്‍ ഈനുകള്‍ തുണയായുണ്ട്

(മനം കവിയും)

കളവില്ലാ കള്ളവുമില്ലാ ചതിയോ വഞ്ചനയൊട്ടുമതില്ലാ
നിര്‍ഭയരായി വിലസീടാനൊരു ലോകമതുണ്ട്
അവിടം, രുചികളുടെ കലവറയാകും അരുവികളുണ്ട്

(മനം കവിയും)
നന്മകളാല്‍ മുന്നേറുന്നവര്‍ സല്‍കര്‍മ്മങ്ങളില്‍ മുഴുകീടുന്നവര്‍
യോഗ്യതകള്‍ നേടിയവര്‍ക്ക് പദവികളുണ്ട്
അവരെ വരവേല്‍ക്കാന്‍ മലക്കുകള്‍ നില്‍കും ബാബുകളുണ്ട്

(മനം കവിയും)

നേര്‍വഴിയില്‍ ചേര്‍ത്തീടണമേ ഈമാനിന്‍ പ്രഭ ചൊരിയണമേ
സ്വര്‍ഗത്തെ നേടിയെടുക്കാന്‍ തൌഫീക്കേകണമേ
റബ്ബേ, വിജയത്തിന്‍ വീഥിയില്‍ ഞങ്ങളെ നീ നയിച്ചീടണമേ...

(മനം കവിയും)

Monday, January 23, 2012

ഇസ്ലാമിക ഗാനം

ഇന്റര്‍നെറ്റ് : രീതി (പണമുള്ളോര്‍ക്കീ പാരില്‍ തിന്മകള്‍...)

ഇന്റര്‍നെറ്റാല്‍ ലോകം മുഴുവന്‍ കീഴിലൊതുക്കും ഈ കാലം
വിരലിന്‍ തുമ്പാല്‍ വിസ്‌മയമുണരും അത്ഭുതമാകുന്നീ ലോകം
മൊബൈല്‍ ഫോണില്‍ ക്യാമറ, ബ്ലൂടൂത്ത്, ഇന്റര്‍നെറ്റും അതിലേറെ
ടി വി ചാനല്‍ റൂമുകള്‍ തോറും വിഭവങ്ങളുമായി മുന്നേറ്റം
(ഇന്റര്‍നെറ്റാല്‍...)

ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി
ജനന തിയ്യതി മാറ്റി എഴുതി
ഇമെയില്‍ അഡ്രസ് അവനും കിട്ടി
ഫെയിസ് ബുക്കിലും യൂ റ്റൂബിലും ബൈലക്‌സിലും അവനുണ്ട്
സിനിമ സീരിയല്‍ ഷോകള്‍ കണ്ട് പഠനം തകരാറാവുന്നു

(ഇന്റര്‍നെറ്റാല്‍...)

സംസ്‌കാരങ്ങള്‍ മാറ്റി എഴുതി
ധാര്‍മ്മിക ബോധം ഇല്ലാതായി
സമയത്തിന്‍ വില അറിയാതായി

വീടിനകങ്ങളില്‍ പോലും നമ്മുടെ സ്‌ത്രീകള്‍ ഇന്ന് അരക്ഷിതരായ്
ബന്ധങ്ങള്‍ക്കും വിലയില്ലാതായി കൂട്ടു കുടുംബം പോലും തകരാറായ്
(ഇന്റര്‍നെറ്റാല്‍...)

ധാര്‍മ്മിക ചിന്തകള്‍ പ്രചരിപ്പിക്കൂ
വിദ്യയെ നന്മയില്‍ ഉപയോഗിക്കൂ
ഭാവിയെ മുന്നില്‍ നിന്ന് നയിക്കൂ
നേരും നീതിയും കൈമുതലാക്കിയ തലമുറയെ നാം സൃഷ്‌ടിക്കൂ
നാഥന്‍ നല്‍കിയ അറിവിനെ നമ്മള്‍ നന്മക്കായ് ഉപയോഗിക്കൂ
(ഇന്റര്‍നെറ്റാല്‍...)