Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, May 8, 2011

സാമയെ പിടിച്ച ബാമ

ഒതളങ്ങാ മലയിലെ പുലി വീരന്‍ (ഒ)ബാമയും എലി ഭീകരന്‍ (ഒ)സാമയും ഒരുമയിലായതിന്റെ പൊലിമയില്‍ പെരുമ പറഞ്ഞു പുതുമ തീരും മുമ്പെ പരസ്‌പരം പിണങ്ങി ഒതുങ്ങിയും പതുങ്ങിയും പോരാടി ഒടുവില്‍ (ഒ)സാമയെ പിടിച്ച (ഒ)ബാമയുടെ കഥ.

കാട്ടിലെ മ്യഗങ്ങളെയെല്ലാം തന്റെ ചൊല്‍പടിയില്‍ നിര്‍ത്തിയും, ആവശ്യത്തിനും അനാവശ്യത്തിനും ഉപദ്രവിച്ചും, കൊന്നു തിന്നും ബാമ കാട്ടുരാജാവ് ചമഞ്ഞു നടപ്പായിരുന്നു. ഒരു വലിയ പുലി സംഘത്തെ തന്നെ തന്റെ സൈന്യമായി നിയോഗിച്ച് അവരുടെ നേതാവായി വിലസിയിരുന്ന ബാമയെ കീഴൊതുക്കുക മ്യഗങ്ങള്‍ക്ക് അസാധ്യമായിരുന്നു. ഗത്യന്തരമില്ലാതെ കാട്ടിലെ മ്യഗങ്ങള്‍ ബാമക്കെതിരെ സംഘടിക്കുകയും സമാധാന കരാറില്‍ ഒപ്പു വെപ്പിക്കുകയും ചെയ്തു.
കാട്ടിലെ തുരപ്പന്മാരില്‍ പ്രമുഖനായിരുന്ന സാമ ഒരു വെറും എലിയാണെങ്കിലും പല മ്യഗങ്ങളുടെയും കണ്ണില്‍ കരടായിരുന്നു. വിഷപ്പകറ്റാന്‍ വേണ്ടി വല്ലതും തുരന്നു തിന്നുക എന്നതിലുപരിയായി സമാധാനത്തില്‍ കഴിഞ്ഞു പോകുന്ന മ്യഗങ്ങള്‍ക്കിടയില്‍ ആവുന്നത്ര തൊരപ്പന്‍ പണിയെടുക്കുകയായിരുന്നു സാമയുടെ ഹോബി. ഭൂമിക്കടിയില്‍ മറ്റാര്‍ക്കും കണ്ടെത്താനാവാത്ത പാതകളും, സങ്കേതങ്ങളും, സൈന്യവുമായി സാമ അധോലോകത്ത് വിലസുകയായിരുന്നു.
സമാധാന കരാറില്‍ ഒപ്പു വെച്ചെങ്കിലും അടങ്ങി നില്‍ക്കാന്‍ മനസ്സ് വരാത്ത ബാമ ക്രമേണ സാമയുമായി ബന്ധം സ്ഥാപിച്ചു. തനിക്ക് നേരിട്ട് ആക്രമിക്കാന്‍ സാധിക്കത്തിടങ്ങളില്‍ സാമയെയും സംഘത്തെയുമുപയോഗിച്ച് ശല്യം ചെയ്യാന്‍ തുടങ്ങി. തന്റെ സൈന്യങ്ങളെ വിട്ട് സഹായിച്ചും പണവും, മറ്റു ഉപകരണങ്ങള്‍ നല്‍കിയും സാമയെ മുന്നില്‍ നിര്‍ത്തി ബാമ പലതും കളിച്ചു.
കളി അധികം തുടര്‍ന്നില്ല. ഉന്നതങ്ങളില്‍ ശല്യം ചെയ്യുക ഹോബിയായിരുന്ന സാമ ക്രമേണ ബാമയെയും സംഘത്തെയും ശല്യം ചെയ്യാന്‍ തുടങ്ങി. തന്റെ സൈന്യങ്ങളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ബാമ സാമയുമായി ശത്രുതയിലായി. ചോറു കൊടുത്ത കയ്യിനു തന്നെ കടിച്ച സാമയുടെ നിലപാടില്‍ അരിശം മൂത്ത ബാമ സാമക്കെതിരെ നീക്കങ്ങള്‍ നടത്തി. കാട്ടില്‍ നിറയെ എലിക്കെണികള്‍ തീര്‍ത്തും പലയിടങ്ങളിലും എലിവിഷം വിതറിയും, പലപ്പോഴും നിരപരാധികളായ എലികളെ തീവ്രവാദി മുദ്രകുത്തി അറുകൊല നടത്തിയും ബാമ സാമയെയും സംഘത്തെയും നേരിട്ടു. ഗത്യന്തരമില്ലാതായ സാമയും സംഘവും അധോലോകത്ത് ഒതുങ്ങിക്കൂടി.
സാമക്കെതിരെ കാട്ടില്‍ ബാമ രാഷ്ട്രീയ നീക്കങ്ങളും നടത്തി. മ്യഗങ്ങളെ കൊണ്ട് സാമയെ പൊതുശത്രുവും തീവ്രവാദിയും ഭീകരവാദി നേതാവുമായി പ്രഖ്യാപിപ്പിച്ചു. എലിമടകള്‍ക്കു മുന്നിലെല്ലാം ബാമ തന്റെ സൈന്യങ്ങളെ നിയോഗിച്ചു. ഭൂമിക്കടിയില്‍ നിന്നും പുറത്തു വരാനായില്ലെങ്കിലും സാമയും സംഘവും അധോലോകത്ത് പുതിയ നീക്കങ്ങള്‍ തുടങ്ങി. ബാമയെ ഒതുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവര്‍ കൂടിയാലോചിച്ചു. ബാമയുടെയും സംഘത്തിന്റെയും ദ്യഷ്ടികളില്‍ പെടാതെ അധോലോകത്ത് അവര്‍ പുതിയ പാതകളും സങ്കേതങ്ങളും സ്യഷ്ടിച്ചു.
അവസാനം സാമയുടെ ആ നീക്കം വിജയം കണ്ടു. ബാമയോ സൈന്യമോ അറിയാതെ ബാമയുടെ താവളത്തിലേക്കുണ്ടാക്കിയ പാതകളിലൂടെ കടന്നു ചെന്ന അവര്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാമയുടെ മൂക്ക് കടിച്ചു പറിച്ചു. മൂക്കു പൊട്ടിയ ബാമ ആശുപത്രിയിലായി. ഓപ്പറേഷന്‍ ചെയ്തു ജീവന്‍ നിലനിര്‍ത്തിയെങ്കിലും ബാമയുടെ മുഖം വിക്യതമായി. മൂക്കില്ലാത്ത മുഖവുമായി നടക്കുന്ന മുറിമൂക്കന്‍ രാജാവിന്റെ അവസ്ഥയില്‍ കാട്ടിലെ മ്യഗങ്ങള്‍ ഉള്ളില്‍ സന്തോഷിച്ചെങ്കിലും പുറമെ അവര്‍ ദു:ഖം അഭിനയിച്ച് സാമക്കെതിരെ ഭീകരവാദ വിരുദ്ധ പ്രസ്താവനകളിറക്കി.
ആശുപതി വിട്ട ബാമ സാമക്കെതിരെ കൂടുതല്‍ കടുത്ത നീക്കങ്ങള്‍ ആരംഭിച്ചു. കാണുന്ന എലികളെയെല്ലാം കൊല്ലാന്‍ ഓര്‍ഡര്‍ നല്‍കി. സാമയെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. എലിമടകള്‍ മണ്ണിട്ടു മൂടി. കാട്ടില്‍ കൂടുതല്‍ എലിക്കെണികള്‍ സ്ഥാപിച്ചു. നിരപരാധികളായ എലികളും നിരവധി മറ്റു മ്യഗങ്ങളും കൊല്ലപ്പെട്ടു. സാമയും സംഘവും കൂടുതല്‍ അകത്തോട്ടു വലിഞ്ഞു. ഭൂമിക്കടിയില്‍ വ്യത്യസ്ത ഒളിസങ്കേതങ്ങളില്‍ മാറി മാറി അവര്‍ താമസിച്ചു.
സാമയെ നിരീക്ഷിക്കാന്‍ ബാമ കൂടുതല്‍ സംവിധാനങ്ങളൊരുക്കി. തന്റെ പണവും, സമയവും, സൈന്യവുമെല്ലാം ഉപയോഗിച്ചിട്ടും ഒരു എലിയെ പിടിക്കാനാവാതെ നിരാശനായ ബാമയെ മ്യഗങ്ങള്‍ പലരും കളിയാക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പത്തിനു ശേഷം അവസാനം അതു സംഭവിച്ചു. ബാമ നിയോഗിച്ച ഒരു സംഘം അതിരഹസ്യമായി സാമയുടെ സങ്കേതം കണ്ടെത്തി. മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ അവര്‍ സാമയെയും കൂടെയുണ്ടായിരുന്നവരെയും കൊന്നു. ശവങ്ങള്‍ തോട്ടിലെറിഞ്ഞു.
കാടിന്റെ വിജയം, മ്യഗലോകത്തിന്റെ വിജയം എന്നൊക്കെ ബാമ പ്രസ്താവിച്ചെങ്കിലും കാട്ടിലെ മ്യഗങ്ങള്‍ പലരും സംശയത്തിലാണ്. ബാമ സാമയെ പിടിച്ചു എന്ന് പലരും വിശ്വസിക്കുന്നില്ല. പിടിച്ചെങ്കില്‍ ആ ശവം ആരെയും കാണിക്കാതെ എന്തിനു തോ‍ട്ടിലെറിഞ്ഞുവെന്നതാണവരുടെ ചോദ്യം. ഇല്ലം ചുട്ടിട്ടായാലും എലിയെ പിടിച്ച പുലിയുടെ ‘വിജയം’ കാട്ടിലെ പുലികള്‍ കാര്യമായി തന്നെ ആഘോഷിക്കുന്നുണ്ട്.

Sunday, April 17, 2011

കടല വ്യവസായം സമഗ്രതയും നിലപാടും

മാനു സാഹിബ് തന്റെ മക്കള്‍ക്ക് കടല നിഷിദ്ധമാക്കിയത് വ്യക്തമായ ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു.കടലക്കച്ചവടക്കാര്‍ പലരും അസാന്മാര്‍ഗ്ഗിക ജീവിതം നയിക്കുന്നവരും അവിഹിതമായി പണവും കടലയും സമ്പാദിക്കുന്നവരുമാണെന്നതിനുപുറമെ കടലമാഫിയകളുടെ കുതികാല്‍ വെട്ടും പടലപ്പിണക്കങ്ങളുമെല്ലാം അദ്ദേഹത്തെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചു. അതിലെല്ലാമുപരി തന്നെപ്പോലെ പലരുടെയുംആമാശയത്തില്‍ ഉല്‍ഭൂദമാവുന്ന ഒരു തരം ഗ്യാസ് പലപ്പോഴും വയറില്‍ അസ്വസ്ഥത സ്യഷ്ടിക്കുകയും ഇടിമുഴക്കങ്ങള്‍ക്കും ന്യൂനമര്‍ദ്ദങ്ങള്‍ക്കും വഴിവെക്കുകയും ചെയ്യുന്നതിന്റെ കാരണം തങ്ങള്‍ സ്ഥിരമായി കൊറിച്ചിരുന്ന കടലകളാണെന്ന നിഗമനം കൂടുതല്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ തന്നെ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മാനു സാഹിബിന്റെ ആശയങ്ങളില്‍ ആക്യഷ്‌ടരായ പലരും അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു കൂടെക്കൂടി. തങ്ങളുടെ നിലപാടുകള്‍ ‘ആദര്‍ശ’മാക്കി സ്വീകരിച്ച അവര്‍ സംഘടിച്ച് ‘കടലവര്‍ജ്ജക സംഘം’ രൂപീകരിച്ചു. കടല നിഷിദ്ധമാണെന്നു മാത്രമല്ല, കടല കൊറിക്കുന്നവരും, കച്ചവടം ചെയ്യുന്നവരും നിഷേധികളും കപടന്മാരുമാണെന്നു വരെ ചിലര്‍ പ്രസ്താവിച്ചു.
നാട്ടില്‍ ഉത്സവങ്ങള്‍ പലതും നടന്നു. കടലമാഫിയ കച്ചവടം പൊടിപൊടിച്ചു. ചെറിയൊരു ന്യൂന പക്ഷമാണെങ്കിലും വലിയ ശബ്‌ദത്തോടെ കടല വര്‍ജ്ജക സംഘവും സാനിദ്ധ്യം അറിയിച്ചുകൊണ്ടിരുന്നു. കടലയുടെ കാര്യത്തില്‍ പ്രത്യേകം സംഘടിക്കാത്ത ഭൂരിപക്ഷം ‘നിലപാട്’ ഇല്ലാത്തവരും ജീവിതപദ്ധതിയുടെ
'സമഗ്രത’ നഷ്ടപ്പെട്ടവരുമാണെന്നവര്‍ തുറന്നടിച്ചു. അത്പലപ്പോഴും കോലായി ചര്‍ച്ചകള്‍ക്കും, കോഴികൊത്ത് സംവാദങ്ങള്‍ക്കും വഴിവെച്ചു. ഭൂരിപക്ഷവും പലപ്പോഴായി അവരുടെ നിലപാടുകള്‍ പ്രഖ്യാപിച്ചു. ‘കടല വറുക്കുമ്പോള്‍ കൈ പൊള്ളാതെ നോക്കണം, കടല കരിയാതെ ശ്രദ്ധിക്കണം, കടല കൊറിക്കുന്നവര്‍ വയറിന്റെയും ആരോഗ്യത്തിന്റെയും കാര്യം നോക്കണം, അവിഹിതമായി സമ്പാദിക്കുകയോ ചിലവഴിക്കുകയോ ചെയ്യരുത് തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഏത് കടലയും കൊറിക്കുകയോ കച്ചവടം ചെയ്യുകയോ ആവാമെന്നായിരുന്നു അവരുടെ നിലപാട്.
ഉത്സവങ്ങളില്‍ പങ്കെടുക്കുകയും അങ്ങാടികളിലിറങ്ങുകയും ചെയ്യുന്ന കടല വര്‍ജ്ജകസംഘത്തിലെ അംഗങ്ങള്‍ക്ക് പലപ്പോഴും അവരുടെ ‘ആദര്‍ശം’ പാലിക്കാനാവാതെ വന്നു. കടലവറുക്കുമ്പോഴും മറ്റുള്ളവര്‍ കൊറിക്കുമ്പോഴും നിലത്ത് വീഴുന്ന കടലമണികള്‍ ആരെയും കാണാതെ കൊറിച്ചും, ആരും കാണാതെ കടല വാങ്ങി വിഴുങ്ങിയും അവര്‍ ആദര്‍ശം ലംഘിക്കാന്‍ തുടങ്ങിയപ്പോള്‍ നേതാക്കള്‍ ആത്മ സംഘര്‍ഷത്തിലായി. അവര്‍ കൂടിയാലോചിച്ചു. കടലക്കച്ചവടക്കാരുടെ ജീവിത മൂല്യങ്ങള്‍ തലനാരിഴ പരിശോധനക്ക് വിധേയമാക്കി അവര്‍ വിവിധ ഉത്സവങ്ങളില്‍ വിവിധ കച്ചവടക്കാരുടെ കടലകള്‍ ‘അനുവദനീയ’മാക്കി. മാനു സാഹിബ് 'നിഷിദ്ധ’മാക്കിയതിനെ അനുവദിനീയമാക്കിയതില്‍ പ്രതിഷേധിച്ച് ചിലര്‍ കടല വര്‍ജ്ജകസംഘത്തില്‍ നിന്നും രാജിവെച്ചു.
കാലം കടന്നു പോയി. കടല മാഫിയകളുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട വര്‍ജ്ജക സംഘത്തിലെ പുതിയ നേതാക്കള്‍ക്ക് കടല കൊറിക്കുന്നതിലേറെ കച്ചവടം ചെയ്യാന്‍ മോഹമുദിച്ചു. വര്‍ജ്ജക സംഘത്തിനു കീഴില്‍ അവര്‍ കടല ഗവേഷണ സംഘം രൂപീകരിച്ചു. തൊട്ടടുത്ത ഉത്സവത്തിനു മുന്നോടിയായി വര്‍ജ്ജക സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പൊതുജനങ്ങളില്‍ നിന്നും ചിലരെയൊക്കെ ഉള്‍പ്പെടുത്തി ‘കടല ജനകീയ മുന്നണി'ക്ക് രൂപം നല്‍കി. ഉത്സവത്തില്‍ ഒരു വിപ്ലവം സ്യഷ്ടിക്കുമെന്നും തങ്ങള്‍ സ്വന്തമായി കടല വില്‍ക്കുമെന്നും ആളുകള്‍ തങ്ങളില്‍ നിന്നും കടല വാങ്ങി സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
കടല വര്‍ജ്ജിക്കാന്‍ വേണ്ടി പാ‍ര്‍ട്ടിയുണ്ടാക്കിയവര്‍ കടലക്കച്ചവടം ചെയ്യുന്ന വൈരുദ്ധ്യത്തില്‍ ജനം ഊറിച്ചിരിച്ചു. കടല മാഫിയകളും പൊതുജനങ്ങളും ഇവരെ അവഗണിച്ചു. പലയിടത്തും അവരെ ആട്ടിയോടിച്ചു. ചിലയിടത്ത് വളഞ്ഞിട്ടു തല്ലി. കടല വറുത്ത് പരിജയമില്ലാത്തവര്‍ പലരും വറുത്ത കടലകള്‍ കരിഞ്ഞു. ചട്ടികളിലിട്ട് ഇളക്കുന്ന കടലകള്‍ പലപ്പോഴും ചട്ടിക്കു പുറത്തേക്ക് തെറിച്ചു. പുതിയ കടല കച്ചവടം പരീക്ഷണ ഓട്ടത്തില്‍ തന്നെ എട്ടു നിലയില്‍ പൊട്ടി. ജനകീയം പിരിച്ചു വിട്ടു. മാനു സാഹിബിനെ തള്ളിയതിന്റെ ഗുരുത്വക്കേടാണെന്ന് രാജിവെച്ചവര്‍ പ്രസ്താവിച്ചു. വൈരുദ്ധ്യത്തിന് കയ്യും കാലുംവെച്ചവരാണെന്ന് പൊതുജനം പറയാന്‍ തുടങ്ങി. നേത്യത്വത്തിനെതിരെ വര്‍ജ്ജകസംഘത്തിനകത്തു നിന്നും പ്രതിഷേധങ്ങള്‍ ഉയരാന്‍ തുടങ്ങി. നേത്യത്വത്തെ അനുകരിക്കുന്നവര്‍ ‘വൈരുധ്യത്തില്‍’ തന്നെ ഉറച്ചു നിന്നു. തങ്ങള്‍ ആദ്യം പറഞ്ഞതും, ഇപ്പോള്‍ പറയുന്നതും, ഇനി പറയാന്‍ പോകുന്നതും തന്നെയാണ് ശരിയെന്നും തങ്ങളല്ലാത്തവരൊ
ക്കെ ‘സമഗ്രത’ നഷ്‌ടപ്പെട്ടവരുമാണെന്നവര്‍ ആവര്‍ത്തിച്ചു.
ഉത്സവം വീണ്ടും വന്നു. കടലവര്‍ജ്ജക സംഘത്തില്‍ കൂടിയാലോചനകളും ഗൂഡാലോചനകളും നടന്നു. തീരുമാനത്തിലെത്താനാവാതെ നേത്യത്വം കുഴഞ്ഞു. കടല മാഫിയയുമായി ഗൂഡാലോചന നടത്തിയ ഒരു സംഘം നേതാക്കള്‍ കഴിഞ്ഞ ഉല്‍സവത്തില്‍ തങ്ങളെ തല്ലിച്ചതച്ചവര്‍ക്ക് തന്നെ ഫ്രീയായി തങ്ങളുടെ കസ്റ്റമേഴ്സിനെ വില്‍ക്കാന്‍ തീരുമാനിച്ചു. മാനുസാഹിബിന്റെ ആദര്‍ശവുമായി പുതിയ ആദര്‍ശത്തെ ചേരും പടി ചേര്‍ക്കാനാവാതെ ചില നേതാക്കള്‍ വീണ്ടും രാജിവെച്ചു, പത്ര സമ്മേളനം നടത്തി. ഉത്സവം തൊട്ടരികിലെത്തിയിട്ടും ‘നിലപാട്’ പറയാനാവാതെ വര്‍ജ്ജകസംഘം ആടിയുലഞ്ഞു. ഗത്യന്തരമില്ലാതെ ഉല്‍സവത്തിനു തലേ ദിവസം ഒരു കത്തിലൂടെ തങ്ങളുടെ ‘ഗതികേട്’ പ്രസ്താവിച്ചു. ഗൂഡാലോചനയുടെ അടിസ്ഥാനത്തില്‍ തങ്ങളെ തല്ലിയ കടലമാഫിയക്ക് തന്നെ വലിയൊരു പങ്ക് കൊടുത്തു. രാജി തുടരാതിരിക്കാന്‍ അല്പം മറ്റു കച്ചവടക്കാര്‍ക്കും കൊടുത്തു. മാനു സാഹിബിന്റെ സ്‌മരണാര്‍ത്ഥം ഒരിടത്ത് ‘നിഷിദ്ദം’ നിലനിര്‍ത്തി.
പുതിയ സമവാക്യം മനസ്സിലാവാതെ പൊതുജനം കളിയാക്കി. മനസ്സിലാക്കിക്കൊടുക്കാനാവാതെ സമ്മര്‍ദ്ദത്തിലായ വര്‍ജ്ജക സംഘം അച്ചടി ഭാഷയില്‍ പത്രക്കുറിപ്പിറക്കി. “കടലയെന്ന പ്രതിഭാസത്തിന്റെ അനിവാര്യതയില്‍ നിന്നും ഉല്‍ഭൂതമായ വാഞ്ജയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രായോഗികതയും കടലയുണ്ടാക്കുന്ന അസ്‌ക്യതയില്‍നിന്നും ഉല്‍ഭവിച്ച തത്വശാസ്ത്രവും സന്ദിപ്പിക്കാന്‍ കൂടിയാലോചിച്ച ഞങ്ങള്‍ കടലബിസിനസ്സിന്റെ അപോസ്തലന്മാരുടെ കൂടെക്കൂടിയതിലെ അസൂയയാണെന്ന് മനസ്സിലാക്കി അവഗണിക്കുകയാണ്...”.
ഉത്സവം എന്ന് കേള്‍ക്കുന്നത് തന്നെ ഇപ്പോള്‍ വര്‍ജ്ജക സംഘ
ത്തിനു പേടിയാണ്. എന്നാല്‍ എല്ലാം അവഗണിച്ച് ‘കടലക്കമ്പനി’ രൂപീകരിക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്. കാര്യമായ സ്വാധീനമില്ലാത്തവരായതിനാല്‍ കടലമാഫിയ ഇവരെ അവഗണിക്കുകയാണ്. എന്നാല്‍ ഏതെങ്കിലുമൊരു മാഫിയയുടെ സഹായമില്ലാതെ തങ്ങളുടെ ബിസിനസ് ക്ലിക്ക് ആവില്ലെന്നു മനസ്സിലാക്കി ആട്ടും തുപ്പും സഹിച്ചായാലും മാഫിയക്കാരുടെ കാലില്‍ വീണു കിടപ്പാണ് ‘കടല വര്‍ജ്ജക സംഘം’. കടലേയ്... കടലാ, കടല, കടല കടലാ‍... !

Monday, February 21, 2011

ലക്കോട്ടില്‍ പൊലിഞ്ഞ സ്വപ്നങ്ങള്‍

കല്യാണത്തിനിനി ഒരു മാസം തികച്ചില്ല. രണ്ടു മുറ്റവും, വീടിനു പിന്നിലെ തൊടിയും നിറയെ പന്തലിടാനാവശ്യമുള്ള തടുക്കിന്റെ പകുതി പോലും മെടഞ്ഞു തീര്‍ന്നിട്ടില്ല. പതിനഞ്ചു ദിവസത്തിലേറെയായി ആമിത്താത്ത ഓല മെടയുന്ന തിരക്കിലാണ്. രണ്ടു ദിവസമെങ്കിലും ഒന്നു സഹായിക്കാന്‍ ആ പാറുക്കുട്ടിയെ ഒന്നു കൂലിക്ക് വിളിച്ചെങ്കില്‍, അതിനും വേണ്ടേ കാശ് ? മുമ്പൊക്കെ കുറച്ച് അരിയോ, പഴയ വസ്ത്രങ്ങളോ ഒക്കെ കൊടുത്താല്‍ തന്നെ അവരൊക്കെ വന്നു ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ചുരുങ്ങിയത് ഒരു ദിവസത്തേക്ക് അമ്പത് രൂപയെങ്കിലും വേണം. സ്ത്രീധനം കൊടുക്കാന്‍ തന്നെ നാട്ടിലെ പ്രമാണിമാരോടൊക്കെ ഏറെ കടം വാങ്ങിയതാണ്.
ഇനി കല്യാണ ദിവസം ലക്കോട്ടിലൂടെ കിട്ടുന്ന പണത്തിലാണ് എല്ലാ പ്രതീക്ഷയും.
ലക്കോട്ട് കുറെ കിട്ടണമെങ്കില്‍ കൂടുതല്‍ പേരെ കല്യാണത്തിനു വിളിക്കണം. അതിനു കുറെ ഭക്ഷണം ഒരുക്കണം. വലിയ പന്തല് വേണം. മുപ്പത് രൂപ കവറിലിട്ട് തരുന്നവരുടെ വീട്ടില്‍ നിന്നും വരും നാലഞ്ച് പേര്‍ കല്യാണത്തിന്. ഇവരുടെ ഭക്ഷണച്ചിലവ് കഴിച്ച് ബാക്കി വരുന്നത് എത്രയാ ഉണ്ടാവുക. ആഭരണക്കട തൊട്ട് പലചരക്ക് കട വരെ കടത്തിന്റെ ഒരു ജാഥ തന്നെ വീട്ടാനുണ്ടാവും.
അയല്പക്കത്തെ പത്മിനിയും, മാളുത്താത്തയും കൂടി സഹായിച്ചതോടെ പന്തലിനു വേണ്ട മുക്കാല്‍ ഭാഗം തടുക്ക് റെഡിയായി. കല്യാണത്തിനിനി ഇരുപത് ദിവസം. അടുത്ത വീട്ടിലെ കുഞ്ഞാപ്പുവിനെ വിളിച്ച് അവറാന്ക്ക; “കുഞ്ഞാപ്പോ, മറ്റേന്നാള് ഞമ്മക്ക് പന്തല്പണി തൊടങ്ങണം, ഇജ്ജ് കുണ്ടന്മാരെയൊക്കെ കൂട്ടി രാവിലെ തന്നെ ബരണം“.
കുഞ്ഞാപ്പുവും കൂട്ടരും രാവിലെ തന്നെയെത്തി, പാടത്തെ തലപോയ കമുങ്ങ് മൂന്നെണ്ണത്തിനു പുറമെ പ്രായം കൂടിയ രണ്ടെണ്ണം കൂടി മുറിച്ചു. അലവി ഹാജിന്റെ പാടത്ത് നിന്നും അല്പം വാഴനാട്ടയും കൊണ്ടുവന്നു. കമുങ്ങുകളൊക്കെ അളവ് കണക്കാക്കി മുറിച്ചു, അലകിനു വേണ്ടത് പൊളിച്ച് ശരിയാക്കി. ആമിത്താത്ത തയ്യാറാക്കിയ കപ്പ പുഴുങ്ങിയതും, ചമ്മന്തിയും, കട്ടന്‍ ചായയും കുടിച്ച് അന്നത്തെ പന്തല്‍ പണി അവസാനിപ്പിച്ചു.
പിറ്റേന്ന് രാവിലെ തന്നെ പന്തല്‍ പണിക്കാറ് റെഡി. ഇന്ന് നാല് പേരു കൂടി കൂടുതലായുണ്ട്. അവറാന്ക്ക നിറ്ദ്ദേശങ്ങള്‍ കൊടുക്കാന് തുടങ്ങി; “അലവി ഹാജീന്റെ മൊള കൊണ്ട് ഞമ്മക്ക് തൊടിയിലെ പന്തല് ഇടാം. മുറ്റത്ത് ഞമ്മളെ കമുങ്ങ് കൊണ്ടു തന്നെയായാല്‍ ബേഗം പൊളിക്കേണ്ടല്ലോ?“. പതിനഞ്ചിലേറെ ആളുകളുണ്ട്. ഉച്ചയോടെ തൊടിയിലെ പന്തല്‍ റെഡി. ഭക്ഷണം വിളമ്പാനുള്ള പന്തലായത് കൊണ്ട് അല്പം പരുക്കന്‍ ആയാലും കുഴപ്പമില്ല. എന്നാല്‍ മുറ്റത്തെ പന്തല്‍ അങ്ങനെയൊന്നും പോര. കമുങ്ങ് കൊണ്ട് തന്നെ കാല് വേണം. വെയില്‍ അല്പം പോലും അകത്ത് കടക്കാതെ ഇടതൂര്‍ത്ത് തടുക്കുകളിടണം. ആണുങ്ങളെയും പെണ്ണുങ്ങളെയും വേര്‍തിരിക്കാനുള ഭാഗം പ്രത്യേകം മറച്ച് വാതിലും കര്‍ട്ടണും വെക്കണം. മുറ്റത്തിന്റെ അരികുകളൊക്കെ പകുതി ഉയരം മറക്കണം. ഈന്തിന്‍ പട്ട കൊണ്ട് ഗേറ്റ് വേണം. സര്‍ബത്ത് കലക്കാനും, കുപ്പിയിലാക്കാനുമുള്ള ഭാഗം വേര്‍ തിരിച്ച് മറച്ച് പ്രത്യേകം കൌണ്ടര്‍ തിരിക്കണം. തടുക്ക് കൊണ്ട് തന്നെ മറച്ച മൂത്രപ്പുര ഉണ്ടാക്കണം.

ഇന്നും കപ്പ പുഴുങ്ങിയത് കൊടുക്കുന്നത് മൊശമാണെന്നു കരുതിയ ആമിത്താത്ത കഞ്ഞിയും ചമ്മന്തിയുമാണ് തയ്യാറാക്കിയത്. കഞ്ഞി കുടിക്കുന്നതിനിടെ കുഞ്ഞാപ്പൂന്റെ കമന്റ്, “പന്തല്‍ പണി ബൌസാകണെങ്കില് നാളെ കൊറച്ച് അവില് കൊഴച്ചതോ, കഞ്ഞീക്ക് ചമ്മന്തിക്ക് പൊറമെ ഉണക്ക മീനോ ഒക്കെ ഉണ്ടായിക്കോട്ടെ, ഇല്ലെന്കില്‍ ഇപ്പത്തെ ചെക്കമ്മാരെ ഈ പണിക്ക് വല്ലാതെ കിട്ടൂല…” ഉള്ളിലെ വിഷമം ഒതുക്കി വെച്ച് കൊണ്ട് പുറത്തെ ചിരി കുറക്കാതെ അവറാന്ക്ക; “പന്തപ്പണി മാത്രല്ല, കല്യാണം മൊത്തം ബൌസാക്കണം, അയിന് എന്താ വേണ്ട്യേത് ന്ന് ഇജ് പറഞ്ഞാ മതി”. അന്നത്തെ പന്തല്‍ പണി കഴിഞ്ഞ് പോകുമ്പോള്‍ ആരെയും കാണാതെ അഞ്ച് രൂപ കുഞ്ഞാപ്പൂന്റെ പോക്കറ്റില്‍ തിരുകാനും അവറാന്ക്ക മറന്നില്ല; “ഇജ് ബീഡി വാങ്ങിക്കോ, രണ്ടീസോം കൂടി ഇങ്ങള് എല്ലാരും കൂടി വന്നാലേ പന്തല് പണി തീരൂ”.
കല്യാണം കഴിയുന്നത് വരെ ഇനി വീട്ടില്‍ പലരും വരാനുണ്ടാവും. പഞ്ചസാര, ചായകടി, അരി ഇതിനൊന്നുമിനി കണക്കില്ലാത്ത ചിലവാണ്. ഇപ്പോള്‍ തന്നെ പലചരക്ക് കടയിലെ കടം പരിധി വിട്ടിട്ടുണ്ട്. രണ്ടു കിലോ അവിലും കൂടി വാങ്ങി വീട്ടില്‍ പോകാനിറങ്ങിയ അവറാന്ക്കയോട് കടക്കാരന്‍ മായിന്റെ ചോദ്യം; “അല്ല, അവറാനേ, അന്റെ ലക്കോട്ട് വരവ് ഇന്റെ പീടീല്ത്തത് വീട്ടാന്‍ തന്നെ തെകയോ ?”. അവറാന്ക്ക; “ഇജ്ജ് അറം പറ്റ്ണ വാക്കൊന്നും പറയല്ലേ ഇന്റെ മായിനേ”.
ഈന്തിന്‍ പട്ട കൊണ്ടുള്ള മോടി പിടിപ്പിക്കല് ഒഴിച്ച് പന്തലിന്റെ ബാക്കി പണിയെല്ലാം കേമമായി തന്നെ കഴിഞ്ഞു. കല്യാണത്തിനിനി പന്ത്രണ്ട് ദിവസം. അഞ്ച് കിലോ കുമ്മായത്തില് അല്പം നീലം ചേറ്ത്ത് കലക്കി വീടിന്റെ മുന്ഭാഗമൊക്കെയൊന്നു മിനുക്കി. ചന്തയില്‍ നിന്നും മോശമല്ലാത്ത ഒരു പോത്തിനെ തന്നെ കൊണ്ടു വന്നു തെങ്ങില്‍ കെട്ടി. ബന്ധുക്കളും, നാട്ടുകാരും മാറി മാറി വീട് സന്ദര്‍ശിക്കുന്നു. പത്ത് ദിവസം മുമ്പ് തന്നെ ഒരു ആഘോഷത്തിന്റെ പ്രതീതി അവിടെയെങ്ങുമായി.
മണവാട്ടി ജമീലയും കുട്ടുകാരികളും ഒപ്പന പഠിക്കുന്ന തിരക്കിലാണ്. ദിവസവും വൈകുന്നേരം അടുത്തുള്ള മാവിന്‍ ചുവട്ടില്‍ ഒപ്പനയുടെ റിഹേഴ്സല്‍ നടക്കും. അവറാന്ക്ക മാറ്ക്കറ്റില്‍ പോയി ബിരിയാണിക്കുള്ള അരിയും, പച്ചക്കറിയൊഴികെയുള്ള മറ്റു സാധനങ്ങളും കൊണ്ടു വന്നു. അയല്‍വീടുകളിലെ സ്ത്രീകളെല്ലാം ചേര്‍ന്ന്‍ രണ്ടു ദിവസത്തെ അരി പെറുക്കലിലാണ് (അരിയിലെ കല്ല് കളയല്). പൊടിച്ച് വെക്കാനുള്ള മസാല സാധനങ്ങളൊക്കെ തയ്യാറാക്കുന്നു. എടുക്കുന്ന പണിയെ പലപ്പോഴും പരദൂഷണം മറി കടക്കുന്നുണ്ട്.
ഇനി രണ്ടു ദിവസം. സഹായിക്കാനുള്ള ആളുകളുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ആളുകള്‍ വിവിധ ഗ്രൂപ്പുകളായി വിവിധ ജോലികളിലല്‍ മുഴുകിയിരിക്കുന്നു. അവറാന്ക്കക്ക് പുറമെ കുഞ്ഞാപ്പുവും ജോലികളുടെ മേല്‍നോട്ടക്കാരനായി. ഒരു ടീം പള്ളിയിലേക്ക് നീങ്ങി. മേശ. കസേര. ചെമ്പ് എല്ലാം തലച്ചുമടേറ്റി വരുന്നു. മറ്റൊരു വിദഗ്ദ സംഘം ഈന്തിന്‍ പട്ട കൊണ്ട് പന്തല്‍ മോടി പിടിപ്പിക്കുന്നു. അയല്‍ വീടുകളില്‍ നിന്നും കൊണ്ടു വന്ന സാരികള്‍ ഉപയോഗിച്ച് മുന്ഭാഗത്തെ പന്തലിന് സീലിംഗ് ഉണ്ടാക്കുന്നു. സീലിംഗിന്റെ നടുവില്‍ സാരികൊണ്ട് ഞെറിഞ്ഞ് പ്രത്യേക രീതിയില്‍ അലങ്കരിക്കുന്നു. കളര്‍പേപ്പര്‍ കൊണ്ട് മാല (അരങ്ങ്) ഉണ്ടാക്കുന്നു.
തലേദിവസം രാത്രി തന്നെയുണ്ട് കല്യാണത്തിന്റെ പകുതിയോളം ആളുകള്‍. പ്രദേശത്തെ രണ്ടു കടകളില്‍ നിന്നുമായി കടമെടുത്ത ഗ്യാസ് ലൈറ്റ് ആണ് പ്രധാന താരം.
അതില് എണ്ണ നിറക്കാനും, കാറ്റടിക്കാനും, മാന്റില് മാറ്റാനും നല്ല വൈദഗ്ദ്യം തന്നെ വേണം. വെള്ളം കോരാന്‍ മാത്രം രണ്ടു സ്ത്രീകളെ കൂലിക്ക് വെച്ചിട്ടുണ്ട്. അവര്‍ കോരിയിട്ട് തികയാഞ്ഞിട്ട് മറ്റുള്ളവരും സഹായിക്കുന്നു. ഒരു ഭാഗത്ത് മൈലാഞ്ചിയിടല് തക്യതി. മറ്റൊരു ഭാഗത്ത് അറവ്, വട്ടത്തിലിരിന്നുള്ള ഇറച്ചി വെട്ട്, ഒരു പണിയുമെടുക്കാത്ത മടിയന്മാര്‍ രാഷ്ട്രീയം പറഞ്ഞ് സമയം കളയുന്നു. പോത്തിന്റെ ലിവര്‍ വേവിക്കുന്ന തിരക്കിലാണ് മറ്റു ചിലര്‍, ലിവര്‍ പാകമായി ചോറ് വെയിച്ചേ എല്ലാവരും പോകൂ. ബിരിയാണി വെപ്പുകാര്‍ അതിനുള്ള സാധനങ്ങള്‍ തയ്യാറാക്കിയും, ഉള്ളി വെട്ടിയും, കൌശലക്കാരായ കുട്ടികള് തെരുവു പട്ടികളെ എറിഞ്ഞോടിച്ച് അവയുടെ കരച്ചില്‍ കേട്ട് ആനന്ദിക്കുന്നു… കല്യാണ വീട് എല്ലാം കൊണ്ടും ഗംഭീരം.

കല്യാണ ദിവസം, പന്തലിന്റെ ഒരു ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ മൂലയില് സര്‍ബത്ത്, സോഡക്കുപ്പിയില്‍ നിറച്ച് സ്ട്രോ ഇട്ട് കൊടുക്കുന്നു. പ്രധാന പന്തലിന്റെ മധ്യത്തില്‍ വലിയൊരു മേശ. സിഗററ്റ്, ബീഡി, തീപ്പെട്ടി, മുറുക്കാന്‍, ലക്കോട്ട് കവര്‍, കുറിക്കല്യാണ കമ്പി... അന്നത്തെ ന്യൂസ് പേപ്പറുകളൊക്കെ അവിടെയുണ്ട്. മറ്റൊരു ഭാഗത്ത് പ്രധാന മാപ്പിളപ്പാട്ടുകളും, കല്യാണപ്പാട്ടുകളും പാടിച്ചു കൊണ്ട് ഉച്ചഭാഷിണി. ചുറ്റും പാട്ട് പാടാന്‍ അവസരം നോക്കി നടക്കുന്ന കുട്ടികള്‍, ഉച്ചക്ക് ശേഷം പാടാം എന്നു പറഞ്ഞ് സമധാനിപ്പിക്കുന്ന സെറ്റുകാരന്‍. ആളുകള്‍ കുടിച്ചിട്ട സ്ട്രോ സ്വരൂപിക്കുന്നതില്‍ മത്സരിക്കുന്ന കുട്ടികള്‍. വരുന്നവരെ കൈ കൊടുത്തു സ്വീകരിച്ചും, പോകുന്നവരില്‍ നിന്നും കൈമടക്ക് വാങ്ങിച്ചും അവറാന്ക്ക പ്രധാന പന്തലിന്റെ കവാടത്തില്‍ തന്നെയുണ്ട്. കൂട്ടുകാരിയുടെ പുതുക്കസാരി കടം വാങ്ങിയത് ധരിച്ച്, സറ്വ്വാഭരണവിഭൂഷിതയായി സ്ത്രീജനങ്ങളുടെ ആശീറ്വാദം ഏറ്റു വാങ്ങി മണവാട്ടി അകത്തും.
ഭക്ഷണം കഴിക്കുന്നിടത്ത് നല്ല തിരക്കാണ്.
പ്രത്യേകിച്ചും സ്ത്രീകളുടെ ഭാഗത്ത്. ഉച്ചക്ക് ഒരു മണിയോടെ പുതിയാപ്പിള വന്നു. നാല് ജീപ്പിന് പുരുഷന്മാരും ഒരു ജീപ്പില് മണവാട്ടിയെ കൊണ്ടു പോകാന് വന്ന സ്ത്രീകളും. അവര്‍ക്ക് ഭക്ഷണം ഇവിടെയാണെന്ന് മുമ്പെ നിശ്ചയിച്ചിട്ടുണ്ട്. നിക്കാഹ് മുമ്പെ കഴിഞ്ഞത് കൊണ്ട് ഭക്ഷണം കഴിച്ച് മൊല്ലാക്കയുടെ വകയൊരു ‘അല് ഫാത്തിഹ’ യും കഴിഞ്ഞ് പുതിയാപ്പിള സംഘം സ്ഥലം വിട്ടു. മണവാട്ടിയെ തേടി വന്നവര്‍ അവളെ അണിയിച്ചൊരുക്കി പന്തലിലേക്കിറക്കി. ഒപ്പന സംഘം തിമറ്ത്ത് കളിച്ചു.
വീട്ടുകാരോട് സലാം പറഞ്ഞ് നിറമിഴികളോടെ പുള്ളിക്കുടക്കിഴില്‍ മണവാട്ടി യാത്രയായി.
പുതുക്കത്തിന് നാല് ജീപ്പ് ഉണ്ട്. വീട്ടുകാര്‍ പ്രത്യേകം ക്ഷണിച്ചവര്‍ തന്നെയുണ്ട് അഞ്ചു ജീപ്പിനുള്ള ആളുകള്‍. ഇളക്കിയാല്‍ ഇളകാതെ അട്ട പിടിച്ച പോലെ ജീപ്പില്‍ നേരത്തെ കയറിക്കൂടിയ കുട്ടികള്‍ പുറമെയാണ്. ക്ഷണിച്ചില്ലേലും കേറിക്കൂടുന്ന മുതിര്‍ന്നവരോട് നീ കയറണ്ട എന്ന് പറയാന്‍ മടിയുമാണ്. മൊത്തത്തില്‍ അകത്തുള്ളതിനേക്കാള് ആളുകളെ പുറത്ത് നിറച്ചു നാല് ജീപ്പുകളും. ദൂരെ നിന്നു നോക്കിയാല്‍ ജീപ്പ് കാണില്ല. കുറെ ആള്ക്കൂട്ടം ഓടിപ്പോവുന്ന പോലെ തോന്നും. പുറപ്പെടുമ്പോഴുള്ള ആവേശം നിലനില്ക്കാത്ത ചിലര്‍ അടുത്തിരിക്കുന്നവരുടെ തലയിലൂടെയും, വസ്ത്രത്തിലൂടെയും ചര്‍ദ്ദിച്ച് പുതുക്കം വിജയിപ്പിച്ചു.
കല്യാണം കഴിഞ്ഞു. രാത്രിയായതോടെ ലക്കോട്ട് പൊളിച്ച് എണ്ണുന്ന തിരക്കിലാണ് അവറാന്ക്ക. ശാരീരിക ക്ഷിണത്തോടൊപ്പം മകള്‍ കൂടെയില്ലാത്ത വിഷമത്തില്‍ തളര്‍ന്ന ആമിത്താത്ത മയക്കത്തിലായി. ലക്കോട്ട് കവറല്‍ല് പേരെഴുതിയവരുടെ കണക്ക് ക്യത്യമായി സൂക്ഷിക്കണം. അവരുടെ വീട്ടില്‍ കല്യാണമോ കുറിക്കല്യാണമോ ഉണ്ടാവുമ്പോള്‍ ഇങ്ങോട്ട് തന്നതിലേറെ വല്ലതും ചേര്‍ത്ത്‌ തിരിച്ച് കൊടുക്കണമെന്നാണ് നിയമം. കുറിക്കല്യാണ കമ്പി വിദഗ്ദന്‍ അടുത്ത വീട്ടിലെ ജാഫറാണ് സഹായത്തിന്. ബുക്കില്‍ ഓരോ പേജ് തികയുമ്പോഴും മൊത്തം സംഖ്യ കൂട്ടിയിടുന്നുണ്ട്. ഓരോ പേജ് നിറയുമ്പോഴും അവറാന്ക്ക പ്രതീക്ഷയോടെ മൊത്തം സംഖ്യ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ചിന്തകള്‍, മുതിര്‍ന്ന്‍ വരുന്ന ബാക്കി രണ്ട് പെണ്മക്കളെ കെട്ടിക്കുന്ന കടമ്പകളിലൂടെയൊക്കെ കടന്നു പോയി. ഒരു മാസത്തില്‍ ഏറെയുള്ള പരിശ്രമവും ഉറക്കമൊഴിവാക്കിയ രാവുകളും ശാരീരികമായി അയാളെ തളറ്ത്തിയിട്ടുണ്ടെങ്കിലും നേരം പുലര്‍ന്നാല്‍ തന്നെ കാത്തിരിക്കുന്ന കടങ്ങളുടെ കണക്കുകള്‍ക്ക്‌ മുമ്പില് എല്ലാം മറക്കാന്‍ ശ്രമിച്ചു.
ലക്കോട്ട് കവറുകള്‍ പൊട്ടിച്ച് തീരാറായി. കുറിക്കല്യാണ കമ്പിയിലേക്കും കടങ്ങളുടെ ലിസ്റ്റിലേക്കും അവറാന്ക്ക മാറി മാറി നോക്കുന്നുണ്ട്. നേരം പുലര്‍ന്നാല്‍ അഭിമുഖീകരിക്കേണ്ട പ്രമാണിമാരുടെയും, കടയുടമകളുടെയും മുഖങ്ങള്‍ കണ്മുന്നില്‍ മിന്നി മറയുന്നു. ജാഫര്‍ അവസാനമായി കൂട്ടിയിട്ടതും തന്റെ കയ്യിലുള്ള കടത്തിന്റെ ലിസ്റ്റും തമ്മില്‍ അജഗജാന്തരമുണ്ട്. ഒരു പേജിലേക്കും കൂടി എഴുതാന്‍ മാത്രം ലക്കോട്ടുകളേ ഇനി ബാക്കിയുള്ളൂ. പുറത്തെ ഇരുട്ടിനേയും അതിജയിക്കുമാറ് തന്റെ കണ്ണില്‍ ഇരുട്ട് കേറുന്നതായി അവറാന്ക്കക്ക് ബോധ്യമായി. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ പോലും ഇനി താന്‍ രക്ഷപ്പെടില്ല. അവസാനത്തെ പേജിലെ മൊത്ത സംഖ്യ നോക്കാന്‍ മാത്രം കരുത്ത് അയാളുടെ കണ്ണുകള്‍ണ്ടായിരുന്നില്ല. കണ്ണില്‍ കേറിയ ഇരുട്ട് ശരീരത്തെ തന്നെ ഉറക്കിലാഴ്ത്തി. അഗാധ നിദ്ര!

Saturday, February 5, 2011

ബ്ലാക്ക് മെയില്‍

കിച്ചുമോന്‍ സ്കൂളില്‍ പഠിക്കുന്ന കാലം. ഉപ്പ ഗള്‍ഫില്‍ നിന്നയക്കുന്ന കാശില്‍ നിന്നും ഉമ്മയെ സ്വാധീനിച്ച് അടിച്ചു മാറ്റിക്കൊണ്ടുവരുന്ന കാശുകൊണ്ട് സുഹ്യത്തുക്കള്‍ക്കൊക്കെ മിഠായിയും ഐസ്ക്രീമും മറ്റും വാങ്ങിക്കൊടുക്കും. വീട്ടില്‍ നിന്നും നയാപൈസ ഇറങ്ങാനില്ലാത്ത സഹപാഠികള്‍ക്ക് ഇതൊരു ആശ്വാസമായി. അവന്റെ തന്നെ ബന്ധുവായ അരക്കാശിനു വകയില്ലാത്ത സുഹ്യത്ത് ചീരുമോന്‍ ഇവന്റെ അരികു പറ്റി വിലസാന്‍ തുടങ്ങി. ക്ലാസില്‍ ക്യത്യമായി വരികയോ, പഠിക്കുകയോ ചെയ്യാത്ത ചീരു വൈകാതെ കിച്ചുവിന്റെ പിഎ യായി പിന്നില്‍ നടക്കാന്‍ തുടങ്ങിയത് കിച്ചുവിനും ഒരു ഹരമായി. കിച്ചുവിന്റെ സൈക്കിളില്‍ കാറ്റ് നിറക്കുന്നതും, കയറ്റത്തില്‍ ഉന്തിക്കൊടുക്കുന്നതും, പലപ്പോഴും ഭാരമുള്ള ബേഗ് ചുമക്കുന്നതുമൊക്കെ ചീരുവായിരുന്നു. മിഠായിക്കും ഐസ്ക്രീമിനുമുപരിയായി കിച്ചു പലപ്പോഴും കനമുള്ള നോട്ടുകള്‍ തന്നെ ചീരുവിനു കൊടുക്കാന്‍ തുടങ്ങി.