(മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം എന്ന വിഷയത്തില്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ലേഖന മത്സരത്തില്‍ ഞാന്‍ സമര്‍പ്പിച്ച പ്രബന്ധം. നാലാം സ്ഥാനത്തിന് അര്‍ഹമായി)
ആധുനിക കാലഘട്ടം വിയോജിപ്പുകളെ വിരോധങ്ങളായി കാണുകയും പകയിലേക്കും വൈരാഗ്യങ്ങളിലേക്കും കലാപങ്ങളിലേക്കും നീങ്ങുകയും ചെയ്യുന്ന ഒരു കാലാമായി രിക്കുന്നു. മതം, ജാതി, വര്‍ണ്ണം, വര്‍ഗ്ഗം, വിശ്വാസം, നാട്, ആഹാരം, വേഷം, ജോലി, ചിന്ത, ആചാരങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അസഹിഷ്ണുക്കളായി മനുഷ്യര്‍ മാറിക്കൊണ്ടിരിക്കുന്നു. വിശ്വാസങ്ങളും, ആചാരങ്ങളും അടിച്ചേല്‍പിക്കപ്പെടുന്നതിനും അനുസരിക്കാത്തവരെ ഇല്ലായ്മ ചെയ്യുന്നതിനും മനുഷ്യര്‍ക്ക് മടിയില്ലാതായിരിക്കുന്നു. തീവ്രവാദവും, വര്‍ഗീയതയും, വംശീയതയും ഗ്രാമപ്രദേശങ്ങളില്‍ പോലും അസമാധാനം വിതക്കുന്നു. ഭക്ഷണത്തിന്‍റെ പേരിലും വസ്ത്രത്തിന്‍റെ പേരിലും അതിക്രൂരമായ കൊലപാതകങ്ങള്‍ നിത്യവാര്‍ത്തയായി മാറുന്നു. ഭീകരതക്ക് കാവല്‍ നില്‍ക്കുന്നവരായി ഭരണകൂടങ്ങളും, കോടതികളും മാറിക്കൊണ്ടിരിക്കുന്നു. ചാവേര്‍ സംഘങ്ങളും ആള്‍ക്കൂട്ടങ്ങളും നിയമങ്ങള്‍ കയ്യിലെടുക്കുന്നു.
മതങ്ങളാണ് പ്രശ്നങ്ങളുടെ ഉറവിടം എന്നു പറയുന്നവരുണ്ട്. മതനിരാസമാണ് പരിഹാരമെന്ന് അവര്‍ അവതരിപ്പിക്കുന്നു. എന്നാല്‍ മാനവികമൂല്യങ്ങള്‍ക്ക് മാന്യമായ വിലകല്‍പ്പിക്കാനോ
മനുഷ്യമനസ്സുകള്‍ക്ക് സമാധാനം നല്‍കുവാനോ മതനിരാസപ്രസ്ഥാനങ്ങള്‍ക്കോ ആശയ ങ്ങള്‍ക്കോ സാധിച്ചിട്ടില്ലെന്നുള്ളതിന് ചരിത്രം സാക്ഷിയാണ്.
മതങ്ങള്‍ ഒന്നും തന്നെ മറ്റു മതസ്ഥരോട് അന്യായം പ്രവര്‍ത്തിക്കാന്‍ കല്‍പ്പിക്കുന്നില്ല. വിവിധ മതസ്ഥര്‍ക്കിടയിലുള്ള സഹവര്‍ത്തിത്വത്തിന് ഒരു മതത്തിന്‍റെയും പ്രമാണങ്ങള്‍ എതിരാവുന്നുമില്ല. മതമൂല്യങ്ങള്‍ തിരിച്ചറിയാത്ത പുരോഹിതന്മാരും അനുയായികളും കേവലം വേഷഭൂഷാതികളിലും, ചില അടയാളങ്ങളിലും, മതത്തെ ചുരുക്കിക്കെട്ടുകയും വികലമായി അവതരിപ്പിക്കുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുക വഴി മതങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്യുന്നത്.
ഇഷ്ടമുള്ള മതവും വിശ്വാസവും സ്വീകരിക്കുവാനും അതനുസരിച്ച് ജീവിക്കുവാനു മുള്ള സ്വതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നതാണ്. മതവിരുദ്ധ ആശയങ്ങള്‍ സ്വീകരിക്കേണ്ടവര്‍ക്ക് അതിനും അവകാശമുണ്ട്. മതമൂല്യങ്ങളെ നിരാകരിക്കുന്ന ആശയപ്രചാരണത്തിന് പോലും ഭരണഘടന തടസ്സമല്ല. എന്നാല്‍, ലോകത്തിന് തന്നെ സമാനതകളില്ലാത്ത മാതൃക തീര്‍ത്ത നമ്മുടെ ജനാധിപത്യ മതേതര രാഷ്ട്രത്തിന്‍റെ സല്‍പ്പേരിന് നിരന്തരമായി കളങ്കങ്ങള്‍ ചാര്‍ത്തപ്പെടുന്നു.
പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്ന മതങ്ങളില്‍ എക്കാലത്തും ഒന്നാം സ്ഥാനത്ത് ഇസ്ലാമും മുസ്ലിംകളും തന്നെയാണ്. ഭീകരവാദം, തീവ്രാവാദം, ജിഹാദ്, നിര്‍ബന്ധ മതപരിവര്‍ത്തനം,
ലൗജിഹാദ് തുടങ്ങി ഇസ്ലാമിനെ തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി അവതരിപ്പിക്കപ്പെടുകയും ചെയ്ത മേഖലകള്‍ നിരവധിയാണ്. സമൂഹത്തിന് ദോഷകരമായ മതമാണ് ഇസ്ലാം എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ഇസ്ലാം വിരോധികള്‍ എക്കാലത്തും കയറിപ്പിടിക്കുന്ന പദമാണ് ഇസ്ലാമിലെ ജിഹാദ്. മുസ്ലിമല്ലാത്തവരെയെല്ലാം വടിവാളിന് വിധേയമാക്കി ഇല്ലാതാക്കുന്ന മുസ്ലിംകളുടെ പുണ്യയുദ്ധമാണ് ജിഹാദ് എന്ന് തെറ്റിദ്ധരിച്ചവര്‍ നിര വധിയുണ്ട്. ഇസ്ലാമിന് പരിചയമില്ലാത്ത ആശയങ്ങളെ അതിനുമേല്‍ കെട്ടിവെച്ച് വിമര്‍ശകര്‍ പടച്ചുണ്ടാക്കിയ പ്രതി ഇസ്ലാമിനെ യഥാര്‍ത്ഥ ഇസ്ലാമായി അവതരിപ്പിക്കുന്നതില്‍ മുതലാളിത്തവും, സംഘ്പരിവാറും, മീഡിയകളും, മിഷനറികളും മത്സരിക്കുന്നു. സഹിഷ്ണിതയുടെ മഹാപ്രവാചകനെ അസഹിഷ്ണുതയുടെ വക്താവായി അവതരിപ്പിക്കുന്നു.
ലോകത്ത് നടക്കുന്ന ഭീകരവാദ തീവ്രവാദപ്രവര്‍ത്തനങ്ങളെയെല്ലാം ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും നെറുകില്‍ കെട്ടിവെക്കുന്ന പ്രവണത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. യഥാര്‍ത്ഥ ഇസ്ലാമിനെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ചിലര്‍ ഇസ്ലാമിന്‍റെ പേരില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാമികപ്രമാണങ്ങളുടെ പിന്‍ബലമില്ല എന്നതാണ് സത്യം. മുസ്ലിം രാഷ്ട്രങ്ങളിലെ സാമ്രാജ്യത്വ അധിനിവേശങ്ങളെ ചെറുക്കാനെന്ന പേരില്‍ ഉടലെടുക്കുന്ന മുസ്ലിം പേരുള്ള ഭീകരസംഘങ്ങളുടെ നാള്‍വഴികള്‍ ഇന്ന് ഐ എസ് എന്ന ഉന്മാദത്തിലെത്തിയിരിക്കുന്നു. സാമ്രാജ്യത്വ അജണ്ടകള്‍ക്ക് വേരോട്ടം ലഭിക്കാന്‍ അവര്‍ തന്നെ പാലൂട്ടി വളര്‍ത്തുന്ന ഇത്തരം സംഘങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഇസ്ലാമല്ലെന്നു മാത്രമല്ല, ഇസ്ലാം വിഭാവന ചെയ്യുന്ന സര്‍വ്വ നന്മകള്‍ക്കും എതിരാണ്. വിശ്വാസം അടിച്ചേല്‍പിക്കാനുള്ളതല്ല. തന്‍റെ മതം ശരിയാണെന്ന ബോധ്യം ഉള്ളപ്പോള്‍ തന്നെ അപരന് അവന്‍റെ മതമാണ് ശരിയെന്ന് വിശ്വസിക്കാനുള്ള അവകാശത്തെ അംഗീകരിച്ചു നല്‍കുകയും അവരുടെ മേല്‍ തന്‍റെ മതം സമ്മര്‍ദ്ധത്തിലൂടെ നിര്‍ബന്ധിക്കാന്‍ തനിക്ക് അര്‍ഹതയില്ലെന്ന് മനസ്സിലാക്കുകയും ചെയുന്നവനാണ് യഥാര്‍ത്ഥ മതവിശ്വാസി. മാറ്റങ്ങള്‍ ഉണ്ടാവേണ്ടത് മനസ്സുകളിലാണ്, അത് ബലപ്രയോഗം കൊണ്ട് സാധ്യമല്ല.
'നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?' (ഖുര്‍ആന്‍ 10:99)
ഇസ്ലാം സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്‍റെയും സന്ദേശം
ഭൗതിക പ്രസ്ഥാനങ്ങളില്‍ മെമ്പര്‍ഷിപ്പെടുക്കുന്നപോലെയുള്ള ഒരു മെമ്പര്‍ഷിപ്പ് സംവിധാനമല്ല ഇസ്ലാം. വിശുദ്ധമായ സാക്ഷ്യവചനം ഉരുവിട്ട് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ്. സര്‍വ്വശക്തനായ ദൈവത്തിനുള്ള കീഴൊതുങ്ങലാണത്. പശ്ചാതാപത്തിന്‍റെ വിശുദ്ധിയും, കളങ്കമില്ലാത്ത മനസ്സും, അന്തസ്സാര്‍ന്ന സ്വഭാവസംസ്കരണവും കൈവരിക്കുകയാണ്. പരലോകമോക്ഷമാണ് ആത്യന്തിക ലക്ഷ്യം. എന്നാല്‍ ഇഹലോകത്തെ ഗുണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുവാനും സമ്പാദിക്കുവാനും പ്രോത്സാഹനം നല്‍കുന്നു.
ക്ഷമയും സഹിഷ്ണുതയുമാണ് ഇസ്ലാമിക വിശ്വാസത്തിന്‍റെ ഏറ്റവും ശ്രേഷ്ഠമായ തലം. ദൈവം അളവറ്റ കാരുണ്യമുള്ളവനാണ്. അകാശത്തുള്ളവന്‍റെ കാരുണ്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവന്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കണമെന്ന് പ്രവാചകന്‍ (സ്വ) പഠിപ്പിക്കുന്നു. ദേശം, ഭാഷ, നിറം തുടങ്ങി യാതൊന്നും മനുഷ്യനെ ഉല്‍കൃഷ്ടനാക്കുന്നില്ല. ദൈവത്തിന്‍റെ അടുക്കല്‍ ആദരണീയന്‍ ഏറ്റവും സൂക്ഷ്മതാബോധമുള്ളവനാണ്.
സ്വന്തം ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലതെ തന്നെ മറ്റുള്ളവരുമായി സ്നേഹത്തിലും സൗഹാര്‍ദ്ദത്തിലും കഴിയേണ്ടവനാണ് മുസ്ലിം. പട്ടിണി കിടക്കുന്ന അയല്‍വാസി ഏതു മതക്കാരനാണെങ്കിലും അവനെ പരിഗണിക്കാതെ വയര്‍ നിറക്കുന്നവന്‍ യഥാര്‍ത്ഥ വിശ്വാസിയാവുന്നില്ല. അപരന്‍റെ മതവും ജാതിയും പരിഗണിക്കാതെ നീതി നിര്‍വഹിക്കാന്‍ ഇസ്ലാം ആഹ്വാനം ചെയ്യുന്നു. നീതി നിര്‍വഹിക്കുന്ന കാര്യത്തില്‍ കക്ഷി ആരാണെന്ന പരിഗണന പാടില്ല. അത് സ്വന്തം മാതാവോ പിതാവോ ആണെങ്കില്‍ പോലും. 'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമാ യി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നി ങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.'
(ഖുര്‍ആന്‍ 4:135)
അസമാധാനം വിതക്കുന്ന സൈബര്‍ ലോകം
സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതയും ശക്തിയും വളരെ വലുതാണ്. ഭരണകൂടങ്ങളെ വരെ അട്ടിമറിക്കുന്ന വിപ്ലവങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ നിമിത്തമായ സംഭവങ്ങള്‍ കുറവല്ല.
അപകടങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്നവര്‍ക്ക് രക്ഷയായും, രോഗം കൊണ്ടും, മറ്റും ദുരി തമനുഭവിക്കുന്നവര്‍ക്ക് സഹായമായും സോഷ്യല്‍മീഡിയകള്‍ വഴി നടക്കുന്ന ജീവകാരുണ്യ ജീവന്‍രക്ഷാ കാമ്പയിനുകള്‍ അഭിനന്ദനാര്‍ഹമാണ്. എന്നാലിന്ന് അസമാധാനവും അസഹിഷ്ണുതയും എളുപ്പത്തില്‍ പടരുന്ന മേഖലകളായി സൈബര്‍ ലോകം മാറിയിരിക്കുന്നു. എഡിറ്റിങ്ങോ, നിയന്ത്രണമോ ഇല്ലാതെ ആരെയും പേടിക്കാതെ തോന്നിയതെന്തും പ്രചരിപ്പിക്കാന്‍ സാധിക്കുന്നു. മാനവിക മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാത്ത എടുത്തുചാട്ടങ്ങള്‍ മുറിവുണക്കുന്നതിലുപരിയായി വലിയ മുറിവുകള്‍ തീര്‍ക്കുന്ന യുദ്ധഭൂമികയായി സൈബര്‍ ലോകത്തെ മാറ്റിയിരിക്കുന്നു.
വായിച്ചു നോക്കുക പോലും ചെയ്യാതെയും നിജസ്ഥിതി അറിയാതെയും കിട്ടുന്നതെല്ലാം ഷെയര്‍ ചെയ്യുന്നവര്‍ താന്‍ അറിയാതെ മറ്റുള്ളവര്‍ക്ക് ദ്രോഹം വരുത്തുകയാണെന്ന സത്യം പലപ്പോഴും ചിന്തിക്കുന്നില്ല. നിങ്ങളറിയാതെ മറ്റുള്ളവര്‍ക്ക് ദ്രോഹം പിണയാതിരിക്കുവാ നും നിങ്ങള്‍ ചെയ്തതിന്‍റെ പേരില്‍ പിന്നീട് ഖേദിക്കേണ്ടി വരാതിരിക്കുവാനും വേണ്ടി ലഭിക്കുന്ന വാര്‍ത്തകള്‍ കൃത്യമായി അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷം മാത്രമേ നിങ്ങള്‍ പ്രചരിപ്പിക്കാവൂ എന്ന് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു.
കുടുംബ ബന്ധങ്ങള്‍
ഏറ്റവും നല്ല രീതിയില്‍ കുടുംബ ബന്ധങ്ങളെ സൂക്ഷിക്കുവാന്‍ ഇസ്ലാം നിര്‍ദ്ദേശിക്കുന്നു. ഏകദൈവത്തെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത് എന്ന് പറയുന്നതിനോട് ചേര്‍ത്ത് കൊണ്ടാണ് ഖുര്‍ആനില്‍ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാന്‍ കല്‍പിക്കുന്നത്. വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളുടെ സംരക്ഷണവും കാരുണ്യത്തോടെയുള്ള സഹവര്‍ത്തിത്വവും മക്കളുടെ സ്വര്‍ഗ്ഗപ്രാപ്തിക്ക് അനിവാര്യമാണ്. വൃദ്ധരായ മാതാപിതാക്കളെ വീട്ടിലാക്കി യുദ്ധത്തിന്
പുറപ്പെടാന്‍ അനുവാദം ചോദിച്ചവനോട്, വീട്ടിലേക്ക് മടങ്ങി മാതാപിതാക്കളുമായുള്ള സഹവാസം നന്നാക്കി ദൈവപ്രീതി കരസ്ഥമാക്കാന്‍ പ്രവാചകന്‍ കല്‍പിച്ച സംഭവം മാതാപിതാക്കള്‍ മക്കളില്‍ നിന്നര്‍ഹിക്കുന്ന പരിഗണന എടുത്തു കാണിക്കുന്നതാണ്. മാതാപിതാക്കള്‍ മറ്റു മതസ്ഥരാണെങ്കില്‍ പോലും അവരുമായുള്ള നല്ല സഹവര്‍ത്തിത്വവും അവരുടെ സംരക്ഷണവും മക്കളുടെ മേല്‍ ബാധ്യതയാണ്. 'തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ
നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയു കയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.'
(ഖുര്‍ആന്‍ 17:23,24)
ഇണകള്‍ പരസ്പരമുള്ള ബന്ധവും പ്രാധാന്യത്തോടെ കാണുന്നു ഇസ്ലാം. ഭാര്യയും ഭര്‍ ത്താവുമായിട്ടല്ല ഇണയും തുണയുമായിട്ടാണ് ഇസ്ലാം ദമ്പതിമാരെ പരിചയപ്പെടുത്തുന്നത്. പരസ്പരം മറച്ചു വെക്കേണ്ടതെല്ലാം മറച്ചു വെക്കുകയും സംരക്ഷിക്കേണ്ടവ സംരക്ഷിക്കുകയും പുറമെ നിന്ന് കാണുന്നവര്‍ക്ക് അലങ്കാരമായും തോന്നാവുന്ന വിധം ഇണകള്‍ പരസ്പരം വസ്ത്രങ്ങളാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. പുരുഷന്‍ കുടുംബത്തിലെ കൈകാര്യകര്‍ത്താവും, സ്ത്രീ ഗ്രഹഭരണത്തിലെ നായികയുമാണ്. കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യത പുരുഷനാണ്. എന്നാല്‍ മാന്യമായ വിധം സ്ത്രീകള്‍ സമ്പാദിക്കുന്നതിനെയും പുറത്തു പോവുന്നതിനെയും എതിര്‍ക്കുന്നില്ല.
കുടുംബജീവിതത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്ന അസ്വാരസ്യങ്ങളെ പരിഹരിക്കേണ്ടുന്ന വിധം കൃത്യമായി ഇസ്ലാം വരച്ചുകാണിക്കുന്നു. അനിവാര്യമായ സാഹചര്യങ്ങളില്‍ പോലും കിടപ്പറയിലല്ലാതെ ഭാര്യയെ ഒറ്റപ്പെടുത്തരുത്. ത്വലാഖ് ഇഷ്ടമുള്ളപ്പോള്‍ എടുത്തുപയോഗിക്കാനുള്ള സൗകര്യമല്ല, മറിച്ച് ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇടപെടാന്‍ ഉത്തരവാദപ്പെട്ടവരുടെ ശ്രമങ്ങളും പരാചയപ്പെട്ടാല്‍ പിന്നെയുള്ള അവസാന പരിഹാരം മാത്രമാണ്. ത്വലാഖ് കഴിഞ്ഞാലും നിശ്ചിത മാസക്കലത്തെ ഇദ്ദാവേളയില്‍ ഭര്‍ത്താവിന്‍റെ വീട്ടിലും സംരക്ഷണത്തിലുമാണ് ഭാര്യ കഴിയേണ്ടത് എന്ന നിര്‍ദ്ദേശത്തിലൂടെ പരിഹാരത്തിനുള്ള സാധ്യത തുറന്ന് തന്നെ കിടക്കുന്നു. ഇദ്ദാവേളയില്‍ രണ്ടാമതൊരു നിക്കാഹ് കൂടാതെ തന്നെ പരസ്പര ധാരണയോടെ ദാമ്പത്യ ജീവിതത്തിലേക്ക് തിരിച്ചു പ്രവേശിക്കാന്‍ ദമ്പതിമാര്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നു. താനുമായുള്ള മാന്യമായ സഹവാസം സൂക്ഷിക്കാത്ത ഭര്‍ത്താക്കന്മാരോടൊത്തുള്ള ജീവിതം ദുസ്സഹമാവുന്ന പ്രത്യേക സാഹചര്യത്തില്‍ അവസാനത്തെ പരിഹാരമായി ബന്ധം വിഛേദിക്കാനുള്ള അവകാ ശം സ്ത്രീക്കും ഇസ്ലാം നല്‍കുന്നുണ്ട്. അനുവദിക്കപ്പെട്ടവയില്‍ ദൈവത്തിന് ഏറ്റവും കോപമുള്ളതാണ് വിവാഹ മോചനം.
നല്ല ശിക്ഷണങ്ങള്‍ നല്‍കി കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടും വിധം മക്കളെ വളര്‍ത്തിക്കൊണ്ടു വരല്‍ മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇഹലോകത്തു മാത്രമല്ല, മരണശേഷമുള്ള പരലോക ജീവിതത്തിലേക്ക് കൂടി നല്ല മക്കള്‍ ഉപകാരപ്പെടും. പെണ്‍കുട്ടികളെ ഇല്ലായ്മ ചെയ്യുകയും പെണ്‍കുട്ടി ജനിക്കുന്നത് അപമാനമായി കാണു കയും ചെയ്തിരുന്ന അപരിഷ്കൃത സമൂഹത്തെ, പെണ്‍കുട്ടികളെ നന്നായി വളര്‍ത്തുക വഴി മാതാപിതാക്കള്‍ക്ക് സ്വര്‍ഗപ്രാപ്തിക്കിടയാകുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചു.
അടുത്ത ബന്ധുക്കളുമായും അകന്ന ബന്ധുക്കളുമായും ബന്ധം സ്ഥാപിക്കേണ്ടതിന്‍റെ പ്രാധാന്യം വലുതാണ്. ഉള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുന്നവനല്ല, മുറിഞ്ഞ ബന്ധങ്ങളെ പുനസ്ഥാപിക്കുന്നവനാണ് കുടുംബബന്ധം ചേര്‍ത്തവന്‍ എന്ന് പ്രവാചകന്‍ വിവരിക്കുകയുണ്ടായി. തന്‍റെ ധനത്തില്‍ നിന്ന് നല്‍കി സഹായിക്കേണ്ടവരുടെ മുന്‍ഗണനയില്‍ അടുത്ത ബന്ധുക്കളെ പ്രത്യേകം എടുത്തു പറഞ്ഞു. കുടുംബബന്ധമുള്ള അഗതിയെ സഹായിക്കുന്നതിന് ദാനം നല്‍കിയതിന്‍റെയും കുടുംബബന്ധം ചേര്‍ത്തിയതിന്‍റെയും വകയില്‍ രണ്ടു പ്രതിഫലം ലഭിക്കുന്നതാണ്.
അയല്‍വാസികളോടുള്ള നല്ല സഹവാസം ഏറെ പ്രധാനപ്പെട്ടതാണ്. മാറിയ കാലത്തെ ഫ്ളാറ്റ് സംസ്കാരത്തില്‍ അയല്‍പക്കബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അയല്‍വാസികളെ ആവുന്നത്ര ദ്രോഹിക്കുന്നവരും ഏറെയാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ തന്‍റെ അയല്‍വാസിയെ ദ്രോഹിക്കാതിരിക്കട്ടെ എന്ന് പ്രവാചകന്‍ പറയുകയുണ്ടായി. സ്വത്തില്‍ അനന്തരാവകാശത്തിന് അര്‍ഹത ലഭിക്കാന്‍ മാത്രം അടുത്തതാണ് അയല്‍പക്ക ബന്ധം.
സാമൂഹ്യ ബന്ധങ്ങള്‍
മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്. മനുഷ്യപ്രകൃതിയുടെ അനിവാര്യതയാണ് സാമൂഹിക
ജീവിതം. നല്ല വ്യക്തികളിലൂടെയാണ് നല്ല സമൂഹം ഉടലെടുക്കുന്നത്. വ്യത്യസ്ത വര്‍ഗ്ഗങ്ങളും, വര്‍ണ്ണങ്ങളും, ഗോത്രങ്ങളും നിറഞ്ഞതാണ് സമൂഹം. മനുഷ്യര്‍ ഒറ്റസമൂഹമാണ്. വൈവിധ്യങ്ങള്‍ പരസ്പരം തിരിച്ചറിയാനുള്ള അടയാളങ്ങളാണ്. ആദം സന്തതികളെ അഥവാ മനുഷ്യസമൂഹത്തെ ഒന്നടങ്കം ദൈവം ആദരിച്ചിരിക്കുന്നു എന്ന ഖുര്‍ആന്‍ അധ്യാപനത്തില്‍ ജാതി മത ഭേദമന്യേ എല്ലാ മനുഷ്യരും ഉള്‍പ്പെടുന്നു. ദൈവം ആദരിച്ച മനുഷ്യനെ അനാദരിക്കാന്‍ മനുഷ്യര്‍ക്ക് അവകാശമില്ല. വിയോജിപ്പിന്‍റെ മേഖലകളെ സൗഹാര്‍ദ്ദപൂര്‍വ്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ യോജിക്കാവുന്ന വിഷയങ്ങളിലും പ്രശ്നങ്ങളിലും പരസ്പരം സഹകരിക്കാന്‍ മനുഷ്യന്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ ചിന്തകള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമാകുന്ന ആശയങ്ങളെയും അതിന്‍റെ വക്താക്കളെയും വിശാല മനസ്കതയോടെ ഉള്‍ക്കൊള്ളനാവണം. തന്നില്‍ നിന്ന് മറ്റുള്ളവര്‍ക്ക് നിര്‍ഭയത്വമുണ്ടാവുകയെന്ന ഒരവസ്ഥ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കണം. തന്‍റെ വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും മറ്റുള്ളവര്‍ സുരക്ഷിതരാണെങ്കില്‍ മാത്രമേ ഒരാള്‍ യഥാര്‍ത്ഥ മുസ്ലിം ആവുകയുള്ളൂവെന്ന് പ്രവാചകന്‍ പഠിപ്പിച്ചു.
ബന്ധങ്ങളുടെ അടിസ്ഥാനം സഹിഷ്ണുത
മുസ്ലിംകള്‍ക്ക് മറ്റു മതസ്ഥരുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനം സഹിഷ്ണുതയാണ്.
വ്യത്യസ്തങ്ങളായ മാനവികഗുണങ്ങളെയും സാംസ്കാരികവൈവിധ്യങ്ങളെയും ആദരിക്കു കയും അംഗീകരിക്കുകയും ക്രിയാത്മകമായി സ്വീകരിക്കുകയും ചെയ്യുകയെന്നതാണ് സഹിഷ്ണുത കൊണ്ട് ലക്ഷ്യമാക്കുന്നത്. യുക്തികൊണ്ടും സദുപദേശത്തിലൂടെയും ആളുകളെ മതത്തിലേക്ക് ക്ഷണിക്കുവാനും ഏറ്റവും മാന്യമായ രൂപത്തില്‍ അവരുമായി സംവദിക്കുവാ നുമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. നന്മതിന്മകളുടെ വഴികള്‍ വേര്‍തിരിഞ്ഞു കഴിഞ്ഞു. ഇനി ഇഷ്ടമുള്ളവന് സ്വീകരിക്കാം, അല്ലാത്തവര്‍ക്ക് നിരാകരിക്കാം, ആരെയും നിര്‍ബന്ധിക്കേണ്ടതില്ല എന്നതാണ് മതപരിവര്‍ത്തനത്തിന്‍റെ ഇസ്ലാമിക നയം.
ദൈവികമതങ്ങള്‍ എല്ലാം തന്നെ ഒറ്റ സ്രോതസ്സില്‍ നിന്നാണെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. ഇസ്ലാം മുഹമ്മദ് നബി(സ) ക്ക് അവതരിക്കപ്പെട്ട മതമല്ല, മറിച്ച് ആദ്യപിതാവ് ആദം നബിയില്‍ ആരംഭിച്ച് ധാരാളം പ്രവാചകന്മാരിലൂടെ കൈമാറിയ സന്ദേശങ്ങളുടെ പൂര്‍ത്തീകരണമാണ് മുഹമ്മദ് നബി (സ്വ) യിലൂടെ നടന്നത്. പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനം പാടില്ലെന്നും ഖുര്‍ആന്‍ നിഷ്കര്‍ശിക്കുന്നു.
സഹവര്‍ത്തിത്വത്തിന്‍റെ മുന്നുപാധിയാണ് സഹിഷ്ണുത. മറ്റുമതങ്ങളെയും അവരുടെ വ്യത്യസ്തങ്ങളായ ആരാധനകളെയും ആദരിക്കപ്പെടേണ്ടതാണെന്നതാണ് ഇസ്ലാമിക വീക്ഷണം. മറ്റുള്ളവരുടെ ആരാധ്യവസ്തുക്കളെ ചീത്ത പറയരുതെന്ന് നിഷ്കര്‍ശിക്കുന്നു. സമൂഹത്തിന്‍റെ പ്രശ്നങ്ങളില്‍ മതവും ജാതിയും പരിഗണിക്കാതെ എല്ലാവരോടും സഹിഷ്ണുതയോടെ വര്‍ത്തിക്കണം. ആദര്‍ശത്തോടുള്ള വിയോജിപ്പ് വൈരാഗ്യത്തിലേക്കും ശത്രുതയിലേക്കും നീങ്ങാവതല്ല. ഒരു വിഭാഗത്തിന്‍റെ ആക്രമണം മറ്റൊരു വിഭാഗത്തെക്കൊണ്ട് തടയുക എന്ന തന്ത്രം മുഖേന ഭൂമിയില്‍ അല്ലാഹു ശാക്തികസന്തുലനം നിലനിര്‍ ത്തുന്നു. അതിരും എതിരുമില്ലാത്ത ധിക്കാരവുമായി സംഹാരതാണ്ഡവം തുടരാന്‍ അല്ലാഹു ഒരു ജനവിഭാഗത്തെയും അനുവദിക്കുകയില്ല. '...മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു....' (ഖുര്‍ആന്‍ 22:40)
ലോകത്ത് തന്നെ തുല്യതയില്ലാത്ത കാരുണ്യത്തിന്‍റെയും വിട്ടുവീഴ്ചയുടെയും സഹിഷ്ണുതയുടെയും ഉദാത്തമായ മാതൃകയാണ് പ്രവാചക ജീവിതം. ദൈവത്തോടും വേദഗ്രന്ഥത്തോടും സമുദായത്തോടും മുഴുവന്‍ ജനങ്ങളോടുമുള്ള ഗുണകാംക്ഷയാണ് മതം എന്ന് പ്രവാചകന്‍ പറയുകയുണ്ടായി. മറ്റു മതസ്ഥരുമായുള്ള ഇടപെടലുകളുടെ നിരവധി നല്ല മാതൃകകള്‍ പ്രാവചക ചരിത്രത്തില്‍ കാണാം. നബി(സ)യുടെ പ്രബോധനത്തിന്‍റെ ആദ്യപത്തുവര്‍ഷക്കാലം അവിശ്വാസിയായ പിതൃവ്യന്‍ അബൂത്വാലിബിന്‍റെ സംരക്ഷ ണത്തിലായിരുന്നു. മക്കയില്‍ ക്ഷാമമുണ്ടായപ്പോള്‍ പ്രവാചകനെ ധിക്കരിക്കുകയും, തനി ക്കും അനുയായികള്‍ക്കും നിരവധി ദ്രോഹങ്ങള്‍ ചെയ്യുകയും ചെയ്തിരുന്ന ബഹുദൈവ വിശ്വാസികളിലെ ദരിദ്രര്‍ക്ക് വിതരണം ചെയ്യാനായി സമ്പത്ത് കൊടുത്തയക്കുകയുണ്ടായി. പരമരഹസ്യമായി നിര്‍വഹിക്കപ്പെട്ട ഹിജ്റയില്‍ പ്രവാചകന്‍െറ വിശ്വസ്തനായ വഴികാട്ടി ബഹുദൈവവിശ്വാസിയായ അബ്ദുല്ലാഹിബ്നു ഉറൈഖിത്വ് ആയിരുന്നു. മരണപ്പെടുന്ന സമയത്ത് പ്രവാചകന്‍റെ പടയങ്കി അയല്‍വാസിയായ ജൂതന്‍ വശം പണയത്തിലായിരുന്നു. അസ്മാ ബിന്‍ത് അബൂബക്കര്‍(റ)ന്‍റെ കൂടെ താമസിക്കാന്‍ ആഗ്രഹിച്ച് അവിശ്വാസിനി യായ മാതാവ് മദീനയിലേക്ക് വന്നപ്പോള്‍ അവരുമായി ബന്ധം പുലര്‍ത്താന്‍ പ്രവാചകന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. നജ്റാനില്‍ നിന്ന് വന്ന ക്രിസ്ത്യാനികള്‍ക്ക് മദീനയില്‍ തന്‍റെ പള്ളിയില്‍ അവരുടെ ആരാധന നിര്‍വഹിക്കാന്‍ അനുമതി നല്‍കിയത് സഹിഷ്ണുതയുടെ മകുടോദാഹരണമാണ്.
ജിഹാദ്
ദൈവമാര്‍ഗത്തില്‍ ധനം കൊണ്ടും, ശരീരം കൊണ്ടും നടത്തുന്ന പരിശ്രമങ്ങള്‍ എല്ലാം ചേര്‍ന്നതാണ് ജിഹാദ്. ജിഹാദ് എന്ന പദത്തിന് ത്യാഗപരിശ്രമം എന്നാണര്‍ഥം. ദൈവിക മാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങളല്ലാം ജിഹാദാണ്. ഏറ്റവും വലിയ ജിഹാദ് (ജിഹാദുല്‍ അക്ബര്‍) ആയി പ്രവാചകന്‍ വിശേഷിപ്പിച്ചിട്ടുള്ളത് വിശ്വാസി തന്നിലുള്ള ദുശ്ശീലങ്ങളില്‍ നിന്നും ദുഷ്പ്രവണതകളില്‍നിന്നും ദുര്‍മോഹങ്ങളില്‍നിന്നും സ്വയം സംസ്കൃതനാവാന്‍ നടത്തുന്ന പ്രയത്നത്തെയാണ്. സ്വന്തം ജീവിതത്തെ മാതൃകായോഗ്യമായ രീതിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നത് ജിഹാദാണ്. ദൈവിക മാര്‍ഗത്തില്‍ സമ്പത്തും ശരീരവും വിനിയോഗിക്കുന്നത് ജിഹാദാണ്. സത്യമതത്തിന്‍റെ സന്ദേശം സഹോദരങ്ങള്‍ക്ക് എത്തിക്കുകയെന്ന ബാധ്യതാനിര്‍വഹണത്തിന്‍റെ പാതയിലെ ത്യാഗപരിശ്രമങ്ങള്‍ ജിഹാദാണ്. ഇസ്ലാം അനുസരിച്ച് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും അതു പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ അനിവാര്യമെങ്കില്‍ ബലപ്രയോഗ ത്തിലൂടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്താമെന്നാണ് ഇസ്ലാമിന്‍റെ നിലപാട്. അക്രമം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഇസ്ലാം യുദ്ധം അനുവദിച്ചിരിക്കുന്നത്. യുദ്ധത്തില്‍പോലും മാന്യത കൈവെടിയാന്‍ പാടില്ലെന്നും പരിധി ലംഘിക്കരുതെന്നുമാണ് ഖുര്‍ആനിന്‍റെ ശാസന. യുദ്ധത്തിനപ്പുറത്ത് ശത്രുതാമനോഭാവത്തോടെ പെരുമാറരുത്. വിളകള്‍ നശിപ്പിക്കരുത്. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉദാഹരണങ്ങളാണ്.
തിന്മകള്‍ വര്‍ജ്ജിക്കണം
പലിശ, ലഹരി, ചൂതാട്ടം, വ്യഭിചാരം, മോഷണം, കൊള്ള, കൈക്കൂലി തുടങ്ങിയ എല്ലാവിധ തിന്മകളെയും ഇസ്ലാം ശക്തമായി വിരോധിക്കുന്നു. പലിശയെന്ന കെണിയില്‍ അകപ്പെട്ട് ഞെരിഞ്ഞമരുന്ന കുടുംബങ്ങളുടെ ദുരന്തവാര്‍ത്തകള്‍ക്ക് പുതുമ ഇല്ലാതായിരിക്കുന്നു. പലിശ വാങ്ങുന്നവന്‍ ഇസ്ലാമിക ദൃഷ്ട്യാ ദുര്‍വൃത്തനും നരകാവകാശിയുമാണ്. പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിന് സാക്ഷി നില്‍ക്കുന്നവനെയും ശപിച്ചിരിക്കുന്നു എന്ന് പ്രവാചകന്‍ (സ്വ) പറയുകയുണ്ടായി. ലഹരി എല്ലാ തിന്മകളുടെയും മാതാവാണ്. മനുഷ്യര്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഇളക്കിവിടുന്നതിലെയും കുടുംബ തകര്‍ച്ചകളിലെയും എക്കാലത്തെയും വില്ലനായ ലഹരിയുടെ ഏത് രൂപത്തെയും എത്ര ചെറിയ അളവിനെയും ഇസ്ലാം വിരോധിക്കുന്നു.
വ്യഭിചാരത്തിന് മാന്യതയുടെ മുഖം നല്‍കുന്ന ഒരു കാലമാണിന്ന്. സ്വവര്‍ഗ്ഗലൈംഗികതക്ക് നിയമസംരക്ഷണം വരെ ലഭ്യമാവുന്നു. സ്വതന്ത്ര ലൈംഗികതക്ക് അനുമതി നിഷേധിക്കുന്നത് അവകാശനിഷേധമായി കാണുന്ന ബുദ്ധിജീവികള്‍ നമ്മുടെ നാടുകളിലും സ്വാധീനം നേടിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഇസ്ലാം ലൈംഗികതയെ പവിത്രമായി കാണുകയും ഇണകളോടൊത്തുള്ളതല്ലാത്ത ലൈംഗികതയുടെ നേരിയ സാധ്യത പോലും വിരോധിക്കുകയും ചെയ്യുന്നു. വ്യഭിചാരത്തിലേക്ക് നയിക്കാനിടയാവുന്ന നോട്ടവും സംസാരവും വിലക്കുന്നു. സ്ത്രീകളോടും പുരുഷന്മാരോടും ദൃഷ്ടികള്‍ താഴ്ത്തുവാനും വസ്ത്രധാരണം മാന്യമാക്കുവാനും നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇസ്ലാമിലെ സ്ത്രീകളുടെ വസ്ത്ര ധാരണത്തെ സ്വാതന്ത്ര്യം നിഷേധിക്കലായി കണ്ട് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ മാന്യ മായ വസ്ത്രധാരണം സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ചെയ്യുന്നത്.
പക, വിദ്വേഷം, അസൂയ, വെറുപ്പ്, കോപം, പരിഹാസം, പരദൂഷണം, അഹങ്കാരം തുടങ്ങിയ വയെല്ലാം മനസ്സിനെ മലിനമാക്കുന്ന തിന്മകളാണ്. ഒരാളുടെ അഭാവത്തില്‍ അവരെപ്പറ്റി ദുഷിച്ചു പറയുന്നതിനെ മരിച്ചു കിടക്കുന്ന തന്‍റെ സഹോദരന്‍റെ പച്ചമാംസം ഭക്ഷിക്കുന്നതി നോടാണ് ഖുര്‍ആന്‍ ഉപമിച്ചത്. മറ്റൊരാളുടെ അഭാവത്തില്‍ അയാളെക്കുറിച്ച് മോശമായി പറയുന്ന കാര്യം ഇല്ലാത്തതാണെങ്കില്‍ കളവും ഉള്ളതാണെങ്കില്‍ പരദൂഷണവുമാണ്. രണ്ടും തിന്മ തന്നെ. ചാരവൃത്തി നടത്തലും രഹസ്യം ചോര്‍ത്തലും അഭിമാനത്തിന് ക്ഷതം വരുത്തുന്ന വിധം ഇകഴ്ത്തലും പരിഹസിക്കലും പാപമാണ്. അഹങ്കാരത്തിന്‍റെ ചെറിയ അംശം പോലും സ്വര്‍ഗപ്രവേശനത്തിന് വിഘാതമാവും. അസൂയ സല്‍കര്‍മ്മങ്ങളെ നശിപ്പിക്കും.
ഉല്‍കൃഷ്ട ഗുണങ്ങള്‍
ഉല്‍കൃഷ്ടസ്വഭാവങ്ങളെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. ക്ഷമ, വിനയം, കാരുണ്യം, ദയ, അനുകമ്പ, സൗമ്യത, വിട്ടുവീഴ്ച, വിശാലമനസ്കത തുടങ്ങിയ സദ്ഗുണങ്ങള്‍ നല്ല വ്യക്തിത്വത്തിന്‍റെ അടയാളങ്ങളാണ്. ഭൂമിയില്‍ വിനയത്തോടെ നടക്കണമെന്നും ശബ്ദം താഴ്ത്തണമെന്നും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു. അഹങ്കാരം കാണിച്ച് നടക്കരുത്, നിനക്ക് ഭൂമിയെ പിളര്‍ത്താനോ പര്‍വതത്തോളം ഉയരാനോ സാധിക്കില്ലല്ലോ എന്ന് ചോദിക്കുന്നു. ക്ഷമിക്കാന്‍ മാത്രമല്ല, ക്ഷമയില്‍ മികവ് കാണിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. അല്ലാഹു തനിക്ക് പൊറുത്തു തരണമെന്നാ ഗ്രഹിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് മാപ്പു നല്‍കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യേണ്ടതല്ലേ എന്നു ചോദിക്കുന്നു ഖുര്‍ആന്‍.
സമ്പത്ത് വിനിയോഗിക്കുമ്പോള്‍ പിശുക്കിപ്പിടിക്കാതെയും അമിതവ്യയം നടത്താതെയുമുള്ള മധ്യമ നിലപാട് സ്വീകരിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു. നീ നിന്‍റെ കൈ പിരടിയിലേക്ക് ബന്ധിക്കുകയോ മുഴുവനായി നീട്ടിയിടുകയോ ചെയ്യരുതെന്ന് ആഹ്വാനം ചെയ്യുന്നു. വരുമാനത്തിന്‍റെ നിശ്ചിത ഭാഗം പാവപ്പെട്ടവന്‍റെ അവകാശമാക്കി നിശ്ചയിച്ച് څസകാത്ത്چ നിര്‍ ബന്ധമാക്കിയിരിക്കുന്നു. സകാത്തിന് പുറമെ പാവപ്പെട്ടവര്‍ക്കും, ചോദിച്ച് വരുന്നവര്‍ക്കും അനാഥകള്‍ക്കു വേണ്ടിയും, ദൈവിക മാര്‍ഗത്തിലും മറ്റും ചെലവഴിക്കേണ്ടതിന്‍റെ അനിവാര്യത ഇടക്കിടെ ഓര്‍മ്മപ്പെടുത്തുന്നു.
സഹിഷ്ണുത ഇസ്ലാമിന്‍റെ വ്യതിരക്തത
മനുഷ്യരെ ഒന്നായി കാണാന്‍ കഴിയുന്നവര്‍ക്കേ മനുഷ്യാവകാശങ്ങളെയും സഹിഷ്ണു തയെയും കുറിച്ച് സത്യസന്ധമായി പറയാന്‍ സാധിക്കൂ. ഇസ്ലാമിന്‍റെ സഹിഷ്ണുത വ്യതിരക്തമാവുന്നത് ഇവിടെയാണ്. മുസ്ലിംകളുടെയോ അറബികളുടെയോ മാത്രം ദൈവ മല്ല അല്ലാഹു. മുഴുവന്‍ ലോകത്തിന്‍റെയും രക്ഷിതാവും നിയന്താവുമായ സാക്ഷാല്‍ ആരാധ്യനാണ്. മുഴുവന്‍ മനുഷ്യര്‍ക്കുമായി ദൈവം അവതരിക്കപ്പെട്ടതാണ് ഇസ്ലാം. അതില്‍ വെളുത്തവന് കറുത്തവനേക്കാള്‍ മേന്മയില്ല, അറബിയും അനറബിയും തുല്യമാണ്. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഇല്ല, ജാതിയും ഉപജാതിയുമില്ല, അയിത്തവും തൊട്ടുകൂടായ്മയും ഇല്ല. വംശം, നിറം, കുടുംബം, ഭാഷ തുടങ്ങിയവയൊന്നും ഒരാളെയും പ്രത്യേക അവകാശങ്ങള്‍ക്കോ ചൂഷണങ്ങള്‍ക്കോ അര്‍ഹമാക്കുന്നില്ല. എല്ലാവരും ആദമില്‍ നിന്ന്, ആദമാവട്ടെ മണ്ണില്‍ നിന്നും. ഉച്ചനീചത്വങ്ങള്‍ക്കും, ജാതി വര്‍ഗ്ഗ സങ്കല്‍പങ്ങള്‍ക്കും അധീതമായ ഈ ഏകമാനവതാ സങ്കല്‍പം ഇസ്ലാമിന്‍റെ മാത്രം പ്രത്യേകതയാണ്. ഒരേയൊരു ദൈവം ഒരൊറ്റജനത അതിന്‍റെ ആദര്‍ശമാണ്. സമത്വം എന്നത് ദൈവവിശ്വാസത്തിന്‍റെ അനിവാര്യമായ താല്‍പര്യമാണ്. ജന്മമല്ല, കര്‍മ്മമാണ് ഔന്നത്യത്തിന്‍റെ മാനദണ്ഡം.
മുഹമ്മദ് നബി(സ്വ)യുടെ ആഗമന കാലത്ത് മനുഷ്യരായി തന്നെ പരിഗണിക്കാത്ത വിഭാഗ മായിരുന്നു അടിമകള്‍. അറേബ്യയിലെന്നല്ല ലോകമാകമാനം ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് അടിമകള്‍ ഇരകളായിരുന്നു. മൃഗതുല്യമായി ഗണിക്കപ്പെട്ടിരുന്നവരെ തല്ലാനും കൊല്ലാനും അത് കണ്ട് രസിക്കാനും ഉടമകള്‍ക്ക് മടിയുണ്ടായിരുന്നില്ല. അടിമകളെ നിങ്ങളുടെ സഹോദരന്മാരായി ഗണിക്കണമെന്നും നിങ്ങള്‍ ഉടുക്കുന്ന പോലെ അവരെ ഉടുപ്പിക്കണമെന്നും നിങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് അവര്‍ക്ക് ഭക്ഷിക്കാന്‍ നല്‍കണമെന്നും നബി(സ) ഉല്‍ബോധിപ്പിച്ചു. ഖബ്ബാബ്, ബിലാല്‍, സുമയ്യ, യാസര്‍, അമ്മാര്‍, ഥൗബാന്‍, ഉമ്മു അയ്മന്‍, സൈദുബ്നു ഹാരിഥ തുടങ്ങിയവര്‍ പ്രവാചക പ്രബോധനത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഊഷ്മളത അനുഭവിച്ച് ഇസ്ലാമിലേക്ക് കടന്നുവന്ന അടിമകളില്‍ പ്രമുഖരാണ്. അടിമകളും ഉടമകളും ഇടകലര്‍ന്ന് പ്രവാചകന്‍റെ പള്ളിയില്‍ കാല്‍പാദങ്ങള്‍ ചേര്‍ത്തുവെച്ച് അണിയായി നിന്ന് നമസ്കരിച്ചപ്പോള്‍ സൗഹാര്‍ദ്ദമെന്താണെന്ന് ലോകം കാണുകയായിരുന്നു.
മതത്തെ പൂര്‍ത്തിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിക്കൊണ്ട് പ്രവാചകന്‍ അറഫയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം മനുഷ്യാവകാശത്തിന്‍റെ നേര്‍വിളംബരം കൂടിയായിരുന്നു. ഈ ഹജ്ജ് മാസം, ഈ അറഫാദിനം, ഈ മക്കാപ്രദേശം എത്രമേല്‍ പവിത്രമാണോ അതുപോലെ പവിത്രമാണ് മറ്റുള്ളവരുടെ രക്തവും, സമ്പത്തും, അഭിമാനവുമെന്ന പ്രവാചകന്‍റെ പ്രഖ്യാപനത്തോടെ മനുഷ്യന്‍റെ അഭിമാനത്തിനും, ജീവനും സ്വത്തിനും നേര്‍ ക്കുള്ള അതിക്രമങ്ങള്‍ മതനിഷിദ്ധമാവുകയാണ്.
സമാധാനം
മാനവരാശിയുടെ നിലനില്‍പ്പിന് അത്യാവശ്യമായ ഘടകമാണ് സമാധാനം. യുദ്ധവും സംഘര്‍ഷങ്ങളുമില്ലാത്ത ഒരവസ്ഥ കൈവരുമ്പോള്‍ രാജ്യങ്ങള്‍ക്കിടയിലും സമൂഹങ്ങള്‍ ക്കിടയിലും യാന്ത്രികമായ ഒരു സമാധാനം കൈവരും. എല്ലാ മതങ്ങളുടെയും അന്ത:സത്ത സമാധാനമാണ്. മനുഷ്യരുടെ ആത്മീയ പുരോഗതിയും മാനസിക സംതൃപ്തിയുമാണ് മതങ്ങള്‍ അധികവും ലക്ഷ്യം വെക്കുന്നത്. യഹൂദികള്‍ക്ക് ദൈവം നല്‍കിയ പത്ത് കല്‍പനകളില്‍ നിങ്ങള്‍ വധം നടത്തരുത് എന്ന് പറയുന്നു. നിങ്ങള്‍ക്ക് വെറുക്കപ്പെട്ടതെന്തോ അത് നിങ്ങള്‍ മറ്റൊരാള്‍ക്ക് ചെയ്തുപോകരുതെന്ന തോറയിലെ നിര്‍ദ്ദേശം യഹൂദമതത്തിന്‍റെ ആദര്‍ശമാണ്. അഹിംസയും സഹനവും ഹിന്ദു മതത്തിന്‍റെ കാതലാണ്. ശത്രുക്കളെ സ്നേഹിക്കാനും വെറുക്കുന്നവരോട് നന്മചെയ്യാനും ബൈബിള്‍ ആഹ്വാനം ചെയ്യുന്നു. ഇസ്ലാം എന്ന പദം തന്നെ അര്‍ത്ഥമാക്കുന്നത് സമാധാനമാണ്.
ശാശ്വത സമാധാനത്തിലേക്ക്
ഇസ്ലാം നല്‍കുന്ന സമാധാനം ഇരു ലോകത്തേക്കുമാണ്. ഏതുസമയത്തും മരിച്ചു പിരി യുന്ന ജീവിതമാണ് ഇഹലോകം. ക്ഷണികമായ ഈ ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം മരണാനന്തര ജീവിതത്തിലെ സ്വര്‍ഗപ്രവേശനമാണ്. ഇരുലോകത്തെയും ശാന്തിയാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്. തുല്യനീതി നടപ്പാക്കാനോ ജീവിതവിഭവങ്ങളെ തുല്യമായി വീതിക്കാനോ ഈ ലോകത്ത് സാധിക്കില്ല, നന്മ ചെയ്ത് ജീവിക്കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കുവാനോ തിന്മ ചെയ്യുന്നവന് തതുല്യമായ ശിക്ഷ നല്‍കുവാനോ ഈ ലോകത്ത് സാധ്യമല്ല. അതിനാല്‍ തന്നെ കൃത്യമായ നീതി നടപ്പാക്കുന്ന പരലോകം ഇഹ ലോകജീവിതത്തിന്‍റെ അനിവാര്യമായ തേട്ടമാണ്.
ഈ ലോകം തന്നെ പൂര്‍ണ്ണമായും നശിക്കുന്ന ഒരു അന്ത്യനാളിനെക്കുറിച്ച് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. ശേഷം മറ്റൊരു ലോകത്ത് എല്ലാവരെയും ജീവിപ്പിക്കുന്നു. ജീവിതകാലത്ത് ചെയ്ത് കൂട്ടിയ നന്മതിന്മകളുടെ കൃത്യമായ കണക്ക് നോക്കി സ്വര്‍ഗ്ഗമോ നരകമോ പ്രതിഫലം ലഭിക്കുന്നു. പരലോക ജീവിതം ശാശ്വതമാണ്. ഒരിക്കലും മരണമില്ല. ശിക്ഷയാണെങ്കിലും രക്ഷയാണെങ്കിലും അനന്തമായി ആസ്വദിക്കേണ്ടി വരുന്നു. ശാശ്വതമായ പരലോക ജീവിതത്തിലേക്കുള്ള വിഭവങ്ങള്‍ സമാഹരിക്കുവാനുള്ള ഇടമാണ് ദുനിയാവ്.
പരലോക വിശ്വാസം മനസ്സിലുറപ്പിച്ച് അനുസൃതമായി പ്രവര്‍ത്തിക്കുന്ന മനുഷ്യന് അവന്‍റെ ജീവിതത്തിന് ഒരു ലക്ഷ്യം കൈവരുന്നു. നന്മകള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രചോദനം ലഭിക്കുന്നു. തിന്മകള്‍ വെടിയാന്‍ നിര്‍ബന്ധിതനാവുന്നു. കഷ്ടപ്പാടുകള്‍ വരുമ്പോള്‍ ക്ഷമിക്കാന്‍ സാധിക്കുന്നു. സുഭിക്ഷത കൈവരുമ്പോള്‍ പരിധി വിടാതിരിക്കുന്നു. സഹിഷ്ണുത യോടെ സമൂഹത്തില്‍ ഇടപെടാനും നല്ല സഹവര്‍ത്തിത്വം സൂക്ഷിക്കാനും കഴിയുന്നു. എല്ലാറ്റിലുമുപരി സമാധാനമുള്ള ഒരു മനസ്സിന്‍റെ ഉടമയാവുന്നു. ഇരുലോകത്തും സമാധാനം!
പരലോകവിജയത്തിനുതകും വിധം നന്മതിന്മകളെ വ്യവഛേദിക്കാനും ജീവിതം ക്രമീക രിക്കുവാനുമുള്ള മാര്‍ഗരേഖയാണ് വിശുദ്ധ ഖുര്‍ആന്‍. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുഹമ്മദ് നബി (സ്വ) ക്ക് ദൈവത്തില്‍ നിന്ന് അവതരിക്കപ്പെട്ട സന്ദേശങ്ങളുടെ സമാ ഹാരം. ദൈവത്തിന്‍റെ പ്രത്യേകമായ സംരക്ഷണത്തില്‍ എക്കാലത്തും മാറ്റങ്ങള്‍ക്ക് വിധേയമാവാതെയും മൂല്യം നഷ്ടപ്പെടാതെയും നിലനില്‍ക്കുന്ന ഏക ദൈവിക ഗ്രന്ഥം!
ഈ ലോകത്തെ അന്യൂനമായി പടക്കുകയും സംവിധാനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഏകദൈവത്തിന് മാത്രമേ മനുഷ്യന്‍ വണങ്ങാവൂ. ആരാധനകളും പ്രാര്‍ത്ഥനകളും അവനു മാത്രമേ അര്‍പ്പിക്കാവൂ. ഇതാണ് ഏറ്റവും വലിയ നന്മ. ആരാധനയില്‍ മറ്റു ശക്തികളെ പങ്കുചേര്‍ക്കല്‍ (ശിര്‍ക്ക്) മഹാപാപമാണ്. മറ്റു പാപങ്ങളെല്ലാം ദൈവം പൊറുത്തേക്കാം, എന്നാല്‍ പശ്ചാതാപം ഇല്ലാതെ ശിര്‍ക്ക് ദൈവം പൊറുക്കില്ല.
ഖുര്‍ആനും പ്രവാചക ചര്യയുമനുസരിച്ച് ജീവിതം ക്രമീകരിച്ച് ഏകനായ ദൈവത്തിന് മാത്രം വഴിപ്പെട്ട് ജീവിക്കുന്നവനാണ് മുസ്ലിം. അതൊരു ജാതിപ്പേരല്ല, ശാശ്വത സമാധാനത്തിലേക്കുള്ള മാര്‍ഗം സ്വീകരിച്ചവരുടെ സല്‍പ്പേരാണ്. 'അല്ലാഹുവിന്‍റെ ക്ഷണം സമാധാനത്തിന്‍റെ ഭവനത്തിലേക്കാണ്' (ഖുര്‍ആന്‍ 10:25)
സംഗ്രഹം
രാഷ്ട്രപിതാവിന്‍റെ നെഞ്ചിലേക്ക് വെടിയുണ്ടയായി പാഞ്ഞുകയറിയ ഫാസിസം ജനാധിപത്യ ത്തിന്‍റെ മുഖംമൂടിയണിഞ്ഞ് അധികാരസ്ഥാനങ്ങളില്‍ നുഴഞ്ഞു കയറി സമഗ്രാധി പത്യത്തിലേക്കുള്ള ചവിട്ടടികള്‍ വെക്കുകയാണ്. കല്‍ബുര്‍ഗി, പന്‍സാരെ, ഗൗരി ലങ്കേശ്, രോഹിത് വെമുല, നജീബ്, ഫൈസല്‍, അഖ്ലാഖ്, ജുനൈദ് തുടങ്ങി തോക്കിനും, വടികള്‍ക്കും, തിരോധാനങ്ങള്‍ക്കും ഇരയായി ഇല്ലാതാവുന്നവരുടെ പട്ടിക നീണ്ടുവരുന്നു. ഇഷ്ടമുള്ള മതം വിശ്വസിച്ചവര്‍ തടവിലാവുന്നു. മതപ്രബോധകര്‍ വേട്ടയാടപ്പെടുന്നു. മതജീവിതം പോലും ചോദ്യം ചെയ്യപ്പെടുന്നു. അസഹിഷ്ണുത ആളിപ്പടരുന്നു.
സഹിഷ്ണുതയാണ് സാമൂഹ്യസുരക്ഷയുടെ സത്ത. മുസ്ലിമും, ക്രിസ്ത്യാനിയും, ദളിതനും ഇല്ലാത്ത 'ഹിന്ദുഇന്ത്യ' സ്വപ്നം കാണുന്നവര്‍ അണിഞ്ഞിരിക്കുന്നത് യഥാര്‍ത്ഥ ഹിന്ദുമതത്തിന്‍റേതല്ല. തീവ്രഹിന്ദുത്വത്തിന്‍റേതാണ്. തീവ്രത മതത്തിന്‍റെ നേര്‍വിപരീതമാണ്. വിഭാഗീയത സമാധാനം തകര്‍ക്കും. നാട് ചാമ്പലാവും. മതങ്ങള്‍ പഠിപ്പിക്കുന്ന സഹിഷ്ണുതയിലേക്ക് വിശ്വാസികള്‍ മാറണം. അസഹിഷ്ണുതക്കും വര്‍ഗ്ഗീയതക്കുമെതിരെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒന്നിക്കണം. അവരവരുടെ വിശ്വാസം സൂക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ വിശ്വാസ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും പരസ്പരം കാവലാളാവണം. അത്തരം ഒരു നല്ല നാളേക്കുവേണ്ടി നമുക്ക് പ്രവര്‍ത്തിക്കാം, പ്രാര്‍ത്ഥിക്കാം.